യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
ചുരുക്കപ്പേര്യു.എൻ.എ.
ആപ്തവാക്യംTogether We Are Strong
രൂപീകരണം16/11/2011
ആസ്ഥാനംകേരളം, ഇന്ത്യ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
അംഗത്വം
379000 നഴ്സുമാർ[അവലംബം ആവശ്യമാണ്]
പ്രസിഡന്റ്
ജാസ്മിൻഷാ
പ്രധാന വ്യക്തികൾ
വത്സൻ രാമംകുളത്ത്, കെ.ഐ.ഷെബീർ -രക്ഷാധികാരികൾ

സുധീപ് എം.വി -ദേശീയ ജനറൽ സെക്രട്ടറി,

സുജനപാൽ അച്യുതൻ -കേരള ജനറൽ സെക്രട്ടറി,

ജിതിൻ ലോഹി, എൻ.എം നൗഫൽ- ഇന്റർനാഷ്ണൽ കോഓർഡിനേറ്റർമാർ
ബന്ധങ്ങൾ<UNSA, UNTA,UHSA>
വെബ്സൈറ്റ്http://www.unaworld.org

ഇന്ത്യയിലെ നഴ്സുമാരുടെ ഒരു സംഘടനയാണ് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ എന്ന യു.എൻ.എ. നിലവിൽ കേരളത്തിൽ ജോലിയിൽ ഉള്ളവരും സർവീസിൽ നിന്ന് വിരമിച്ചവരുമായ അഞ്ചര ലക്ഷത്തോളം നഴ്സുമാർ യുഎൻഎയിൽ അംഗത്വമുള്ളവരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്റ്റേഡ് നഴ്സുമാരുള്ളതും കേരളത്തിലാണ്.[1] ഇതിനുപുറമെ, വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി മൂന്നര ലക്ഷത്തോളം നഴ്സുമാർ യുഎൻഎ അംഗങ്ങളാണ്. ഏഴാം വർഷത്തിലേക്ക് പ്രവേശിക്കും മുമ്പേ ഏറ്റവും ഉയർന്ന ശമ്പളമായ 8000 രൂപയിൽ നിന്ന് സർക്കാർ വിജ്ഞാപനപ്രകാരം 20,000 രൂപയിലേക്ക് നഴ്സുമാരുടെ പ്രതിമാസ വേതനമെത്തിക്കാൻ കഴിഞ്ഞത് യുഎൻഎ നടത്തിയ സമരങ്ങളുടെ ഫലമാണ്. ഗൾഫിൽ ജോലി ചെയ്തിരുന്ന നഴ്‌സായ ജാസ്മിൻ ഷാ ആയിരുന്നു അസോസിയേഷനിലെ പ്രധാനി.[1] സംസ്ഥാന ഘടകങ്ങളെ ഉൾപ്പെടുത്തി ജാസ്മിൻഷ പ്രസിഡൻ്റും സുധീപ് എം.വി ജനറൽ സെക്രട്ടറിയുമായി ദേശീയ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.

നഴ്സിംഗ് മേഖലയിലെ അധ്യാപകരുടേതായി യുണൈറ്റഡ് നഴ്സസ് ഫാക്കൽറ്റി അസോസിയേഷനും (യുഎൻഎഫ്എ), വിദ്യാർത്ഥികളുടേതായി യുണൈറ്റഡ് നഴ്സസ് സ്റ്റുഡൻസ് അസോസിയേഷനും (യുഎൻഎസ്എ), നഴ്സിംഗ് ഇതര ജീവനക്കാരുടേതായി യുണൈറ്റഡ് ഹോസ്പിറ്റൽ സ്റ്റാഫ് അസോസിയേഷനും (യുഎച്ച്എസ്എ) എന്നീ സംഘടനകൾ രജിസ്റ്റർ ചെയ്ത് യുഎൻഎയുടെ പോഷക സംഘടനകളായും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളജുകളിലെയും നഴ്സിംഗ് സ്കൂളുകളിലെയും മഹാഭൂരിപക്ഷവും അധ്യാപകരും വിദ്യാർത്ഥികളും യുഎൻഎയുടെ പോഷക സംഘടനകൾക്ക് കീഴിലാണ്. 2273 ഫാക്കൽറ്റീസാണ് യുഎൻഎഫ്എയുടെ അംഗബലം. 18,862 നഴ്സിംഗ് വിദ്യാർത്ഥികൾ ഉള്ള യുഎൻഎസ്എയുടെ യൂണിറ്റുകൾ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ നഴ്സിംഗ് ഇതര ജീവനക്കാരിൽ 37 ശതമാനവും യുഎച്ച്എസ്എയിൽ അംഗങ്ങളാണ്. ഒന്നേ മുക്കാൽ ലക്ഷത്തോളമാണ് അംഗങ്ങളുള്ളത്.

