യുസ്തൂസ് യോസഫ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യുയോമയ സഭ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു സഭാവിഭാഗത്തിന്റെ പിറവിക്ക് കാരണക്കാരനായ ക്രൈസ്തവ മിഷണറിയും, കേരളത്തിലെ ക്രൈസ്തവ സഭകൾ വ്യാപകമായി ഉപയോഗിക്കുന്ന നിരവധി ക്രിസ്തീയകീർത്തനങ്ങളുടെ രചയിതാവുമാണ് റവ. യുസ്തൂസ് യോസഫ് (സെപ്റ്റംബർ 6, 1835 - 1887). വിദ്വാൻ കുട്ടിയച്ചൻ എന്ന പേരിലാണു ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. രാമയ്യൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂർവ്വനാമം.
കേരളക്രൈസ്തവരുടെ ഇടയിൽ മലയാളത്തിലുള്ള ക്രിസ്തീയകീർത്തനങ്ങൾ വ്യാപകമായി ആലപിക്കാൻ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പാട്ടുകൾക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു.[1] ക്രിസ്തീയ ഭക്തിഗാന രചയിതാക്കളിൽ മാർ അപ്രേമിനു സുറിയാനിയിലും, ഐസക് വാട്സിനു ഇംഗ്ലീഷിലും, ഉള്ള സ്ഥാനമാണു യുസ്തൂസ് യോസഫിനു മലയാളത്തിലുള്ളതെന്നുപോലും പറയുന്ന ക്രൈസ്തവ പണ്ഡിതന്മാരുണ്ട്.[2]മാരാമൺ കൺവൻഷനിൽ സമാപന ഗാനമായി 1895 മുതൽ മുടക്കമില്ലാതെ ആലപിച്ചു വരുന്ന[3] സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ എന്നു തുടങ്ങുന്ന പ്രശസ്തഗാനത്തിന്റെ രചയിതാവ് വിദ്വാൻ കുട്ടിയച്ചനാണ്.
ജീവിതരേഖ
[തിരുത്തുക]ആദ്യകാലം
[തിരുത്തുക]പാലക്കാട് ജില്ലയിലുള്ള മണപ്പുറം ഗ്രാമത്തിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ വെങ്കിടേശ്വര അയ്യർ (വെങ്കിടേശ്വര ഭാഗവതര്), മീനാക്ഷി അമ്മാൾ എന്നിവരുടെ മൂത്ത മകനായി 1835 സെപ്റ്റംബർ 6-നാണു രാമയ്യൻ ജനിച്ചത്.[4] മാതാപിതാക്കൾ അമ്പലത്തിലെ പാട്ടുകാരായിരുന്നു. രാമയ്യർക്ക് 5 സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു.
പാലക്കാട്ടെ ഒരു ബ്രാഹ്മണ അദ്ധ്യാപകനിൽ നിന്നു ചെറുപ്പത്തിൽ തന്നെ മലയാളം, തമിഴ് എന്നീ ഭാഷകളും സംഗീതവും അഭ്യസിച്ചു. അതിനു ശേഷം മുത്തച്ഛനിൽ (മാതാവിന്റെ അച്ഛൻ) നിന്നു സംസ്കൃതവും, ജ്യോതിഷവും പഠിച്ചു. അങ്ങനെ, 21 വയസായപ്പോഴേക്ക് രാമയ്യർ ജ്യോതിഷം, ഗണിതം, വ്യാകരണം, സംഗീതം എന്നിവയിൽ പ്രവീണനായിത്തീർന്നു. ഈ സമയത്ത് കുടുംബം ശാസ്താംകോട്ടയ്ക്ക് താമസം മാറ്റി. ആദ്യം തേവലക്കരയിലും പിന്നെ ചവറയിലും പാർത്തു. ആ സമയത്ത് രാമയ്യൻ കരുനാഗപ്പള്ളി പുത്തൂർ മഠം എന്ന ബ്രാഹ്മണകുടുംബത്തിലെ സീതാദേവി എന്ന 10 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു. ഇതിനു ശേഷമാണു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിയ പല സംഭവങ്ങളും അരങ്ങേറുന്നത്.
മതപരിവർത്തനം
[തിരുത്തുക]തേവലക്കരയിൽ താമസിക്കുന്ന രാമയ്യന്റെ അമ്മയ്ക്ക് കഠിനമായ ഏതോ അജ്ഞാത രോഗം പിടിപ്പെട്ടു. അറിവുള്ള വൈദ്യവും മന്ത്രവും ഒക്കെ മീനാക്ഷി അമ്മാളുടെ രോഗം ഭേദമാകാൻ വേണ്ടി അവർ പരീക്ഷിച്ചു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. കുടുംബത്തിന്റെ അയൽവാസിയായിരുന്ന തോമസ് കുഞ്ഞ്, രാമയ്യന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു. തോമസ് കുഞ്ഞിന്റെ ഉപദേശപ്രകാരം അവർ ക്രൈസ്തവ പ്രാർത്ഥനകൾ ചൊല്ലുകയും തേവലക്കര മാർത്ത മറിയം പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഒരു ദിവ്യന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിക്കുകയും ചെയ്തെന്നും അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അസുഖം ഭേദമായെന്നും പറയപ്പെടുന്നു. ഈ സംഭവമാണ് ക്രിസ്ത്യാനിവേദത്തെക്കുറിച്ച് അനേഷിക്കുവാൻ അവരെ പ്രേരിപ്പിച്ചതത്രെ.
