മൈക്കോപ്ലാസ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Mycoplasma
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Mycoplasma

Nowak 1929
Species

M. gallisepticum
M. genitalium
M. hominis
M. hyopneumoniae
M. laboratorium
M. ovipneumoniae
M. pneumoniae
M. haemofelis
etc.

മൈക്കോപ്ലാസ്മ

മനുഷ്യരിലുൾപ്പെടെ മിക്ക ജന്തുക്കളിലും നിരവധി രോഗങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ സൂക്ഷ്മബാക്ടീരിയാ രൂപമുള്ള ജീവികളാണ് മൈക്കോപ്ലാസ്മ. അറിയപ്പടുന്നവയിൽ ഏറ്റവും ചെറിയ ജീവജാലങ്ങളാണിവ. ബാക്ടീരിയ ജീനസ്സിലാണ് ഇവ ഉൾപ്പെടുന്നത്. പ്രോകാരിയോട്ടിക് കോശതലമുള്ള ഇവ ഏകകോശജീവികളും കോശസ്തരം, ഡി.എൻ.എ, ആർ.എൻ.എ എന്നിവ ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ഇവയ്ക്ക് കോശഭിത്തിയില്ല.[1] അതിനാൽ കോശഭിത്തിയെ നശിപ്പിക്കുന്ന പെനിസിലിൻ, ബീറ്റാ ലാക്ടം എന്നീ ആന്റിബയോട്ടിക്കുകൾക്ക് ഇവ വഴങ്ങുന്നില്ല. മറ്റുകോശങ്ങളുടെ അസാന്നിദ്ധ്യത്തിലും സ്വതന്ത്രവളർച്ചയും വിഭജനവും കാണിക്കുന്ന ഇവ ബഹുരൂപ വൈവിദ്ധ്യം (Pleomorphic colony) കാണിക്കുന്നു. കൃത്രിമവളർച്ചാമാദ്ധ്യമങ്ങളുടെ സ്വഭാവമനുസരിച്ച് ഗോളാകൃതിയിലും ശാഖകളായുള്ളതും നക്ഷത്രരൂപമുള്ളതും നിയതരൂപമില്ലാത്തതുമായ കോളനികളെ ഇവ സൃഷ്ടിക്കുന്നു. എന്നാൽ ബാക്ടീരിയകളിൽ നിന്നും ഇവ ചിലവ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നു.[2]

  • ബാക്ടീരിയൽ ഫിൽട്ടറുകളിലൂടെ ഇവയെ അരിച്ചെടുക്കാവുന്നതാണ്.
  • കോശഭിത്തിയോ മീസോസോമുകളോ ഇവയ്ക്കില്ല.
  • പെനിസിലിൻ പെലുള്ള ആന്റിബയോട്ടിക്കുകളോട് ഇവ പ്രതിരോധം കാണിക്കുന്നു.
  • ഇവയുടെ ഉപാപചയപ്രവർത്തനങ്ങളിൽ കടന്ന് ടെട്രാസൈക്ലിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ ഇവയുടെ വളർച്ചയെ തടയുന്നു.

കണ്ടെത്തൽ[തിരുത്തുക]

ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഇ.നോകാർഡ്, ഇ.ആർ. റൂക്സ് എന്നിവരാണ് 1898 ൽ ബൊവൈൻ പ്ലൂറോന്യുമോണിയ എന്ന രോഗബാധയേറ്റ കന്നുകാലികളുടെ ശ്വാസകോശോപരിതലസ്തരമായ പ്ലൂറകൾക്കിടയിലെ പ്ലൂറാദ്രവം പഠിക്കവേ കണ്ടെത്തിയത്. ആട്, നായ്ക്കൾ, എലികൾ, മനുഷ്യർ എന്നിവരിൽ പിന്നീട് ഇവയെ കണ്ടെത്താൻ കഴിഞ്ഞതോടെ പ്ലൂറഓന്യുമോണിയ ലൈക്ക് ഓർഗനിസം അഥവാ PPLO എന്ന പേര് ഇവയ്ക്ക ലഭിച്ചു. 1929ൽ നോവാക്ക് എന്ന ശാസ്ത്രജ്ഞൻ മൈക്കോപ്ലാസ്മ എന്ന ജീനസ്സിൽ ഇവയെ ഉൾപ്പെടുത്തി. 1969ൽ ഡബ്ല്യൂ.ബി.ഐറ്റേഴ്സൺ ഇവയെ ബാക്ടീരിയകളിലെ മൈക്കോപ്ലാസ്മറ്റേഷ്യേ(Mycoplasmataceae) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇപ്പോൾ മോളിക്ക്യൂട്ട്സ് (Mollicutes) എന്ന ജീനസ്സിലാണ് ഇവയെ ഉൾപ്പെടുത്തിയിരികകുന്നത്. മൈക്കോപ്ലാസ്മറ്റേയ്ൽസ് (Mycoplasmatales) എന്ന ഓർഡറിൽ മൈക്കോപ്ലാസ്മറ്റേഷ്യേ(Mycoplasmataceae) എന്ന ഒരേയൊരു ഫാമിലിയിൽ രണ്ടുജീനസ്സുകളിൽ (Mycoplasma യും Ureaplasma) മൈക്കോപ്ലാസ്മയിൽ ഇവയുൾപ്പെടുന്നു.