കേരളത്തിലെ മുഴുവൻ ജില്ലകളിലും ജില്ലാ കമ്മിറ്റികളുണ്ട്; ഇവയ്ക്ക് കീഴിൽ 457 ഓളം സ്വകാര്യ ആശുപത്രികളിലെ യൂണിറ്റുകളും ഉൾപ്പെടുന്നു. കേരളത്തിന് പുറത്ത്, ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹിമാചൽ പ്രദേശ്, കാശ്മീർ, ഗോവ, പശ്ചിമബംഗാൾ, ബീഹാർ, മണിപ്പൂർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘടനാ മികച്ച പ്രവർത്തനമുണ്ട്. ഇവിടങ്ങളിലെല്ലാം ചേർത്ത് 400 ഓളം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഡൽഹിയിൽ മാത്രം യുഎൻഎയുടെ കീഴിൽ 12,623 ഓളം നഴ്സുമാർ അംഗങ്ങളായുണ്ട്. ഡൽഹി എൻസിആറിലെ 137 ഓളം ആശുപത്രി യൂണിറ്റുകളിൽ തന്നെ ആറായിരത്തോളം സ്ഥിരാംഗങ്ങളാണുള്ളത്. മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ 11,020 അംഗങ്ങളാണ് യുഎൻഎയ്ക്കുള്ളത്. മുംബൈ, പൂണൈ മേഖലകളിൽ മാത്രം 48 യൂണിറ്റുകളാണ് യുഎൻഎയ്ക്കുള്ളത്. കർണാടകത്തിൽ 7,813 നഴ്സുമാർ യുഎൻഎയുടെ കീഴിലുണ്ട്.

ഖത്തർ, യുഎഇ, സൗദ്യഅറേബ്യ, കാനഡ, ന്യൂസിലാൻ്റ്, ലിബിയ, സ്വിസർലാൻ്റ്, മലേഷ്യ, ബഹറിൻ, അമേരിക്ക, ഒമാൻ, മാൾട്ട, ഓസ്ട്രേലിയ, സൗത്ത്ആഫ്രിക്ക എന്നീ രാജ്യങ്ങളിലും യുഎൻഎയ്ക്ക് കോ ഓർഡിനേഷൻ കമ്മിറ്റികളും അഫിലിയേറ്റഡ് അസോസിയേഷനുകളുമുണ്ട്. ഖത്തർ-യുഎൻഐക്യു (യുണിക്), സൗദിഅറേബ്യൻ- സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (സിന) എന്നിവയ്ക്കെല്ലാം ഇന്ത്യൻ എംബസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സംഘടനയുടെ നയപരിപാടികളും തീരുമാനങ്ങളും പ്രചരിപ്പിക്കുന്നതിനും പൊതുജനാരോഗ്യ സംബന്ധിയായ അവബോധം വളർത്തുന്നതിനും "യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കെയർ" മാഗസിൻ എന്ന പ്രസിദ്ധീകരണവും യുഎൻഎയ്ക്കുണ്ട്.

ചരിത്രം[തിരുത്തുക]

നഴ്സിംഗ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോണുകളിൽ മേൽ ജപ്തി ഭീഷണി വ്യാപകമായ ഘട്ടത്തിൽ കേരളത്തിലെ തൃശൂരിലാണ് നഴ്സുമാർ ആദ്യമായി സംഘടിക്കുന്നത്. മുംബൈയിൽ ബീന ബേബി എന്ന മലയാളി നഴ്സ് ബോണ്ട് സിസ്റ്റത്തിലെ നയം മൂലം ആത്മഹത്യ ചെയ്യപ്പെട്ടതോടെ[2] നഴ്സുമാരുടെ പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിലെത്തിക്കാൻ തൃശൂരിലെ നഴ്സുമാരുടെ കൂട്ടായ്മ തീരുമാനമെടുത്തു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ രൂപീകരണവും ഈ സംഭവത്തെ തുടർന്നാണുണ്ടായത്. [1] ഏഴ് പേരിൽ നിന്ന് ഒരു സംഘടന എന്ന ചിന്ത ഉരുത്തിരിയുകയും 2011 നവംബർ 16 ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) രൂപീകരിക്കുകയും ചെയ്തു. കേരള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ -യുഎൻഎ എന്ന പേരിൽ സഹകരണ നിയമപ്രകാരവും പിന്നീട് ട്രേഡ് യൂണിയനായും സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു.

