യാനൈക്കാഴ്ചൈമാന്തരഞ്ചേരൽ ഇരുമ്പൊറൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചേരനാടിന്റെ അവസാനത്തെ പ്രതാപശാലിയായ രാജാവ്. പതിറ്റുപ്പത്തിലെ നഷ്ടപ്പെട്ട പത്താം ദശകത്തിൽ പരാമൃഷ്ടനായിട്ടുള്ളത് ഈ രാജാവായിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. ഇദ്ദേഹം ആനയെപ്പോലെ ഇരുന്നതുകൊണ്ടായിരിക്കണം ആ പേരു സിദ്ധിച്ചതെന്ന് ഒരു വാദമുണ്ട്. ഇളഞ്ചേരലും ഈ രാജാവും തമ്മിലുള്ള ബന്ധംപോലും വ്യക്തമല്ല. മാന്തൈ നഗരം തിരികെ പിടിച്ചതുകൊണ്ടാവണം ഇദ്ദേഹത്തിനു മാന്തരം എന്ന പേരു കിട്ടിയത്. ഒരു യോദ്ധാവായിരുന്ന ഇദ്ദേഹം വിളങ്ങിൽ യുദ്ധത്തിൽ ചോള രാജാവിനെയും മറ്റൊരു യുദ്ധത്തിൽ പെരുനാർ കിളളിയെയും തോല്പിച്ചതായി പറയപ്പെടുന്നു. വ. മലബാറിലെ തൊണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം; കൊല്ലിമലയും (സേലംജില്ല) ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഐങ്കുറുനൂറ് എന്ന കാവ്യം കൂടല്ലൂർ കിഴാർ സമാഹരിച്ചത് ഈ രാജാവിന്റെ ആജ്ഞ്രപ്രകാരമാണ്. ഇദ്ദേഹത്തെ പാണ്ഡ്യരാജാവായ നെടുഞ്ചേഴിയൻ തലൈയാലങ്കാനം യുദ്ധത്തിൽ തോല്പിച്ചു തടവുകാരനാക്കി. തടവുചാടി രക്ഷപ്പെട്ട ഇദ്ദേഹം വീണ്ടും ചേരരാജാവായി. അവസാനത്തെ മഹാനായ ചേരരാജാവെന്നു പ്രസിദ്ധനായ ഇദ്ദേഹത്തിനുശേഷം ദുർബലരായ ചിലരാണ് രാജ്യം ഭരിച്ചത്.

കോക്കോതൈമാർവൻ, കുട്ടുവൻകോത, ഇളംകുട്ടുവൻ, ചേരമാൻ ചാത്തൻ, കുട്ടുവൻ കണ്ണൻ, നമ്പികുട്ടുവൻ ചേരമാൻ എന്തൈ തുടങ്ങി ചില അപ്രധാന രാജാക്കൻമാരും ഈ പരമ്പരയിൽപ്പെടും. തമിഴിലുള്ള നാവലർചരിതൈയിൽ ചേരൻമാർ കളഭ്രർക്ക് കീഴ്പ്പെട്ടതായി പ്രസ്താവമുണ്ട്. കടമ്പർ തുളുനാടും കീഴടക്കി, കൊങ്ങുനാട് സ്വതന്ത്രവുമായി. അതോടെ ചേരശക്തി അസ്തമിച്ചു. സംഘകാലഘട്ടത്തിൽ ഉതിയൻചേരലിന്റെ ശാഖ 201 കൊല്ലം ഭരിച്ചതായും ഇരുമ്പൊറൈ ശാഖ 58 കൊല്ലം ഭരിച്ചതായും കണക്കാക്കപ്പെടുന്നു.