തോമസ് കുഞ്ഞ് നയിച്ചിരുന്ന ക്രിസ്തീയ ജീവിതത്തിൽ ആകൃഷ്ടരായ അയ്യർ കുടുംബം, പല അവസരങ്ങളിലും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങളുമായി തോമസ് കുഞ്ഞിനേയും, അദ്ദേഹത്തിന്റെ അമ്മായിഅച്ഛനായ കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു. ഇടയ്ക്ക്, തോമസ് കുഞ്ഞ് വെങ്കിടേശ്വര അയ്യർക്ക് പിറന്നാൾ സമ്മാനമായി ഒരു മലയാളം ബൈബിൾ സമ്മാനിച്ചു. വെങ്കിടേശ്വര ഭാഗവതരും കുടുംബവും സ്ഥിരമായി ബൈബിൾ പാരായണം ചെയ്യുവാൻ തുടങ്ങി. ഇടക്കിടെ സംശയനിവാരണത്തിനായി തോമസ് കുഞ്ഞിനേയും, കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു.
അക്കാലത്ത് മാവേലിക്കരയിൽ താമസിച്ചിരുന്ന റവ. ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷനറി എഴുതിയ മലയാള വ്യാകരണ ഗ്രന്ഥം രാമയ്യൻ വായിക്കാൻ ഇടയായി. അതിനെ തുടർന്ന്, രാമയ്യൻ ജോസഫ് പീറ്റിനെ കാണാനായി മാവേലിക്കരയ്ക്ക് പോവുകയും അദ്ദേഹവുമായി നീണ്ട ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു. ക്രമേണ, ക്രിസ്തീയ വിശ്വാസവും ക്രിസ്തുമതതത്ത്വങ്ങളും ചർച്ചയുടെ പ്രധാന വിഷയമായി. രാമയ്യൻ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ തൃപ്തികരമായ ഉത്തരം നൽകാൻ ജോസഫ് പീറ്റിനു കഴിഞ്ഞെന്ന് പറയപ്പെടുന്നു. അതിനുശേഷം ജോസഫ് പീറ്റ് തേവലക്കരയിൽ രാമയ്യൻ കുടുംബത്തെ സന്ദർശിക്കുകയും, ക്രൈസ്തവ മതത്തെക്കുറിച്ച് അവരുമായി സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു. ജോൺ ബനിയന്റെ പ്രശസ്തമായ പരദേശിമോക്ഷയാത്ര എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രതി ജോസഫ് പീറ്റ് അവർക്കു സമ്മാനിച്ചു. ഈ പുസ്തകം വായിച്ചതോടെയാണ് രാമയ്യൻ കുടുംബം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തീരുമാനിച്ചത്.
അവർ മതപരിവർത്തനം നടത്താൻ തീരുമാനിച്ച വാർത്ത പെട്ടെന്ന് ദേശത്തു പരന്നു. ഹൈന്ദവനേതാക്കളും, രാമയ്യന്റെ ഭാര്യവീട്ടുകാരും ഒക്കെ അവരെ സന്ദർശിച്ച് ആ ഉദ്യമത്തിൽ നിന്നു പിൻതിരിപ്പിക്കാൻ ശ്രമിച്ചു. രാമയ്യന്റെ ഭാര്യയെ ബലം പ്രയോഗിച്ച് അവരുടെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷേ അവർ തീരുമാനം മാറ്റിയില്ല.
1861 ജൂൺ, സെപ്റ്റംബർ മാസങ്ങൾക്കിടയിൽ മാവേലിക്കര സി.എം.എസ് പള്ളിയിൽ വച്ച് ജോസഫ് പീറ്റിൽ നിന്ന് ജ്ഞാനസ്നാനമേറ്റ് അവർ എല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവർത്തിതരായി. രാമയ്യൻ 1861 ഓഗസ്റ്റ് 4 നാണു സ്നാനം ഏറ്റത്.
ജ്ഞാനസ്നാനത്തിൽ അവർ എല്ലാവരും ക്രിസ്തീയ നാമങ്ങളും സ്വീകരിച്ചു. തനിക്കായി, അപ്പോസ്തോല പ്രവർത്തികൾ 1:23 വാക്യത്തിലെ യുസ്തൊസ് എന്ന പേരാണു രാമയ്യൻ സ്വീകരിച്ചത്. എല്ലാവരുടേയും പുതിയ പേരുകൾ ഇവ ആയിരുന്നു.
- വെങ്കിടേശ്വര ഭാഗവതർ - യുസ്തൂസ് കൊർണേലിയോസ്
- മീനാക്ഷി അമ്മാൾ - സാറ സത്യബോധിനി
- രാമയ്യൻ - യുസ്തൂസ് യോസഫ്
- വെങ്കിടകൃഷ്ണൻ - യുസ്തൂസ് യാക്കൂബ്
- സുബ്രഹ്മണ്യൻ - യുസ്തൂസ് മത്തായി
- സൂര്യനാരായണൻ - യുസ്തൂസ് യോഹന്നാൻ
- ഗോവിന്ദൻ - യുസ്തൂസ് ഫീലിപ്പോസ്
- പദ്മനാഭൻ - യുസ്തൂസ് ശമുമേൽ
- സീതാ ദേവി - മേരി
ബന്ധുക്കളിൽ നിന്നും, മതനേതാക്കളിൽ നിന്നും, നേരിടേണ്ടി വന്ന രൂക്ഷമായ എതിർപ്പു നിമിത്തം അവർക്ക് വാസസ്ഥലം മാറ്റേണ്ടി വന്നു.മാവേലിക്കരയിൽ ജോസഫ് പീറ്റിനോടൊപ്പം മിഷൻ ബംഗ്ലാവിലായിരുന്നു അവർ ദീർഘകാലം താമസിച്ചത്.
സി.എം.എസ്. സഭയിൽ
[തിരുത്തുക]പരിവർത്തനത്തിനുശേഷം യുസ്തൂസ് യോസഫിനെ ഗ്രീക്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളും ബൈബിളും പഠിക്കാനായി കോട്ടയം സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്നു പഠനം പൂർത്തിയാക്കി ഇറങ്ങിയ അദ്ദേഹത്തെ 1865 നവംബർ 26-നു സി.എം.എസ്. സഭയിലെ ഡീക്കനായി വാഴിച്ചു. 1865 ഡിസംബറിൽ അദ്ദേഹം മാവേലിക്കര സി.എം.എസ് ഇടവകയിൽ സഹവികാരിയായി നിയമിതനായി.
