Jump to content

മൈക്രോസോഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൈക്രോസോഫ്റ്റ് കോർപ്പറേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ
സ്വകാര്യമേഖല
വ്യവസായംകമ്പ്യൂട്ടർ സോഫ്റ്റ്‌വേർ
പ്രസിദ്ധീകരണം
ഗവേഷണം
കമ്പ്യൂട്ടർ ഹാർഡ്‌വെയർ
വീഡിയോ ഗെയിംസ്
സ്ഥാപിതംഅൽബുക്കർക്ക്, ന്യൂ മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ (1975 ഏപ്രിൽ 4)[1]
ആസ്ഥാനംറെഡ്മണ്ട്, വാഷിങ്ടൺ
പ്രധാന വ്യക്തി
ബിൽ ഗേറ്റ്സ്, (സ്ഥാപകൻ, എക്സിക്യൂട്ടീവ് ചെയർമാൻ)
പോൾ അലൻ, (സ്ഥാപകൻ)
സ്റ്റീവ് ബാമർ, (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ)
റേ ഓസി, (ചീഫ് സോഫ്റ്റ്‌വേർ ആർക്കിടെക്റ്റ്)
ഉത്പന്നങ്ങൾമൈക്രോസോഫ്റ്റ് വിൻഡോസ്
മൈക്രോസോഫ്റ്റ് ഓഫീസ്
മൈക്രോസോഫ്റ്റ് സെർവർസ്
മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ
ബിസ്സ്നെസ് സൊല്യൂഷൻസ്
ഗെയിംസ് ആൻഡ് എക്സ് ബോക്സ്
വിൻഡോസ് ലൈവ്
വിൻഡോസ് മൊബൈൽ
വരുമാനംIncrease US$44.2 billion (2006)[2]
Increase US$16.4 billion (2006)[2]
(36.3% operating margin)[3]
Increase US$12.6 billion (2006)[2]
(31.6% net margin)[3]
ജീവനക്കാരുടെ എണ്ണം
88,414 (2010)[4]
വെബ്സൈറ്റ്www.microsoft.com

ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യാകമ്പനികളിൽ [5]ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ, സുരക്ഷാ പ്രോഗ്രാമുകൾ, ഡാറ്റാബേസ്, കമ്പ്യൂട്ടർ ഗെയിംസ്, വിനോദ സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. [6]102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓൺലൈൻ സേവനങ്ങളും നൽകുന്നു. വിൻഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. റെഡ്മണ്ടിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഓഫീസ് എന്ന സോഫ്റ്റ്‌വേർ സഞ്ചയവും വളരെ പേരുകേട്ടതാണ്. 102 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 118,584 പേർ ജോലി ചെയ്യുന്നുണ്ട്. സത്യ നദെല്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. [7]കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടർരംഗത്തെ കുത്തക നിലനിർത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വേർ സംരംഭങ്ങളും അതുപോലെ ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.

ചരിത്രം

[തിരുത്തുക]

ഇന്റൽ കമ്പനി അവരുടെ 8080 മൈക്രോപ്രോസസർ പുറത്തിറക്കിയ കാലം. 200 ഡോളറിൽ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തിൽ കംപ്യൂട്ടറുകളുണ്ടാക്കാമെന്ന് ബിൽഗേറ്റ്സ് അന്നേ കണക്കുകൂട്ടി. ഈ കണക്കുകൂട്ടൽ തെറ്റിയില്ല. ചെറിയ മുതൽ മുടക്കിൽ കംപ്യൂട്ടർ ലഭ്യമാവുമ്പോൾ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താൻ ബിൽഗേറ്റ്സ് തന്റെ സ്വതസ്സിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാൻ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.

