Jump to content

മൈക്കിൾ സീഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1933 മാർച്ച് 10ന് ഡോ.മൈക്കിൾ സീഗലിനെ നാസി പോലീസുകാർ നഗ്നപാദനായി മ്യൂണിക്കിലൂടെ നടത്തുന്നു. ഹൈന്റിച്ച് സാൻഡെൻ എന്ന പ്രൊഫഷണൽ ഫോട്ടോഗ്രഫർ എടുത്ത ചിത്രം.

നാസി ജർമനിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു ഡോ.മൈക്കിൾ സീഗൽ(1882- 15 മാർച്ച് 1979[1]).നാസി ഭരണത്തിന്റെ ആരംഭ കാലത്ത് തന്റെ ജൂതനായ കക്ഷിയ്ക്ക് വേണ്ടി മ്യൂണിക്ക് പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ പോയ സീഗലിനെ നാസി പോലീസ് അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. “ഞാൻ ജൂതനാണ്, പക്ഷെ ഇനി ഒരിക്കലും ഞാൻ പോലീസിൽ പരാതിപ്പെടില്ല"(Ich bin Jude aber ich will mich nie mehr bei der Polizei Beschweren) എന്നെഴുതിയ പോസ്റ്ററുമായി അദ്ദേഹത്തെ മ്യൂണിക്ക് തെരുവിലൂടെ നടത്തി. ഈ സംഭവത്തിന്റെ ഫോട്ടോ ലോകമെമ്പാടും ജർമനിയിൽ നടക്കുന്ന ജൂതവേട്ടയുടെ പ്രതീകമായി പ്രചരിച്ചു. [2][3]

സംഭവം[തിരുത്തുക]

മാർച്ച് 9 1933ന് മ്യൂണിക്കിന്റെ മുനിസിപ്പൽ നിയന്ത്രണം നാസികൾ ഏറ്റെടുത്തു. പൌരാവകാശങ്ങൾ മറ്റൊരു അറിയിപ്പുവരെ നിർത്തലാക്കുന്നതായി അറിയിപ്പുണ്ടായി. മാക്സ് ഉഫെൽഡർ(Herr Max Uhlfelder) എന്ന ജൂത വ്യാപാരിയുടെ 1000 ജീവനക്കാർ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർക്കപ്പെട്ടു. മറ്റ് 280 ജൂതരോടൊപ്പം മാക്സ് കരുതൽ തടങ്കലിലാക്കപ്പെട്ടു. [4]

പരിഭ്രാന്തയായ മാക്സിന്റെ ഭാര്യ സുഹൃത്തും അഭിഭാഷകനുമായ മൈക്കിൾ സീഗളിനെ ബന്ധപ്പെട്ട് തന്റെ ഭർത്താവിനെ മോചിപ്പിക്കാനുള്ള ശ്രമം ആരംഭിക്കാൻ ആവശ്യപ്പെട്ടു. 10 മാർച്ച് 1933ന് രാവിലെ സീഗൾ തന്റെ കക്ഷിയുടെ പൌരാവകാശങ്ങൾ ലംഘിക്കപ്പെട്ടതായി പരാതിപ്പെടാൻ മ്യൂണിക്ക് പോലീസ് ആസ്ഥാനത്ത് എത്തി. പോലീസ് അദ്ദേഹത്തെ പ്രതീക്ഷിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു അഭിമുഖമുറിയിലെത്തിച്ചു. അവിടെ സീഗളിനെ നേരിട്ടത് ഹെയ്ൻറിച്ച് ഹിംലർ മ്യൂണിക്കിൽ പുതുതായി നിയമിച്ച നാസി എസ് എ(SA- Sturm Abteilung) ഓഫീസർമാരായിരുന്നു. [5][6]

എസ് എ യുടെ മർദ്ദനത്തിൽ സീഗളിന്റെ മുൻ പല്ലുകൾ നഷ്ടപ്പെടുകയും ഒരു ചെവിക്കല്ല് പൊട്ടുകയും ചെയ്തു. അദ്ദേഹത്തിനെ ഷൂസ് നീക്കം ചെയ്യുകയും കാലുറകൾ പകുതിയായി മുറിക്കുകയും ചെയ്തു. ദേഹമാകെ പരിക്കുകളോടെ ചോരയിൽക്കുളിച്ച സീഗളിന്റെ കഴുത്തിൽ ഞാൻ ഇനി ഒരിക്കലും പോലീസിൽ പരാതിപ്പെടില്ല എന്ന പോസ്റ്ററുമായി നഗ്നപാദനായി തെരുവിലൂടെ നടത്തിച്ചു. ഏഴ് നാസി ഓഫീസർമാർ അദ്ദേഹത്തെ മ്യൂണിക്കിലെ ഇടവഴികളിലൂടെയും നഗര ചത്വരത്തിലൂടെയും പ്രധാന റെയില്വേസ്റ്റേഷൻ വരെ എത്തിച്ചു. അവിടെവെച്ച് നാസികൾ കൊലവിളികളോടെ മടങ്ങിപ്പോയി. [7][8]

ഫോട്ടോ[തിരുത്തുക]

