യുവകലാസാഹിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്ക്കാരികപ്രവർത്തകരുടെയും ഒരു സംഘടനയാണ് യുവകലാസാഹിതി. 1975 മാർച്ച് 15ന് ആണ് യുവകലാസാഹിതി രൂപീകരിച്ചത്. 1975 മാർച്ച് മധ്യവാരം കായംകുളത്ത് നടന്ന കെപിഎസിയുടെ രജതജൂബിലി ആഘോഷവേളയിലാണ് പുരോഗമനസാഹിത്യത്തിൻറെയും കലയുടെയും പരിപോഷണത്തിനായി ‘യുവകലാസാഹിതി’യെന്ന കലാസാംസ്‌കാരിക പ്രസ്ഥാനം രൂപീകൃതമാവുന്നത്.

അഖിലേന്ത്യ യുവജന ഫെഡറേഷൻറെ അനിഷേധ്യ നേതാവായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണനാണ് ഒരു കലാസാംസ്‌കാരിക പ്രസ്ഥാനമെന്ന ആശയം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഘടകത്തിനു മുമ്പാകെ സമർപ്പിച്ചത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എൻ.ഇ. ബാലറാം പാർട്ടിയുടെ സമുന്നതനേതാവായിരുന്ന പി.കെ. വാസുദേവൻ നായർ, യുവജന ഫെഡറേഷൻ നേതാവായിരുന്ന കണിയാപുരം രാമചന്ദ്രൻ, കെപിഎസിയുടെ സാരഥികളായിരുന്ന തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ എന്നിവർ വിശദമായ കൂടിയാലോചനകൾ നടത്തി. അങ്ങിങ്ങ് ചിതറി നിൽക്കുന്ന യുവപ്രതിഭകളെയും എഴുത്തുകാരെയും കൂട്ടിയോജിപ്പിച്ച് ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള ഒരു കലാസാംസ്‌കാരിക പ്രസ്ഥാനമെന്ന തോപ്പിൽ ഗോപാലകൃഷ്ണൻറെ ദീർഘവീക്ഷണവും ഭാവനപരവുമായ ആശയം പ്രാവർത്തികമാക്കുന്നതിന് പാർട്ടി നേതൃത്വം അംഗീകാരം നൽകി. കലയുടെയും സാഹിത്യത്തിൻറെയും യുവത്വം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സാംസ്‌കാരിക പ്രസ്ഥാനത്തിന് ‘യുവകലാസാഹിതി’യെന്ന് കണിയാപുരം രാമചന്ദ്രൻ നാമകരണം ചെയ്തു. കെ പിഎസിയുടെ രജതജൂബിലി ആഘോഷവേദിയിൽ തന്നെ ‘യുവകലാസാഹിതി’ക്ക് രൂപം നൽകണമെന്ന് തോപ്പിൽഭാസി തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽ നിഷ്‌കർഷിച്ചു.

1975 മാർച്ച് 15ന് കെപിഎസി അങ്കണത്തിൽ ചേർന്ന രൂപീകരണ സമ്മേളനത്തിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു. മലയാളത്തിൻറെ എക്കാലത്തെയും വിപ്ലവകവി വയലാർ രാമവർമ യുവകലാസാഹിതിക്ക് അഭിവാദനങ്ങൾ നേർന്നു. അതേവർഷം ഒക്‌ടോബർ 27ന് വയലാർ വിടപറയുകയും ചെയ്തു. സി അച്യുതമേനോൻ, കേശവദേവ്, സി ഉണ്ണിരാജ, കേശവൻപോറ്റി, ഒഎൻവി, വൈക്കം ചന്ദ്രശേഖരൻ നായർ, തോപ്പിൽ കൃഷ്ണപിളള, ഒ മാധവൻ, തെങ്ങമം ബാലകൃഷ്ണൻ, കെ ടി മുഹമ്മദ്, തിരുനെല്ലൂർ കരുണാകരൻ, പവനൻ, ടി വി ബാലൻ തുടങ്ങിയവർ യുവകലാസാഹിതിയുടെ പിറവിക്ക് സാക്ഷികളായി. വള്ളിക്കുന്നം, താമരക്കുളം, ചാരുംമൂട്, പടനിലം, നൂറനാട് പ്രദേശങ്ങളിലെ കലാസാംസ്‌കാരിക പ്രവർത്തകരും സംബന്ധിച്ചിരുന്നു. കവി എന്ന നിലയിൽ പ്രശസ്തനായിരുന്ന പറക്കോട്ട് എൻ ആർ കുറുപ്പ് പ്രസിഡന്റും അരവിന്ദൻറെ പ്രസിദ്ധമായ ഉത്തരായനം സിനിമയിലെ അഭിനയത്തിലൂടെ ജനങ്ങളുടെ പ്രിയങ്കരനായിരുന്ന ഡോ. പി കെ മോഹൻദാസ് വൈസ് പ്രസിഡന്റും ജനയുഗം പത്രാധിപസമിതി അംഗം സി ആർ രാമചന്ദ്രൻ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പ്രിൻസിപ്പാൾ ആയിരുന്ന പ്രൊഫ. പുത്തൂർ ബാലകൃഷ്ണൻ, ഡോ. കെ രാമവാര്യർ, പ്രശസ്ത നിരൂപകൻ പ്രൊഫ. കെ പി ശരത്ചന്ദ്രൻ, പ്രൊഫ. ആർ വിശ്വനാഥൻ നായർ, എൻ സി മമ്മൂട്ടി, ടി വി ബാലൻ, എം നസീർ, കടവിൽ ശശി, സി എച്ച് വത്സലൻ, എം എം രാഘവൻ, ബാബുവാസുദേവൻ, കാർത്തികേയൻ പടിയത്ത്, പ്രൊഫ. വി സുന്ദരേശൻ, പല്ലിശേരി തുടങ്ങിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ വലിയൊരു യുവനിരയുവകലാസാഹിതിയുടെ കർമപഥങ്ങൡ ഇഴുകിച്ചേർന്നു. അതോടെ യുവ എഴുത്തുകാരുടെയും കലാസാംസ്‌കാരിക പ്രവർത്തകരുടെയും വിപുലമായ കൂട്ടായ്മകൾ കേരളത്തിലുടനീളം ഉണ്ടായി.

