Jump to content

മേടം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മേടം (വിവക്ഷകൾ) എന്ന താൾ കാണുക. മേടം (വിവക്ഷകൾ)
മേടം (Aries)
മേടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ari
Genitive: Arietis
ഖഗോളരേഖാംശം: 3 h
അവനമനം: +20°
വിസ്തീർണ്ണം: 441 ചതുരശ്ര ഡിഗ്രി.
 (39-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3, 10
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
67
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ari (ഹമാൽ)
 (2.0m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Teegarden's Star
 (12.6? പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : May Arietids

Autumn Arietids
Delta Arietids
Epsilon Arietids
Daytime-Arietids
Aries-Triangulids

സമീപമുള്ള
നക്ഷത്രരാശികൾ:
വരാസവസ് (Perseus)

ത്രിഭുജം (Triangulum)
മീനം (Pisces)
Cetus
ഇടവം (Taurus)

അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തിൽ ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മേടം. ഇത് രാശിചക്രത്തിൽ ഉൾപ്പെടുന്ന രാശിയായതിനാൽ സൂര്യൻ മലയാളമാസം മേടത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. വരാസവസിന്റെ (Perseus) തെക്കായി ഇത് കാണാം. പടിഞ്ഞാറു ഭാഗത്ത് മീനം (നക്ഷത്രരാശി)യും കിഴക്കു ഭാഗത്ത് ഇടവം (നക്ഷത്രരാശി)യും കാണാം. ആട് എന്നർത്ഥം വരുന്ന മേഷം എന്ന സംസ്കൃത വാക്കിൽ നിന്നാണ് മേടം പേരുണ്ടായത്. ഏറിസ് എന്ന ലാറ്റിൻ വാക്കിനും ആട് എന്നു തന്നെയാണ് അർത്ഥം. ആണ് ഇതിന്റെ ചിഹ്നം. ആടിന്റെ രണ്ട് കൊമ്പുകളെയാണത്രെ ഇത് സൂചിപ്പിക്കുന്നത്.NGC697,NGC772,NGC6972,NGC1156 എന്നീ ഗാലക്സികൾ ഈ നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലാണ്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 രാശികളടങ്ങിയ രാശിപ്പട്ടികയിലും 88 രാശികളടങ്ങിയ ആധുനിക രാശിപ്പട്ടികയിലും മേടം രാശി ഉൾപ്പെടുന്നു. വലിപ്പത്തെ അടിസ്ഥാനമാക്കിയാൽ 441 ചതുരശ്ര ഡിഗ്രി വിസ്താരമുള്ള മേടം 39ാം സ്ഥാനത്താണ് വരുന്നത്.

ചരിത്രം, ഐതിഹ്യം

[തിരുത്തുക]

ബാബിലോണിയക്കാരുടെ നക്ഷത്ര കാറ്റലോഗ് ആയ മുൽ.ആപിനിൽ മേടത്തെ ക്രാന്തിവൃത്തത്തിലെ അവസാനരാശിയായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കർഷകൻ, കൂലിപ്പണിക്കാരൻ എന്നെല്ലാം അർത്ഥം വരുന്ന മുൽലു.ഹൻ.ഗാ എന്ന പേരാണ് അവർ ഉപയോഗിച്ചിരുന്നത്.[1] ബി.സി.ഇ. 12,11 നൂറ്റാണ്ടുകളിൽ മഹാവിഷുവം കാർത്തികയിലായിരുന്നതായി മുൽ.ആപിനിൽ കാണുന്നു. 1350 - 1000 ബി.സി.ഇ.യിലായിരിക്കും ഈ ഗണത്തിന്റെ ചിത്രീകരണത്തിൽ മാറ്റം വരികയും ആട് എന്നർത്ഥം വരുന്ന മുലുഡു.നിറ്റ എന്ന പേര് സ്വീകരിക്കുകയും ചെയ്തത് എന്നു കരുതുന്നു. ഇത് ബാബിലോണിയൻ ഇടയദേവനായ ഡുമുസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു.[2][3]