യുസ്തൂസ് യോസഫ് ബൈബിൾ അടിസ്ഥാനമാക്കിയുള്ള തന്റെ പ്രബോധനങ്ങളിൽ കേരളാക്രൈസ്തവസഭകളിൽ ഒരു നവീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. മാവേലിക്കരയോടു ചേർന്ന പ്രദേശങ്ങളിൽ ധാരാളം ഉണർവ്വ് യോഗങ്ങൾ നടന്നു. യുസ്തൂസ് യോസഫിനു പാട്ടുകൾ പാടാനുള്ള താലന്ത് ഈ യോഗങ്ങളിൽ വിശേഷിച്ചും പ്രകടമായി. സി.എം.എസ്. സഭയുടെ അധികാരികൾ യുസ്തൂസ് യൊസഫിന്റെ പ്രവർത്തനങ്ങളിൽ സംപ്രീതരായി. അവർ അദ്ദേഹത്തെ 1868-ൽ മാവേലിക്കര കന്നേറ്റി സി.എം.എസ്. ഇടവകയുടെ വികാരിയായി നിയമിച്ചു. വലിയ ആത്മാർത്ഥതയോടെ അദ്ദേഹം തേവലക്കര, കൃഷ്ണപുരം, പുതുപ്പള്ളി, കറ്റാനം, ചേപ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ ഉണർവ്വ് യോഗങ്ങൾക്ക് സംഘടിപ്പിച്ചു. വിദ്വാൻകുട്ടിയച്ചന്റെ വാഗ്‌സാമർത്ഥ്യവും, ഭാഷാജ്ഞാനവും, വേദപാണ്ഡിത്യവും, അദ്ദേഹത്തിന്റെ സഹോദരന്മാരുടെ സംഗീത സിദ്ധിയും ജനങ്ങളെ ആകർഷിച്ചു. ആംഗ്ലിക്കൻ സഭയിൽ പെട്ടവർ മാത്രമല്ല, മലങ്കര സഭയിൽ പെട്ടവരും വിദാൻകുട്ടിയച്ചന്റെ പ്രസംഗങ്ങൾ കേൾക്കാനും അദ്ദേഹം രചിച്ച ഉണർവ്വുപാട്ടുകൾ എറ്റു പാടാനും വന്നു കൂടി.
സന്ദർഭോജിതമായി യുസ്തൂസ് യോസഫ് ധാരാളം കീർത്തനങ്ങൾ രചിച്ചു. മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ വിദ്വാൻകുട്ടിയച്ചന്റെ യോഗങ്ങൾക്ക് എത്തിയിരുന്നവർ കൂട്ടമായി ആലപിക്കാൻ തുടങ്ങി. ആ കാലഘട്ടത്തിൽ യുസ്തൂസ് യോസഫ് അച്ചനും സഹോദരന്മാരും രചിച്ചാലപിച്ചിട്ടുള്ള ക്രിസ്തീയ കീർത്തനങ്ങൾ മലയാള ഭാഷയ്ക്കും കേരളക്രൈസ്തവസഭയ്ക്കും സംഗീത ലോകത്തിനും എണ്ണപ്പെട്ട സംഭാവനകളായി കരുതിപ്പോരുന്നു.
വിദ്വാൻകുട്ടിയച്ചനു മുൻപ് കേരളത്തിലെ ക്രൈസ്തവആരാധനയിൽ, ദൈവസ്നേഹത്തേയും കുരിശുമരണത്തേയും കുറിച്ച് പൗരസ്ത്യ ഓർത്തഡോക്സുകാരും സുറിയാനി കത്തോലിക്കരും സുറിയാനിയിലും, ആംഗ്ലിക്കൻ സഭാവിഭാക്കാർ ഇംഗ്ലീഷിലും, ലത്തീൻ കത്തോലിക്കർ ലത്തീനിലും, പാശ്ചാത്യ-പൗരസ്ത്യ രാഗങ്ങളിലുള്ള കീർത്തനങ്ങളാണു ആലപിക്കാറുണ്ടായിരുന്നത്. എന്നാൽ ഭാരതീയ ശാസ്ത്രീയ സംഗീത പൈതൃകവും, ലയ-വിന്യാസങ്ങളും ഉപയോഗിച്ച്, ക്രിസ്തീയ ഭക്തി പ്രമേയങ്ങളെ സ്വതന്ത്രമായി ആർക്കും പാടാവുന്ന പാട്ടുകളാക്കി മാറ്റുന്ന പ്രക്രിയ ആദ്യം തുടങ്ങിയത് വിദ്വാൻ കുട്ടിയച്ചനാണ്.
ക്രൈസ്തവ പുരോഹിതനായിരുന്ന അദ്ദേഹം സഭാപഞ്ചാംഗത്തിലെ വിശേഷദിനങ്ങളിൽ പാടാനുള്ള അനവധി പാട്ടുകളും രചിച്ചു. അങ്ങനെ രചിച്ച പാട്ടുകളിൽ ചിലത് താഴെ പറയുന്നവ ആണ്.
- ഓശാന ഞായറാഴ്ച - മറുദിവസം മറിയമകൻ വരുന്നുണ്ടെന്നു യരുശലേമിൽ വരുന്നുണ്ടെന്നു...
- ദുഃഖവെള്ളിയാഴ്ച - എന്തൊരൻപിതപ്പനേ ഈ പാപിമേൽ ...
- ഉയിർപ്പുഞായർ - ഇന്നേശു രാജനുയിർത്തെഴുന്നേറ്റു ...
