യു. ഉത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1935 ഡിസംബർ 17ന് പയ്യനാട് ചോലക്കൽ ഊത്താലക്കൽ നാടി -കൊറ്റിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച യു ഉത്തമൻ സ്വതന്ത്ര്യലബ്ദിക്ക് മുമ്പേ സമരതീച്ചൂളയിലേക്ക് ഇറങ്ങിയ പോരാളിയാണ്.

ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജില്ലയിലെ കർഷകത്തൊഴിലാളി യൂണിയന്റെയും സ്ഥാപകരിൽ ഒരാളായി മാറിയ യു ഉത്തമൻ കിസാൻ സംഘത്തിലൂടെയാണ് പൊതുപ്രവർത്തരംഗത്തേക്ക് വരുന്നത്. 1952 മുതൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ചു.  രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മണ്ണെണ്ണയും പഞ്ചസാരയും നൽകാത്തതിനെതിരെ മഞ്ചേരി സത്രത്തിന് മുന്നിൽ നടന്ന പ്രക്ഷോഭത്തിലൂടെയാണ് യു ഉത്തമൻ കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെടുന്നത്. 2000 ആഗസ്ത് 30 ന് ക്യാൻസർ ബാധിച്ച് മരിക്കുന്നത് വരെ പൊതുരാഷ്ട്രീയത്തിൽ സജീവമായിരുന്നു.

വളരെ ദരിദ്രപൂർണമായ ചുറ്റുപാടിൽ ജനിച്ചുവളർന്ന് പ്രീപെട്രിക് പഠനവും തുടർന്ന്  ടിടിസിയും പൂർത്തിയാക്കിയ യു ഉത്തമൻ, കരുളായി ഡിഎംആർടിക്ക് കീഴിലുള്ള സ്‌കൂളിൽ അധ്യാപകാനായിരിക്കെ പാർടി അംഗത്വം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചുകൊണ്ട് ജോലി രാജിവെച്ച് പൊതുപ്രവർത്തനത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. സ്വതസിദ്ധമായ പ്രസംഗശൈലികൊണ്ടും, പൊതുപ്രവർത്തനത്തിലെ ലാളിത്യം കൊണ്ടും ഏറനാട്ടിലെയും ജില്ലയിലെയും പാർടിപ്രവർത്തകർക്കിടയിൽ ഇന്നും ആവേശമാണ് യു ഉത്തമന്റെ രാഷ്ട്രീയജീവിതം. ജന്മിത്വത്തെയും മുസ്ലീം പ്രാമാണിവർഗ്ഗത്തിന്റെ ആദ്യകാല ദുഷ്‌ചെയ്തികളെ ചോദ്യം ചെയ്തുകൊണ്ടും ഏറനാടിന്റെ ആവേശമായി അദ്ദേഹം മാറി. അയിത്തത്തിനും ജാതി അനാചാരങ്ങൾക്കുമെതിരെ തീവ്രമായ പോരാട്ടം സംഘടിപ്പിച്ച് അവരെ കമ്മ്യൂണിസ്റ്റ് പാർടിയോട് അടുപ്പിക്കുന്നിൽ യു ഉത്തമൻ വഹിച്ച പങ്ക് വളരെ വലുതാണ്.

പ്രവർത്തനം ആരംഭിച്ച പയ്യനാട് വില്ലേജിൽ ചെങ്കൊടി നാട്ടി. പയ്യനാട്ട് കമ്മ്യൂണിസ്റ്റ് പാർടി രൂപീകരിച്ച് പ്രവർത്തിച്ചു. സ്ഥാപക മെമ്പർമാരിലൊരാളായിരുന്നു. തുടർന്ന് തിരൂർ, ഏറനാട് താലൂക്കുകളിൽ പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും 1950-ൽ ഹരിജൻ യൂണിയൻ രൂപീകരിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തി. കർഷകരെ കിസാൻ സഭയിൽ ചേർക്കാൻ തുടങ്ങിയപ്പോൾ  പ്രക്ഷോഭം നടത്തിയവരിലും 1969 കളിൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചതിലും യു ഉത്തമനും മുന്നിലുണ്ടായിരുന്നു.