ഇതേ സംഭവം, വേറൊരു സ്ഥാനത്ത് നിന്ന് സാൻഡൻ പകർത്തിയ ചിത്രം

ഹൈന്റിച്ച് സാൻഡെൻ(Heinrich Sanden) എന്ന് പേരായ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ തന്റെ ക്യാമറയിൽ 9×12 പ്ലേറ്റുകൾ ഉപയോഗിച്ച് ഈ സംഭവത്തിന്റെ 2 ഫോട്ടോകൾ 2 സ്ഥാനങ്ങളിൽ നിന്ന് എടുത്തു. സംഭവസ്ഥലത്ത് നിന്ന് സീഗൽ പോകുന്നതിന് തൊട്ടു മുൻപ് താനെടുത്ത ഫോട്ടോകളെക്കുറിച്ച് സാൻഡെൻ അദ്ദേഹത്തെ അറിയിക്കുകയും അവ പ്രസിദ്ധീകരിക്കാൻ സമ്മതം വാങ്ങുകയും ചെയ്തു.[9] എന്നാൽ പ്രാദേശിക പത്രങ്ങളൊന്നും ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. പ്ലേറ്റുകൾ കൈവശം വെക്കുന്നത് തനിക്ക് അപകടമാണെന്ന് മനസ്സിലാക്കിയ സാൻഡെൻ അമേരിക്കൻ പ്രസ്സ് ഏജൻസിയുടെ ബെർലിൻ പ്രതിനിധിയുമായി ബന്ധപ്പെട്ട് അവ വില്പന ചെയ്തു.

അമേരിക്കൻ പ്രസ്സ് വാഷിങ്ടണിലെ ഓഫീസിൽ വെച്ച് ഫോട്ടോകൾ പരിശോധിച്ചപ്പോൾ സീഗലിന്റെ കഴുത്തിൽ തൂക്കിയ ബോർഡിലെ എഴുത്ത് സാൻഡൻ ഉപയോഗിച്ച ക്യാമറയുടെയും ലെൻസിന്റെയും അദ്ദേഹം നിന്നിരുന്ന സ്ഥാനത്തിന്റെയും പരിമിതികൾ മൂലം വ്യക്തമല്ലായിരുന്നു. തുടർന്ന് ഫോട്ടോഗ്രാഫറുമായി ബന്ധപ്പെട്ട് ബോർഡിന്റെ ഉള്ളടക്കം വ്യക്തമാകുന്ന രീതിയിൽ ഫോട്ടോയിൽ വ്യതിയാനങ്ങൾ വരുത്തുകയായിരുന്നു. വാഷിങ്ങ്ടൻ പോസ്റ്റിൽ 23 മാർച്ച് 1933ന് ഈ ചിത്രം ആദ്യമായി അച്ചടിക്കപ്പെട്ടു. പിന്നീട് ലോകമെമ്പാടും പലതവണ പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. [10]

പിൽക്കാല ജീവിതവും അംഗീകാരങ്ങളും[തിരുത്തുക]

ജൂതവിരോധത്തിന്റെയും ആക്രമണങ്ങളുടെയും ഇടയിൽ പിന്നെയും ഏറെക്കാലം മൈക്കിൾ സീഗൾ മ്യൂണിക്കിൽ തന്നെ തുടർന്നു. 1938ൽ ചില്ലുകൾ തകർത്ത രാത്രിക്ക് മുൻപ് ലക്സംബർഗിലേക്ക് പോയെങ്കിലും ആഴ്ചകൾക്ക് ശേഷം തിരിച്ചു വന്നു. 1939ൽ സീഗൽ കുടുംബം വീടുപേക്ഷിച്ച് മറ്റൊരു താമസ സൌകര്യം കണ്ടെത്തി. സീഗലിന്റെ മകൻ വിദ്യാർഥി വിസയിലും മകൾ കിൻഡർട്രാസ്പോർട്ട് ട്രെയിനിലും(‘Kindertransport) ഇംഗ്ലണ്ടിലെത്തി[11].1940ൽ സീഗൽ ഭാര്യയോടൊപ്പം പെറുവിൽ രാഷ്ട്രീയ അഭയം തേടി.

പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഒരു പുസ്തകശാലയിൽ ജോലി ചെയ്ത ഡോ. സീഗൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജൂത അഭയാർഥികൾക്കായി നിരന്തരം പ്രവർത്തിച്ചു. ജർമനി 3 സെപ്റ്റംബർ 1953ൽ ആരംഭിച്ച ഗ്രാൻഡ് ക്രോസ് ഓഫ് മെറിറ്റ് ഓഫ് ദ ജെർമൻ റിപ്പബ്ലിക്ക് എന്ന പുരസ്കാരം 1971 ൽ 'രാജ്യത്തിനും ജനങ്ങൾക്കുമായി ചെയ്ത വിശിഷ്ടമായ സേവനത്തെ' ബഹുമാനിച്ച് ഡോ.മൈക്കിൾ സീഗലിന് സമ്മാനിച്ചു. 1979 മാർച്ച് 15ന് ലിമയിൽ വെച്ച് 97ആം വയസ്സിൽ സീഗൽ മരണമടഞ്ഞു. [12][13]

അവലംബങ്ങൾ[തിരുത്തുക]

 1. https://commons.wikimedia.org/wiki/File:Bundesarchiv_Bild_183-R99542,_M%C3%BCnchen,_Judenverfolgung,_Michael_Siegel.jpg
 2. https://www.bbc.com/news/education-42733172
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-28. Retrieved 2018-06-23.
 4. https://motl.org/the-photo-that-alerted-the-world/
 5. https://motl.org/the-photo-that-alerted-the-world/
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-28. Retrieved 2018-06-23.
 7. https://motl.org/the-photo-that-alerted-the-world/
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-28. Retrieved 2018-06-23.
 9. https://motl.org/the-photo-that-alerted-the-world/
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-28. Retrieved 2018-06-23.
 11. https://www.bbc.com/news/education-42733172
 12. https://motl.org/the-photo-that-alerted-the-world/
 13. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-02. Retrieved 2018-06-23.
"https://ml.wikipedia.org/w/index.php?title=മൈക്കിൾ_സീഗൽ&oldid=3807426" എന്ന താളിൽനിന്ന് ശേഖരിച്ചത്