പുരാതന ഈജിപ്തിൽ മേടം രാശിയെ അമോൺ റാ എന്ന ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ആടിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള അമോൺ റാ ഉർവ്വരതയുടേയും ക്രിയാത്മകതയുടെയും ദേവനാണ്. മഹാവിഷുവസ്ഥാനമായിരുന്നതു കൊണ്ട് സൂര്യന്റെ പുനർജനിക്കുന്ന ഇടമായും മേടം രാശിയെ കണക്കാക്കുന്നു.[4][5]

യൂറോപ്യൻ മദ്ധ്യയുഗത്തിന്റെ ആദ്യകാലങ്ങളിൽ മേടത്തെ ഒരു നക്ഷത്രരാശിയായി പരിഗണിച്ചിരുന്നില്ല.[6] ഗ്രീക്ക് ഐതിഹ്യങ്ങളിലെ പറക്കാൻ കഴിയുന്ന സ്വർണ്ണനിറമുള്ള ചെമ്മരിയാടുമായാണ് ഹെല്ലനിസ്റ്റിക് ജ്യോതിഷത്തിൽ മേടത്തെ ബന്ധപ്പെടുത്തിയിട്ടുള്ളത്. ഹെർമെസിന്റെ നിർദ്ദേശപ്രകാരം ഫ്രിക്സ്യൂസിനെയും ഹെല്ലെയേയും രക്ഷപ്പെടുത്തിയത് ഈ ആടാണ്.[7][8][9] സഹോദരീസഹോദരൻമാരായിരുന്ന ഫ്രിക്സ്യൂസും ഹെല്ലെയും ബൂട്ടിയൻ രാജാവായിരുന്ന അത്‍മാസിന്റെയും അദ്ദേഹത്തിന്റെ ആദ്യഭാര്യ നെഫെലയയുടെയും മക്കളാണ്. രാജാവിന്റെ രണ്ടാമത്തെ ഭാര്യയായ ഇനോ അസൂയ മൂത്ത് ഈ രണ്ടു പേരെയും ഇല്ലാതാക്കുവാൻ ആഗ്രഹിച്ചു. ബൂട്ടിയയിൽ കടുത്ത വരൾച്ചയും ക്ഷാമവും നേരിട്ടപ്പോൾ അതിന്റെ കാരണമറിയാനായി ഒരാളെ ഡെൽഫിയിലെ വെളിച്ചപ്പാടിന്റെ അടുത്തേക്ക് അയച്ചു. ഈ സന്ദേശവാഹകന് ഇനോ കൈക്കൂലി കൊടുത്ത് ഫ്രിക്സിസിനെ ബലി കൊടുത്താൽ മാത്രമെ ബൂട്ടിയയിലെ കെടുതി അവസാനിക്കൂ എന്ന് വെളിച്ചപ്പാട് പറഞ്ഞതായി നുണ പറയിപ്പിച്ചു. അദ്ദേഹത്തെ ബലി കൊടുക്കാനായി ലാഫിസ്റ്റിയം മലമുകളിലെത്തിച്ചപ്പോൾ സ്വർണ്ണരോമങ്ങളോടു കൂടിയ ചെമ്മരിയാട് അവിടെയെത്തുകയും ഫ്രിക്സിസിനെയും ഹെല്ലെയെയും അവിടെ നിന്നും രക്ഷപ്പെടുത്തി അവരുടെ മാതാവായ നെഫെലയയുടെ സമീപത്തേക്കു കൊണ്ടു പോകുകയും ചെയ്തു.[10] ഇവരെയും വഹിച്ചുകൊണ്ട് ചെമ്മരിയാട് ആകാശത്തു കൂടി പറന്നു പോകുമ്പോൾ ഹെല്ലെ അതിന്റെ പുറത്തു നിന്ന് ഡാർഡാനെല്ലസ്സ് കടലിലേക്ക് വഴുതി വീണു മരിച്ചു. ഹെല്ലെയുടെ ബഹുമാനാർത്ഥം ഈ കടലിനെ പിന്നീട് ഹെല്ലെയുടെ കടൽ എന്നു വിളിച്ചു. പിന്നീട് ഫ്രിക്സ്യൂസ് ഈ ആടിനെ സിയൂസിന് ബലി നൽകുകയും അതിന്റെ സ്വർണ്ണ രോമങ്ങൾ കോൾചീസിലെ അയീറ്റസ് രാജാവിന് സമർപ്പിക്കുകയും ചെയ്തു. ഇതിനു പകരമായി രാജാവ് അദ്ദേഹത്തിന്റെ മകളായ ചാൾസിയോപെയെ ഫ്രിക്സ്യൂസിന് നൽകുകയും ചെയ്തു. രാജാവ് ആടിന്റെ തോല് പവിത്രമായ ഒരു സ്ഥലത്ത് തൂക്കിയിടുകയും അതിന് കാവലായി ഒരു വ്യാളിയെ നിർത്തുകയും ചെയ്തു.[11][7] ജാസന്റെ നേതൃത്വത്തിൽ അർഗോനോട്ടുകൾ‍‍‍ ഇത് മോഷ്ടിച്ചു എന്നൊരു കഥയുമുണ്ട്.[9]

