മേരി റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മേരി റോയ്
ജനനം1933
തൊഴിൽസാമൂഹ്യപ്രവർത്തക
സജീവ കാലം1970 – തുടരുന്നു
അറിയപ്പെടുന്നത്1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തിനെതിരെ നടത്തിയ കേസ്
പങ്കാളി(കൾ)രാജീബ് റോയ്
കുട്ടികൾലളിത് റോയ്, അരുന്ധതി റോയ്
Parent(s)പി.വി ഐസക്

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരി അരുന്ധതി റോയുടെ അമ്മയുമാണ് മേരി റോയ്[1]. 1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ്‌ ഇവർ ശ്രദ്ധേയയായത്. ആ നിയമം അസാധുവാണെന്ന് ഈ കേസിൽ സുപ്രീംകോടതി 1986-ൽ വിധിച്ചു[2][1].

ജീവിതരേഖ[തിരുത്തുക]

കോട്ടയത്തെ ആദ്യ സ്കൂളുകളിലൊന്നായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ പേരക്കുട്ടിയും പി.വി ഐസക്കിന്റെയും മകളായി 1933-ൽ ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും ബിരുദത്തിന് ചെന്നൈ ക്വീൻ മേരീസിലുമാണ് പഠിച്ചത്. ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെയാണ് മേരി വിവാഹം കഴിച്ചത്. ലളിത് റോയ് അരുന്ധതി റോയുമാണ് മക്കൾ. അഭിനേത്രിയായ മറിയാ റോയ് കൊച്ചു മകളാണ്[3]. ഇപ്പോൾ ഒരു ആം ആദ്മി പാർട്ടി പ്രവർത്തക കൂടിയാണ് മേരി റോയ്[4]

തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയിൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്ക് 1966-ൽ ഇഷ്ടദാനമായി നൽകിയിരുന്നു. ആ വീട് വിറ്റ് 1967-ൽ കോട്ടയത്ത് കോർപ്പസ് ക്രിസ്റ്റി ഹൈ സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബേക്കറിനായിരുന്നു സ്കൂളിന്റെ നിർമ്മാണ ചുമതല. തുടക്കത്തിൽ, മേരിയും മക്കളും ലാറി ബേക്കറുടെ മകളും ഉൾപ്പെടെ ഏഴുപേ രാണ് സ്കൂൾ നടത്തിപ്പിൽ ഉണ്ടായിരുന്നത്. സ്കൂൾ കോമ്പൗണ്ടിലെ കോട്ടേജിൽ തന്നെ താമസിച്ചായിരുന്നു അക്കാലത്ത് ഇവർ സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്. ഇന്ന്, പള്ളിക്കൂടം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപികയും മേരിതന്നെയാണ്.

നിയമ പോരാട്ടം[തിരുത്തുക]

വിവാഹാനന്തരം ആസമിലായിരുന്നു മേരി താമസിച്ചത്. അവിടെ, ഒരു തേയിലത്തോട്ടത്തിൽ മാനേജരായിരുന്നു രാജീബ് റോയ്. പിന്നീട്, രാജീബ് റോയുടെ അമിതമായ മദ്യപാനം മൂലം ദാമ്പത്യം പാതിവഴിയിൽ ഉപേക്ഷിച്ച് മേരി തന്റെ മുപ്പതാം വയസ്സിൽ രണ്ട് മക്കളുമായി ഊട്ടിയിലുള്ള പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിൽ താമസം തുടങ്ങി. ഇതോടെയാണ് തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാനിയമത്തിനെതിരെയുള്ള സുപ്രധാനമായ ആ നിയമ പോരാട്ടം ആരംഭിച്ചത്[1].

അപ്പന്റെ വീട് മേരി കൈവശ പ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരൻ ജോർജ്, ആ വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് മേരിയോട് ആവശ്യപ്പെട്ടു. എന്നാൽ, മേരി അതിന് തയ്യാറായില്ല. തുടർന്ന്, ജോർജ് ഗുണ്ടകളുമായെത്തി അവരെ ആ വീട്ടിൽ നിന്നും ബലമായി ഇറക്കി വിട്ടു. ഇതേത്തുടർന്നാണ്, 1916-ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. 1960കളുടെ പാതിയോടെ കീഴ്കോടതികളിൽ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984-ൽ സുപ്രീംകോടതിയുടെ മുൻപിലെത്തി. 1986-ൽ, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വിൽപ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശമെന്ന ക്രിസ്ത്യൻ പുരുഷസമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്[1].

സ്വത്ത് തിരികെ നൽകൽ[തിരുത്തുക]

കേസ് പറഞ്ഞു കിട്ടിയ ഭൂമി തങ്ങൾക്കു വേണ്ടെന്ന മകൻ ലളിത് റോയിയുടെയും മകൾ അരുന്ധതി റോയിയുടെയും അഭിപ്രായത്തെത്തുടർന്ന് അത് സഹോദരന് തന്നെ തിരിച്ച് നൽകാൻ മേരി തയ്യാറായി.അങ്ങനെ, പതിറ്റാണ്ടുകൾ നീണ്ട് നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ കോടതി വിധിപ്രകാരം പിതൃസ്വത്തായി തനിക്ക് കോട്ടയത്തെ നാട്ടകത്ത് കിട്ടിയ ഷെയർ സഹോദരന് തന്നെ പതിറ്റാണ്ടുകൾക്ക് ശേഷം മേരി തിരിച്ച് നൽകി[1].

'സ്വന്തം കൂടപ്പിറപ്പിനെതിരേ സുപ്രീംകോടതിവരെ പോയവൾ എന്നൊരു പേരുദോഷം ഉണ്ടായോ' എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്, ‘‘ഞാൻ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്.’’ എന്ന ഉത്തരമാണ് മേരി റോയ് നൽകിയത്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "മേരി റോയി ജ്യേഷ്ഠനോട് പറഞ്ഞു: 'എടുത്തുകൊള്ളുക'". Mathrubhumi. ശേഖരിച്ചത് 20 May 2018.
  2. "പിതൃസ്വത്ത് കേസ്: വിധി മേരി റോയിക്ക് അനുകൂലം". malayalam.webdunia. ശേഖരിച്ചത് 22 October 2010.
  3. "മറിയ റോയ്".
  4. അരുന്ധതി റോയിയുടെ അമ്മ മേരിറോയ് ആം ആദ്മി പാർട്ടിയിൽ

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_റോയ്&oldid=2811949" എന്ന താളിൽനിന്ന് ശേഖരിച്ചത്