മൈക്ക് ടൈസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൈക്ക് ടൈസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


മൈക്ക് ടൈസൺ
മാലിക് അബ്ദുൾ അസീസ്
Mike Tyson.jpg
Statistics
Real name മൈക്കിൾ ജെറാർഡ് ടൈസൺ
Nickname(s) Kid Dynamite, The Baddest Man on the Planet[1][2]
Rated at Heavyweight
Height 5 ft 10 in (178 cm)
Reach 71 in (180 cm)
Nationality അമേരിക്കൻ
Born (1966-06-30) ജൂൺ 30, 1966 (വയസ്സ് 52)
ബ്രൂക്ക്ലിൻ, ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, അമേരിക്ക
Stance Peek-a-Boo
Boxing record
Total fights 58
Wins 50
Wins by KO 44
Losses 6
Draws 0
No contests 2

മൈക്കൽ ജെറാർഡ് ടൈസൺ (ജനനം - ജൂൺ 30, 1966, അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ) ബോക്സിംഗ് രംഗത്തുനിന്നും വിരമിച്ച ഒരു പ്രൊഫഷണൽ ബോക്സറും, മുൻ ലോക ഹെവി വെയ്റ്റ് ചാമ്പ്യനും ആണ്. ലോക ഹെവിവെയ്റ്റ് പട്ട ബെൽറ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനായ മൈക്ക് ടൈസൺ 1999-ൽ റിംഗ് മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ഹെവി വെയ്റ്റ് ബോക്സർമാരുടെ പട്ടികയിൽ 14-ആമനായി സ്ഥാനം പിടിച്ചു. അദ്ദേഹം ഇരുമ്പ് മൈക്ക് ടൈസൺ, കുട്ടി ഡൈനാമൈറ്റ്, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മനുഷ്യൻ എന്നിങ്ങനെയുള്ള അപരനാമങ്ങളിൽ അറിയപ്പെട്ടു. വിഭജിച്ചുകിടന്ന ലോക ഹെവിവെയിറ്റ് മത്സരങ്ങളെ ഒരുമിപ്പിച്ചത് 80-കളുടെ മദ്ധ്യത്തിൽ മൈക്ക് ടൈസൺ ആണ്. തന്റെ എല്ലാ എതിരാളികളെയും ആ കാലഘട്ടത്തിൽ അദ്ദേഹം നിലം‌പരിശാക്കി.

തന്റെ ഏറ്റവും നല്ല കാലത്ത് ടൈസൺ അജയ്യനായി വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ഒരുകാലത്ത് പുകൾപെറ്റ അദ്ദേഹത്തിന്റെ കായിക ജീവിതം വ്യക്തിപരമായ പ്രശ്നങ്ങൾ, പരിശീലനക്കുറവ്, ജയിൽ ശിക്ഷകൾ എന്നിവകൊണ്ട് നിറഞ്ഞതായിരുന്നു. തന്റെ ആദ്യ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മൈക്ക് ടൈസൺ ഒരുപാട് പ്രതീക്ഷിക്കപ്പെട്ട തന്റെ തിരിച്ചുവരവ് നടത്തിയെങ്കിലും ഗതകാല പ്രൌഢി വീണ്ടെടുക്കുവാൻ ആയില്ല. വീണ്ടും ഹെവി വെയ്റ്റ് പട്ടം നേടുവാൻ കഴിഞ്ഞെങ്കിലും ഒരു ബോക്സിംഗ് പോരാളി എന്ന നിലയിൽ അദ്ദേഹത്തിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്നത് 1990-നു മുൻപുള്ള കാലഘട്ടം ആണ്. അതിനുശേഷമുള്ള കാലം കൂ‍ടുതലും വിവാ‍ദങ്ങൾ നിറഞ്ഞതായിരുന്നു.

ആദ്യകാലം[തിരുത്തുക]

ബ്രൂക്ലിനിലെ കുപ്രസിദ്ധമായ ബ്രൌൺസ്‌വിൽ ഭാഗത്ത് ലോർന സ്മിത്ത് ടൈസണിന്റെയും ജിമ്മി കിർക്പാട്രിക്കിന്റെയും മകനായി ടൈസൺ ജനിച്ചു. അദ്ദേഹത്തിന്റെ ബാല്യം ദാരിദ്ര്യം നിറഞ്ഞതും അസന്തുഷ്ടവുമായിരുന്നു. മൈക്കിന് രണ്ടു വയസ്സായിരുന്നപ്പോൾ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി. അമ്മ ജോലിചെയ്ത് കുടുംബത്തെ മുഴുവൻ പുലർത്തേണ്ടിവന്നു. ബ്രൌൺസ്‌വില്ലിലെ തെരുവുകളിൽ മുതിർന്ന കുട്ടികൾ മൈക്കിനെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുമായിരുന്നു. പിന്നീട് തന്റെ ഉച്ഛസ്ഥായിയിൽ ഉള്ള ശബ്ദത്തെ കളിയാക്കുന്നവരെ മൃഗീയമായി മർദ്ദിക്കുന്ന ഒരു ചെറുപ്പക്കാരനായി മൈക്ക് കുപ്രസിദ്ധനായി. ചെറിയ കുറ്റങ്ങൾക്കും മോഷണം, പിടിച്ചുപറി എന്നിവയ്ക്ക്കും മൈക്ക് എപ്പോഴും പോലീസിന്റെ പിടിയിൽ ആവാറുണ്ടായിരുന്നു. ദുർഗുണ പരിഹാര പാഠശാലയുടെ അകത്തും പുറത്തുമായി മൈക്ക് ജീവിച്ചു. ഇടികൂടുന്നതിന് ജൂനിയർ ഹൈസ്കൂളിൽ നിന്ന് മൈക്കിനെ പുറത്താക്കി. ന്യൂയോർക്കിലെ ഒരു ദുർഗ്ഗുണ പരിഹാര പാഠശാലയിൽ വെച്ച് ടൈസന്റെ അസംസ്കൃതമായ ബോക്സിംഗ് പാടവവും ബോക്സിംഗ് റിംഗിലേക്കുള്ള അനന്തമായ സാധ്യതകളും കണ്ടെത്തിയത് അവിടത്തെ കാവൽക്കാരനായ ബോബി സ്റ്റുവാർട്ട് എന്ന മനുഷ്യനായിരുന്നു. അദ്ദേഹം തന്നെ ടൈസണെ ഏതാനും മാസങ്ങൾ പരിശീലിപ്പിച്ചു. പിന്നീട് പ്രശസ്തനായ ബോക്സിംഗ് പരിശീലകനായ കസ് ദ’അമാറ്റോയ്ക്ക് ബോബി മൈക്ക് ടൈസണെ പരിചയപ്പെടുത്തി.

പ്രശസ്തിയിലേക്ക്[തിരുത്തുക]

മൈക്ക് ടൈസണിന്റെ പ്രൊഫഷണൽ അരങ്ങേറ്റം മാർച്ച് 6, 1985-ൽ ആയിരുന്നു. ന്യൂയോർക്ക് സംസ്ഥാനത്തിലെ അൽബാനി എന്ന നഗരത്തിൽ ആയിരുന്നു ഈ മത്സരം. ആദ്യ റൌണ്ടിലെ ഒരു നോക്കൌട്ടിലൂടെ മൈക്ക് ടൈസൺ ഹെക്ടർ മെർസിഡെസിനെ പരാജയപ്പെടുത്തി. തന്റെ ആദ്യ രണ്ട് പ്രൊഫഷണം വർഷങ്ങളിൽ മൈക്ക് ധാരാളം തവണ മത്സരിച്ചു. അജയ്യനായി നിലകൊണ്ട മൈക്ക് തന്റെ ആദ്യത്തെ 19 മത്സരങ്ങൾ നോക്കൌട്ടിലൂടെ വിജയിച്ചു. ഇതിൽ 14 എണ്ണത്തിൽ ആദ്യ റൌണ്ടിൽ തന്നെയായിരുന്നു എതിരാളിയെ നോക്കൌട്ട് ആക്കിയത്. അദ്ദേഹത്തിന്റെ എതിരാളികളുടെ നിലവാരം പതിയെ ഉയർന്നു വന്നു. അദ്ദേഹത്തിന്റെ തുടർച്ചയായി ഉള്ള വിജയങ്ങൾ ഒരുപാട് മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റി. അടുത്ത ഹെവി വെയ്റ്റ് ചാമ്പ്യൻ എന്ന് മാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചു.

