യൂജിൻ ലീബെൻദർഫെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലീബെൻദർഫെറിന്റെ ഛായാചിത്രം, (1895 - അദ്ദേഹത്തിന്റെ കുടുംബശേഖരത്തിൽ നിന്നുമുള്ള ചിത്രം)
1895-ൽ ലീബെൻദർഫെർ (1895 - അദ്ദേഹത്തിന്റെ കുടുംബശേഖരത്തിൽ നിന്നുമുള്ള ചിത്രം)

ബാസൽ മിഷൻ മെഡിക്കൽ മിഷനറിയായിരുന്നു യൂജിൻ ലീബെൻദർഫെർ - Eugen Liebendörfer (ജനനം 16 ഫെബ്രുവരി 1852 Leutkirch; മരണം 3 ഒക്ടോബർ 1902 സ്റ്റുട്ട്ഗാർട്ട്). ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് കേരളത്തെ വഴി നടത്തിയ ഇദ്ദേഹത്തെ പല കാരണങ്ങൾ കൊണ്ട് ജനങ്ങൾക്ക് പരിചിതമല്ല. തന്റെ രചനകളിൽ പലതിലും അദ്ദേഹം പേർ വെച്ചിരുന്നില്ല. പേരു വെച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ E.L. എന്ന ഇനീഷ്യൽ മാത്രം ഉപയോഗിച്ചു.

1882-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സ് പ്രസിദ്ധീകരിച്ച ശരീരശാസ്ത്രം - Outlines of the Anatomy and Physiology of the Human Body with Hygienical and Practical Observations എന്ന പുസ്തകം ഇദ്ദേഹത്തിന്റെ രചനയാണ്.

1875-ൽ ബാസൽ മിഷന്റെ ഒരു സാധാരണ ഉപദേഷ്ടാവായി അദ്ദേഹം മലബാറിലെത്തി. അക്കാലത്തു തന്നെ രോഗികളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക സിദ്ധിയും താല്പര്യവും അദ്ദേഹത്തിന്നുണ്ടായിരുന്നു. മിഷനറി ആയി പ്രവർത്തിക്കുന്ന കാലത്ത് 1882-ൽ കൊടുവള്ളി പുഴയിൽ തോണി മുങ്ങി നിരവധി പേർ മരിക്കുകയും പലരും ഗുരുതരനിലയിൽ ആവുകയും ചെയ്തു. അപകട വിവരം ഇല്ലിക്കുന്നിൽ ലഭിച്ചപ്പോൾ അദ്ദേഹം ഉടൻ എത്തിച്ചേർന്ന് രോഗികളെ ശുശ്രൂഷിച്ചു. പിന്നീട് ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ചികിത്സയ്ക്കായി എത്തിത്തുടങ്ങി. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹം ഇതോടെ തനിക്ക് രോഗികളെ ശുശ്രൂഷിക്കാനുള്ള പ്രത്യേക കഴിവ് വിനിയോഗിച്ച് മലബാറിൽ ശുശ്രൂഷ ചെയ്യേണ്ടതുണ്ട് എന്ന് തീരുമാനമെടുത്തു. ഒരു ഡോക്ടർ ആയി മാറിയാൽ നിരവധി ജനങ്ങളെ സഹായിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്നു മനസ്സിലായി. തുടർന്ന് 1882-ൽ ഇംഗ്ലണ്ടിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോയി.

1886-ൽ വൈദ്യവിദ്യാഭ്യാസം നേടി ബാസൽ മിഷന്റെ തന്നെ മെഡിക്കൽ മിഷനറിയായി തിരികെയെത്തി. തന്റെ ബംഗ്ലാവിന്റെ ഒരു മുറി ആശുപത്രിയായി ഉപയോഗിച്ചു. രോഗികളെ ശുശ്രൂഷിക്കാൻ ആരംഭിച്ചു. മലബാറിന്റെ പല ഭാഗങ്ങളിലും ചികിത്സ ചെയ്തു. 1890-ൽ കോഴിക്കോട് ഛർദ്ദ്യാതിസാരവും 1891-ൽ വസൂരിയും പടർന്നു പിടിച്ചപ്പോൾ ഇദ്ദേഹത്തിന്റെ സേവനം വളരെയധികം ഉണ്ടായി. ഇദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചു. 1893-ൽ കൊടക്കല്ലിൽ ഒരു ചെറിയ ആശുപത്രി സ്ഥാപിച്ചു. 1895 അവസാനത്തോടെ അദ്ദേഹം ശാരീരികസൗഖ്യമില്ലായ്കായാൽ തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു. ഇദ്ദേഹം തുടങ്ങിവെച്ച വൈദ്യസേവനം ബാസൽമിഷന്റെ മറ്റു മെഡിക്കൽ മിഷനറിമാരും തുടർന്നു. ഇത് പില്ക്കാലത്ത് കേരളത്തിൽ ആധുനികമെഡിക്കൽ സൗകര്യം ഉണ്ടാകുന്നതിലേക്ക് വഴി തുറന്നു.

വൈദ്യമേഖലയുമായുള്ള കാര്യങ്ങളിലുള്ള താല്പര്യം മൂലം അദ്ദേഹം കേരളോപകാരി മാസികയുടെ നിരവധി ലക്കങ്ങളിൽ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട സചിത്ര ലേഖനങ്ങൾ എഴുതിയിരുന്നു. ലേഖനങ്ങളുടെ അവസാനഭാഗത്ത് കാണുന്ന EL എന്ന ഇനീഷ്യൽ മാത്രമാണ് ലേഖനം എഴുതിയത് ലീബെൻദർഫെർ ആണെന്നുള്ളതിന്റെ തെളിവ്. ചില ലക്കങ്ങളിൽ പേർ പോലും വെച്ചിരുന്നില്ല. 1877-ലെയും 1879-ലെയും കേരളോപകാരി മാസികയുടെ വിവിധ ലക്കങ്ങളിൽ ഈ ലേഖനങ്ങൾ കാണാം. ഇതിനായി അദ്ദേഹം ഉപയോഗിച്ച ചിത്രങ്ങൾ മലയാളമച്ചടി ചരിത്രത്തിൽ പ്രാധാന്യം അർഹിക്കുന്നു..

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂജിൻ_ലീബെൻദർഫെർ&oldid=3072975" എന്ന താളിൽനിന്ന് ശേഖരിച്ചത്