പ്രവർത്തനങ്ങൾ[തിരുത്തുക]

നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെടൽ കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടന സജീവമാണ്. അസുഖ ബാധിതരായും മറ്റും ജോലിയിൽ തുടരാനാവാതെ കഴിയുന്നവർക്ക് സഹായം നൽകുന്നു. കേരളത്തിലെ പ്രളയ-പ്രളയാനന്തര പ്രവർത്തനങ്ങളിലും യുഎൻഎ പങ്കെടുത്തിരുന്നു.[3] അതേപോലെ വയനാട്ടിലെ 37 ആദിവാസി ഗ്രൂപ്പുകളിൽ യുഎൻഎ മെഡിക്കൽ ക്യാമ്പും ദുരിതാശ്വാസ കിറ്റുവിതരണവും നടത്തിയിരുന്നു. രണ്ടാംഘട്ടമായി കൽപ്പറ്റയിലെ പുളിയാർമല മേഖലയിലെ പട്ടികജാതി കോളനികളിൽ പട്ടികജാതി വകുപ്പിൻ്റെ സഹായത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

2017-ലെ സമരം[തിരുത്തുക]

2016-ൽ തുല്യവേതനമെന്ന സുപ്രീം കോടതി വിധിയും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകാനുള്ള വിവിധ കമ്മിറ്റി റിപ്പോർട്ടുകളും നടപ്പിലാക്കാത്തതിലാണ് പ്രതിഷേധിച്ച് 2017 ജൂണിൽ സംഘടന സംസ്ഥാനത്ത് സമരം ആരംഭിച്ചു.[4] തുടർന്ന് ജൂലൈയിൽ മുഖ്യമന്ത്രിയുമായി ആശുപത്രി ഉടമകൾ നടത്തിയ ചർച്ചയിൽ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിജപ്പെടുത്തി തുടർ നടപടികൾക്ക് കൈമാറിയതിനാൽ സമരം അവസാനിപ്പിച്ചു.

ആറ് മാസത്തെ കാലാവധിയാണ് നടപടികൾക്കായി സർക്കാർ പ്രഖ്യാപിച്ചത്. ഏഴ് മാസം പിന്നിട്ടിട്ടും നടപടികൾ വൈകിയതോടെ വീണ്ടും നഴ്‌സുമാർ സമരരംഗത്തിറങ്ങി. ബഹു.കേരള ഹൈക്കോടതി ഇടപെട്ട് യുഎൻഎ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് താൽക്കാലികമായി തടയുകയും വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നേൽക്കുകയും ചെയ്തു. ഇതിനിടയിൽ സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയും 2018 മാർച്ച് 31നകം മിനിമം വേജസ് പ്രഖ്യാപിക്കുമെന്ന് ഉറപ്പുമുണ്ടായി. ഹൈക്കോടതി ഒത്തുതീർപ്പിനിടെ തന്നെ കേസിലെ കക്ഷി മാർച്ച് 31നകം അടിസ്ഥാന ശമ്പളത്തിന്റെ അന്തിമ വിജ്ഞാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ വീണ്ടും ഈ മേഖലയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്.

നഴ്സിങ് കൌൺസിൽ ഭരണം[തിരുത്തുക]

പതിറ്റാണ്ടുകളായി നഴ്സിങ് കൌൺസിൽ ഭരിച്ചിരുന്നത് ഇടതുപക്ഷ യൂണിയനുകളായിരുന്നു. 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ പൊതുവിഭാഗത്തിലെ ആറ് സീറ്റിലും യുഎൻഎ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.[5] കെ.എൻ.സി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാണ്. നിലവിൽ കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ തന്നെ പത്ത് വർഷത്തോളമായി സിപിഎം അനുകൂല സംഘടന കൗൺസിലിൽ ഭരണം നടത്തുകയായിരുന്നു.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "International Nurses Day നഴ്സിങ്: ലോക മാതൃകയായ മലയാളി ബ്രാൻഡ്– News18 Malayalam". Retrieved 5 ഡിസംബർ 2020.
  2. "250 nurses go on strike over bond, harassment". mid-day (in ഇംഗ്ലീഷ്). 2011-10-20. Retrieved 2019-09-17.
  3. "സഹായവുമായി നഴ്‌സുമാരും; ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം നൽകും". Retrieved 5 ഡിസംബർ 2020.
  4. "ജാസ്മിൻ ഷാ: കാവൽമാലാഖ മുതൽ ലുക്കൗട്ട് നോട്ടീസ് വരെ". Archived from the original on 2020-11-28. Retrieved 5 ഡിസംബർ 2020.
  5. "കേരള നഴ്‌സിങ് കൗൺസിലിലെ പതിറ്റാണ്ടുകൾ നീണ്ട കുത്തകയ്ക്ക് അവസാനം; യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഭരണം!". Retrieved 5 ഡിസംബർ 2020.
  6. "ഇടത് യൂണിയൻ ഭരണത്തിന് അന്ത്യം; നഴ്‌സിംഗ് കൗൺസിൽ പിടിച്ചെടുത്ത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ". Retrieved 5 ഡിസംബർ 2020.

പുറംകണ്ണികൾ[തിരുത്തുക]