കേരളാ ക്രൈസ്തവ സഭയിലെ ഉണർവ്വു കാലഘട്ടം
[തിരുത്തുക]സഭയുടെ പ്രധാനപഠിപ്പിക്കലുകളിൽ നിന്നും ആചാരങ്ങളിൽ നിന്നുമൊക്കെ വിട്ട്, വ്യക്തികളുടെ അത്മീയ-വിശ്വാസ അനുഭവങ്ങൾക്ക് സവിശേഷ പ്രാധാന്യം കൊടുക്കുന്ന വിവിധ പ്രവർത്തികൾ ഉൾപ്പെടുന്ന പ്രക്രിയയെയാണു ക്രൈസ്തവസഭളിൽ ഉണർവ്വ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പൊതുവെ പാട്ട്, പ്രസംഗം, ആരാധന, നൃത്തം ഇതൊക്കെ "ഉണർവ്വ് കൂടി വരവുകളുടെ" ഭാഗവും ലക്‌ഷണവും ആണ്. കേരളക്രൈസ്തവ സഭകൾ ഈ വിധത്തിലുള്ള പല ഉണർവ്വ് കാലഘട്ടങ്ങൾക്കും സാക്‌ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ ഇത്തരം കാലഘട്ടങ്ങളിലെ ഏറ്റവും പ്രധാന കാലഘട്ടമാണു ഇപ്പോൾ പൊതുവെ കൊല്ലവർഷം 1048-ലെ ഉണർവ്വ് എന്ന പേരിൽ അറിയപ്പെടുന്ന കാലഘട്ടം.
ഇപ്പോൾ തമിഴ്‌നാട്ടിലുള്ള തിരുനെൽവേലിയാണു ആ കാലഘട്ടത്തിൽ തെക്കേ ഇന്ത്യയിൽ ഇത്തരം ഉണർവ്വ് കൂട്ടായ്മകളുടെ ജന്മകേന്ദ്രമായത്. സി.എം.എസ് മിഷനറിമാരിലൂടെ 1860-ൽ ആണു ഇത് തിരുനൽവേലിയിൽ ആരംഭിച്ചത്. തിരുനൽവേലി സി.എം.എസ്. ഇടവകയിലെ ജോൺ അരുളപ്പൻ ഉപദേശിയാണു തെക്കേ ഇന്ത്യയിലെ ഉണർവ്വിന്റെ ഉപജ്ഞാതാവ് എന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരു മത്തായി ഉപദേശിയിലൂടെ ഈ ഉണർവ്വ് തിരുവതാംകൂറിലേക്കും വ്യാപിച്ചു. തമിഴ് നാട്ടിൽ നിന്നു ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം ചെയ്ത വേദനായക ശാസ്ത്രിയുടെ മകൾ അമ്മാളെ മലങ്കര സഭയെ ഉണർവ്വ് പാട്ടുകൾ പാടി ഉത്തേജിപ്പിക്കാൻ മലങ്കര മെത്രാപ്പോലിത്താ അനുവദിച്ചതായി രേഖകൾ ഉണ്ട്.
ഉണർവ്വിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ജോൺ അരുളപ്പൻ ഉപദേശി നിരവധി പേരെ പരിശീലിപ്പിച്ചു. യുസ്തൂസ് യോസഫിന്റെ സഹോദരന്മാരായ യുസ്തൂസ് യാക്കോബ് കുട്ടി, യുസ്തൂസ് മത്തായി കുട്ടി എന്നിവർ ജോൺ അരുളപ്പന്റെ അനുയായികളായി മാറുകയും അദ്ദേഹത്തിൽ നിന്ന് ഉണർവ്വിന്റെ പാഠങ്ങൾ പഠിക്കുകയും, ഉണർവ്വിന്റെ സന്ദേശം മലങ്കര സഭയിൽ പടർത്താൻ തിരുവതാംകൂറിലേക്ക് തിരിച്ചു വരികയും ചെയ്തു.
അരുളപ്പൻ ഉപദേശിയിൽ നിന്നു ലഭിച്ച പരിശീലനം അനുസരിച്ച് മദ്ധ്യതിരുവിതാംകൂറിൽ ഉണർവ്വിന്റെ പ്രവർത്തനം യാക്കോബ് കുട്ടി, മത്തായി കുട്ടി എന്നിവർ ആരംഭിച്ചു. യുസ്തൂസ് യാക്കോബ് കുട്ടി കഴിവുറ്റ പ്രസംഗകനും യുസ്തൂസ് മത്തായി കുട്ടി നല്ലൊരുഗായകനും ആയിരുന്നു. മാനസാന്തരം, കർത്താവിന്റെ രണ്ടാം വരവ്, സഹസ്രാബ്ദ വാഴ്ച ഇതൊക്കെയായിരുന്നു അവരുടെ പ്രസംഗങ്ങളുടെ പ്രധാന വിഷയങ്ങൾ. വളരെ പെട്ടെന്നു തന്നെ അവർ പ്രസിദ്ധരാവുകയും ആയിരങ്ങൾ അവരെ അനുഗമിക്കുകയും ചെയ്തു. ആ സഹോദരങ്ങൾ ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു.