1957 കളിൽ വസ്ത്രങ്ങൾ ചാക്കിൽ കൊണ്ടുവന്ന് കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ യു ഉത്തമൻ കോളനികളിൽ വിതരണം ചെയ്തതും മഞ്ചേരിയിൽ നടന്ന കല്ലുമാല അഴിച്ചുവെക്കൽ സമരത്തിന് നേതൃത്വം കൊടുത്തതും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളാണ്.  തുടർന്ന് ഏറനാട് താലൂക്ക് കമ്മിറ്റി അംഗമായും 1964ൽ പാർടി പിളർന്നപ്പോൾ ദീർഘകാലം സെക്രട്ടറിയായും പ്രവർത്തിച്ചു.

1952 ൽ എകെജിക്ക് സ്വീകരണം നൽകാൻ വണ്ടൂരിലേക്ക് ജാഥ, 1957 ലെ കോളനി ജാഥ, 1962-70-72-74 വർഷങ്ങളിലെ മിച്ചഭൂമി സമരങ്ങൾ, 1964 ലെ റെയിൽവേ പിക്കറ്റിംഗ് തുടങ്ങിയവയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 1962 ൽ മൂന്നുമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് ട്രൈബൽ ഹോസ്റ്റൽ വാർഡനായും ഹരിജൻ വെൽഫയർ വകുപ്പിന് കീഴിൽ മഞ്ചേരിയിലും തിരൂരിലും പ്രൊപ്പഗണ്ട ഓർഗനൈസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.  ദീർഘകാലം ദേശാഭിമാനി ഏരിയാ ലേഘകനായും പ്രവർത്തിച്ചിട്ടുണ്ട്.

1963 ൽ മഞ്ചേരി പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് വിജയിച്ചു.16 വർഷത്തോളം മഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. 1965ൽ  മഞ്ചേരി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും കോൺഗ്രസിലെ വെള്ള ഈച്ചരനെ 7,000-ത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചു.  തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിയമസഭ വിളിച്ചുചേർക്കാതെ പിരിച്ചുവിട്ടതിനാൽ എംഎൽഎയാകാനായില്ല. 1985 വരെ സിപിഐഎം പയ്യനാട്  ലോക്കൽ സെക്രട്ടറിയായിരുന്നു.  

1987ൽ വണ്ടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പന്തളം സുധാകരനെതിരെ മത്സരിച്ചെങ്കിലും 13,881 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1995 മുതൽ മഞ്ചേരി മുൻസിപ്പൽ കൗൺസിലറായി തുടരവെയാണ് ക്യാൻസർ ബാധിച്ച് മരിക്കുന്നത്.

കോഴിക്കോട് ട്രൈബൽ ഹോസ്റ്റൽ വാർഡനായും ഹരിജൻ വെൽഫയർ വകുപ്പിന് കീഴിൽ മഞ്ചേരിയിലും തിരൂരിലും പ്രൊപ്പഗണ്ട ഓർഗനൈസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.  ദീർഘകാലം ദേശാഭിമാനി ഏരിയാ ലേഘകനായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1999 ലെ ഏറ്റവും നല്ല സാമൂഹ്യപ്രവർത്തകനുള്ള ക്ഷേത്രപ്രവേശന വിളംബര ട്രസ്റ്റിന്റെ അവാഡ് ഉത്തമന് ലഭിച്ചു.  ഇതേ തുടർന്ന് മഞ്ചേരിയിൽ നടന്ന സ്വീകണ ചടങ്ങിൽ സഖാവ് വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു.

ജന്മിത്വവും അടിമത്വവും അവസാനിപ്പിച്ചിട്ടേ കുടുംബജീവിതം നയിക്കൂ എന്ന ദൃഢനിശ്ചയത്തിൽ പ്രവർത്തിച്ച യു ഉത്തമൻ വളരെ വൈകി, 1987 ലാണ് വിവാഹം കഴിക്കുന്നത്.  ഭാര്യ കനകമണി. മക്കൾ - സ്റ്റാലിൻ പ്രസാദ്, ലെനിൻ പ്രകാശ്, മാവോ പ്രദീപ്, ലാൽ പ്രണവ്.

"https://ml.wikipedia.org/w/index.php?title=യു._ഉത്തമൻ&oldid=3765963" എന്ന താളിൽനിന്ന് ശേഖരിച്ചത്