മൈക്രോക്രെഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്രോക്രെഡിറ്റ് അല്ലെങ്കിൽ മൈക്രോഫിനാൻസ് എന്നത് സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ചെറുവായ്പകൾ നൽകുന്ന ഒരു സംവിധാനമാണ്. ജാമ്യവസ്തുവോ, ഈടോ, സ്ഥിരവരുമാനമോ, മെച്ചപ്പെട്ട തിരിച്ചടവു ചരിത്രമോ ഇല്ലാത്ത ദരിദ്രർക്ക് ഇന്ന് നിലവിലുള്ള ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് ചെറുവായ്പകൾ നൽകി സ്വയം പര്യാപ്‌തരാക്കുക എന്നതാണ് മൈക്രോക്രെഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങൾ, സൊസൈറ്റികൾ, ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവരാണ്. നോബൽസമ്മാന ജേതാവായ പ്രൊഫ: മുഹമ്മദ് യൂനുസ് സ്ഥാപിച്ച ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് മൈക്രോക്രെഡിറ്റ് രംഗത്ത് ലോകപ്രശസ്തമായ ഒരു മാതൃകയാണ്.

ദുർബല വിഭാഗങ്ങൾക്കിടയിൽ ഈടില്ലാത്ത ഹ്രസ്വകാല വായ്പ നൽകിക്കൊണ്ട് മൈക്രോഫിനാൻസ് വ്യവസായം വളർച്ചയുടെ പുതിയ വഴിത്തിരിവിലാണ്. 1970-കളിലാണ് മൈക്രോഫിനാൻസ് ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ മൈക്രോഫിനാൻസ് കമ്പനികൾ പ്രവർത്തിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 45%-ത്തോളം പേരും ഇന്നും ബാങ്കിങ് സേവനങ്ങൾ ലഭിക്കാത്തവരാണ്. മുഖ്യധാരയിൽ നിന്നും വേറിട്ടുനിൽക്കുന്ന ഇക്കൂട്ടരെ തേടിപ്പിടിച്ച് മൈക്രോഫിനാൻസ് കമ്പനികളിലൂടെ ധനകാര്യ സേവനങ്ങൾ നൽകിവരുന്നു.ഗ്രാമ വികസനത്തിൽ മൈക്രോ ഫിനാൻസിന്റെ പങ്കു മുൻ‌നിർത്തി പുതിയ ബാങ്കിങ്ങ് ലൈസൻസുകൾ അനുവദിക്കുമ്പോൾ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് ഭാരതീയ റിസർവ്വ് ബാങ്ക് മുൻ‌ഗണന നൽകുന്നുണ്ട്.

ആരംഭം[തിരുത്തുക]

നൊബേൽ സമ്മാനജേതാവായ പ്രൊഫ. മുഹമ്മദ് യൂനസാണ് മൈക്രോഫിനാൻസിന്റെ പിതാവ്. മൈക്രോഫിനാൻസ് എന്ന ആശയം ഇന്ത്യയിൽ ഏറെ പ്രചാരത്തിലെത്തിക്കുവാൻ അദ്ദേഹം നൽകിയ പ്രയത്‌നം ഏറെ ശ്ലാഘനീയമാണ്. ദാരിദ്രനിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ യൂനസിന്റെ ഗ്രാമീൺ ബാങ്കിന് കഴിഞ്ഞു. ഈ വിപ്ലവകരമായ ആശയം ഇന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്ന ജീവിതങ്ങൾക്കിടയിലേക്ക് വെളിച്ചം വീശുകയും മൈക്രോഫിനാൻസ് സംരംഭങ്ങൾ ഭാരതത്തിലുടനീളം വളർച്ച പ്രാപിക്കുന്നതിനും കാരണമായി. മൈക്രോഫിനാൻസ് കമ്പനികൾ നൽകിവരുന്ന ചെറുകിടവായ്പകൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സേവനങ്ങളും സാമൂഹിക പുരോഗതിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇതരപ്രവർത്തനങ്ങളും വ്യക്തികളിലും കുടുംബങ്ങളിലും തന്മൂലം സമൂഹത്തിനും സാരമായ പരിവർത്തനത്തിനും കാരണമാകുന്നു. വ്യക്തികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനും ദുർബല വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പ്രേരകശക്തിയായി മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ സേവനങ്ങൾ വിലയിരുത്തപ്പെടുന്നു.

