Jump to content

മൽഹാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൽഹാർ ഭാരതീയ ശാസ്ത്രീയ സംഗീതത്തിലെ പഴക്കമുള്ള രാഗമാണ്.[1] ശക്തമായ മഴയുടെ അന്തരീക്ഷവുമായി ബന്ധപ്പെട്ട രാഗമാണിത്.[2] അടിസ്ഥാന രാഗമായ ശുദ്ധ മൽഹാർ കൂടാതെ മൽഹാറിന് ഒട്ടേറെ വകഭേദങ്ങളുണ്ട്. ഇവയെല്ലാം മൽഹാറിന്റെ സവിശേഷമായ സൂചനാ പദസമുച്ചയമായ (signature phrase) m (m)R (m)R P ഉപയോഗിക്കുന്നു. മിയാൻ മൽഹാർ, രാംദാസി മൽഹാർ, ഗൗഡ് മൽഹാർ, സുർ മൽഹാർ, ദേസ് മൽഹാർ, നാട് മൽഹാർ, ധൂലിയാ മൽഹാർ, മീരാ കീ മൽഹാർ എന്നിവ ഇതിൽ പെടുന്നു.

പുരാവൃത്തം

[തിരുത്തുക]

പാടുമ്പോൾ മഴപെയ്യിക്കാൻ ശക്തിയുള്ളതാണ് മൽഹാർ രാഗമെന്നാണ് ഐതിഹ്യം.

മൽഹാർ രാഗത്തെക്കുറിച്ച് ഒട്ടേറെ ലിഖിത രേഖകൾ ഉണ്ട്. താൻസെൻ, ബൈജു ബാവ്ര, ബാബാ രാംദാസ്, നായക് ചാർജു, മിയാൻ ബക്ഷു, തൻ തരംഗ്, താൻ രസ് ഖാൻ, ബിലാസ് ഖാൻ(താൻസെന്റെ ചെറുമകൻ), ഹാമ്മെർ സെൻ, സൂരത് സെൻ, മീരാബായി എന്നിവരാണ് മൽഹാർ രാഗം പാടി മഴപെയ്യിക്കാൻ കഴിയുന്ന ഗായകരായി അറിയപ്പെടുന്നത്.[3]

ഒരു കഥയിൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ കൊട്ടാരം ഗായകനായിരുന്ന താൻസെനോട് ദീപക് രാഗം ആലപിക്കാൻ ആവശ്യപ്പെട്ടു. ദീപക് രാഗം ആലപിച്ചപ്പോൾ രാജസഭയിലെ വിളക്കുകൾ സ്വയം ജ്വലിക്കുകയും താൻസെന്റെ ശരീരം ചുട്ടുപൊള്ളുകയും ചെയ്തു. സ്വയം തണുപ്പിക്കാൻ നദിക്കരയിൽ പോകേണ്ടിവന്നു താൻസെന്. എന്നാൽ നദിയിലെ വെള്ളം താൻസെന്റെ ശരീരത്തിന്റെ ചൂടുകൊണ്ട് തിളയ്ക്കാൻ തുടങ്ങി. മരണത്തിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം മൽഹാർ രാഗം പാടി തന്നെ ശമിപ്പിക്കാനാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു പുറപ്പെട്ടു. അങ്ങനെ ഗുജറാത്തിലെ വട്നഗറിലെ സഹോദരിമാരായ താന, രിരി എന്നിവരെ കണ്ടെത്തി അവരോട് സഹായം അഭ്യർത്ഥിച്ചു. അവർ രാഗം ആലപിച്ചപ്പോൾ കനത്ത മഴ പെയ്യുകയും താൻസെന്റെ ശരീരം ക്ഷണത്തിൽ തണുക്കുകയും ചെയ്തു.[4]

വകഭേദങ്ങൾ

[തിരുത്തുക]

മൽഹാർ രാഗത്തിന് ഒട്ടേറെ വകഭേദങ്ങൾ അവ രൂപം കൊണ്ട കാലഘട്ടത്തിനനുസരിച്ചാണ് വർഗീകരിച്ചിട്ടുള്ളത്. പ്രാചീനം(15ആം നൂറ്റാണ്ടിനു മുൻപ്), മധ്യകാലീനം(15-18 നൂറ്റാണ്ട്) അർവാചീനം(19ആം നൂറ്റാണ്ടും അതിനു ശേഷവും) എന്നിങ്ങനെ. ശുദ്ധ മൽഹാർ, മേഘ മൽഹാർ ഗൗഡ് മൽഹാർ എന്നിവ ആദ്യ കാലഘട്ടത്തിലേതാണ്.

ജനപ്രിയ സംസ്കാരത്തിൽ

[തിരുത്തുക]
  • ആനന്ദമഠം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ നോവലിൽ യോഗികളുടെ സംഗീത സംഘം മൽഹാർ രാഗത്തിൽ വന്ദേ മാതരം പാടുന്നതായി പരാമർശമുണ്ട്.[5]
  • ജൽസാഘർ എന്ന സത്യജിത് റേ സിനിമയിൽ പ്രകൃതി ശക്തികളെയും നായകന്റെ ആന്തരിക വൈരുദ്ധ്യങ്ങളേയും ബന്ധിപ്പിക്കാൻ മൽഹാർ രാഗം ഉപയോഗിച്ചിരിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. Bhavan's Journal v.26:14-26 (1980). Page 27.
  2. Manorma Sharma (2007). Music Aesthetics. APH Publishing. p. 113. ISBN 978-81-313-0032-9.
  3. Bannerjee, Dr. Geeta (2000). Raag Malhar Darshan. SAWF.
  4. Chaitanya Deva (1995). Indian Music. Taylor & Francis. p. 18. ISBN 978-81-224-0730-3.
  5. Raga Archived 2012-11-14 at the Wayback Machine.. Centre of South Asian Studies, School of Oriental and African Studies, University of London.
"https://ml.wikipedia.org/w/index.php?title=മൽഹാർ&oldid=3176846" എന്ന താളിൽനിന്ന് ശേഖരിച്ചത്