മേടവും ആദ്യകാലത്ത് ഉണ്ടായിരുന്ന മുസ്കാ ബൊറിയാലിസ് എന്ന നക്ഷത്രഗണവും. 1825ൽ ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ച യുറാനിയസ് മിറർ എന്ന നക്ഷത്രചാർട്ടിൽ നിന്ന്.

ഇടവത്തിനു നേരെ നോക്കി നിൽക്കുന്ന ഒരു ആടിന്റെ രൂപത്തിലാണ് എക്കാലത്തും മേടത്തെ ചിത്രീകരിച്ചിരുന്നത്. ഹമാൽ എന്ന നക്ഷത്രത്തെയാണ് ഹിപ്പാർക്കസ് ഇതിന്റെ തലയായി ചിത്രീകരിച്ചിരിക്കുന്നത് എന്ന് ടോളമി അദ്ദേഹത്തിന്റെ അൽമജസ്റ്റ് എന്ന പ്രസിദ്ധ കൃതിയിൽ പറയുന്നുണ്ട്. എന്നാൽ ടോളമി അദ്ദേഹത്തിന്റെ കൃതിയിൽ ഈ നക്ഷത്രത്തെ ഉൾപ്പെ‍ടുത്താതെയാണ് മേടത്തെ ചിത്രീകരിച്ചിട്ടുള്ളത്. രൂപം കൊടുക്കാത്ത നക്ഷത്രം തലക്കു മുകളിലുള്ള നക്ഷത്രം എന്നെല്ലാമാണ് അദ്ദേഹം ഹമാലിനെ വിശേഷിപ്പിച്ചത്. ജോൺ ഫ്ലാംസ്റ്റീഡ് അദ്ദേഹത്തിന്റെ അറ്റ്ലസ് കോയെലെസ്റ്റിസ് എന്ന നക്ഷത്ര ചാർട്ടിലും ടോളമിയുടെ മാതൃകയാണ് പിൻതുടർന്നത്.[10][12][4] പടിഞ്ഞാറൻ ജ്യോതിഷത്തിൽ നാട്ടുവൈദ്യവുമായി മേടത്തെ ബന്ധപ്പെടുത്തിയിരുന്നു. ചൊവ്വയുമായും മാർസ് എന്ന ദേവനുമായും മേടത്തെ ബന്ധപ്പെടുത്തിയിരുന്നു.[13]