മൈക്രോഫിനാൻസ് ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിൽ 3000-ൽ അധികം മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ഉണ്ടെന്ന് കണക്കാക്കുന്നു. ഇതിൽ 74% കൈയടക്കിയിരിക്കുന്നത് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ മുൻനിര മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ ചിലത് എസ്.കെ.എസ് മൈക്രോഫിനാൻസ് (നിലവിൽ ഭാരത് ഫിനാൻഷ്യൽ ഇൻ‌ക്ലൂഷൻ ലിമിറ്റഡ്), സ്പന്ദന സപൂർത്തി ഫിനാൻഷ്യൽ ലിമിറ്റഡ്, ഷെയർ മൈക്രോഫിൻ, അസ്മിത മൈക്രോഫിൻ, ബന്ധൻ മൈക്രോഫിൻ, ഇസാഫ് മൈക്രോഫിനാൻസ് എന്നിവയാണ്. 2010-ൽ ആന്ധ്രാപ്രദേശിലുണ്ടായ കർഷക കൂട്ട ആത്മഹത്യയെത്തുടർന്ന് എസ്.കെ.എസ് ഉൾപ്പെടെയുള്ള മൈക്രോഫിനാൻസ് കമ്പനികൾ സർക്കാർ നിരീക്ഷണത്തിലാകുകയും പിന്നീട് റിസർവ്വ് ബാങ്കിന്റെ നിർദ്ദശാനുസരണം കടുത്ത നിയന്ത്രണങ്ങൾ മൈക്രോഫിനാൻസ് കമ്പനികളിൽ ഏർപ്പെടുത്തുകയുമുണ്ടായി. മൈക്രോഫിനാൻസ് കമ്പനികൾ ഈടില്ലാതെ വായ്പകൾ നൽകുന്നുണ്ടെങ്കിൽ കൂടി ചുമത്തുന്ന പലിശ 26% മുതൽ 32% വരെയാണ്. പലിശ നിരക്കിൻമേൽ ഇപ്പോൾ വ്യക്തമായ ധാരണയില്ലാത്തതും പ്രവർത്തന ചെലവ് കുറയ്ക്കാൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് കഴിയാത്തതും മറ്റും വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇപ്പോൾ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് പ്രത്യേക നിയമം തന്നെ കൊണ്ടുവരുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ലക്ഷ്യങ്ങളും പ്രവർത്തനവും[തിരുത്തുക]

 • രാജ്യത്തിന്റെ ബാങ്കിങ് സേവനം ലഭ്യമല്ലാത്ത മേഖലകളിലുള്ള ജനങ്ങൾക്ക് സാമ്പത്തിക സേവനം എത്തിക്കുന്നു.
 • സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന ദുർബല ജനവിഭാഗങ്ങൾക്ക് സാമ്പത്തിക സേവനം ലഭ്യമാക്കുന്നു.
 • ചെറുകിട വായ്പകളിലൂടെ നിർധനരും സാമ്പത്തിക ഭദ്രതയില്ലാത്ത സ്ത്രീകൾക്ക് ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുന്നു.
 • സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകുവാൻ.
 • സമ്പാദ്യശീലം വളർത്തിയെടുക്കുവാൻ.
 • ദീർഘകാല സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുനൽകുവാൻ.
 • കുടുംബത്തിന്റെ ധനകാര്യ രംഗങ്ങളിൽ സ്ത്രീപങ്കാളിത്തം ഉറപ്പുനൽകുവാൻ.
 • ചെറുകിട വ്യവസായ സംഘാടകരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും വിശ്വാസം ആർജിക്കുന്നതിനും.
 • ചെറുകിട വ്യവസായ സംഘാടകരെ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രവർത്തനമദ്ധേയുള്ള തടസ്സങ്ങൾ തരണംചെയ്യാൻ സഹായിക്കുന്നതിലും ഊന്നൽ നൽകുന്നു.
 • മൊത്തത്തിലുള്ള സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധി

പ്രയോജനങ്ങൾ[തിരുത്തുക]

 • സാമ്പത്തിക സാക്ഷരതയിലൂടെയും നേതൃത്വപരിശീലനത്തിലൂടെയും സ്ത്രീ ശാക്തീകരണം കൈവരിക്കാൻ.
 • താഴ്ന്ന വരുമാനക്കാരുടെ ദാരിദ്രനിർമ്മാർജ്ജനം.
 • സ്ത്രീ ശാക്തീകരണം കൈവരിക്കുവാൻ.
 • ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തിയെടുക്കുവാൻ.
 • സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പുനൽകുന്നു.
 • വരുമാനവർദ്ധിത പ്രക്രിയകളിലൂടെ സാമ്പത്തിക അസമത്വം ഇല്ലായ്മ ചെയ്യുന്നു.
 • നിർധനകുടുംബങ്ങൾക്ക് ചെറുകിട വായ്പകളും സമ്പാദ്യവും ഇൻഷുറൻസ് പരിരക്ഷയും പ്രദാനം ചെയ്യുന്നു.
 • ധന വിനിയോഗം സമ്പാദ്യം സ്വരൂപിക്കൽ തുടങ്ങിയ വിവിധ സാമ്പത്തിക മേഖലകളിൽ അറിവ് നൽകുന്നു.

