Jump to content

മോക്ഷത്ത് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോക്ഷത്ത് മഹാദേവക്ഷേത്രം
മോക്ഷത്ത് മഹാദേവക്ഷേത്രം is located in Kerala
മോക്ഷത്ത് മഹാദേവക്ഷേത്രം
മോക്ഷത്ത് മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°54′3″N 76°29′24″E / 10.90083°N 76.49000°E / 10.90083; 76.49000
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
പ്രദേശം:പുലാപ്പറ്റ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ (രണ്ട് രൂപങ്ങളിൽ - കിരാതമൂർത്തിയായും പാർവ്വതീസമേതനായും), നാഗദൈവങ്ങൾ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി, ആയില്യപൂജ
ക്ഷേത്രങ്ങൾ:2
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
അജ്ഞാതം
ക്ഷേത്രഭരണസമിതി:സ്വകാര്യ ക്ഷേത്രക്കമ്മിറ്റി

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ പുലാപ്പറ്റ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖക്ഷേത്രമാണ് ശ്രീ മോക്ഷത്ത് മഹാദേവക്ഷേത്രം.[1] കിരാതമൂർത്തിയായും പാർവ്വതീസമേതനായും രണ്ടുഭാവങ്ങളിൽ കുടികൊള്ളുന്ന ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തിൽ നാഗദൈവങ്ങളും സമീപമുണ്ട്. ഗണപതി, പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവ്, സുബ്രഹ്മണ്യൻ, വേട്ടേയ്ക്കരൻ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ധാരാളം മരങ്ങൾ നിറഞ്ഞ, ഹരിതസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ഇവയിലെ ഓരോ മരത്തിലും നിരവധി വവ്വാലുകൾ തലകീഴായി കിടക്കുന്നത് കാണാം. ദുർമരണത്തിനിരയായി മോക്ഷം കിട്ടാൻ തപസ്സനുഷ്ഠിയ്ക്കുന്ന ആത്മാക്കളാണ് ഇവയെന്നാണ് പൊതുവിശ്വാസം. 'മോക്ഷത്ത്' എന്ന പേരുതന്നെ ഈ വിശ്വാസവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷചതുർദ്ദശിനാളിൽ വരുന്ന മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ശിവരാത്രിയോടനുബന്ധിച്ച് ഏഴുദിവസം ക്ഷേത്രത്തിൽ മത്തവിലാസം കൂത്തുണ്ടാകാറുണ്ട്. നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള ക്ഷേത്രമായതിനാൽ കന്നിമാസത്തിലെ ആയില്യപൂജയും അതിവിശേഷമാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം

[തിരുത്തുക]

ഏകദേശം മൂവായിരം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് പുലാപ്പറ്റ മോക്ഷത്ത് മഹാദേവക്ഷേത്രം. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം നിരവധി മഹർഷിമാരുടെ തപഃസ്ഥാനമായിരുന്നു. അവർ ഈ സ്ഥലത്തുവച്ച് ഒരുപാട് യാഗങ്ങൾ നടത്തിവന്നു. അത്തരത്തിലൊരു യാഗത്തിൽ ഉദ്ഭവിച്ചതാണ് ഇന്ന് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകളായ ശിവപാർവ്വതിമാരുടെയും കിരാതമൂർത്തിയുടെയും, ഉപദേവതകളായ ഗണപതിയും പൂർണ്ണാ-പുഷ്കലാസമേതനായ ധർമ്മശാസ്താവിന്റെയും പ്രതിഷ്ഠകൾ ഉദ്ഭവിച്ചത്. പിന്നീട് ഇവർക്കെല്ലാം ക്ഷേത്രങ്ങൾ പണിയുകയും ആരാധന തുടങ്ങുകയുമുണ്ടായി. അന്നുമുതലേ ഇവിടെ വവ്വാലുകളെയും കാണാൻ സാധിച്ചുതുടങ്ങിയിരുന്നു. ക്ഷേത്രത്തിൽ വരുന്ന ഭക്തരുടെ പ്രധാന ആകർഷണമായി വവ്വാലുകൾ മാറുകയുണ്ടായി. ദുർമരണപ്പെട്ട ആത്മാക്കളാണ് ഇവിടെ വവ്വാലുകളായി ഓരോ മരത്തിലും തലകീഴായി തൂങ്ങിക്കിടക്കുന്നതെന്ന വിശ്വാസം ഭക്തർക്കിടയിൽ രൂപപ്പെട്ടതോടെ ക്ഷേത്രം മോക്ഷത്തമ്പലം എന്നറിയപ്പെടാൻ തുടങ്ങി.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]
മോക്ഷത്തമ്പലത്തിലെ മരങ്ങളും വവ്വാലുകളും

