മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോൺ
ബ്രിട്ടീഷ് ഇന്ത്യ സർക്കാരിലെ, സ്കോട്ട്‌ലന്റുകാരനായ ഒരു ഭരണകർത്താവും നയതന്ത്രജ്ഞനും ചരിത്രകാരനുമാണ് മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോൺ (ഇംഗ്ലീഷ്: Mountstuart Elphinstone, 1779 ഒക്ടോബർ 6 – 1859 നവംബർ 20). ഇദ്ദേഹം ബോംബേയുടെ ഗവർണർ ആയിരുന്ന കാലത്ത്, ഇന്ത്യക്കാർക്ക് പ്രവേശനസ്വാതന്ത്ര്യമുള്ള നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ അവിടെ തുറക്കുന്നതിൽ മുൻകൈയ്യെടുത്തു. പ്രസിദ്ധനായ ഒരു ഭരണകർത്താവ് എന്നതിനു പുറമേ ഇന്ത്യയെക്കുറിച്ചും അഫ്ഗാനിസ്താനെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ ചരിത്രത്തേയും അവിടത്തെ ജനസമൂഹത്തേയും കുറിച്ചുള്ള ആദ്യത്തെ പാശ്ചാത്യഗ്രന്ഥമായ ആൻ അക്കൗണ്ട് ഓഫ് ദ് കിങ്ഡം ഓഫ് കാബൂൾ (An account of the Kingdom of Caubul) എന്ന ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.[1]
അഫ്ഗാനിസ്താൻ സന്ദർശനം
[തിരുത്തുക]ബ്രിട്ടീഷ് ഇന്ത്യ സർക്കാർ, കാബൂളിലെ ദുറാനി സാമ്രാജ്യവുമായി ബന്ധം സ്ഥാപിക്കാൻ അയച്ച ആദ്യത്തെ നയതന്ത്രസംഘത്തിന്റെ തലവനായിരുന്നു എൽഫിൻസ്റ്റോൺ. 300 സൈനികരുമടങ്ങുന്ന എൽഫിൻസ്റ്റോണിന്റെ സംഘം, ഇന്ത്യയിലെ ബ്രീട്ടീഷ് ഗവർണർ ജനറലായിരുന്ന മിന്റോ പ്രഭുവിന്റെ ഉത്തരവ് പ്രകാരം 1808 ഒക്ടോബറിലാണ് ദില്ലിയിൽ നിന്നും യാത്ര പുറപ്പെട്ടത്. 1809 ജൂൺ മാസം പെഷവാറിൽ വച്ചാണ് ദുറാനി ചക്രവർത്തിയായ ഷാ ഷൂജയെ എൽഫിൻസ്റ്റോണും സംഘവും സന്ദർശിച്ചത്.
പെഷവാറിൽ വച്ച് ഷാ ഷുജയും എൽഫിൻസ്റ്റോണും ഒരു സൌഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ഫ്രഞ്ചുകാരോ, ഇറാനികളോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആക്രമണം നടത്തിയാൽ അഫ്ഗാനികൾ ബ്രിട്ടീഷുകാരോടൊപ്പം അവർക്കെതിരെ പൊരാടും എന്നായിരുന്ന ഈ കരാറിലെ വ്യവസ്ഥ. ഈ സന്ധി നടപ്പിൽ വന്നില്ലെങ്കിലും ആൻ അക്കൗണ്ട് ഓഫ് ദ് കിങ്ഡം ഓഫ് കാബൂൾ എന്ന പ്രശസ്തഗ്രന്ഥത്തിന്റെ രചനക്ക് ഈ സന്ദർശനം പ്രയോജനപ്പെട്ടു. 1815-ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും അമൂല്യമായ ഒന്നായി വിലയിരുത്തപ്പെടുന്നു.[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 240. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)