മേടത്തിന്റെ സംക്രമണബിന്ദുവായിരുന്നു ആദ്യകാലത്ത് മഹാവിഷുവം. രണ്ടു സഹസ്രാബ്ദ്ദങ്ങൾക്കു മുമ്പ് സൂര്യൻ തെക്കു നിന്ന് വടക്കോട്ട് ഖഗോളമദ്ധ്യരേഖയെ മുറിച്ചുകടക്കുന്ന ബിന്ദുവായിരുന്നു ഇത്. ബി.സി.ഇ. 130ൽ ഹിപ്പാർക്കസ് ഗാമാ ഏറിറ്റിസ് ആണ് ഈ ബിന്ദു എന്ന് നിർണ്ണയിച്ചിരുന്നു. വിഷുവങ്ങളുടെ പുരസ്സരണം മൂലം ഇന്ന് ഈ സ്ഥാനം മീനം നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്നത്. സി.ഇ. 2600 ആകുമ്പോൾ ഇത് കുംഭത്തിലേക്ക് മാറും.[8][10][14]ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം മേടം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു. [15]

മേടത്തിന്റെ ഒരു മദ്ധ്യകാല യൂറോപ്യൻ ചിത്രികരണം

മദ്ധ്യകാല ഇസ്ലാമിക ജ്യോതിശാസ്ത്രകാരന്മാർ മേടത്തെ വ്യത്യസ്ത രീതിയിലാണ് ചിത്രീകരിച്ചിരുന്നത്.[16] അൽ സൂഫിയെ പോലെയുള്ള ജ്യോതിശാസ്ത്രജ്ഞർ ടോളമിയുടെ മാതൃക പിൻതുടർന്ന് ചെമ്മരിയാടിന്റെ രൂപത്തിൽ തന്നെയാണ് മേടത്തെ ചിത്രീകരിച്ചത്. എന്നാൽ ചില ഖഗോള ഗ്ലോബുകളിൽ ആടിനു പകരം പരിചിതമല്ലാത്ത മൃഗത്തെ ചിത്രീകരിച്ചിട്ടുണ്ട്. ഈ മൃഗത്തിന് ആടിന്റെ കൊമ്പിനു പകരം ശാഖകളോടു കൂടിയ മാൻകൊമ്പുകളാണുള്ളത്.[17] ചില ആദ്യകാല ബെഡുവിൻ നിരീക്ഷകർ കാർത്തികക്കൂട്ടത്തിനടുത്താണ് ആടിനെ കണ്ടത്. കാർത്തികയെ ആടിന്റെ വാലായാണ് അവർ ചിത്രീകരിച്ചത്.[18]

ആദ്യകാലത്ത് മേടത്തിലെ ചില നക്ഷത്രങ്ങളെ കൂട്ടുച്ചേർത്ത് ഏതാനും നക്ഷത്രഗണങ്ങളെ സൃഷ്ടിച്ചിരുന്നു. എന്നാൽ അതൊന്നും അധികകാലം നിലനിൽക്കുകയുണ്ടായില്ല. 1612ൽ പെട്രസ് പ്ലാഷ്യസ് മേടത്തിലെ ചില നക്ഷത്രങ്ങളെ ആപിസ് എന്നൊരു നക്ഷത്രഗണത്തെ സൃഷ്ടിച്ചു. തേനീച്ച എന്നാണ് ഈ പേരിനർത്ഥം. 1624ൽ ഇതേ നക്ഷത്രങ്ങളെ ചേർത്ത് ജേക്കബ് ബാർട്ഷ് വെസ്പ എന്ന ഗണത്തെ നിർമ്മിച്ചു. അതിന് കടന്നലിന്റെ രൂപമായിരുന്നു. 1769ൽ അഗസ്റ്റിൻ റോയർ ഈ നക്ഷത്രങ്ങളെ ലിലിയം ഒരു ലില്ലിപ്പൂവിന്റെ ആകൃതിയിൽ ചിത്രീകരിക്കുകയും ലിലിയം എന്ന പേരു നൽകുകയും ചെയ്തു. പക്ഷെ ഇതൊന്നും തന്നെ വ്യാപകമായി അംഗീകരിക്കപ്പെടുകയുണ്ടായില്ല. 1690ൽ ജൊഹാൻ ഹെവേലിയസ് ഈ കൂട്ടത്തെ മുസ്കാ എന്നും പിന്നീട് മുസ്കാ ബൊറിയാലിസ് എന്നും പേരിട്ടു വിളിച്ചെങ്കിലും ഈ രാശിക്ക് സ്വതന്ത്രമായൊരു അസ്തിത്വം ലഭിക്കുകയുണ്ടായില്ല. ഈ നക്ഷത്രങ്ങളെ മേടം രാശിയുടെ ഭാഗമായി തന്നെ കണക്കാക്കുകയാണുണ്ടായത്.[19]