പുലാപ്പറ്റ ഗ്രാമത്തിന്റെ ഒത്തനടുക്ക്, കോങ്ങാട്-മണ്ണാർക്കാട് റോഡിന്റെ ഒരുവശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ നേരെ മുന്നിൽ തന്നെ ബസ് സ്റ്റോപ്പുണ്ട്. ഇവിടെയിറങ്ങി അല്പദൂരം മുന്നോട്ട് നടന്നാൽ ക്ഷേത്രമതിലകത്തെത്താം. വഴിയുടെ ഇരുവശത്തുമായി ധാരാളം മരങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും. അവയിലെല്ലാം നിരവധി വവ്വാലുകൾ തൂങ്ങിക്കിടക്കുന്നത് കാണാം. ക്ഷേത്രമതിലകത്തെത്തുന്നതിന് തൊട്ടുമുമ്പ് തെക്കുവശത്തായി ഒരു നാഗപ്രതിഷ്ഠയുണ്ട്. അതിവിശേഷമായ പരിവാരസമേത നാഗപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. നാഗരാജാവ്, നാഗയക്ഷി, നാഗചാമുണ്ഡി, ചിത്രകൂടം, അഞ്ജനമണിനാഗം, കരിനാഗം തുടങ്ങി നിരവധി നാഗപ്രതിഷ്ഠകൾ ഇവിടെ ഒരുമിച്ച് കാണാൻ സാധിയ്ക്കും. ശിവക്ഷേത്രമായതിനാൽ ഇവിടെ വാസുകിയെയാണ് നാഗരാജാവായി ആരാധിയ്ക്കുന്നത്. തേക്കുമരത്തിന്റെ ചുവട്ടിലാണ് ഈ നാഗപ്രതിഷ്ഠ. അത്യപൂർവ്വമായ നാഗത്തേക്കാണ് ഇതെന്ന് പറയപ്പെടുന്നു. ഇതിന് പുറകിലായി മറിഞ്ഞുവീണുകിടക്കുന്ന മറ്റൊരു മരവും കാണാം. 2020 ഫെബ്രുവരി 17-നാണ് കടുത്ത കാറ്റിൽപ്പെട്ട് ഈ മരം കടപുഴകിവീണത്. എന്നാൽ, ക്ഷേത്രവും നാഗക്കാവും അത്യദ്ഭുതകരമായി രക്ഷപ്പെട്ടു. ചെർപ്പുളശ്ശേരിയിലുള്ള പ്രസിദ്ധമായ പാതിരിക്കുന്നത്ത് മനയ്ക്കാണ് മോക്ഷത്തെ നാഗത്തറയിൽ തന്ത്രാധികാരം. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകൾ നടത്താറുണ്ട്. കന്നിമാസത്തിലെ ആയില്യത്തിന് വിശേഷാൽ സർപ്പബലിയും മറ്റുള്ള കലാപരിപാടികളും നടത്തിവരാറുണ്ട്. ഇവിടെ രണ്ട് നാഗമാണിക്യങ്ങളും നമുക്ക് കാണാൻ സാധിയ്ക്കും. ഇത് ഇവിടെയുള്ള സവിശേഷക്കാഴ്ചയാണ്. ഈ നാഗത്തറയ്ക്ക് സമീപം തന്നെ ഒരു നാഗപ്പൂമരവും കാണാം. ഇത് മറ്റൊരു സവിശേഷക്കാഴ്ചയാണ്. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുള്ളതിനാൽ ഇവിടെ രണ്ടിടത്തേയ്ക്കും പ്രവേശനകവാടങ്ങളുണ്ട്. കൊടികയറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിച്ചിട്ടില്ല. ഇവിടെ ബലിക്കൽപ്പുരയും പണിതിട്ടില്ല. പ്രധാന ബലിക്കല്ലുകൾ രണ്ടും തുറന്ന നിരപ്പിലാണ് സ്ഥിതിചെയ്യുന്നത്. രണ്ടും വളരെ ഉയരം കുറഞ്ഞ ബലിക്കല്ലുകളായതിനാൽ പുറത്തുനിന്ന് നോക്കിയാൽത്തന്നെ പ്രതിഷ്ഠകൾ കാണാൻ സാധിയ്ക്കും.