അമേരിക്കയിൽ എമ്പാടും ടെലിവിഷൻ സം‌പ്രേഷണം ചെയ്ത, മൈക്ക് ടൈസന്റെ ആദ്യ മത്സരം 1986 ഫെബ്രുവരി 16-നു ഹൂസ്റ്റൺ ഫീൽഡ് ഹൌസ്, ട്രോയ്, ന്യൂയോർക്കിൽ ആയിരുന്നു. ഹെവിവെയിറ്റ് ജേർണിമാൻ ആയ ജെസ്സി ഫെർഗൂസൻ ആയിരുന്നു എതിരാളി. മൈക്ക് ടൈസൺ ഫെർഗൂസണിനെ 5-ആം റൌണ്ടിൽ ഒരു അപ്പർ കട്ടിലൂടെ ഇടിച്ച് താഴെയിട്ടു. ഈ ഇടിയിൽ ഫെർഗൂസണിന്റെ മൂക്ക് ഒടിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു (ലൈഫ് മാഗസിനിൽ വന്ന ലേഖന പ്രകാരം). ഫെർഗൂസൺ ടൈസണിനെ ശരീരത്തിൽ അള്ളിപ്പിടിച്ച് മത്സരം നീട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചു. പല തവണ ഇതിന് ഫെർഗൂസണിനെ വഴക്കുപറഞ്ഞ റെഫെറി ഒടുവിൽ ആറാം റൌണ്ടിന്റെ മധ്യത്തിൽ മത്സരം നിറുത്തുകയും മൈക്ക് ടൈസണെ ടെക്നിക്കൽ ക്നോക്ക് ഔട്ടിലൂടെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.

1986 നവംബർ 22-നു മൈക്ക് ടൈസണിന്റെ ആദ്യത്തെ ടൈറ്റിൽ മത്സരം നടന്നു. ട്രെവോർ ബെർബിക്കിനെതിരായി ഡബ്ലുയ്. ബി.സി. ഹെവിവെയിറ്റ് പട്ടത്തിനായിരുന്നുഈ മത്സരം. ടൈസൺ ഈ മത്സരം രണ്ടാം റൌണ്ടിൽ ടെക്നിക്കൽ നോക്ക് ഔട്ടിലൂടെ വിജയിച്ചു. അന്ന് 20 വയസ്സും 4 മാസവും പ്രായം ഉണ്ടായിരുന്ന മൈക്ക് ടൈസൺ ഹെവി വെയിറ്റ് പട്ടം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആയി.