ഉണർവ്വ് യോഗപ്രവർത്തനങ്ങൾ വഴിതെറ്റുന്നു
[തിരുത്തുക]1873 ജൂലൈയിൽ മണക്കുഴി സി.എം.എസ്. ഇടവകയിലെ ഒരു സ്ത്രീക്ക് വിചിത്രമായ ഒരു ദർശനം ഉണ്ടായതായി വാർത്ത പരന്നു. ആകാശത്തു നിന്ന് ഒരു കറുത്ത മേഘശകലം ഇറങ്ങി വരികയും അത് അവരുടെ തോളിൽ ഇരിക്കുകയും ചെയ്യുന്നതായി അവർ കണ്ടെന്നും അതോടൊപ്പം "അനുതപിക്ക അല്ലെങ്കിൽ നീ മരിക്കും" എന്നൊരു അശരീരി കേട്ടെന്നും പറയപ്പെടുന്നു. അതേ രാത്രിയിൽ യുസ്തൂസ് മത്തായി കുട്ടിയുടെ ഭാര്യക്കും ഇതേ ദർശനം ഉണ്ടായതായി മത്തായി കുട്ടി അവകാശപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ തന്നെ കറ്റാനം സി.എം.എസ്. സ്കൂളിലെ ഒരു അദ്ധ്യാപകനും സമാനമായ ഒരു ദർശനം ഉണ്ടായത്രെ. ഈ മൂന്നു ദർശനങ്ങളും യുസ്തൂസ് യാക്കോബ് കുട്ടി, യുസ്തൂസ് മത്തായി കുട്ടി എന്നിവരുടെ മുൻകൂട്ടിയുള്ള പദ്ധതി പ്രകാരം ഉണ്ടായതാണെന്നു പലരും സംശയിക്കുന്നു. ഈ സഹോദർന്മാർ തങ്ങളുടെ മൂത്ത സഹോദരനായ യുസ്തൂസ് യോസഫിനേയും തങ്ങളുടെ പഠിപ്പിക്കലുകൾ വിശ്വസിപ്പിച്ചു.
പുതിയ സഭയുടെ പിറവി
[തിരുത്തുക]കൊട്ടാരയ്ക്കരയ്ക്കടുത്തുള്ള ചെങ്കുളം ഗ്രാമത്തിൽ കൂടാരപ്പറമ്പിൽ തൊമ്മൻ എന്നൊരു 'പ്രവാചകൻ' യാക്കോബ് കുട്ടിയുടേയും, മത്തായി കുട്ടിയുടേയും അടുത്ത സുഹൃത്ത് ആയിരുന്നു. സഹോദരന്മാരുടെ സ്വാധീനം നിമിത്തം യുസ്തൂസ് യോസഫ്, കൂടാരപ്പറമ്പിൽ തൊമ്മനെ സന്ദർശിച്ചു. യുസ്തൂസ് യോസഫിന്റേയും സന്നിഹിതരായിരുന്ന മറ്റുള്ളവരുടേയും സാന്നിദ്ധ്യത്തിൽ കൂടാരപ്പറമ്പിൽ തൊമ്മൻ,
“ | യേശു ക്രിസ്തു 6 വർഷം കഴിഞ്ഞ് (1875 മെയ് 30 ലാണു ഈ പ്രവചനം നടത്തുന്നത്) വരുമെന്നും ഏഴാം വർഷം എല്ലാ വിശ്വാസികളേയും തന്റെ രാജ്യത്തിലേക്ക് ചേർക്കുമെന്നും | ” |
പ്രവചിച്ചു. യുസ്തൂസ് യോസഫും സഹോദരന്മാരും ആ പ്രവചനം വിശ്വസിച്ചു.
ഉന്നത ബ്രാഹ്മണ കുലജാതനായതിനാൽ സി.എം.എസ്. മിഷണറിമാർക്ക് യുസ്തൂസ് യോസഫിനോട് പ്രത്യേക മമത ഉണ്ടായിരുന്നു. ആരംഭ കാലങ്ങളിൽ അവർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് സഹായിച്ചു. പക്ഷേ കൂടാരപ്പറമ്പിൽ തൊമ്മനുമായുള്ള അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം സി.എം.എസ്. മിഷണറിമാർക്ക് സമ്മതമായിരുന്നില്ല.
പക്ഷേ യുസ്തൂസ് യോസഫ്, കൂടാരപ്പറമ്പിൽ തൊമ്മന്റെ പ്രവചനം വിശ്വസിക്കുകയും തന്റെ യോഗങ്ങളിൽ അത് പ്രചരിപ്പിക്കുകയും ചെയ്തു. കൂടാരപ്പറമ്പിൽ തൊമ്മന്റെ പ്രവചനത്തെ ബൈബിളിലെ പ്രവചനങ്ങളുമായി കോർത്തിണക്കി, ജ്യോത്സ്യവിദ്വാനായിരുന്ന കുട്ടി അച്ചൻ കാലഗണന നടത്തി. അതനുസരിച്ച്-
“ | 1881 ഒക്ടോബർ 2-ആം തീയതി കർത്താവു തന്റെ സഭയെ ചേർത്തുകൊൾവാൻ വരും നിശ്ചയം. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ | ” |
എന്ന വിളംബരം ഉണർവ്വുകാരുടെ യോഗത്തിൽ പ്രസിദ്ധപ്പെടുത്തുകയും, ഭരണാധികാരികളേയും സഭാദ്ധ്യക്ഷന്മാരേയും അറിയിക്കുകയും ചെയ്തു. മറ്റു ക്രൈസ്തവ സഭാ നേതാക്കൾ, യുസ്തൂസ് യോസഫിന്റെ പഠിപ്പിക്കലുകൾ അംഗീകരിക്കിക്കുകയോ വെളിപാടോ പ്രവചന വ്യാഖ്യാനമോ സ്വീകരിക്കുകയോ ചെയ്യാതെ, അവ പാഷണ്ഡോപദേശമാണെന്നു ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.
യുസ്തൂസ് യോസഫ് തീർത്തും അസ്വീകാര്യനായെന്നു കണ്ട സി.എം.എസ്. അധികാരികൾ 1875 ഒക്‌ടോബർ 9-ന് അദ്ദേഹത്തെ തങ്ങളുടെ ഇടവകയിൽ നിന്നു മുടക്കി. ഒരാഴ്ചയ്ക്കു ശേഷം 1875 ഒക്‌ടോബർ 18നു യുസ്തൂസ് യോസഫ് കന്നീറ്റി ഉണർവ്വു സഭ എന്ന പേരിൽ ഒരു പുതിയ സഭ തുടങ്ങി. അദ്ദേഹം തന്നെയായിരുന്നു ആയിരുന്നു സഭയുടെ തലവൻ.