നാഗക്കാവിൽ നിന്ന് അല്പദൂരം കൂടി നടക്കുമ്പോൾ വേട്ടേയ്ക്കരന്റെ പ്രതിഷ്ഠയോടുകൂടിയ ഒരു ശ്രീകോവിൽ കാണാം. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന വേട്ടേയ്ക്കരന്റെ ശ്രീകോവിലിൽ ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് പ്രതിഷ്ഠ. ഇത് പിൽക്കാലത്ത് വന്ന പ്രതിഷ്ഠയാണ്. നാളികേരമേറാണ് വേട്ടേയ്ക്കരന്നുള്ള പ്രധാന വഴിപാട്. ഇത് ശത്രുനാശത്തിനാണ് നടത്തിവരുന്നത്.കൂടാതെ, കടുമ്പായസവും (ഇവിടെ കഠിനപായസം എന്നറിയപ്പെടുന്നു) ഇവിടെ പ്രധാനമാണ്. ഇവിടെത്തന്നെയാണ് നക്ഷത്രവനവും സ്ഥിതിചെയ്യുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ ഇവിടെ തഴച്ചുവളരുന്നത് കാണാം. എല്ലാദിവസവും ഇവയ്ക്ക് പൂജകൾ നടത്തിവരുന്നുണ്ട്. ഓരോ വൃക്ഷത്തിനും അതാത് നക്ഷത്രത്തിൽ ജനിച്ചയാൾ വെള്ളമൊഴിയ്ക്കുന്നതും ഇവിടത്തെ പ്രധാന ചടങ്ങാണ്. കൂടാതെ, അത്യപൂർവ്വമായ വഹ്നിമരവും 'കൃഷ്ണപേരാൽ' എന്ന മറ്റൊരു വൃക്ഷവും കൂടി ഇവിടെക്കാണാം. യാഗാദികാര്യങ്ങളിൽ ധാരാളം ഉപയോഗിയ്ക്കാറുള്ളതാണ് വഹ്നിമരത്തിന്റെ ഇലകൾ. യാഗഭൂമി എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ് ഇവിടെയുള്ള വഹ്നിമരത്തിന്റെ സാന്നിദ്ധ്യം. ശ്രീകൃഷ്ണഭഗവാന് ഗോപികമാർ കുട്ടിക്കാലത്ത് വെണ്ണ കൊടുത്തിരുന്നത് കൃഷ്ണപേരാലിന്റെ ഇലയിലാണെന്നും അതാണ് ഇത് ആ പേരിൽ അറിയപ്പെടുന്നതെന്നുമൊരു വിശ്വാസം ഇവിടെയുണ്ട്. വൈഷ്ണവപ്രതിഷ്ഠകളൊന്നും ഈ ക്ഷേത്രത്തിലില്ലാത്തതിനാൽ അതിന്റെ കുറവ് നികത്തും വിധത്തിലാണ് ഈ മരം ഇവിടെ നിൽക്കുന്നത്. ഇവിടെനിന്ന് അല്പദൂരം കൂടിച്ചെന്നാൽ അതിവിശാലമായ ക്ഷേത്രക്കുളം കാണാം. സമചതുരാകൃതിയിൽ തീർത്ത കുളത്തിന് നാലുഭാഗത്തും പടവുകൾ കെട്ടിയിട്ടുണ്ട്. ശാന്തിക്കാരും ഭക്തരും ഇവിടെ കുളിച്ചാണ് ക്ഷേത്രദർശനത്തിനെത്തുന്നത്. ഇവിടെ എണ്ണ, സോപ്പ് മുതലായവ തേച്ചുകുളിയ്ക്കുന്നതും തുണിയലക്കുന്നതും പല്ലുതേയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ കാണാം. മേൽക്കൂരയില്ലാത്ത ചെറിയൊരു തറയിലാണ് ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നത്. ഐതിഹ്യമനുസരിച്ച് വേദശാസ്ത്രാദികളിൽ പാണ്ഡിത്യം നേടിയവരും അപമൃത്യുവിനിരയായവരുമായ ബ്രാഹ്മണരെയാണ് 'ബ്രഹ്മരക്ഷസ്സ്' എന്ന് വിളിയ്ക്കുന്നത്. ശിവലിംഗരൂപത്തിലായിരിയ്ക്കും ഇവരുടെ പ്രതിഷ്ഠ. എന്നാൽ, വൈഷ്ണവസങ്കല്പത്തിലാണ് പൂജ. എല്ലാ മുപ്പെട്ട് വ്യാഴാഴ്ചകളിലും ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. ബ്രഹ്മരക്ഷസ്സിന്റെ സമീപം സ്ഥിതിചെയ്യുന്ന തറയിലാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. നാഗരൂപത്തിലാണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. കേരളത്തിൽ നാഗസുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മോക്ഷത്ത് ക്ഷേത്രം. അവയിൽത്തന്നെ, ഒരു തറയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത് ഇവിടെ മാത്രമാണ്. മുമ്പ് പുലാപ്പറ്റയിലുണ്ടായിരുന്ന ഒരു നമ്പൂതിരി കുടുംബത്തിന്റെ പരദേവതയായിരുന്നു നാഗസുബ്രഹ്മണ്യൻ. കൂടാതെ, മറ്റുള്ള ചില നാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവരും മേൽപ്പറഞ്ഞ നമ്പൂതിരി കുടുംബക്കാരുടെ ഉപാസനാമൂർത്തികളായിരുന്നു. എല്ലാമാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠിനാളിൽ സുബ്രഹ്മണ്യസ്വാമിയ്ക്ക് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകാറുണ്ട്. മറ്റുള്ള നാഗങ്ങൾക്ക് വർഷത്തിലൊരിയ്ക്കലേ പൂജയുള്ളൂ. ഇതും പാതിരിക്കുന്നത്ത് മനക്കാരുടെ വകയാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറും വടക്കും ഭാഗങ്ങളും വൻ മരങ്ങൾ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. എങ്കിലും ഇവിടങ്ങളിൽ കാണാൻ പ്രത്യേകിച്ചൊന്നുമില്ല. ഇവിടങ്ങളിലെല്ലാം വവ്വാലുകളുടെ ഒരു നീണ്ടനിര തലകീഴായി കിടക്കുന്നത് കാണാം. ദുർമരണത്തിനിരയായവരുടെ ആത്മാക്കളാണ് വവ്വാലുകളായി വരുന്നതെന്നും അവ മോക്ഷത്തിനാണ് തപസ്സിരിയ്ക്കുന്നതെന്നുമാണ് പൊതുവിശ്വാസം. ഇതുമൂലമാണ് ഈ ക്ഷേത്രം 'മോക്ഷത്തമ്പലം' എന്നറിയപ്പെടുന്നതും. ക്ഷേത്രം നിലവിൽ വന്ന കാലം മുതലേ ഇവിടെ വവ്വാലുകളുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനാൽത്തന്നെ ഇവിടെ അവർക്ക് സവിശേഷപ്രാധാന്യം നൽകിവരുന്നു. എല്ലാ ദിവസവും അവർക്ക് ഭക്ഷണം നൽകാറുണ്ട്. മാത്രവുമല്ല, അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന യാതൊന്നും ഇവിടെ അനുവദനീയമല്ല. നാലമ്പലത്തിന് പുറത്ത് ചെണ്ടമേളവും പഞ്ചവാദ്യവുമൊന്നും ഇവിടെയുണ്ടാകാറില്ല. മാത്രമല്ല, ഉത്സവനാളുകളിൽ പോലും കതിനാവെടിയുമുണ്ടാകാറില്ല. ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് മോക്ഷത്തമ്പലം.