1922ൽ അന്താരാഷ്ട്ര ജ്യോതിഃശാസ്ത്ര സംഘടന മേടം രാശിക്ക് "Ari" എന്ന ചുരുക്കെഴുത്ത് നിർദ്ദേശിച്ചു.[20] 1930ൽ യൂജിൻ ഡെൽപോർട്ട് ഇതിന് ഔദ്യോഗികമായ അതിരുകൾ നിശ്ചയിച്ചു. 12 വശങ്ങളുള്ള ഒരു ബഹുഭുജാകൃതിയായിരുന്നു ഇതിന്. ഖഗോളരേഖാംശം 1h46.4mനും 3h 29.4mനും ഇടയിലും അവനമനം 10.36°ക്കും 31.22°ക്കുമിടയിലാണ് മേടത്തിന്റെ സ്ഥാനം.[21]

ചൈനക്കാർ ആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെ ചേർത്ത് ബന്ധനം, കയറ് എന്നെല്ലാം അർത്ഥം വരുന്ന ലൗ എന്ന ഗണവും 35 ഏരിറ്റീസ്, 39 ഏരിറ്റീസ്, 41 ഏരിറ്റീസ് എന്നീ നക്ഷത്രങ്ങളെ ചേർത്ത് ഉദരം എന്നർത്ഥം വരുന്ന വെയ് എന്ന ഗണവും ഡെൽറ്റ, സീറ്റ എന്നീ നക്ഷത്രങ്ങളെ ചേർത്ത് രാജാവിനെ വേട്ടക്ക് സഹായിക്കുന്നവൻ എന്നർത്ഥം വരുന്ന ടിയാൻയിൻ എന്ന ഗണവും മ്യു, ന്യു, ഒമിക്രോൺ, സിഗ്മ എന്നീ നക്ഷത്രങ്ങളെ ചേർത്ത് സൂഗെങ് എന്ന ജലാശയപരിപാലകനെയും സൃഷ്ടിച്ചു.[10][4]

ഭാരതത്തിൽ മേടത്തിലെ ബീറ്റ, ഗാമ നക്ഷത്രങ്ങളെ ചേർത്ത് അശ്വതി എന്ന ഒരു ഗണത്തെ സൃഷ്ടിച്ചു. ഭാരതീയ വർഷാരംഭം പുർവ്വവിഷുവത്തിലാണ്. 50ൽ കൂടുതൽ ഋക്കുകൾ ഇതുമായി ബന്ധപ്പെട്ട് ഋഗ്വേദത്തിൽ ഉണ്ട്. മേടത്തെ ആട് (മേഷം) ആയാണ് ഭാരതീയർ കാണുന്നത്.[13] ഹീബ്രു ജ്യോതിഃശാസ്ത്രത്തിൽ ഇതിനെ ടെലി എന്നാണു പറയുന്നത്. ആടിന്റെ രൂപം തന്നെയാണുള്ളത്. സിറിയക്കാർ അമ്രു എന്നും തുർക്കികൾ കുസി എന്നും വിളിക്കുന്നു.Lamb

നക്ഷത്രങ്ങൾ

[തിരുത്തുക]

മേടം രാശിയിൽ ആൽഫ ഏരീറ്റിസ്, ബീറ്റ ഏരിറ്റിസ്, ഗാമ ഏരിറ്റിസ് എന്നീ മൂന്നു നക്ഷത്രങ്ങളാണ് ജൊഹാൻ ബെയർ പ്രധാനനക്ഷത്രങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്.[22] എന്നാൽ കാന്തിമാനം 4നു മുകളിലുള്ള 41 ഏരിറ്റിസ് എന്ന ഒരു നക്ഷത്രത്തെ കൂടി ഈ കൂട്ടത്തിൽ കാണാം. ഏറ്റവും തിളക്കമുള്ള ആൽഫാ ഏരിറ്റിസിനെ ഹമാൽ എന്നു വിളിക്കുന്നു. ആടിന്റെ തല എന്നർത്ഥം വരുന്ന റാസ് അൽ-ഹമാൽ എന്ന അറബി വാക്കിൽ നിന്നാണ് ഈ പേരു വന്നത്.[14] K2 എന്ന സ്പെക്ട്രൽ തരത്തിൽ പെടുന്ന നക്ഷത്രമാണിത്. ഈ ഓറഞ്ച് ഭീമൻ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 2ഉം കേവലകാന്തിമാനം 0.1ഉം ആണ്. ഭൂമിയിൽ നിന്നും 66 പ്രകാശവർഷം അകലെ കിടക്കുന്ന ഹമാലിന് സൂര്യന്റെ 96 മടങ്ങ് തിളക്കമുണ്ട്.[8][23][24]

ഷെരാട്ടൻ എന്നറിയപ്പെടൂന്ന ബീറ്റ ഏരീറ്റിസിന്റെ ദൃശ്യകാന്തിമാനം 2.64 ആണ്. ഇതിന് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഷരാട്ടയ്‌ൻ എന്ന അറബിനാമത്തിന് രണ്ട് അടയാളങ്ങൾ എന്നാണർത്ഥം. പൂർവ്വവിഷുവം എത്താറായതിനുള്ള അടയാളങ്ങളായി ബീറ്റാ ഏരീറ്റിസിനെയും ഗാമ ഏരീറ്റിസിനെയും കണ്ടിരുന്നു. ഈ രണ്ടു നക്ഷത്രങ്ങളെ ആടിന്റെ രണ്ടു കൊമ്പുകളായും കണക്കാക്കിയിരുന്നു.[25] ഷെറാട്ടൺ ഭൂമിയിൽ നിന്നും 59 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യന്റെ 11 മടങ്ങ് തിളക്കമുണ്ട് ഇതിന്. കേവലകാന്തിമാനം 2.1 ആണ്.[25] ഇതൊരു സ്പെക്ട്രോസ്കോപിക്ദ്വന്ദ്വനക്ഷത്രമാണ്.[26] പ്രാഥമികനക്ഷത്രത്തിന്റെ സ്പെക്ട്രൽ തരം A5 ആണ്.[9]

ഗാമാ ഏരിറ്റീസ് മെസാർതീം എന്നറിയപ്പെടുന്നു. ഇതും ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇത് ഭൂമിയിൽ നിന്നും 164 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[27][10][14][28] പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.59ഉം ദ്വിദീയനക്ഷത്രത്തിന്റേത് 4.68ഉം ആണ്.[24] രണ്ടു നക്ഷത്രങ്ങളും തമ്മിലുള്ള അകലം 7.8 കോണീയസെക്കന്റ് ആണ്.[11] എന്നാൽ ഈ സിസ്റ്റത്തിന്റെ ദൃശ്യകാന്തിമാനം 3.9 ആണ്.[9] പ്രാഥമിക നക്ഷത്രത്തിന്റെ തിളക്കം സൂര്യന്റെ 60 മടങ്ങും രണ്ടാമത്തേതിന്റേത് 56 മടങ്ങും ആണ്.[24]