തുടക്കം[തിരുത്തുക]

1975 ജൂൺ 22 തൃശൂർ ജില്ലയിലെ ആമ്പല്ലൂരിലാണ് കേരളത്തിലെ യുവകലാസാഹിതിയുടെ ആദ്യ ജില്ലാ സമ്മേളനം നടക്കുന്നത്. ബാബുവാസുദേവൻറെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പി കെ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. രമണിക്കീരൻ, പല്ലിശേരി വി സുരേന്ദ്രൻ, വി എസ് വസന്തൻ, കലാമണ്ഡലം ക്ഷേമാവതി, വിജയൻകാരോട്, രാധാകൃഷ്ണൻ വെങ്കിടങ്ങ്, പ്രൊഫ. കെ രാധാകൃഷ്ണൻ, ഡോ. കെ എൻ സത്യനാഥൻ, പ്രൊഫ. എം എൻ വാസുദേവൻ നമ്പൂതിരി, കെ ആർ വേലായുധൻ, കാറളം ബാലകൃഷ്ണൻ, കെപിഎസി പ്രേമചന്ദ്രൻ, കെ കെ രവി, വി ഡി അശോകൻ, പി എസ് രവീന്ദ്രൻ, കെ പി പ്രദീപ് തുടങ്ങിയവരാണ് പങ്കെടുത്തത്.