ശ്രീകോവിലുകൾ

[തിരുത്തുക]

താരതമ്യേന വലുപ്പം കുറഞ്ഞ ഒറ്റനില വട്ടശ്രീകോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. കഷ്ടിച്ച് അമ്പതടി ചുറ്റളവേ കാണൂ രണ്ടിനും. രണ്ടും കരിങ്കല്ലിൽ തീർത്തവയും ഓടുമേഞ്ഞവയും സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നവയുമാണ്. 2021-ൽ നടന്ന നവീകരണകലശത്തോടനുബന്ധിച്ചാണ് ജീർണ്ണിച്ചുകിടന്നിരുന്ന ഓടുകളും താഴികക്കുടവും നീക്കം ചെയ്ത് പുതിയവ സ്ഥാപിച്ചത്. അകത്ത് മൂന്നുമുറികൾ കാണാം. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗങ്ങളിൽ, തെക്കേ ശ്രീകോവിലിൽ കിരാതമൂർത്തിയായും വടക്കേ ശ്രീകോവിലിൽ പാർവ്വതീസമേതനായും രണ്ട് വ്യത്യസ്തഭാവങ്ങളിൽ കിഴക്കോട്ട് ദർശനമായി മോക്ഷത്തപ്പൻ വാഴുന്നു. യാതൊരുവിധ ചെത്തിമിനുക്കലുകളുമില്ലാത്ത ശിവലിംഗങ്ങളാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്തവയാണ് രണ്ടും. അലങ്കാരസമയത്ത് ഇവിടെ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത തിരുമുഖങ്ങളും ചന്ദ്രക്കലകളുമുണ്ട്. പാർവ്വതീസമേതശിവന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ, ശിവലിംഗത്തിന് ഇടതുവശത്തായി അതേ പീഠത്തിൽ പാർവ്വതീദേവിയുടെ ചെറിയൊരു വിഗ്രഹവും കാണാം. വലതുകയ്യിൽ ഒരു താമരപ്പൂ ധരിച്ച്, ഇടതുകൈ വെറുതെയിട്ടിരിയ്ക്കുന്ന രൂപത്തിലുള്ള ദേവിയാണ് ഇവിടെ. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് മോക്ഷത്തപ്പൻ, കിരാതമൂർത്തിയായും പാർവ്വതീസമേതനായും ഇരട്ട രൂപത്തിൽ വാഴുന്നു.

ശ്രീകോവിലുകളുടെ പുറംചുവരുകൾ, നിലവിൽ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല. ഇവിടെയുള്ള കഴുക്കോലുകളിലൊന്നും ദേവരൂപങ്ങൾ കാണാൻ സാധിയ്ക്കില്ല. എങ്കിലും, നവീകരണത്തിനുശേഷം ഒരു ആകർഷണം ഇവയ്ക്ക് സംഭവിച്ചിട്ടുണ്ട്. ശ്രീകോവിലുകൾക്കകത്തേയ്ക്കുള്ള വാതിലുകൾക്ക് ഇരുവശവും ദ്വാരപാലകരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മണിയടിച്ച്, ഇവരുടെ അനുവാദം വാങ്ങിയേ ശ്രീകോവിലിനകത്തേയ്ക്ക് കടക്കാവൂ എന്നാണ് ചിട്ട. പാർവ്വതീസമേതനായ ശിവന്റെ ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്തുള്ള ഒരു ഇടനാഴിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ശ്രീകോവിലിനോടുചേർന്നുള്ള പ്രതിഷ്ഠയായതിനാൽ, ഒക്കത്ത് ഗണപതി എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ മുട്ടറുക്കൽ നടക്കുന്നത് ഈ ഗണപതിയ്ക്ക് മുന്നിലാണ്. ചൊവ്വ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലാണ് മുട്ടറുക്കൽ നടക്കുന്നത്. ഗണപതിയ്ക്ക് മുന്നിലുള്ള ഒരു കല്ലിൽ നാളികേരം ഉടച്ച് പൊട്ടിച്ചശേഷം ഫലം പറയുന്നതാണ് ഈ ചടങ്ങ്. കാടാമ്പുഴ, ഞാങ്ങാട്ടിരി ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ നടക്കുന്ന ക്ഷേത്രങ്ങളിലൊന്ന് മോക്ഷത്തമ്പലമാകും. ദൂരദേശങ്ങളിൽ നിന്നുപോലും ഇതിനായി ആളുകൾ വരാറുണ്ട്.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടെ നാലമ്പലം. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത നാലമ്പലം ഓടുമേഞ്ഞിട്ടാണ് കാണപ്പെടുന്നത്. ഇതിന്റെ പുറംചുവരുകളിൽ നിരവധി ദേവീദേവന്മാരുടെ രൂപങ്ങൾ വരച്ചുവച്ചിരിയ്ക്കുന്നത് കാണാം. ഗണപതി, ദക്ഷിണാമൂർത്തി, ശിവപാർവ്വതിമാർ, സുബ്രഹ്മണ്യൻ, അനന്തപത്മനാഭൻ, ഗുരുവായൂരപ്പൻ, മൂകാംബികാദേവി, അർദ്ധനാരീശ്വരൻ, ശ്രീരാമൻ, ഹനുമാൻ, അയ്യപ്പൻ, സരസ്വതി, ലക്ഷ്മി തുടങ്ങിയവ അവയിൽ പ്രധാനമാണ്. ഇവയെല്ലാം തദ്ദേശവാസികളായ ചിത്രകാരന്മാർ വരച്ചുചേർത്തവയാണ്. ഇവയ്ക്കടിയിൽ പല പല തട്ടുകളിലായി പിച്ചളവിളക്കുകൾ കാണാം. സന്ധ്യയ്ക്ക് ഇവ കത്തിച്ചുവയ്ക്കുന്നു.