കന്നീറ്റി ഉണർവ്വ് സഭ
[തിരുത്തുക]സി.എം.എസ്. സഭയിൽ നിന്നു യുസ്തൂസ് യോസഫിനെ പുറത്താക്കിയെങ്കിലും വളരേയധികം ആളുകൾ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിൽ വിശ്വസിച്ചു. കന്നീറ്റി, തേവലക്കര, ചെങ്ങന്നൂർ, മാവേലിക്കര, ആറന്മുള, പൂവത്തൂർ, കോഴഞ്ചേരി,തിരുവല്ല, മാന്നാർ, നിരണം, തലവടി, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളിൽ കന്നീറ്റി ഉണർവ്വു സഭയ്ക്ക് ശാഖകളും ഉണ്ടായി. ഏതാണ്ട് 1500-ഓളം വീട്ടുകാരും വിവിധ സഭകളിൽ നിന്നുള്ള 11 വൈദികരും സഭയിൽ ചേർന്നു. കൂടാരപ്പറമ്പിൽ തൊമ്മന്‍, ഓമല്ലൂർ ഈപ്പൻ എന്നിവർക്കായിരുന്നു പുതിയ സഭയിൽ കാര്യനിർവഹണത്തിനുള്ള ചുമതല. സഭാ ജനങ്ങൾ എല്ലാം തന്നെ അഞ്ചര വർഷത്തിനു ശേഷം യേശുക്രിസ്തു വരും എന്ന പ്രതീക്ഷയിൽ ആകാംക്ഷയോടെ കാത്തിരുന്നു. ഇക്കാരണം കൊണ്ട് ഈ വിഭാഗത്തിൽ പെട്ടവരെ അഞ്ചരക്കാർ, അഞ്ചരവേദക്കാർ എന്നൊക്കെ മറ്റു ക്രൈസ്തവവിഭാഗങ്ങളിൽ പെട്ടവർ വിശെഷിപ്പിച്ചിരുന്നു. അതിനാൽ ആ പേരുകൾ ഈ സഭയുടെ മറു പേരുമായി തീർന്നു.
ഏതാനും മാസങ്ങൾക്ക് ശേഷം കന്നീറ്റി ഉണർവ്വു സഭയിലെ 'പ്രവാചകന്മാർ' (കൂടാരപ്പറമ്പിൽ തൊമ്മനും, ഓമല്ലൂർ ഈപ്പനും ആണു അതിൽ പ്രമുഖർ) തങ്ങൾക്ക് വിചിത്രമായ ഒരു ദർശനം ഉണ്ടായതായി പ്രഖ്യാപിച്ചു. 1876 ഓഗസ്റ്റ് 10 മുതൽ 12 വരെ ലോകം മുഴുവനും ഇരുട്ടു വ്യാപിക്കുവാൻ പോകുന്നു എന്നും ഇതു ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള അടയാളം ആയിരിക്കും എന്നതായിരുന്നത്രെ ദർശനം. ഈ വാർത്ത ലോകം മുഴുവൻ അറിയിക്കാൻ അവർ ആവുന്നതെല്ലാം ചെയ്തു. ഇംഗ്ലണ്ടിലെ വിക്‌ടോറിയ രാജ്ഞിക്കും, കാന്റൻബറിയിലെ മെത്രാപ്പോലീത്തക്കും, മാർപ്പാപ്പാക്കും ഒക്കെ അവർ കമ്പിസന്ദേശങ്ങൾ അയച്ചു.
ഈ വാർത്ത കാരണം പുതിയ ആരാധനാമതത്തിന്റെ (cult) സ്വാധീനം പിന്നേയും വർദ്ധിച്ചു. കൂടുതൽ കൂടുതൽ ആളുകൾ സഭയിൽ ചേർന്നു. പലരും തങ്ങളുടെ വസ്തുവഹകൾ വിറ്റ് അതൊക്കെ യുസ്തൂസ് യോസഫിനു കാഴ്ച വെച്ചു. ആ സഭയിൽ ചേർന്ന ജനങ്ങളൊക്കെ ഉന്മാദചിത്തരായി പരിഭ്രമപ്പെട്ടു നടന്നു. പലർക്കും കച്ചവടത്തിലും കൃഷിയിലും ഉള്ള താല്പര്യം നശിച്ചു. പലയിടത്തും വസ്തു വഹകൾ വിറ്റു കിട്ടിയ പണം കൊണ്ട് ഗംഭീര വിരുന്ന് ഒരുക്കപ്പെട്ടു.
പക്ഷേ 1876 ഓഗസ്റ്റ് 10ന് പ്രതീക്ഷിച്ചതുപോലെ ഇരുട്ടോ പുനരാഗമനമോ ഉണ്ടാകാതിരുന്നപ്പോൾ തന്റെ ബൈബിൾപ്രവചനങ്ങൾക്ക് താൻ നടത്തിയ കാലനിർണ്ണയവും അതിനു അവലംബമാക്കിയ വെളിപാടുകളും തെറ്റായിരുന്നു എന്ന് യുസ്തൂസ് യോസഫിനു ബോദ്ധ്യമായി. ആ രാത്രിയിൽ അദ്ദേഹം ഉറങ്ങിയില്ല. വെളുപ്പിനു എഴുന്നേറ്റു തിരുവല്ലായിൽ ചെന്ന് സി.എം.എസ്. അധികാരികളെ കണ്ട് വിവരങ്ങൾ പറയാൻ ഒരുങ്ങുകയായിരുന്നു അദ്ദേഹം. പക്ഷേ സൂത്രശാലിയായ യാക്കോബു കുട്ടി അദ്ദേഹത്തെ വിട്ടില്ല.