വില്യം ഹെൻറി ഗേറ്റ്സ് III എന്ന ബിൽഗേറ്റ്സും കൂട്ടുകാരൻ പോൾ അലനും ചേർന്നാണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിക്ക് വിത്തുപാകിയത്. മൈക്രോ-സോഫ്റ്റ് എന്നായിരുന്നു തുടക്കത്തിലെ പേര്. പിന്നീട് മൈക്രോ-സോഫ്റ്റ് എന്നതിലെ ഹൈഫൻ എടുത്തുകളയും ഇന്നത്തെ രൂപത്തിലുള്ള മൈക്രോസോഫ്റ്റ് ആയി മാറുകയും ചെയ്തു. നിയമകാര്യ വഴിയിലേക്ക് ഗേറ്റ്സിനെ മാറ്റാൻ കൊതിച്ചിരുന്ന അച്ഛൻ കംപ്യൂട്ടർ മേഖലയിലേക്കുള്ള ഗേറ്റ്സിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തിയില്ല, മാത്രമല്ല പൂർണ്ണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിന് ബിൽഗേറ്റ്സിന് ഏറെ ആത്മവിശ്വാസം നൽകി. 1975ൽ പോപ്പുലർ ഇലക്ട്രോണിക്സ് മാഗസിനിൽ വന്ന ഒരു ലേഖനം ബിൽഗേറ്റ്സിനെ ഹഠാദാകർഷിച്ചു. ആൾടെയർ 8800 (അല്ടിർ 8800) എന്ന കംപ്യൂട്ടറിനെക്കുറിച്ചായിരുന്നു അത്. മൈക്രോ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ടെലിമെട്രി സിസ്റ്റം (MITS) -മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആൾടെയർ. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയിൽ ഒരു ഇന്റർപ്രട്ടർ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബിൽഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തിൽ അങ്ങനെയൊരു പ്രോഗ്രാം ബിൽഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റർപ്രട്ടർ വിഷയത്തിൽ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബിൽഗേറ്റ്സിന്റെ അതിബുദ്ധി. തുടർന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ് റോബർട്ട്, ഡെമോ വേർഷൻ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങൾ തിരക്കുകളുടെതായി. ആൾടെയറിനു വേണ്ടി ബേസിക് ഇൻപ്രട്ടർ നിർമ്മിക്കാനുള്ള തിരക്ക്. അത് ഒടുവിൽ വിജയത്തിൽ കലാശിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബിൽഗേറ്റ്സും കൂട്ടുകാരും അതിൽ വിജയം കണ്ടു. ഇത് ആൾടെയർ ബേസിക് എന്ന പേരിൽ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു. പോൾ അലൻ എന്ന കൂട്ടുകാരന് മിറ്റ്സ് ജോലി കൊടുത്തു. പതുക്കെ ബിൽഗേറ്റ്സും കൂടെക്കൂടി. അപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ നമ്മുടെ ഗേറ്റ്സ്.

ജോലിയും പഠിത്തവും ഒന്നിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറിൽ അൽബുക്കർക്കിലെ 'മിറ്റ്സി'ൽ എത്തി. പിന്നീടാണ് കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച പാർട്ണർഷിപ്പിന് പോൾ അലനും ബിൽഗേറ്റ്സും തുടക്കം കുറിക്കുന്നത്. ഇതിന് ഘയനഴസറസബർ എന്ന പേരാണ് ആദ്യം നൽകിയത്. അൽബുക്കർക്കിൽ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വർഷത്തിനിടയിൽ മൈക്രോ-സോഫ്റ്റ് എന്ന പേരിൽ നിന്ന് ഹൈഫൻ എടുത്തുകളഞ്ഞു. അത് മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബർ 26ന് കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ബേസിക് ആൾടെയറിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ബേസിക്, കംപ്യൂട്ടർ ഉപയോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലാകാൻ തുടങ്ങി. ഇതിന്റെ ചുടവുപിടിച്ച് വ്യാജകോപ്പികളും ഇറങ്ങി. ഇതിനെ പ്രതിരോധിക്കാൻ 1976 ഫെബ്രുവരിയിൽ ഒരു ന്യൂസ്ലെറ്ററിൽ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഉന്നത ഗുണനിലവാരമുള്ള സോഫ്റ്റ്വെയറുകൾ ഉണ്ടാക്കാനോ വിതരണം ചെയ്യാനോ സംരക്ഷിക്കാനോ ഇനി മിറ്റ്സ് തയ്യാറല്ല. ഇനി അങ്ങനെ വേണമെന്നുണ്ടെങ്കിൽ പണം നൽകിയേ മതിയാകൂ - ഇതായിരുന്നു ഈ കത്തിന്റെ രത്നച്ചുരുക്കം. സോഫ്റ്റ്വെയറിന്റെ ഭാവി ബിൽഗേറ്റ്സിന്റെ മനസ്സിൽ തെളിഞ്ഞുതുടങ്ങിയിരുന്ന സമയമായിരുന്നു അത്.