20 വയസ്സ് പ്രായം ഉള്ളപ്പോൾ മൈക്ക് ടൈസണിന് 222 പൗണ്ട് (101 കിലോ) ആയിരുന്നു ഭാരം. ഏകദേശം 5.5 ശതമാനം മാത്രം ശരീര കൊഴുപ്പ് ഉണ്ടായിരുന്ന മൈക്ക് ടൈസൺ തന്റെ പൊക്കത്തിന് (1.78 മീറ്റർ - 5 അടി 10 ഇഞ്ച്) വേണ്ടുന്നതിനെക്കാൾ തടിയൻ ആയിരുന്നു. തന്റെ അസംസ്കൃതമായ ശക്തിക്ക് അറിയപ്പെട്ട മൈക്ക് ടൈസണിന് എതിരായി മത്സരിക്കാൻ പലരും ഭയപ്പെട്ടു. തന്റെ കൈകളുടെ അതിവേഗതയും, ഇടികളുടെ കൃത്യതയും കൈകളും ശരീരവും ആയി ഉള്ള അനുയോജനവും (കോർഡിനേഷൻ), അതി ശക്തമായ ഇടികളും ഇടികളുടെ സമയം കൃത്യമായി ക്രമീകരിക്കുന്നതും എതിരാളികളുടെ ഭയം വർദ്ധിപ്പിച്ചു. പക്ഷേ അധികം ആളുകൾ‍ ശ്രദ്ധിക്കാതെ പോയത്, പ്രതിരോധിക്കാനുള്ള മൈക്ക് ടൈസണിന്റെ കഴിവായിരുന്നു. കൈകൾ ഉയർത്തിപ്പിടിച്ച് ഒരു ഇടി കൊടുത്ത് ഒഴിഞ്ഞുമാറുന്ന തരത്തിൽ കസ് ഡ്’അമാറ്റോ പഠിപ്പിച്ചതുപോലെ പ്രതിരോധിച്ച മൈക്ക് തന്റെ എതിരാളികളുടെ ഇടിയിൽ നിന്ന് തെന്നുമാറി അതേസമയം അടുത്തേക്കു നീങ്ങി തന്റെ തകർപ്പൻ ഇടികൾ എതിരാളിയുടെ മുഖത്ത് പതിപ്പിക്കുമായിരുന്നു.

യുവ ചാമ്പ്യനെക്കുറിച്ച് കാണികൾക്കും ആരാ‍ധകർക്കുമുള്ള പ്രതീക്ഷകളും മാനം മുട്ടെ ഉയർന്നു. മൈക്ക് ടൈസൺ ലോകത്തെ എല്ലാ ഹെവി വെയ്റ്റ് ജേതാക്കളെയും തോൽപ്പിക്കുവാനായി യാത്ര തിരിച്ചു. 1987 മാർച്ച് 7-നു നെവാദയിലെ ലാസ് വെഗാസിൽ വെച്ച്‍ മൈക്ക് ടൈസൺ ജയിംസ് ബോൺക്രഷർ സ്മിത്ത് എന്ന ആളെ തോൽപ്പിച്ച് തന്റെ ഹെവി വെയ്റ്റ് പട്ടം നില നിർത്തി. റെഫെറിമാരുടെ ഒരുമിച്ചുള്ള തീരുമാനത്തിൽ വിജയിച്ച മൈക്ക് ടൈസൺ സ്മിത്തിന്റെ ഡബ്ല്യു.ബി.എ. പട്ടവും തന്റെ പട്ടത്തോട് കൂട്ടിച്ചേർത്തു. മാ‍ധ്യമങ്ങളിൽ ടൈസൺ മാനിയ കലശലായി. പിങ്ക്ലൺ തോമസ് എന്നയാളെ മെയ് മാസത്തിൽ ആറാം റൌണ്ടിൽ ഒരു നോക്കൌട്ടിലൂടെ മൈക്ക് ടൈസൺ പരാജയപ്പെടുത്തി. ഓഗസ്റ്റ് 1-നു അദ്ദേഹം ടോണി ടക്കറെ തോൽപ്പിച്ച് ഐ.ബി.എഫ് പട്ടം കരസ്ഥമാക്കി. മൂന്നു പ്രധാന ഹെവി വെയ്റ്റ് പട്ടങ്ങളും ഒരേ സമയം നേടുന്ന ആദ്യത്തെ ബോക്സർ ആയി മൈക്ക് ടൈസൺ മാറി. (ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.സി, ഐ.ബി.എഫ് എന്നീ പട്ടങ്ങൾ). 1987-ലെ മൈക്ക് ടൈസണിന്റെ മറ്റൊരു മത്സരം 1984-ലെ ഒളിമ്പിക്സ് ചാമ്പ്യൻ ആയ ടൈറൽ ബിഗ്സ് എന്ന ബോക്സറുമായി ആയിരുന്നു. ഈ പ്രശസ്തമായ പ്രകടനത്തിൽ ടൈസൺ 7-ആം റൌണ്ടിൽ ഒരു നോക്കൌട്ടിലൂടെ മത്സരം വിജയിച്ചു.