വാതിൽമാടങ്ങളും കൂത്തമ്പലവും

[തിരുത്തുക]

നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടങ്ങൾക്ക് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടത്തിലാണ് നിത്യേനയുള്ള വിശേഷാൽ പൂജകളും ഹോമങ്ങളും നടക്കുന്നത്. നടുക്കുള്ള വാതിൽമാടത്തിൽ പ്രത്യേകം ചട്ടികളിലായി ദശപുഷ്പങ്ങൾ വളർത്തുന്നുണ്ട്. ഇത് മറ്റൊരു വലിയ പ്രത്യേകതയാണ്. വടക്കേ വാതിൽമാടമാണ് ഭക്തർ നാമജപത്തിനും അടിയന്തിരക്കാർ വാദ്യമേളങ്ങൾക്കും ഉപയോഗിയ്ക്കുന്നത്. പൂജാസമയമൊഴികെയുള്ള അവസരങ്ങളിൽ ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. തെക്കേ വാതിൽമാടത്തിൽ തന്നെയാണ് ക്ഷേത്രം വക കൂത്തമ്പലവും പണിതിരിയ്ക്കുന്നത്. ഇവിടെ ഒരു വശത്ത് കിരാതമൂർത്തിയുടെ ഒരു ഛായാചിത്രവും അതിനുമുന്നിൽ ഒരു നിലവിളക്കും ഒത്ത നടുവിൽ ഒരു മിഴാവും കാണാം. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ മത്തവിലാസം കൂത്ത് നടത്തുന്നത് ഇവിടെയാണ്. കിരാതമൂർത്തിയ്ക്കുള്ള പ്രധാന വഴിപാടാണ് മത്തവിലാസം കൂത്ത്. പല്ലവസാമ്രാജ്യത്തിലെ ചക്രവർത്തിയും മഹാശിവഭക്തനുമായിരുന്ന മഹേന്ദ്രവർമ്മൻ രചിച്ച മത്തവിലാസപ്രഹസനം എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ് ഈ കൂത്ത്. കേരളത്തിൽ ഇത് അവതരിപ്പിയ്ക്കുന്ന ക്ഷേത്രങ്ങൾ വളരെ കുറവാണ്. കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ, കരിവെള്ളൂർ മഹാദേവക്ഷേത്രം, കോഴിക്കോട് ജില്ലയിലെ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം തുടങ്ങിയവ അവയിൽ പ്രധാനമാണ്. ശിവരാത്രിയോടനുബന്ധിച്ച് ഏഴുദിവസം ഇത് ക്ഷേത്രത്തിൽ നടത്തിവരാറുണ്ട്. കൂടാതെ വിശേഷദിവസങ്ങൾ ഭക്തരുടെ വഴിപാടായും നടത്താറുണ്ട്. കൂത്ത് കാണുമ്പോൾ കാണികളിലൊരാളായി ഭഗവാനുമുണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ ഭഗവാന്നും പ്രത്യേക സ്ഥാനം അനുവദിച്ചിട്ടുണ്ടാകും. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.