“ | കൂരിരുട്ട് പരമാർത്ഥമായി ഉണ്ടായി. പക്ഷേ അതു ബാഹ്യനേത്രങ്ങൾക്ക് വിഷയമാകുന്ന ഇരുട്ടല്ലായിരുന്നു. അതു നമുക്കുണ്ടായ ഹൃദയാന്ധകാരവും അവിശ്വാസവും ആയിരുന്നു. നീതിസൂര്യൻ ഹൃദയത്തിൽ നിന്നു മാഞ്ഞു പോയ അനുഭവമായിരുന്നു. മഹത്ത്വപ്രത്യക്ഷതയും മദ്ധ്യാകാശത്തിൽ മാംസചക്ഷുസുകൾക്ക് കാണാവുന്ന വിധത്തിലായിരുന്നില്ല. അതു അകക്കണ്ണ് തെളിഞ്ഞവർക്കു മാത്രം കാണാവുന്നവിധം, ഹൃദയമണ്ഡലത്തിലായിരുന്നു. | ” |
എന്ന യാക്കോബ്കുട്ടിയുടെ പുതിയവ്യാഖ്യാനം യുസ്തൂസ് യൊസഫ് സ്വീകരിച്ചു. പക്ഷേ അതു ഭൂരിപക്ഷം വിശ്വാസികൾക്കും സ്വീകാര്യമായിരുന്നില്ല. പലരും സ്വന്തം മാതൃസഭകളിലേക്ക് തിരിച്ചു പോയി. സഭയുടെ പ്രധാനപ്രവാചകന്മാരിൽ ഒരാളായിരുന്ന ഓമല്ലൂർ ഈപ്പൻ പോലും കന്നീറ്റി ഉണർവ്വു സഭ വിട്ടു. ഓമല്ലൂർ ഈപ്പൻ 1878 ജൂലൈ 25നു വെട്ടിയാർ എന്ന സ്ഥലത്ത് ഒരു മരത്തിൽ തൂങ്ങിമരിച്ചു. കൂടാരപ്പറമ്പിൽ തൊമ്മനും, യുസ്തൂസ് യൊസഫിന്റെ സഹോദരനായ യുസ്തൂസ് മത്തായി കുട്ടിയും വസൂരി രോഗം വന്നു മരിച്ചു. എന്നാൽ, യുസ്തൂസ് യൂസഫും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും, 1881 ഒക്‌ടോബർ 2നു യേശുവിന്റെ പുനരാഗമനം ഉണ്ടാകുമെന്ന പ്രത്യാശയോടെ കഴിഞ്ഞു. 1881 ഒക്‌ടോബർ 2 രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് അവർ യേശുവിനെ സ്വീകരിക്കാൻ ഇരുന്നു. പ്രവചിച്ച പോലെ പുനരാഗമനം ഉണ്ടായില്ല.
യുയോമയ സഭയുടെ പിറവി
[തിരുത്തുക]'പ്രവചനങ്ങൾ' അസ്ഥാനത്തായതിനു ശേഷം, 1881 ഒക്ടോബറിൽ പിറവിയെടുത്ത സഭയ്ക്ക് യുയോമയ സഭ എന്ന പേർ തെരഞ്ഞെടുത്തു. നിത്യ സുവിശേഷ സഭ, ക്രിസ്തുമാർഗ്ഗത്തിന്റെ നിവർത്തിയായ യുയോമയം എന്നിങ്ങനെയുള്ള വിശേഷനാമങ്ങളും ഇവർ ഉപയോഗിക്കുന്നു. യുയോമയാബ്ദം എന്ന നവീനയുഗവും, യുയോമയ ഭാഷ എന്ന പുതിയൊരു ഭാഷയും തുടങ്ങി. യുയോമയം ഒരു സർവ ജാതി മതൈക്യപ്രതീകമാണെന്നു വെളിപ്പെടുത്തിയ യുസ്തൂസ് യോസഫ്, തന്റെ ക്രൈസ്തവ നാമത്തിലേക്ക് പഴയ ഹൈന്ദവ നാമമായ രാമയ്യൻ, മൂസ്ലീം നാമമായ അലി, പാശ്ചാത്യ നാമമായ വിൽസൻ എന്നീ പേരും ചേർത്തു. ഇവയുടെയെല്ലാം ആദ്യാക്ഷരങ്ങൾ ഉൾപ്പെടുന്ന യുയോരാലിസൺ എന്ന പുതിയൊരു സ്ഥാനപ്പേരും സ്വീകരിച്ചു [5]. വീടുകളിലും, പൊതുപ്രാർത്ഥന സമയത്തും, അപ്പവും വെള്ളവും വച്ച് പ്രാർത്ഥിച്ച്, പുതിയ രീതിയിൽ കർത്താവിന്റെ അത്താഴത്തിന്റെ സ്മരണ ദിവസേനേ ആചരിച്ചു പോരുന്ന ആ സഭയിൽ ഇപ്പോൾ 150-ൽ താഴെ കുടുംബങ്ങളാണു അവശേഷിച്ചിട്ടുള്ളത്.
അവസാനകാലം
[തിരുത്തുക]1881 ഒക്ടോബർ 2നു ശേഷം സഭാ കാര്യങ്ങളിലൊന്നും അധികം ഇടപെടാതെ വളരെ ശാന്തമായ ഒരു ജീവിതമാണു യുസ്തൂസ് യോസഫ് നയിച്ചത്. യുസ്തൂസ് യോസഫ് 1887-ൽ 52-ആമത്തെ വയസ്സിൽ അന്തരിച്ചു. മാവേലിക്കരയ്ക്കടുത്തുള്ള കന്നീറ്റി എന്ന സ്ഥലത്തെ സി.എസ്.ഐ. പള്ളിയിലാണു യുസ്തൂസ് യോസഫിനെ അടക്കം ചെയ്തിരിക്കുന്നത്.