സ്വഭാവം[തിരുത്തുക]

സ്വതന്ത്രജീവനം നടത്തുന്ന, മൃതഭോജികളോ(Saprophytes) പരാന്നഭോജികളോ (parasites)ആണ് മൈക്കോപ്ലാസ്മകൾ. ഉദാഹരണമായി Mycoplasma laidlawii മൃതഭോജിയും Mycoplasma gallisepticum ശ്വാസകോശങ്ങളിലെ കോശങ്ങളിൽ പരാദങ്ങളായി വസിക്കുന്നവയാണ്.

ഘടന[തിരുത്തുക]

ഇവയ്ക്ക് 0.25 മുതൽ 0.1 മില്ലി മൈക്രോൺ വരെ വ്യാസമുണ്ട്. ചിലയിനം വലിയ വൈറസുകളുടെ വലിപ്പമാണിവയ്ക്ക്. 75 ആംസ്ട്രോങ് കനമുള്ള പ്ലാസ്മാസ്തരം അഥവാ കോശസ്തരം ഇവയുടെ ഗോളരൂപശരീരത്തിനുപുറത്തുകാണപ്പെടുന്നു. ഇവയ്ക്ക് കോശഭിത്തിയില്ല. ഡി.എൻ.എയും റൈബോസോമുകളുമാണ് മൈക്രോസ്കോപ്പിക് നിരീക്ഷണത്തിലൂടെ നിയതമായി കാണാവുന്നത്. നീളമുള്ളതോ വൃത്താകരാമായതോ ആയ ഇരട്ട ഗോവണിരൂപമാണ് ഡി.എൻ.എയ്ക്ക്. 50 മുതൽ 100 വരെ 70S റൈബോസോമുകൾ ഇവയിൽ കാണപ്പെടുന്നു. റൈബോസോമുകൾ നിരവധി കൂടിച്ചേർന്ന് പോളിസോം (Polysome) ശൃംഖലയായും കാണപ്പെടുന്നു. മറ്റ് കോശാന്തര സ്തരഘടനകളൊന്നും ഇവയ്ക്കില്ല. ഡി.എൻ.എ വിഭജനത്തിനാവശ്യമായ നിരവധി രാസാഗ്നികൾ ഇവയിലുണ്ട്. എന്നാൽ ഇവയുടെ ഡി.എൻ.എ വിഭജനത്തിന് ആതിഥേയകോശങ്ങളാവശ്യമില്ല. UGA എന്ന ജനിതകകോഡ് ഇവയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോഅമ്ലത്തെ ഉത്പാദിപ്പിക്കുന്നു.(Opal code അല്ല). ജീനോം ഷോട്ട്ഗൺ രീതിയ്ക്ക് പകരമായി ആദ്യമായി ഒരു കോസ്മിഡ് ലൈബ്രറിയുടെ പ്രൈമർ വാക്കിംഗ്(primer walking) വഴി ജനിതകകോഡ് അനാവരണം ചെയ്തത് മൈക്കോപ്ലാസ്മ ന്യൂമോണിയയുടേതാണ്.

പ്രത്യുൽപ്പാദനം[തിരുത്തുക]

ദ്വിവിഭജനം(binary fission), മുകുളനം(budding), രേണുക്കളുടെ ഉത്പാദനം(spore formation) എന്നിവയിലൂടെ ഇവ പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു.

രോഗങ്ങൾ[തിരുത്തുക]

മനുഷ്യരിൽ ന്യൂമോണിയയ്ക്ക് സമാനമായ രോഗമാണ് ഇവയുണ്ടാക്കുന്നത്. പനി, ചുമ, ബ്രോങ്കൈറ്റിസ്, മധ്യകർണ്ണത്തിലെ രോഗബാധ എന്നിവയാണ് സ്വാഭാവിക ലക്ഷണങ്ങൾ. എറിത്രോമൈസിൻ, ക്ലാറിത്രോമൈസിൻ, അസിത്രോമൈസിൻ എന്നീ ആന്റിബയോട്ടിക്കുകൾ ഇവയെ പ്രതിരോധിക്കുന്നു.

അവലംബം[തിരുത്തുക]

  1. Ryan KJ, Ray CG (editors) (2004). Sherris Medical Microbiology (4th ed.). McGraw Hill. pp. 409–12.
  2. Cell Biology, Genetics, Molecular Biology, Evolution and Ecology, PS Verma, VK Agarwal, S. Chand Publications, 2008, page:49-50
"https://ml.wikipedia.org/w/index.php?title=മൈക്കോപ്ലാസ്മ&oldid=1364814" എന്ന താളിൽനിന്ന് ശേഖരിച്ചത്