വിജയൻ കരോട് പ്രസിഡന്റും രമണികീരൻ സെക്രട്ടറിയുമായുള്ള ഇരുപത്തേഴംഗ ജില്ലാ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. തോപ്പിൽ ഗോപാലകൃഷ്ണൻ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. എൻ സി മമ്മൂട്ടിയുടെ മാർഗനിർദ്ദേശത്തിലാണ് കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നത്. സി എച്ച് വത്സലൻ, പ്രൊഫ. കെ പി അയ്യപ്പൻ അന്ന് ശ്രീനാരായണ കോളജിൽ അധ്യാപകനായിരുന്ന പ്രൊഫ. വി സുന്ദരേശൻ എന്നിവരായിരുന്നു ഭാരവാഹികൾ. തിരുവനന്തപുരം ജില്ലയിൽ എം നസീർ, ബൈജു ചന്ദ്രൻ, പ്രൊഫ. എസ് എം അബൂബക്കർ, യു വിക്രമൻ, എൻ ഇ ഗീത, ഹാഷിം രാജൻ, ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ, പുന്നമൂട് രവി തുടങ്ങിയവർ ചുക്കാൻപിടിച്ചു. യൂണിവേഴ്‌സിറ്റി കോളജിലും കലാലയങ്ങളിലും യൂണിറ്റുകൾ രൂപീകരിച്ചു. കോഴിക്കോട് ജില്ലയിൽ ടി പി ബാലൻ, മണിയൂർ ഇ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയും യൂണിറ്റുകളും രൂപീകരിച്ചു. കെടാമംഗലം സദാനന്ദൻ, കെഎ ചന്ദ്രഹാസൻ, കെ ജി കോമളൻ, എൻ സോമസുന്ദരൻ, കാർത്തികേയൻ പടിയത്ത് തുടങ്ങിയവർ ചേർന്ന് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മണലിൽ ജി നാരായണപിളള, ആര്യാട് ഗോപി, ചവറ കെ എസ് പിള്ള, നൂറനാട് ഹനീഫ, കരീപ്രരാജേന്ദ്രൻ എന്നിവരാണ് കൊല്ലം ജില്ലയിലെ നേതൃത്വം. ടി വി ഹരിദാസ് (ജനയുഗം) എസ്ഹനീഫാറാവുത്തർ, വേണാട് ശിവൻകുട്ടി, എം ആർ സി നായർ, പി കെ മേദിനി, ചുനക്കര ജനാർദ്ദനൻ നായർ, പ്രൊഫ. ഓച്ചിറ രാമചന്ദ്രൻ, ആർ ശ്രീധരൻ പിള്ള, ചാരുംമൂട് പുരുഷോത്തൻ, പ്രൊഫ. കെ പി ശരത് ചന്ദ്രൻ, നൂറനാട് മോഹൻ തുടങ്ങി വലിയൊരു നിരതന്നെ ആലപ്പുഴയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. കൊളാടി ഗോവിന്ദൻ കുട്ടിയുടെ മാർഗനിർദ്ദേശത്തിൽ ടി കെ സുന്ദരൻ മാസ്റ്റർ, തുളസിദാസ് പി മേനോൻ, എം എം സചീന്ദ്രൻ, എൻ പി പ്രഭാകരൻ, ആസാദ്, വി പി സദാനന്ദൻ തുടങ്ങിയവരായിരുന്നു മലപ്പുറം ജില്ലയിലെ സാരഥികൾ. നാരായണൻപെരിയ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, തൃക്കരിപ്പൂർ വേണു എന്നിവർ കാസർകോട്ടും, വിജയൻ ചെറുകര, വി ജി വിജയൻ, പി കെ ജയരാജൻ എന്നിവർ വയനാട്ടിലും അഡ്വ. ബാബുമോൻ, ജെയിംസ് കത്തലാങ്കൻ, കെ ആർ രാജേന്ദ്രൻ, വി ബി രാജൻ, കെ കെ ശിവരാമൻ, സ്വപ്‌ന ടോമി എന്നിവർ ഇടുക്കിയിലും ആനിക്കാട് ഗോപിനാഥ്, കെ ബിനു എന്നിവർ കോട്ടയത്തും തെന്നിലാപുരം രാധാകൃഷ്ണൻ, പ്രൊഫ. പി എ വാസുദേവൻ, അജയൻ കൊക്കുശേരി എന്നിവർ പാലക്കാട്ടും നേതൃത്വം നൽകി.

സമ്മേളനങ്ങൾ[തിരുത്തുക]