ശാസ്താവിന്റെ ശ്രീകോവിലും അകത്തെ ബലിവട്ടവും

[തിരുത്തുക]

ക്ഷേത്രത്തിനകത്തുള്ള രണ്ട് പ്രധാന ശ്രീകോവിലുകളുടെ ഒത്ത നടുക്കായി പണിത, മേൽക്കൂരയില്ലാത്ത ചെറിയൊരു ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന ഉപദേവതകളിലൊരാളായ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പൂർണ്ണ, പുഷ്കല എന്നീ രണ്ട് പത്നിമാരോടുകൂടിയ ഗൃഹസ്ഥാശ്രമിയായ ശാസ്താവാണ് ഇവിടെയുള്ളത്. ശിവലിംഗതുല്യമായ മൂന്ന് ചെറിയ വിഗ്രഹങ്ങളാണ് ശാസ്താവിനെയും പത്നിമാരെയും പ്രതിനിധീകരിയ്ക്കുന്നത്. ഒരടി മാത്രമാണ് ഉയരം. മേൽക്കൂരയില്ലാത്ത ശ്രീകോവിലായതിനാൽ വനശാസ്താവായും സങ്കല്പമുണ്ട്. വിഗ്രഹങ്ങൾക്ക് മഴയും വെയിലും മഞ്ഞും പൊടിയുമെല്ലാം ഏൽക്കുമെങ്കിലും വിളക്കുകളെ അവ ബാധിയ്ക്കാതിരിയ്ക്കാൻ പ്രത്യേകം മറയിട്ടിട്ടുണ്ട്. നീരാജനമാണ് ശാസ്താവിനുള്ള പ്രധാന വഴിപാട്. എല്ലാ ദിവസവും ഇത് നടത്താറുണ്ടെങ്കിലും ശനിയാഴ്ചകളിൽ ഇതിന് കൂടുതൽ പ്രാധാന്യമുണ്ട്. കൂടാതെ, നെയ്യഭിഷേകം, അഷ്ടാഭിഷേകം, എള്ളുപായസം തുടങ്ങിയവയും പ്രധാനമാണ്. മണ്ഡലകാലത്ത് ഇവിടെ നിത്യവും ശാസ്താംപാട്ടും ആഴിപൂജയും നടത്താറുണ്ട്. ഇതേ നടയിൽ വച്ചാണ് പുലാപ്പറ്റയിൽ നിന്ന് ശബരിമലയ്ക്ക് പോകുന്നവരിൽ പലരും മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ക്ഷേത്രക്കമ്മിറ്റി അവർക്ക് അതിനുള്ള സൗകര്യങ്ങൾ അനുവദിച്ചുകൊടുക്കാറുണ്ട്.

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലുകൾക്ക് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ, ഇവിടെ കൊടുത്തിരിയ്ക്കുന്ന സ്ഥാനങ്ങളിലായി കാണാം. പ്രധാന പ്രതിഷ്ഠകൾ രണ്ടെണ്ണമായതിനാൽ രണ്ടിനും പ്രത്യേകമായി ബലിവട്ടം പണിതിട്ടുണ്ട്. ക്ഷേത്രത്തിൽ നിത്യശീവേലിയില്ലാത്തതിനാൽ ഇവ പ്രതീകാത്മകമായി മാത്രമാണ് നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയെ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജകൾ

[തിരുത്തുക]

നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ് മോക്ഷത്ത് മഹാദേവക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറന്നാൽ ആദ്യം നിർമ്മാല്യദർശനമാണ്. പിന്നീട് അഞ്ചരയോടെ അഭിഷേകങ്ങൾ തുടങ്ങുന്നു. എണ്ണ, ജലം, വാകപ്പൊടി തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട് വിശദമായി നടത്തുന്ന അഭിഷേകങ്ങൾക്കുശേഷം ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. സൂര്യോദയസമയത്ത് ഗണപതിഹോമവും അതിനുശേഷം ഉഷഃപൂജയും നടത്തുന്നു. ആദ്യം കിരാതമൂർത്തിയ്ക്കാണ് പൂജ നടത്തുന്നത്. തുടർന്ന് ഒമ്പതുമണിയോടെ ഉച്ചപ്പൂജയും നടത്തി പത്തുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. നാലമ്പലത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളും ഈ സമയത്ത് അലംകൃതമാകുന്നു. ക്ഷേത്രത്തിൽ കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. കർപ്പൂരം കൊണ്ട് വിഗ്രഹത്തിൽ ഉഴിഞ്ഞുകൊണ്ട് നടതുറക്കുന്ന മേൽശാന്തി, അതിനുശേഷം നടതുറന്നുവന്ന് ഭക്തരെക്കൊണ്ട് ഉഴിയ്ക്കുകയും ചെയ്യുന്നു. തുടർന്ന് ഏഴുമണിയോടെ അത്താഴപ്പൂജയും നടത്തി ഏഴരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റം വരും. ശിവരാത്രിനാളിൽ 24 മണിക്കൂറും മുടങ്ങാതെ നടതുറന്നിരിയ്ക്കുന്നതും അഭിഷേകങ്ങൾ നടക്കുന്നതുമാണ്. ഉമാമഹേശ്വരന്മാർക്കൊപ്പം കുടികൊള്ളുന്ന ഉണ്ണിഗണപതിയ്ക്ക് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മുട്ടറുക്കലും അതിനുശേഷമുള്ള ഫലപ്രവചനവുമുണ്ടാകുന്നതാണ്. എല്ലാ മുപ്പെട്ട് തിങ്കളാഴ്ചകളിലും തന്ത്രിയുടെ വക ഉമാമഹേശ്വരപൂജയുണ്ടാകാറുണ്ട്. ഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, ഗ്രഹണശേഷം എല്ലാ ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ. പൂജകൾക്കും ദീപാരാധനയ്ക്കും നടയടച്ചിരിയ്ക്കുന്ന അവസരങ്ങളിൽ വാദ്യോപകരണങ്ങളായി രാവിലെ ഇടയ്ക്കയും വൈകീട്ട് ചെണ്ടയും ഉപയോഗിയ്ക്കുന്നു.

കേരളത്തിൽ രണ്ട് തന്ത്രിമാരുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് മോക്ഷത്ത് മഹാദേവക്ഷേത്രം. ശിവന്നും, നാഗദൈവങ്ങൾക്കുമായി പ്രത്യേകം തന്ത്രിമാരും മേൽശാന്തിമാരും കീഴ്ശാന്തിമാരുമുണ്ടാകാറുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട സ്വദേശികളായ അണിമംഗലത്ത് മനക്കാർക്കാണ് ശിവക്ഷേത്രത്തിലെ തന്ത്രാധികാരം ലഭിച്ചിരിയ്ക്കുന്നത്. ചെർപ്പുളശ്ശേരി പാതിരിക്കുന്നത് മനയ്ക്കാണ് നാഗക്കാവിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ക്ഷേത്രക്കമ്മിറ്റി വകയാണ്.

വിശേഷദിവസങ്ങൾ

[തിരുത്തുക]

ശിവരാത്രി, മത്തവിലാസം കൂത്ത്

[തിരുത്തുക]

മോക്ഷത്ത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷമാണ് കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസം നടക്കുന്ന മഹാശിവരാത്രി മഹോത്സവം. ഏഴുദിവസത്തെ പരിപാടിയായാണ് ഇത് ആഘോഷിച്ചുവരുന്നത്. നിരവധി താന്ത്രികക്രിയകളും കലാപരിപാടികളും ഈ സമയത്ത് ക്ഷേത്രത്തിലുണ്ടാകും. ഈ സമയത്തുതന്നെയാണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മത്തവിലാസം കൂത്ത് നടത്തുന്നതും.

കന്നി ആയില്യം

[തിരുത്തുക]

മറ്റുള്ള വിശേഷദിവസങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Sree Mokshatt Siva Temple – Hindu Temple Timings, History, Location, Deity, shlokas" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-18.