1976 അവസാനത്തോടെ മൈക്രോസോഫ്റ്റ് മിറ്റ്സുമായുള്ള ബന്ധം വേർപിരിഞ്ഞ് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു. വിവിധ സിസ്റ്റങ്ങൾക്കായി പ്രത്യേകം പ്രത്യേകം സോഫ്റ്റ്വെയറുകൾ തയ്യാറാക്കി മുന്നേറിയ മൈക്രോസോഫ്റ്റ് 1979ലെ പുതുവത്സരദിനത്തിൽ കമ്പനിയുടെ ഓഫീസ് അൽബുക്കർക്കിൽ നിന്ന് വാഷിംഗ്ടണിലേക്ക് പറിച്ചുനട്ടു. മൈക്രോസോഫ്റ്റിൽ ഉണ്ടാക്കുന്ന സോഫ്റ്റ്വെയറുകളുടെ എല്ലാ കോഡുകളും വരിതെറ്റാതെ ആദ്യത്തെ അഞ്ചുവർഷം പരിശോധിച്ച ബിൽഗേറ്റ്സിന് പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു.

1980കളിൽ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണൽ കംപ്യൂട്ടർ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകൾക്ക് അനുയോജ്യമായ ബേസിക് ഇന്റർപ്രട്ടർ നിർമ്മിക്കുവാൻ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളിൽ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടർന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുനൽകാനായി ബിൽഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാൽ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മാതാക്കളായ ഡിജിറ്റൽ റിസർച്ച് ഇൻസ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതർ ഡിജിറ്റൽ റിസർച്ചുമായി ചർച്ചകൾ നടത്തിയെങ്കിലും ലൈസൻസിംഗ് സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചർച്ചകളെത്തുടർന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഇന്റൽ 8086 ചിപ്പ് അധിഷ്ഠിത കംപ്യൂട്ടറുകൾക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു. മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടർ പ്രോഡക്ടുമായി ബന്ധപ്പെട്ട് ഒരു ധാരണയിലെത്തുകയും തുടർന്ന് അതിന്റെ അവകാശം വളരെ വിദഗ്ദ്ധമായി ബിൽഗേറ്റ്സ് കൈക്കലാക്കുകയും ചെയ്തു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി PC DOS എന്ന പേരിൽ ഐ.ബി. എമ്മിന് നൽകി. 80,000 ഡോളറിനായിരുന്നു ഈ വില്പന. സൂത്രശാലിയായ ബിൽഗേറ്റ്സ് ഒരു നിബന്ധന കൂടി ഇതോടൊപ്പം ഐ.ബി. എമ്മിന്റെ മുന്നിൽവച്ചു- PC ഡോസ്പകർപ്പവകാശം മൈക്രോസോഫ്റ്റിന് മാത്രം എന്നത്. കംപ്യൂട്ടർരംഗത്തെ ഭീമൻമാരായിരുന്നു ഐ.ബി.എമ്മിന് ഈ അവകാശം നൽകുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നില്ല. ഐ.ബി.എം കരുതിയത് സോഫ്റ്റ്‌വേർ രംഗത്ത് വെറും ശിശുവായിരുന്ന മൈക്രോസോഫ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുക്കുന്നതു വഴി തങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്നതായിരുന്നു. കൂടുതൽ കംപ്യൂട്ടറുകൾ വിൽക്കുന്നതിലൂടെ തങ്ങൾക്ക് വരുമാനം കൂട്ടണമെന്ന ചിന്ത മാത്രമേ അന്ന് ഐ.ബി. എമ്മിന് ഉണ്ടായിരുന്നുള്ളൂ. അമ്പതിനായിരം ഡോളർ ഫീസ് നൽകിയാണ് മൈക്രോസോഫ്റ്റ് സിയാറ്റിൽ കംപ്യൂട്ടേഴ്സിൽ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങിയത്. അത് മറിച്ചുവിറ്റത് 30,000 ഡോളർ ലാഭത്തിൽ. മാത്രമല്ല പകർപ്പവകാശം സ്വന്തം കീശയിൽ ഭദ്രമാക്കി വച്ചുകൊണ്ട്. ഈ സോഫ്റ്റ്വെയറാണ് MS-DOS എന്ന പേരിൽ പിന്നീട് വിപണി പിടിച്ചടക്കിയത്. നമ്മൾ അറിഞ്ഞു തുടങ്ങിയ ഈ സോഫ്റ്റ്വെയറും അനുബന്ധ ടൂളുകളുമാണ് കംപ്യൂട്ടർലോകം നിയന്ത്രിച്ചത്. കുറേക്കാലം വേണ്ടി വന്നു അതിനൊരു ബദലുണ്ടാകാൻ.

മൈക്രോസോഫ്റ്റ് വിൻഡോസ്

[തിരുത്തുക]

മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിൻഡോസ് എന്നാണ്. എല്ലാ പതിപ്പുകൾക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിൻഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളിൽ വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകൾക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബർ മാസത്തിലാണ് കമ്പനി ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുള്ള വിൻഡോസ് 1.0 വേർഷൻ പുറത്തിറക്കുന്നത്. എം. എസ്. ഡോസിൽ ഉപയോഗിച്ചിരുന്ന കാരക്ടർ യൂസർ ഇന്റർഫേസിനു പകരം കംപ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ ചിത്രരൂപത്തിൽ (ഐക്കണുകൾ) നൽകി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിൻഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകരണം ലഭിച്ച വിൻഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിൻഡോസ് 3.1, വിൻഡോസ് 95, വിൻഡോസ് 98, വിൻഡോസ് എൻ.ടി, വിൻഡോസ് 2000, വിൻഡോസ് മില്ലേനിയം, വിൻഡോസ് എക്സ്.പി, വിൻഡോസ് വിസ്ത എന്നീ പേരുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയിൽ വിജയം ഉറപ്പിച്ചതിനെത്തുടർന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കൻ ഗവൺമെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയിൽ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാൻ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രേമികൾ ഏറ്റവും വെറുക്കുന്ന മനുഷ്യനെന്ന ദുഷ്പേര് കൂടി ബിൽഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ വിൻഡോസ് എക്സ്‌പി വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിർത്തലാക്കി. എങ്കിലും 2014 ഏപ്രിൽ വരെ വിൻഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 7. വിയന്ന എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ജൂലൈ 22, 2009നാണ്[8]കമ്പനി പുറത്തിറക്കിയത്.

മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും

[തിരുത്തുക]

ഓരോ വീട്ടിലും ഓരോ കംപ്യൂട്ടർ. അതിൽ ഉപയോഗിക്കുന്നതാവട്ടെ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളും. അതായിരുന്നു ബിൽഗേറ്റ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരൻ കംപ്യൂട്ടറിനല്ല, സോഫ്റ്റ്വെയറിലാണ് മികച്ച ഭാവി എന്ന കാര്യവും മുൻകൂട്ടി കണ്ടിരുന്നു. തങ്ങളുടെ എതിരാളികളേക്കാൾ സാങ്കേതികവിദ്യയുടെ ഭാവി അദ്ദേഹത്തിന് മുൻകൂട്ടി കാണാൻ സാധിച്ചിരുന്നു എന്നതിനുള്ള തെളിവാണ് വിൻഡോസ്. സാങ്കേതികജ്ഞാനത്തിൽ മുന്നിട്ടുനിന്ന ഗേറ്റ്സ് ഒരു ബിരുദധാരിപോലുമായിരുന്നില്ല. എന്നിരുന്നിട്ടും സ്വന്തം പരിശ്രമത്താൽ ലോകധനാഢ്യരിൽ ഒരാളായി തീരാൻ ഗേറ്റ്സിന് കഴിഞ്ഞുവെന്നത് യഥാർത്ഥ്യമാണ്. തന്റെ കഴിവ് മനസ്സിലാക്കി കൃത്യമായ സമയത്ത് വളരെ കണിശതയോടെ പദ്ധതികൾ തയ്യാറാക്കി മുന്നോട്ടുനീങ്ങിയ ഈ യുവാവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്റ്റിനെ പിന്നിലാക്കാൻ ഇന്ന് പലരും വിപണിയിൽ വന്നുകഴിഞ്ഞു. ഇതിൽ മുന്നിട്ടുനിന്ന ഗൂഗിളിനെ തടയിടാൻ മൈക്രോസോഫ്റ്റ് തുനിഞ്ഞതുമാണ്. ഇക്കാര്യത്തിൽ യാഹൂവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ തുരത്താനായിരുന്നു പരിപാടി. പക്ഷേ, യാഹൂ അധികാരികൾ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം സ്വീകരിച്ചില്ല. ഓഹരികൾക്ക് മൈക്രോസോഫ്റ്റ് കല്പിച്ച വില കുറഞ്ഞുപോയെന്നായിരുന്നു യാഹുവിന്റെ പ്രതികരണം. എന്നാൽ പരസ്യം പോലെയുള്ള മേഖലകളിൽ ഗൂഗിൾ - യാഹൂ സംയുക്ത കരാറുകൾ നിലവിൽവന്നത് മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സ്ഥാപനങ്ങൾക്ക് വലിയൊരടിയാണ്.

മൈക്രോസോഫ്റ്റും ഇന്ത്യയും

[തിരുത്തുക]

ഐ.ടി. രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച ഇന്ത്യക്കാരോട് ബിൽഗേറ്റിന് തികഞ്ഞ മതിപ്പാണുള്ളത്. ബിൽഗേറ്റ്സിന് ഇന്ത്യയെന്നാൽ പ്രധാനപ്പെട്ട രാജ്യമാണ്. കാരണം മൈക്രോസോഫ്റ്റ് ആസ്ഥാനം കഴിഞ്ഞാൽ അവരുടെ ഗവേഷണവും വികസന പ്രവർത്തനങ്ങൾക്ക് ഒട്ടുമിക്കതും നടക്കുന്നത് ഇന്ത്യയെന്നതു തന്നെ. മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഇന്ത്യ എന്ന പേരിൽ മൈക്രോസോഫ്റ്റിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നത് 1990ൽ ന്യൂഡൽഹിയിലാണ്. 1997ലാണ് ബിൽഗേറ്റ്സ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. തുടർന്ന് മൈക്രോസോഫ്റ്റിന്റെ ഡവലപ്മെന്റ് വിഭാഗം 1998ൽ ഹൈദരാബാദിൽ തുടങ്ങി. കമ്പനി ആസ്ഥാനം ഒഴിച്ചു നിർത്തിയാൽ ആഗോളതലത്തിൽ ഏറ്റവും മികച്ച ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നത് ഇന്ത്യയിലെ ഈ കാമ്പസ്സിലാണ്. 2000ൽ വീണ്ടും ഇന്ത്യയിലെത്തിയ ഗേറ്റ്സ് ഇൻഫോസിസുമായുള്ള ബന്ധങ്ങൾക്ക് തുടക്കം കുറിച്ചു. 100 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഹൈദരബാദിൽ 2002ൽ ഗേറ്റ്സ് വീണ്ടുമെത്തി. 2003ലാണ് ഗ്ളോബൽ ടെക്നിക്കൽ സപ്പോർട്ട് സെന്റർ ബാംഗ്ളൂരിൽ മൈക്രോസോഫ്റ്റ് ആരംഭിക്കുന്നത്. 1.7 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി 2005 ഇന്ത്യയിൽ വീണ്ടുംകാലുകുത്തിയ ബിൽഗേറ്റ്സിന് ഇന്ത്യൻ ഓഫീസുകൾ നൽകിയത് എന്നും മികച്ച റിസൽട്ടുകളായിരുന്നു. മലേറിയയ്ക്കും ക്ഷയത്തിനും പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത് വേഗത്തിലാക്കാനുള്ള ഗവേഷണങ്ങൾക്ക് സാമ്പത്തികസഹായം നൽകാൻ ബിൽഗേറ്റ്സിന്റെ അധീനതയിലുള്ള ബിൽ മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ മുന്നോട്ടുവന്നിട്ടുണ്ട്. ജോലിയിൽ തന്നെ എപ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഒരു പ്രതിഭാശാലിയാണ് ഇപ്പോൾ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. ബിൽഗേറ്റ്സ് ഇല്ലാത്ത ഒരു മൈക്രോസോഫ്റ്റ്. പൂർണ്ണമായെങ്കിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഇനി ഇതിന്റെ പ്രവർത്തനങ്ങൾ ഏതുതരത്തിൽ മുന്നോട്ടുകൊണ്ടുപോകും എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരിട്ടിടപെടാൻ ഇല്ലെന്നേയുള്ളൂ... ബിൽഗേറ്റ്സ് അണിയറയിൽ തന്നെയുണ്ട്.

നാൾ വഴികൾ

[തിരുത്തുക]
  • 1975-കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷാ അധിഷ്ഠിത ഇന്റർപ്രട്ടർ നിർമ്മിച്ചിട്ടുണ്ടെന്ന വ്യാജേന 'മിറ്റ്സ്' അധികൃതരെ വിളിച്ചുപറയുന്നു. മിറ്റ്സ് അധികൃതർ അതിനെ സ്വാഗതം ചെയ്തു. പിന്നെ ഇന്റർപ്രട്ടർ നിർമ്മിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അലനും ഗേറ്റ്സും. ഇരുവരും രാപകലില്ലാതെ ഇതിനു വേണ്ടി കഷ്ടപ്പെട്ടു. പിന്നീട് ഇന്റർപ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരൻ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിക്കുന്നു. വളരെ വിശദമായി ഇതിന്റെ പ്രവർത്തനം വിശദീകരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതർ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്‌വേർ വിഭാഗത്തിന്റെ ഡയറക്ടർ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നൽകുന്നു. ആൾടെയറിന്റെ വികസനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോൾ അലനോടൊപ്പം ബിൽഗേറ്റ്സും ചേരുന്നു. ഈ സമയത്താണ് മൈക്രോ-സോഫ്റ്റ് എന്ന സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്.
  • 1976 ഫെബ്രുവരി-'ഹോംബ്യ്രൂ കംപ്യൂട്ടർ ക്ളബി'ന്റെ ന്യൂസ്ലെറ്ററിൽ ഒരു തുറന്ന കത്ത് ബിൽഗേറ്റ്സ് എഴുതുന്നു. ഇതിൽ കംപ്യൂട്ടർപ്രേമികൾ നടത്തുന്ന പകർപ്പവകാശലംഘനത്തെക്കുറിച്ച് പറയുന്നു. മാത്രമല്ല സോഫ്റ്റ്‌വേർ ഡവലപ്പർമാരുടെ പകർപ്പവകാശം സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സൂചനയുണ്ട്.

1976 നവംബർ ൨൬' -മിറ്റ്സി'ലെ പ്രവർത്തനങ്ങളിൽ നിന്ന് വിടുതൽ നേടി 'മൈക്രോസോഫ്റ്റ്' എന്ന കമ്പനി രജിസ്റ്റർ ചെയ്യുന്നു. ബിൽഗേറ്റ്സ് - പോൾ അലൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

മൈക്രോസോഫ്റ്റിലെ ജീവനക്കാർ - 1978 - ലെ ചിത്രം
  • 1978 ഡിസംബർ- മൈക്രോസോഫ്ടിന്റെ വരുമാനം ഒരു മില്യൺ ഡോളർ കവിയുന്നു.
  • 1979 ജനുവരി1-അൽബുക്കർക്കിൽ നിന്ന് വാഷിംഗ്ടണിലേക്ക് മൈക്രോസോഫ്റ്റിന്റെ ഓഫീസ് മാറ്റുന്നു. ഇരുവരും ജനിച്ചുവളർന്ന സ്ഥലത്തിനടുത്ത് മൈക്രോസോഫ്റ്റിന് പുതിയൊരു ഓഫീസും ഉണ്ടാക്കുന്നു.
  • 1980 ജൂൺ11-സ്റ്റീവ് ബാമറെ കമ്പനിയുടെ ബിസിനസ് മാനേജറായി നിയമിക്കുന്നു
  • 1980-ഐ.ബി. എമ്മിനുവേണ്ടി ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിച്ചുകൊടുക്കാമെന്ന് ബിൽഗേറ്റ്സ് സമ്മതിക്കുന്നു. ഇതിന്റെ (എം. എസ്. ഡോഡ്) പകർപ്പവകാശം മൈക്രോസോഫ്റ്റിന് ആയിരിക്കുമെന്ന വ്യവസ്ഥ ഐ.ബി. എം. അംഗീകരിക്കുന്നു.
  • 1981 ജൂലായ് 1-മൈക്രോസോഫ്റ്റ് കമ്പനി നിലവിൽ വരുന്നു. ബിൽഗേറ്റ്സ് (53 ശതമാനം), പോൾ അലൻ (31), സ്റ്റീവ് ബാമർ (8 ശതമാനം) എന്നീ അനുപാതത്തിൽ ആയിരുന്നു കമ്പനിയുടെ വിഹിതം നിശ്ചയിച്ചത്. ആദ്യത്തെ ഓഹരി വില 95 സെന്റ്. ശേഷം മൈക്രോസോഫ്റ്റിന്റെ വരുമാനം 16 മില്യൺ കടക്കുന്നു. കമ്പനിയിൽ അപ്പോൾ ജോലി ചെയ്യാനുണ്ടായിരുന്നത് 128 പേർ.
  • 1983-പോൾ അലൻ രോഗബാധിതനാവുന്നു. ചികിത്സ ഫലപ്രദമായി നടത്തിയെങ്കിലും പോൾ അലൻ മൈക്രോസോഫ്റ്റിന്റെ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് തിരിച്ചുവന്നില്ല.
  • 1985-മൈക്രോസോഫ്റ്റിന്റെ വരുമാനം 140 മില്യൺ ഡോളർ കടക്കുന്നു, ഉദ്യോഗസ്ഥരുടെ എണ്ണം 910 ലേക്കും.
  • 1985 നവംബർ 20-എം. എസ്. ഡോസിന് അനുബന്ധമായി ഉപയോഗിക്കാൻ ഒരു ഗ്രാഫിക്കൽ എക്സ്റ്റൻഷൻ പുറത്തിറക്കുന്നു. ഇതാണ് ആദ്യത്തെ വിൻഡോസ് വേർഷൻ
  • 1986-മൈക്രോസോഫ്റ്റ്ആസ്ഥാനം റെഡ്മണ്ടിലേക്ക് മാറുന്നു.
    മൈക്രോസോഫ്ടിന്റെ HQ
  • 1986 മാർച്ച് 13-മൈക്രോസോഫ്റ്റ് ഓഹരി വിപണിയിലെത്തുന്നു. ആദ്യത്തെ ദിവസം 21 ഡോളറിനും 28 ഡോളറിനുമിടയിൽ കച്ചവടം നടന്നു.
  • 1987-മാർക്കറ്റിംഗ് മാനേജരായി മെലിൻഡ ഫ്രഞ്ച്നിയമിതയാകുന്നു. ഇവരാണ് ബിൽഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പിന്നീട് കുടിയേറിയത്.
  • 1988 മാർച്ച് 18-മൈക്രോസോഫ്റ്റിനെതിരെ ആപ്പിൾ കമ്പനി കേസ് കൊടുക്കുന്നു. ആപ്പിൾ കമ്പനിയുടെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുമായി വിൻഡോസിനുള്ള രൂപസാദൃശ്യമായിരുന്നു അടിസ്ഥാന പരാതി. ആറ് വർഷം കേസ് നടത്തി, ആപ്പിൾ വീണു.
  • 1989-മൈക്രോസോഫ്റ്റ് ഓഫീസ് - പുറത്തിറക്കി
  • 1990 മേയ് 22-വിൻഡോസ് 3.0 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം കോപ്പി വിറ്റഴിഞ്ഞു. വിൻഡോസ് പോലെയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം (OS/2) നിർമ്മിക്കാൻ ഐ.ബി. എമ്മുമായി ധാരണയുണ്ടാക്കി.
  • 1990 ആഗസ്റ്റ് 20-മൈക്രോസോഫ്റ്റും ഐ.ബി. എമ്മും തമ്മിൽ ഒ.എസ്./2 പ്രശ്നത്തിൽ വഴിപിരിഞ്ഞു. വിൻഡോസ് 3.0 ൽ ശ്രദ്ധചെലുത്താൻ മൈക്രോസോഫ്റ്റ് തീരുമാനം.
  • 1992 ഒക്ടോബർ- അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരനായി ഫോർബ്സ് മാസിക ബിൽഗേറ്റ്സിനെ തിരഞ്ഞെടുത്തു. സമ്പാദ്യം - 6.3 ബില്യൺ ഡോളർ.
  • 1993 ജനുവരി 20-കംപ്യൂട്ടർ ഭീമൻമാരായ ഐ.ബി. എമ്മിന്റെ ഓഹരി വിലയെ മൈക്രോസോഫ്റ്റ് കടത്തിവെട്ടി.
  • 1995 ജൂലായ് 5- ലോകത്തെ അതിസമ്പന്നൻ എന്ന പദം ബിൽഗേറ്റ്സിന് സ്വന്തം. ഫോർബ്സ് മാഗസിൻ ആണ് പ്രഖ്യാപനം നടത്തിയത്. 2008 വരെ ഈ പദവിയിൽ ഇദ്ദേഹം തുടർന്നു.