മൈക്രോഫിനാൻസിന്റെ പ്രവർത്തനങ്ങൾ[തിരുത്തുക]

പങ്കുവെയ്ക്കൽ, സഹവർത്തിത്വം, എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാൻസ് നിലകൊള്ളുന്നത്. മൈക്രോഫിനാൻസിന്റെ പ്രവർത്തനങ്ങൾ രണ്ടായി തരം തിരിക്കാം.

എസ്.എച്ച്.ജി മാതൃക (Self Help Group Model)[തിരുത്തുക]

സ്വയം സഹായ സംഘത്തിലെ അംഗങ്ങൾ ആഴ്ച തോറും നിശ്ചിത തുക സമ്പാദ്യമായി ശേഖരിക്കുകയും അത് സംഘാംഗങ്ങൾക്കിടയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനോ ഉപഭോഗ ആവശ്യങ്ങൾ നിറവേറ്റുന്നതിനോ വായ്പയായി വിതരണം ചെയ്യുന്നു. ഓരോ എസ്.എച്ച്.ജി-ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കും. എല്ലാ പണമിടപാടുകളും പ്രസ്തുത അക്കൗണ്ടിലൂടെ നടത്തുകയും ചെയ്യുന്നു. സംഘാംഗങ്ങൾക്കാവശ്യമായ വലിയ തുകകൾ ബാങ്കിൽ നിന്നും സംഘം വായ്പയായി എടുക്കുന്നു. സംഘം ബാങ്കിൽ നിന്നും എടുത്ത് സംഘാംഗങ്ങൾക്ക് നൽകുന്ന വായ്പയ്ക്ക് നിശ്ചിത ശതമാനം അധിക പലിശ ഈടാക്കുകയും അത് സംഘത്തിന്റെ വരുമാനമായി കണക്കാക്കുകയും ചെയ്യുന്നു. വായ്പാ തിരിച്ചടവ് സംഘാംഗങ്ങൾ സംഘത്തിലടക്കുകയും സംഘം അത് ബാങ്കിൽ തിരിച്ചടക്കുകയും ചെയ്യുന്നു.

ജെ.എൽ.ജി മാതൃക (Joint Liability Group Model)[തിരുത്തുക]

20 മുതൽ 25 പേരടങ്ങുന്ന സംഘത്തിൽ 5 പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളായി വിഭാഗിച്ച് പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു വ്യക്തിക്ക് നൽകുന്ന വായ്പ ആ ഗ്രൂപ്പിലെ മറ്റ് നാല് വ്യക്തികളുടെ കൂട്ടായ ഉത്തരവാദിത്തത്തിൽ നൽകുന്നു. ഈ മാതൃകയിൽ ബാങ്കുകൾ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങൾ സംഘാംഗങ്ങൾക്കും വായ്പ നൽകുന്നു. സംഘാംഗങ്ങൾ എടുത്ത വായ്പകൾ ആഴ്ച തോറുമുള്ള സംഘം കൂടിവരവിൽ സ്ഥാപന പ്രതിനിധികളെ ഏൽപ്പിക്കുകയും സ്ഥാപനം അത് ബാങ്കിൽ തിരിച്ചടയ്ക്കുകയും ചെയ്യുന്നു.

ഭാവി[തിരുത്തുക]

ജനസംഖ്യയുടെ വലിയ വിഭാഗം ഇപ്പോഴും ദാരിദ്ര രേഖയ്ക്കു താഴെയുള്ള രാജ്യം എന്ന നിലയിൽ ഭാരതത്തിൽ മൈക്രോഫിനാൻസിന്റെ പ്രസക്തി വർദ്ധിച്ചു വരിക തന്നെയാണ്. ഈയിടെ ഭാരതീയ റിസർവ്വ് ബാങ്ക് ചെറു കിട ബാങ്കിങ്ങ് ലൈസൻസുകൾ അനുവദിച്ചപ്പോൾ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് പ്രാമുഖ്യം നൽകുകയുണ്ടായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്രോക്രെഡിറ്റ്&oldid=3641953" എന്ന താളിൽനിന്ന് ശേഖരിച്ചത്