യുയോമയ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുസ്തൂസ് യോസഫ് എന്ന ക്രൈസ്തവ മിഷണറിയുടെ പഠിപ്പിക്കലുകളിലൂടെ ഉടലെടുത്ത ഒരു കേരളാക്രൈസ്തവ സഭാവിഭാഗം ആണു യുയോമയ സഭ. തന്റെ പ്രവചനങ്ങൾ നിവർത്തിയാവാഞ്ഞതിനു ശേഷം, പ്രവചനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി ക്രിസ്തുമതത്തിന്റേയും ഹിന്ദുമതത്തിന്റേയും ചില അം‌ശങ്ങൾ കൂട്ടിക്കലർത്തി യുസ്തൂസ് യോസഫ് രൂപവത്കരിച്ചതാണ്‌ യുയോമയ സഭ.

സി.എം.ഐ സഭയിൽ നിന്നു പുറത്തക്കപ്പെട്ടതിനു ശേഷം 1875-ൽ യുസ്തൂസ് യോസഫും അനുയായികളും കൂടെ സ്ഥാപിച്ച കന്നീറ്റി ഉണർവ്വു സഭ, അഞ്ചരക്കാർ, അഞ്ചരവേദക്കാർ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നതും, 1875 തൊട്ട് 1881 ഒക്‌ടോബർ വരെ തെക്കൻ കേരളത്തിലെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ, ക്രൈസ്തവസമൂഹത്തെയാകെ ഇളക്കി മറിച്ച സഭയുടെ ബാക്കിപത്രമാണു യുയോമയ സഭ.

1881 ഒക്ടോബറിൽ പിറവിയെടുത്ത യുയോമയ സഭക്ക്, നിത്യ സുവിശേഷ സഭ, ക്രിസ്തുമാർഗ്ഗത്തിന്റെ നിവർത്തിയായ യുയോമയം എന്നിങ്ങനെയുള്ള വിശേഷനാമങ്ങളും ഇവർ ഉപയോഗിക്കുന്നു. യുയോമയാബ്ദം എന്ന നവീനയുഗവും, യുയോമയ ഭാഷ എന്ന പേരിൽ പുതിയൊരു ഭാഷയും തുടങ്ങി. യുയോമയം ഒരു സർവ ജാതി മതൈക്യപ്രതീകമാണെന്നു വെളിപ്പെടുത്തിയ യുസ്തൂസ് യോസഫ്, തന്റെ ക്രൈസ്തവ നാമത്തിലേക്ക് തന്റെ പൂർവ്വ ഹൈന്ദവ നാമമായ രാമയ്യൻ, മൂസ്ലീം നാമമായ് അലി, പാശ്ചാത്യ നാമമായ വിൽസൻ എന്നീ പേരും ചേർത്തു. ഇവയുടെയെല്ലാം ആദ്യാക്ഷരങ്ങൾ ഉൾപ്പെടുന്ന യുയോരാലിസൺ എന്ന പുതിയൊരു സ്ഥാനപ്പേരും സ്വീകരിച്ചു [1].

വീടുകളിലും, പൊതുപ്രാർത്ഥന സമയത്തും, അപ്പവും വെള്ളവും വച്ച് പ്രാർത്ഥിച്ച്, പുതിയ രീതിയിൽ കർത്താവിന്റെ അത്താഴത്തിന്റെ സ്മരണ ദിവസേനേ ആചരിച്ചു പോരുന്ന ആ സഭയിൽ ഇപ്പോൾ 150-ൽ താഴെ കുടുംബങ്ങളാണു അവശേഷിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. റവ: റ്റി. കെ., ജോർജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാർ (രണ്ടാം ഭാഗം) (ഭാഷ: മലയാളം) (ഒന്നാം പതിപ്പ് എഡി.). തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി. p. 15. 

സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുയോമയ_സഭ&oldid=2222389" എന്ന താളിൽനിന്നു ശേഖരിച്ചത്