മൊറോക്കൊയിലെ അബ്‌ദുൽ അസീസ്
മൊറോക്കൊയിലെ അബ്‌ദുൽ അസീസ് | |
---|---|
ഭരണകാലം | 1894 - 1908 |
മുൻഗാമി | Hassan I |
പിൻഗാമി | Abdelhafid |
രാജവംശം | House of Alaoui |
മൊറോക്കൊയിലെ സുൽത്താനായിരുന്നു അബ്ദുൽ അസീസ് IV (അറബി: عبد العزيز الرابع). മൌലേ അൽഹസന്റെയും ലൈല റുഖിയയുടേയും പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ ജനനം 1878 ഫെബ്രുവരി 24-ന് ആണെന്നും 1881 ഫെബ്രുവരി 18-ന് ആണെന്നും രണ്ടു വാദഗതി നിലവിലുണ്ട്. പിതാവ് 1894 ജൂൺ 9-നു വധിക്കപ്പെട്ടപ്പോൾ, പുത്രനായ അബ്ദുൽ അസീസ് സുൽത്താനായി. സർ ഹാരി മക്ക്ലീന്റെ സഹായംമൂലം മൊറോക്കൊയുടെ ഭരണക്രമത്തിൽ, പ്രത്യേകിച്ച് റവന്യൂഭരണത്തിൽ, പല പുരോഗമന പരിഷ്കാരങ്ങളും വരുത്തുവാൻ ശ്രമിച്ച സുൽത്താനെ യാഥാസ്ഥിതികർ എതിർക്കുകയാൽ ഭരണം തന്നെ തകരാറിലായി. ഈ അവസരം ഉപയോഗിച്ച് യൂറോപ്യൻ ശക്തികൾ മൊറോക്കൊയിൽ ഇടപെട്ടു. 1900 ഡിസംബറിൽ ഇറ്റലിയും ഫ്രാൻസുമായി ഉണ്ടാക്കിയ ഒരു രഹസ്യക്കരാർ അനുസരിച്ച് മൊറോക്കൊ ഫ്രാൻസിന്റെ ഒരു സംരക്ഷിതപ്രദേശമായി അംഗീകരിക്കപ്പെട്ടു. 1900-നും 1903-നും ഇടയ്ക്ക് മൊറോക്കൊയുടെ അതിർത്തിയിലുള്ള പല ഊഷരപ്രദേശങ്ങളും ഫ്രാൻസ് കൈയടക്കി. ഈ ഇടപെടലിനെതിരായി സുൽത്താന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജിലാലി ഇബ്നു ഇദ്രിസ് അൽസർഹൂനി അൽയൂസുഫിയുടെ (അബു ഹമാറ) നേതൃത്വത്തിൽ ഉണ്ടായ കലാപം (1902-03) മൊറോക്കൊയുടെ സ്ഥിതി കുറേക്കൂടി വഷളാക്കി. 1904-ൽ ഫ്രാൻസ് മൊറോക്കൊയുടെ ആഭ്യന്തരകാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ തുടങ്ങി. ഇംഗ്ലണ്ടും ഫ്രാൻസുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ 1905 മാർച്ചിൽ ഫ്രാൻസ് തങ്ങളുടെ നിയന്ത്രണം സുൽത്താനെക്കൊണ്ട് അംഗീകരിപ്പിക്കാൻവേണ്ടി മൊറോക്കൊയുടെ തലസ്ഥാനമായ ഫെസിലേക്ക് ഒരു സൈനിക മിഷൻ അയച്ചു.
സംഘർഷം
[തിരുത്തുക]ജർമനിയെ ഒഴിച്ചുനിർത്തിക്കൊണ്ട്, യൂറോപ്യൻ ശക്തികൾ ആഫ്രിക്ക പങ്കിടുന്ന നയത്തിൽ പ്രതിഷേധിച്ച്, 1905 മാർച്ച് 31-ന് ജർമൻ ചക്രവർത്തി വില്യം II, മൊറോക്കൊ സന്ദർശിക്കുകയും മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തുന്നതിന് ജർമനി സഹായം നൽകുന്നതാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ഫ്രാൻസിനെ കുഴപ്പത്തിലാക്കി. 1906-ലെ അൽജിസിറാസ് സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിന് മൊറോക്കൊയുടെ മേലുള്ള അധീശാധികാരം ജർമനി അംഗീകരിച്ചു എങ്കിലും സ്വാതന്ത്ര്യം നിലനിർത്തപ്പെട്ടു. ഫ്രഞ്ചുകാരെ വെറുത്തിരുന്ന മൊറോക്കൊയിലെ ഗോത്രവർഗക്കാർ അവരെ എതിർത്തു. ഈ എതിർപ്പ് മൊറോക്കോയുടെ തീരപ്രദേശം കൈയടക്കാൻ ഫ്രാൻസിനെ പ്രേരിപ്പിച്ചു. 1907-ൽ സുൽത്താന്റെ സഹോദരനായ മൌലേ ഹാഫീസ് സ്വാതന്ത്യ്രം പ്രഖ്യാപിച്ചതോടെ കുഴപ്പങ്ങൾ മൂർധന്യത്തിലെത്തി. 1908 ആഗസ്റ്റ് 19-ന് തന്റെ സൈന്യങ്ങൾ ലഹളക്കാരാൽ തോല്പിക്കപ്പെട്ടപ്പോൾ സുൽത്താൻ ഫ്രഞ്ച് സൈനികരുടെ അടുത്ത് അഭയം പ്രാപിച്ചു. 1908 ആഗസ്റ്റ് 29-നു സ്ഥാനത്യാഗം ചെയ്യുകയും ചെയ്തു. അബ്ദുൽ അസീസിന് പെൻഷൻ അനുവദിക്കുകയും മൌലേ ഹാഫീസ് സുൽത്താനായി അവരോധിക്കപ്പെടുകയും ചെയ്തു. 1943 ജൂൺ 10-ന് ടാൻജിയറിൽവച്ച് അബ്ദുൽ അസീസ് IV നിര്യാതനായി.
ഇതുകൂടികാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.geni.com/people/Abdulaziz-Al-Hassan/4589821164970072233
- http://www.victorian-cinema.net/alaziz.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുൽ അസീസ് കഢ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |