മേരിക്കുണ്ടൊരു കുഞ്ഞാട്
"മേരിക്കുണ്ടൊരു കുഞ്ഞാട്" | |
---|---|
Nursery rhyme | |
ഭാഷ | ഇംഗ്ലീഷ് |
ഇംഗ്ലീഷ് തലക്കെട്ട് | Mary Had a Little Lamb |
രചയിതാവ് | യു.എസ്.എ |
പ്രസിദ്ധീകരിച്ചത് | 1830 മേയ് 24 |
ഗാനരചയിതാവ്(ക്കൾ) | Sarah Josepha Hale/John Roulstone |
വളരെ പ്രസിദ്ധമായ ഒരു കുട്ടികവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് (ആഗലേയം Mary had a little lamb)[1]. 1830 -ൽ സാറാ ജോസഫ് ഹേലാണിത് പ്രസിദ്ധീകരിച്ചത്. സാറാ ജോസഫ് ഹേൽ തന്നെയാണ് മുഴുവനായും ഈ കവിത എഴുതിയതെന്നും അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച് ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും പ്രധാനമായി രണ്ട് അഭ്യൂഹങ്ങൾ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മേരി ഹട്സ് എന്നൊരാൾ ഈ അംഗനവാടികവിതയുടെ കർത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും ഇതു സാറാ ജോസഫ് ഹേൽ തന്നെയാണെഴുതിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. 1877 -ൽ തോമസ് ആൽവാ എഡിസൺ താൻ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.
കവിതയുടെ ഇതിവൃത്തം ചുരുക്കത്തിൽ
[തിരുത്തുക]മേരി തന്റെ ജീവനു തുല്യം സ്നേഹിക്കുന്ന ആട്ടിൻകുട്ടിയെ സഹോദരന്റെ അഭ്യർത്ഥന പ്രകാരം പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികൾ മേരിയെ പരിഹസിക്കുകയും ആട്ടിൻകുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക് ഓടിച്ചു വിടുകയും ചെയ്യുന്നു. വൈകുന്നേരം പള്ളിക്കൂടം വിട്ട് മേരി പുറത്തിറങ്ങുന്നതും കാത്ത് ആട്ടിൻ കുട്ടി മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിൻകുട്ടി അടുത്തേക്ക് സ്നേഹത്തോടെ ഓടിയെത്തുന്നു.
കവിതയുടെ മലയാള പരിഭാഷ
[തിരുത്തുക]കവിതയുടെ ഏതാനും വരികൾ
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാൽനുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്
തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോൽ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീടും
കിങ്ങിണി കെട്ടിയ കുഞ്ഞാട്
മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേൽക്കും.
ഒരുനാൾ പള്ളിക്കൂടത്തിൽ
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതൻ പൊടിപൂരം
വെറിയന്മാരാം ചിലപിള്ളേർ
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതിൽ
തള്ളിയടച്ചവർ തഴുതിട്ടൂ
പള്ളിക്കൂടം വിട്ടപ്പോൾ
പിള്ളേരിറങ്ങിനടന്നപ്പോൾ
മേരിവരുന്നതു കണ്ടപ്പോൾ
ഓടിയണഞ്ഞൂ കുഞ്ഞാട് !