  • 1995 ആഗസ്റ്റ് 24- വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റിന്റെ ഓൺലൈൻ സർവ്വീസായ എം.എസ്.എനും പുറത്തിറക്കി.
  • 1995 ഒക്ടോബർ-വിൻഡോസ് 95ന്റെ 70 ലക്ഷം കോപ്പികൾ വിറ്റഴിച്ചു. മൈക്രോസോഫ്റ്റിന്റെ ലാഭത്തിൽ 58 ശതമാനം വർദ്ധന.
  • 1996-ബ്രൌസറായ ഇന്റർനെറ്റ് എക്സ്പ്ളോറർ 3.0 പുറത്തിറക്കി. കംപ്യൂട്ടറുകളോടൊപ്പം സൌജന്യമായി ഇന്റർനെറ്റ് എക്സ്പ്ളോറർ 3.0 കൊടുക്കാൻ നടപടി സ്വീകരിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെറ്റ്സ്കേപ്പ് കേസുകൊടുത്തു.
  • 1988-വിപണിയിലെ മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന മൈക്രോസോഫ്റ്റിന്റെ നയം അന്യായമാണെന്ന് അമേരിക്കൻ നീതിപീഠം കണ്ടെത്തി.
  • 1998 ജൂൺ 25-വിൻഡോസ് 98 പുറത്തിറക്കി
  • 2000 ജനുവരി-സ്റ്റീവ് ബാമർ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായി.
  • 2000 ജൂൺ 7-വിപണിയിലെ കുത്തക തകർക്കുന്നതിനായി മൈക്രോസോഫ്റ്റിനെ രണ്ടായി വിഭജിക്കാൻ നീതിന്യായ പ്രഖ്യാപനം വന്നു
  • 2000-മൈക്രോസോഫ്റ്റിന്റെ വരുമാനം 229 ബില്യൺ ഡോളറിലെത്തി. ജോലിക്കാരുടെ എണ്ണം 39,000 ത്തിലേക്കും ഉയർന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബിൽ മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ എന്ന ധർമ്മസ്ഥാപനം തുടങ്ങി.
  • 2001 ഒക്ടോബർ 25-വിൻഡോക്സ് എക്സ്. പി റിലീസ് ചെയ്തു
  • 2001 നവംബർ 15-ഗെയിമിംഗ് കൺസോൾ എക്സ്ബോക്സ് പുറത്തിറക്കി
  • 2006 ജൂൺ 15-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നതിനായി രണ്ട് വർഷത്തിനകം മൈക്രോസോഫ്റ്റിൽ നിന്നും വിരമിക്കുമെന്ന് ബിൽഗേറ്റ്സ് പ്രഖ്യാപിച്ചു.
  • 2007 ജനുവരി-പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസ് വിസ്തയും ഓഫീസ് പാക്കേജായ ഓഫീസ് 2007 ഉം പുറത്തിറക്കി
  • 2008 ഫെബ്രുവരി-144.6 ബില്യൺ ഡോളറിന് ഇന്റർനെറ്റ് സെർച്ച് രംഗത്തെ പ്രമുഖരായ യാഹൂവിനെ ഏറ്റെടുക്കാനുള്ള ഒരു പദ്ധതി മൈക്രോസോഫ്റ്റ് തയ്യാറാക്കി
  • 2008 ജൂൺ 27- ബിൽ മിലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിൽ ശ്രദ്ധയൂന്നാനായി മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ബിൽഗേറ്റ്സ് എന്ന പ്രതിഭാശാലി.
  • 2009 ജൂലായ് 22-വിൻഡോസ് 7 റിലീസ് ചെയ്തു
  • 2012 ഒക്ടോബർ 26- വിൻഡോസ് 8 റിലീസ് ചെയ്തു
  • 2015 ജൂലായ് 29- വിൻഡോസ് 10 റിലീസ് ചെയ്തു

അവലംബം

[തിരുത്തുക]
  1. "Bill Gates: A Timeline". Retrieved 2006-07-03.
  2. 2.0 2.1 2.2 "Microsoft Fourth Quarter FY 2006 Earnings Release".
  3. 3.0 3.1 "MICROSOFT CORP: Company Overview". Reuters. Retrieved 2006-05-24.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Fast Facts about Microsoft". Retrieved 27 July. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  5. Forbes: The Global 2000 sorted by industry (21-apr-2010)
  6. http://www.microsoft.com/switzerland/msdn/de/awards/tech_Awards_en.aspx
  7. http://www.microsoft.com/presspass/inside_ms.mspx
  8. http://windowsteamblog.com/blogs/windows7/archive/2009/07/22/windows-7-has-been-released-to-manufacturing.aspx

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈക്രോസോഫ്റ്റ്&oldid=3641963" എന്ന താളിൽനിന്ന് ശേഖരിച്ചത്