മേരി ഹെയിം-വോഗ്റ്റ്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഹെയിം-വോഗ്റ്റ്ലിൻ
മേരി ഹെയിം-വോഗ്റ്റ്ലിൻ 1915ൽ.

മേരി ഹെയിം-വോഗ്റ്റ്ലിൻ (ജീവിതകാലം: 7 ഒക്ടോബർ 1845 ബോസനിൽ - 7 നവംബർ 1916 സൂറിച്ചിൽ) ആദ്യത്തെ വനിതാ സ്വിസ് ഫിസിഷ്യനും എഴുത്തുകാരിയും ആദ്യത്തെ സ്വിസ് ഗൈനക്കോളജിക്കൽ ആശുപത്രിയുടെ സഹസ്ഥാപകയുമായിരുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

ബോസെനിലെ ഒരു പാതിരിയുടെ മകളായി ജനിച്ച മേരി വോഗ്റ്റ്ലിൻ റൊമാൻഡി, സൂറിച്ച് എന്നിവിടങ്ങളിൽനിന്ന് സ്വകാര്യ വിദ്യാഭ്യാസം നേടി. 1867-ൽ വൈദ്യശാസ്ത്ര വിദ്യാർത്ഥിയായിരുന്ന അവളുടെ പ്രതിശ്രുതവരൻ അവരുമായുള്ള വിവാഹനിശ്ചയത്തിൽനിന്ന് പിന്തിരിഞ്ഞു. പകരം അയാൾ  യൂറോപ്പിലെ ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്ന നദെഷ്ദ സുസ്ലോവയെ വിവാഹം കഴിച്ചു. മറുപടിയായി, പിതാവിന്റെ അർദ്ധ മനസോടെയുള്ള പിന്തുണയോടെ, വോഗ്റ്റ്ലിൻ അക്കാലത്ത് യൂറോപ്പിലെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് ആദ്യത്തെ മെഡിക്കൽ ഫാക്കൽറ്റിയായ സൂറിച്ച് സർവ്വകലാശാലയിൽ വൈദ്യശാസ്ത്ര പഠനത്തിന് സ്വയം അപേക്ഷിച്ചു. മുമ്പ് സുസ്ലോവയെപ്പോലുള്ള കുറച്ച് "ധിക്കാരികളായ" വിദേശ വനിതകൾ മാത്രമേ അവിടെ കലാലയ പ്രവേശനം  ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതിനാൽ ഈ സംഭവം  ഒരു ദേശീയ അപകീർത്തിയായി കണക്കാക്കപ്പെട്ടു.[1]

സർവ്വകലാശാലയിൽ, വോഗ്റ്റ്ലിനും അവളുടെ ഏതാനും  സഹ വിദ്യാർത്ഥിനികളും ഫാക്കൽറ്റിയുടെ പ്രത്യേക പിന്തുണയിൽ നിന്ന് പ്രയോജനം നേടിയെങ്കിലും, പല യാഥാസ്ഥിതികരും സ്ത്രീകളുടെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തെ ലജ്ജാകരവും സമയം പാഴാക്കുന്നതുമാണെന്ന് അപലപിച്ചു.[2] വോഗ്റ്റ്ലിൻ ബഹുമതികളോടെ പരീക്ഷകളിൽ വിജയിച്ചതിന് ശേഷം,[3] ലെപ്സിഗിൽ ഗൈനക്കോളജി പഠിക്കുകയും ഡ്രെസ്ഡൻ നഗരത്തിൽ ഒരു പ്രസവ വാർഡിൽ ജോലിയിലേർപ്പെടുകയും ചെയ്തു. 1874 ജൂലൈ 11 ന്, പ്രസവത്തിൽ സ്ത്രീ ജനനേന്ദ്രിയത്തിന്റെ അവസ്ഥ എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു പ്രബന്ധത്തിലൂടെ അവൾ സൂറിച്ചിൽനിന്ന് ഡോക്ടറേറ്റ് നേടി. സൂറിച്ചിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് അവളുടെ പിതാവിന്റെ ഇടപെടൽ അനിവാര്യമായിരുന്നു.

പ്രൊഫഷണൽ, കുടുംബ ജീവിതം[തിരുത്തുക]

അവളുടെ പരിശീലനകാലത്ത് ആദ്യം ഏതാനും ഉപഭോക്താക്കൾ മാത്രമാണ് അവരുടെ സേവനം ഉപയോഗിപ്പെടുത്തിയിരുന്നതെങ്കിലും വോഗ്‌റ്റ്‌ലിൻ താമസംവിനാ കഴിവുള്ള ഒരു വൈദ്യനെന്ന  ഖ്യാതി നേടുകയും പാവപ്പെട്ട സ്ത്രീകളോടുള്ള ഔദാര്യം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

1875-ൽ, വിവാഹശേഷവും ജോലിയിൽ തുടരാൻ അനുവാദിക്കുമെന്ന് (അന്നത്തെ നിയമം അനുസരിച്ച്) ഉറപ്പ് നേടിയ ശേഷം അവൾ പ്രശസ്ത ജിയോളജിസ്റ്റ് ആൽബർട്ട് ഹെയ്മിമിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് അർനോൾഡ്, ഹെലിൻ എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു, കൂടാതെ ഒരു വളർത്തുകുട്ടിയെ പരിപാലിക്കുകയും ചെയ്തു. 1916-ൽ മേരി ഹെയിം-വോഗ്റ്റ്ലിൻ ശ്വാസകോശ രോഗത്തെ തുടർന്ന് മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. Müller (Libernensis).
  2. Müller (Libernensis).
  3. Ogilvie.
"https://ml.wikipedia.org/w/index.php?title=മേരി_ഹെയിം-വോഗ്റ്റ്ലിൻ&oldid=3941394" എന്ന താളിൽനിന്ന് ശേഖരിച്ചത്