ഒന്നാം സംസ്ഥാന സമ്മേളനം 1977 ഡിസംബറിൽ വർക്കലയിലാണ് നടന്നത്. ടി എ മജീദ് എംഎൽഎ പ്രസിഡന്റും പ്രൊഫ. പി സുന്ദരേശൻ ജനറൽ സെക്രട്ടറിയുമായ സ്വാഗത സംഘമാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്. മൂന്ന് ദിവസത്തെ സമ്മേളനം എൻ ഇ ബാലാറാം ഉദ്ഘാടനം ചെയ്തു. എ കെ കുമാരൻ, തോപ്പിൽ ഭാസി, ഒഎൻവി, പവനൻ, തെങ്ങമം ബാലകൃഷ്ണൻ, സി ഉണ്ണിരാജ, കാനായി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളിൽ മാറ്റമുണ്ടായി. നിലവിലുള്ള പ്രസിഡന്റും ജനറൽ സെക്രട്ടറിയും സ്ഥാനമൊഴിഞ്ഞു. വൈസ് പ്രസിഡന്റായിരുന്ന നടൻ ഡോ. പി കെ മോഹൻദാസ് പ്രസിഡന്റും പ്രൊഫ. ആർ വിശ്വനാഥൻ നായർ ജനറൽ സെക്രട്ടറിയുമായി. പ്രൊഫ. കെ പി ശരത്ചന്ദ്രൻ, പ്രൊഫ. പുത്തൂർ ബാലകൃഷ്ണൻ നായർ എന്നിവർ വൈസ് പ്രസിഡന്റുമാരായും എൻ സി മമ്മൂട്ടി, ടി വി ബാലൻ, പ്രൊഫ. വി സുന്ദരേശൻ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അഖിലകേരള നാടകോത്സവം ശ്രദ്ധേയമായിരുന്നു. കാർത്തികേയൻ പടിയത്തിന്റെ പ്രസിദ്ധമായ ശവംതീനികൾ നാടകം ആദ്യമായി അവതരിപ്പിച്ചത് ഇവിടെയായിരുന്നു. സമ്മേളനത്തിന്റെ ആദ്യവസാനം തോപ്പിൽ ഗോപാലകൃഷ്ണൻ, എം നസീർ, സി ആർ രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടായി. രണ്ടാമത് സംസ്ഥാന സമ്മേളനം 1979 ൽ കോഴിക്കോട്ടുവെച്ചാണ് നടന്നത്. പ്രൊഫ. വി സുന്ദരേശനെ ജനറൽ സെക്രട്ടറിയായും സെക്രട്ടറിമാരിൽ ഒരാളായി പല്ലിശേരിയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളിൽ മാറ്റമുണ്ടായിരുന്നില്ല. പിന്നീട് നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകരായ സി രാധാകൃഷ്ണൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡോ. ടി പി സുകുമാരൻ, പെരുമ്പുഴ ഗോപാലകൃഷ്ണൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പി കെ ഗോപാലകൃഷ്ണൻ, പി കെ ഗോപി എന്നിവർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. 1981 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ദീർഘകാലം യുവകലാസാഹിതിയെ നയിച്ച എൻ സി മമ്മൂട്ടി ജനറൽ സെക്രട്ടറിയാകുന്നത്. പിന്നീട് 1998 ൽ പുനലൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ടി വി ബാലനും 2003 ൽ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസും 2011 ൽ പാലക്കാട്ട് വച്ച് നടന്ന സമ്മേളനത്തിൽ ഇ എം സതീശനും ജനറൽ സെക്രട്ടറിമാരായി. പ്രശസ്തകവിയും പ്രഭാഷകനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രസിഡന്റും ഇ എം സതീശൻ ജനറൽ സെക്രട്ടറിയുമായ നേതൃത്വമാണ് ഇപ്പോൾ യുവകലാസാഹിതിയെ നയിക്കുന്നത്.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

1984 ൽ സംസ്ഥാന പ്രസിഡന്റ് സി രാധാകൃഷ്ണൻ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സമാധാന പദയാത്ര പുതിയൊരു അനുഭവമായിരുന്നു. മാനവരാശിക്ക് ശാന്തിമുദ്രയായി പിക്കാസോ വരച്ചു നൽകിയ ഒലിവ് ഇല കൊത്തിപ്പറക്കുന്ന നീലാകാശത്തെ വെള്ളരിപ്രാവിനെ ആലേഖനം ചെയ്ത പതാക വാനിലുയർത്തി ‘ഇനിയൊരു യുദ്ധം വേണ്ട, ലോക സമാധാനം നീണാൽ വാഴട്ടെ’ എന്ന ബാനറുമായി എഴുത്തുകാരും കലാകാരൻമാരും നടന്നുനീങ്ങിയപ്പോൾ കേരളീയ സമൂഹം ആവേശപൂർവമാണ് സ്വീകരിച്ചത്. 1988ൽ സി രാധാകൃഷ്ണനും മാടമ്പ് കുഞ്ഞുക്കുട്ടനും നയിച്ച സമാധാന സാംസ്‌ക്കാരിക ജാഥയും 1999 ൽ ഡോ. വള്ളിക്കാവ് മോഹൻദാസ് നയിച്ച സാംസ്‌കാരിക യാത്രയും 2008 ൽ പി കെ ഗോപി നയിച്ച സാംസ്‌കാരിക ജാഥയും ചരിത്രത്തിൽ അടയാളപ്പെടുത്തിയതാണ്. കഥ, കവിത, നാടകം, നോവൽ, നിരൂപണം, ചരിത്രം, വിവർത്തനം, പത്രപ്രവർത്തനം, ചിത്രകല, നാടൻ കല, പരിസ്ഥിതി തുടങ്ങിയ ക്യാമ്പുകളിൽ നിന്ന് നിരവധി ശ്രദ്ധേയരായ പ്രതിഭകളെ മലയാളത്തിന്റെ അഭിമാനങ്ങളാക്കാൻ യുവകാലാസാഹിതിക്ക് കഴിഞ്ഞിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/mobile/palakkad/news/08feb2021-1.5420226[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യുവകലാസാഹിതി&oldid=4083603" എന്ന താളിൽനിന്ന് ശേഖരിച്ചത്