മലയാള ക്രൈസ്തവ സഭയ്ക്ക് നല്കിയ സംഭാവനകൾ
[തിരുത്തുക]യുസ്തൂസ് യോസഫിന്റെ പിന്നീടുള്ള പ്രബോധനങ്ങളും പ്രവചനങ്ങളും മിക്ക ക്രൈസ്തവ സഭകൾക്കും സ്വീകാര്യമല്ലായിരുന്നുവെങ്കിലും മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകളെ അവ പരോക്ഷമായാണെങ്കിലും ഉണർത്തി. കൂടുതൽ കൂടുതൽ ആളുകൾ ബൈബിൾ വായിക്കുവാൻ തുടങ്ങി. ആ കാലഘട്ടത്തോടു ചേർന്നാണു ബൈബിളിന്റെ മലയാളം പരിഭാഷ ഉണ്ടായത് എന്നതും ഇതിനു സഹായമായി. ബൈബിൾ സൊസൈറ്റിയുടെ കണക്കു പ്രകാരം 1873ൽ 1119 ബൈബിളാണു വിറ്റു പോയതെങ്കിൽ 1874-ൽ അതിന്റെ എണ്ണം 3034 ആയി ഉയർന്നു[അവലംബം ആവശ്യമാണ്].
വിദ്വാൻ കുട്ടിയച്ചനു മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. മതപരിവർത്തനത്തിനു മുൻപ് വളരെ ശുഷ്കാന്തിയോടെ ഹിന്ദുമതം പിൻതുടർന്നിരുന്ന അദ്ദേഹത്തിനു ഹൈന്ദവ സംഹിതകളിലും ആചാരങ്ങളിലും ഒക്കെ നല്ല അറിവുണ്ടായിരുന്നു. ഈ അറിവ് താൻ രചിക്കുന്ന ക്രിസ്തീയ കീർത്തനങ്ങളിൽ പ്രതിഫലിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. കേരളക്രൈസ്തവരുടെ ഇടയിൽ മലയാളത്തിലുള്ള ക്രിസ്തീയകീർത്തനങ്ങൾ വ്യാപകമായി ആലപിക്കാൻ തുടങ്ങിയത് വിദ്വാൻ കുട്ടിയച്ചന്റെ പാട്ടുകൾക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു.
കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്തവസഭകളും ഇപ്പോഴും തങ്ങളുടെ ആരാധനകളിൽ വിദ്വാൻ കുട്ടിയച്ചന്റെ കീർത്തനങ്ങൾ ഉപയോഗിക്കുന്നു എന്നത് അദ്ദേഹത്തിന്റെ കീർത്തങ്ങൾക്ക് കാലത്തെ അതിജീവിക്കുന്ന കാവ്യ സൗന്ദര്യവും ഭക്തിരസവും ഉണ്ട് എന്നതിന്റെ തെളിവാണു്.
കൃതികൾ
[തിരുത്തുക]യുസ്തൂസ് യോസഫിന്റെ സാഹിത്യ കൃതികളിൽ മുഖ്യമായവ [6] താഴെ പറയുന്നവയാണ്.
- വിശുദ്ധവെൺമഴു
- നിത്യജീവപദവി
- നിത്യാക്ഷരങ്ങൾ
- യുയോമയഭാഷാപുസ്തകം
- ക്രിസ്താത്മീയ ഗീതങ്ങൾ
- യുമോമയ ഗീതങ്ങൾ
ക്രിസ്താത്മീയ ഗീതങ്ങളിൾ ആകെ 148 ഗീതങ്ങൾ ആണ് ഉള്ളത്. അതിലെ ഒടുവിലത്തെ 12 ഗീതങ്ങൾ മുഴുവൻ സംസ്കൃതത്തിലാണു രചിച്ചിരിക്കുന്നത്. യുയോമയ ഗീതങ്ങളിലെ 56 പാട്ടുകളും 34 ഗ്ലോകങ്ങളും സാധാരണ ജങ്ങൾക്ക് ഭാഷയിലും രാഗത്തിലും ദുർഗ്രഹങ്ങളാണ്. സംഗീതവിദ്വാന്മാർക്ക് ആലപിച്ചാനന്ദിപ്പാനുള്ള കർണ്ണാടക ശാസ്ത്രീയ സംഗീത കൃതികളാണ് അവ.
പ്രശസ്തമായ കീർത്തനങ്ങൾ
[തിരുത്തുക]- സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലൂയ്യാ പാടി
- കാന്താ താമസമെന്തഹോ വന്നീടാനേശു
- സേനയിൽ യഹോവയെ നീ വാനസേനയോടെഴുന്നള്ളേണമേ ശാലേമിതിൽ
- വരുവീൻ നാം യഹോവയ്ക്കു പാടുക- രക്ഷ തരുന്ന
- മറുദിവസം മറിയമകൻ യെരുശലേമിൽ വരുന്നുണ്ടെന്നു അറിഞ്ഞു
- ആത്മാവെ വന്നീടുക വിശുദ്ധാത്മാവെ വന്നീടുക
അവലംബം
[തിരുത്തുക]- ↑ ക്രിസ്തീയ കീർത്തനങ്ങൾ. ഒന്നാം പതിപ്പിനു വി.പി. മാമ്മൻ കശ്ശിശാ എഴുതിയ മുഖവുരയിൽ നിന്ന് (28-ആം പതിപ്പ് ed.). തിരുവല്ല: മാർത്തോമ്മാ പ്രസിദ്ധീകരണ സമിതി. p. 5.
{{cite book}}
: CS1 maint: others (link) - ↑ റവ: റ്റി. കെ., ജോർജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഒന്നാം പതിപ്പ് ed.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. p. 9.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-12-04. Retrieved 2008-11-21.
- ↑ സഭാചരിത്ര നിഘണ്ടു, ഒന്നാം പതിപ്പു്, താൾ 128, 1986, ദൈവശാസ്ത്ര സാഹിത്യ സമിതി, തിരുവല്ല
- ↑ റവ: റ്റി. കെ., ജോർജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഒന്നാം പതിപ്പ് ed.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. p. 15.
- ↑ റവ: റ്റി. കെ., ജോർജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഒന്നാം പതിപ്പ് ed.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. p. 14.
}}