ടൈസൺ 1988-ൽ മൂന്നു തവണ മത്സരിച്ചു. പ്രായം ആയെങ്കിലും അങ്കത്തിനു തയ്യാറായ ലാറി ഹോമ്സിനെ ജനുവരി 22-നു മൈക്ക് ടൈസൺ തോല്പിച്ചു. പ്രശസ്തനായ ഈ മുൻ ചാമ്പ്യനെ 4-ആം റൌണ്ട് നോക്കൌട്ടിലൂടെയാണ് മൈക്ക് ടൈസൺ തോൽപ്പിച്ചത്. 75 പ്രൊഫഷണൽ മത്സരങ്ങളിൽ ഹോംസ് ഏറ്റുവാങ്ങിയ ഏക നോക്കൌട്ടായിരുന്നു ഇത്. ടൈസൺ പിന്നീട് ടോണി റ്റബ്സ് എന്നയാളെ മാർച്ചിൽ ടോക്യോയിൽ വെച്ച് തന്റെ പട്ടം നിലനിർത്തുന്നതിനായി നേരിട്ടു. എളുപ്പത്തിൽ ഒരു രണ്ടാം റൌണ്ട് വിജയത്തിലൂടെ ടൈസൺ തന്റെ പട്ടം നിലനിർത്തി.

1988 ജൂൺ 27-നു ടൈസൺ മൈക്കൽ സ്പിങ്ക്സ് എന്ന ബോക്സറെ നേരിട്ടു. ഒരു 15 റൌണ്ട് മത്സരത്തിലൂടെ ലാറി ഹോംസിനെ തോൽപ്പിച്ച് പട്ടം കരസ്ഥമാക്കിയ സ്പിങ്ക്സിന് ഗോദയിൽ വെച്ച് ഒരിക്കലും തന്റെ പട്ടം നഷ്ടമായിരുന്നില്ല. ഹോംസിനെ തോൽപ്പിച്ച് അദ്ദേഹം നേടിയ ഐ.ബി.എഫ് പട്ടം സ്പിങ്ക്സിൽ നിന്ന് പിൽക്കാലത്ത് തിരിച്ചു വാങ്ങി എങ്കിലും പലരും (റിങ്ങ് മാഗസിൻ ഉൾപ്പെടെ) അദ്ദേഹത്തെ ഒരു യഥാർത്ഥ ഹെവി വെയ്റ്റ് ചാമ്പ്യൻ ആയി കരുതുന്നു. ഈ ഒരു ആശയക്കുഴപ്പം ഒന്നാം റൌണ്ടിലെ (1 മിനിറ്റ് 31 സെക്കന്റ് സമയം മാത്രം മത്സരം നീണ്ടപ്പോൾ) ഒരു മാരകമായ നോക്കൌട്ടിലൂടെ സ്പിങ്ക്സിനെ പരാജയപ്പെടുത്തി ടൈസൺ തീർത്തു. ടൈസണിന്റെ മത്സര ജീവിതത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായി ഈ മത്സരം കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. SI article on Mike Tyson. Sportsillustrated.cnn.com (September 9, 1991). Retrieved on November 25, 2011.
  2. Boyd, Todd (2008). African Americans and Popular Culture. ABC-CLIO. p. 235. ISBN 9780313064081. Retrieved September 12, 2012. 
"https://ml.wikipedia.org/w/index.php?title=മൈക്ക്_ടൈസൺ&oldid=2785472" എന്ന താളിൽനിന്നു ശേഖരിച്ചത്