യു. കെ. അബൂസഹ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യു. കെ. ഇബ്രാഹിം
ജനനം1924
മാവൂർ
മരണം1987 ജൂൺ 2
ദേശീയതഭാരതീയൻ
തൊഴിൽകവി, മാപ്പിളസാഹിത്യകാരൻ
തൂലികാനാമംയു.കെ. അബൂസഹ്‌ല
വിഷയംഗാനരചന
സ്വാധീനിച്ചവർപുലിക്കോട്ടിൽ ഹൈദർ

ഇസ്‌ലാമികാശയങ്ങളെ ഗാനങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ മികവുപുലർത്തിയ മാപ്പിള കവിയാണ് അബൂസഹ്‌ല എന്നറിയപ്പെടുന്ന യു.കെ. ഇബ്രാഹിം മൗലവി. ചേന്ദമംഗല്ലൂരിലെ മദ്രസ, വനിതാ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകൾ പുസ്തകരൂപത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

1924-ൽ കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്തുള്ള തെങ്ങിലക്കടവിൽ ഉണിക്കൂർ അഹ്‌മദ് ഹാജിയുടെ മകനായി ജനിച്ചു. മാവൂർ സ്‌കൂളിലും കുറ്റിക്കടവ് പള്ളിദർസിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് മതവിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കക്കോവ് ദർസ്, വാഴക്കാട് ദാറുൽ ഉലൂം എന്നിവിടങ്ങളിലായി പഠനം തുടർന്ന അദ്ദേഹം 1946-ൽ പഠനം നിർത്തുകയും നാട്ടിലെത്തി ജ്യേഷ്ഠന്റെ ചായക്കട ഏറ്റെടുത്ത് നടത്തുകയും ചെയ്തു.
ദാറുൽ ഉലൂമിൽ വെച്ചുതന്നെ ഹാജി സാഹിബിനെയും ജമാഅത്തെ ഇസ്‌ലാമിയെയും കേട്ടറിവുണ്ടായിരുന്ന ഇബ്‌റാഹീം മൗലവി 1949-ൽ സംഘടനയിൽ ചേർന്നു. തുടർന്ന് വീട്ടിൽനിന്നും പുറത്താക്കപ്പെട്ടു അദ്ദേഹം[1].

അധ്യാപനം[തിരുത്തുക]

1950-ൽ ഇബ്‌റാഹീം മൗലവി താമസം ചേന്ദമംഗല്ലൂരിലേക്ക് മാറ്റി. ചേന്ദമംഗല്ലൂർ മദ്‌റസയിലെ അധ്യാപകനായി ചേർന്ന അദ്ദേഹം ലളിതമായ ശൈലിയിൽ വിദ്യാർഥികളെ അറബിയക്ഷരം പഠിപ്പിക്കാനായി ലിസാനുൽ അത്ഫാൽ എന്ന ലഘുകൃതി രചിച്ചു. തുടർന്ന് ചേന്ദമംഗല്ലൂർ വനിതാകോളേജ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. 1986 ൽ അസുഖം ബാധിച്ച് ജോലിയിൽ നിന്നും വിരമിച്ചു.

സാഹിത്യരംഗം[തിരുത്തുക]

ദാറുൽ ഉലൂമിൽനിന്ന് ആദം മൗലവിയുടെയും ത്വാഹിർ ഫാറൂഖിന്റെയും ഉർദു ക്ലാസും എം.പി. മുഹമ്മദ് മാസ്റ്ററുടെ ഇംഗ്ലീഷ് ക്ലാസും നന്നായി പ്രയോജനപ്പെടുത്തിയിരുന്നതിനാൽ രണ്ടു ഭാഷകളിലും യു.കെക്ക് സാമാന്യജ്ഞാനം ലഭിച്ചു. അക്കാലത്തുതന്നെ മലയാളഭാഷയിലെ വ്യാകരണനിയമങ്ങളും കവിതയിലെ വൃത്താലങ്കാരവും ഹൃദിസ്ഥമാക്കി. മാപ്പിളപ്പാട്ടിൽ ഒരു പരിഷ്‌കരണം നടത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഗദ്യം പോലെ മുന്തലോ പിന്തലോ വളവോ തിരിവോ കൂടാതെ പദ്യവും വായിക്കാൻ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. മൂസാനബിയും ഫിർഔനും, നൂഹ്നബിയും സമുദായവും, തെരഞ്ഞെടുത്ത ഗാനങ്ങൾ എന്നീ രചനകൾ 1987ൽ പ്രതീക്ഷ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെയുടെ പ്രകാശിതങ്ങളും അല്ലാത്തവയുമായ ഗാനങ്ങൾ സമാഹരിച്ച് എസ്.ഐ.ഒ.സർഗസംഗമം 2000ൽ വിഹായസ്സിന്റെ വിരിമാറിൽ എന്ന പേരിൽ പുസ്തകരൂപത്തിൽ പുറത്തിറക്കി. യു.കെ. ഇബ്‌റാഹീം മൗലവിയുടെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ചില ഓഡിയോ കാസറ്റുകളും സർഗസംഗമം പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ഇസ്‌ലാം നൽകുന്ന സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച 'മറിയക്കുട്ടി', 'ജമീല', 'ആഇശക്കുട്ടിയുടെ പുറപ്പാട്' തുടങ്ങിയ സംഗീത നാടകങ്ങൾ വലിയ സ്വീകാര്യത നേടി. 1987 ജൂൺ 2ന് യു.കെ. അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യു._കെ._അബൂസഹ്‌ല&oldid=3205696" എന്ന താളിൽനിന്ന് ശേഖരിച്ചത്