ഇരട്ടനക്ഷത്രങ്ങളുടെ ഒരു കൂടാരമാണ് മേടം രാശി. എപ്സിലോൺ ഏരിറ്റിസിന്റെഏരിറ്റിസിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5.2ഉം ദ്വിതീയനക്ഷത്രത്തിന്റേത് 5.5ഉം ആണ്. ഭൂമിയിൽ നിന്നും 290 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.[8] ഇതിന്റെ ആകെ കാന്തിമാനം 4.63ഉം പ്രാഥമിക നക്ഷത്രത്തിന്റെ കേവലകാന്തിമാനം 1.4ഉം ആണ്. രണ്ടു നക്ഷത്രങ്ങളും തമ്മിലുള്ള അകലം 1.5 ആർക്ക് സെക്കന്റ് ആണ്.[24]

ലാംഡ ഏരിറ്റിസ് മറ്റൊരു ഇരട്ട നക്ഷത്രമാണ്. പ്രാഥമിക നക്ഷത്തിന്റെ കാന്തിമാനം 4.8ഉം ദ്വിതീയ നക്ഷത്രത്തിന്റേത് 7.3ഉം ആണ്.[8] പ്രാഥമിക നക്ഷത്രം ഭൂമിയിൽ നിന്നും 129 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[29] ഇതിന്റെ കേവലകാന്തിമാനം 7.1ഉം സ്പെക്ട്രൽ തരം F0ഉം ആണ്.[24] രണ്ടു നക്ഷത്രങ്ങളും തമ്മിൽ 36 ആർക്ക്സെക്കന്റ് അകലമുണ്ട്.[11] പൈ ഏരിറ്റിസിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 5.3ഉം ദ്വിതീയ നക്ഷത്രത്തിന്റേത് 8.5ഉം ആണ്.[8] പ്രാഥമിക നക്ഷത്രം 776 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[30]

ബോട്ടീൻ എന്നറിയപ്പെടുന്ന ഡെൽറ്റ ഏരീറ്റീസിന്റെ കാന്തിമാനം 4.35ഉം ഭൂമിയിൽ നിന്നുള്ള അകലം 170 കി.മീറ്ററും ആണ്.കേവലകാന്തിമാനം 0.1 ആയ ഇതിന്റെ സ്പെക്ട്രൽ തരം K2 ആണ്.[24][31] ഭൂമിയിൽ നിന്നും 270 പ്രകാശവർഷങ്ങൾക്കപ്പുറം കിടക്കുന്ന സീറ്റ ഏറീറ്റിസിന്റെ ദൃശ്യകാന്തിമാനം 4.89ഉം കേവലകാന്തിമാനം 0.0ഉം ആണ്. ഇതിന്റെ സ്പെക്ട്രൽ തരം A0 ആണ്.[24][32] 14 ഏരിറ്റീസിന്റെ കാന്തിമാനം 4.98 ആണ്. ഭൂമിയിൽ നിന്നും 288 പ്രകാശവർഷം അകലെയാണിത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്പെക്ട്രൽ തരം F2ഉം കേവലകാന്തിമാനം 0.6ഉം ആണ്.[24][33] 4.51 കാന്തിമാനമുള്ള 39 ഏരിറ്റിസ് ഭൂമിയിൽ നിന്നും 172 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്പെക്ട്രൽ തരം K2ഉം കേവലകാന്തിമാനം 0.0ഉം ആണ്.[34][24][35] 35 ഏരീറ്റീസിന്റെ കാന്തിമാനം 4.55 ആണ്. ഭൂമിയിൽ നിന്നും 343 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം B3ഉം കേവലകാന്തിമാനം -1.7ഉം ആണ്.[24][36] 41 ഏരിറ്റിസ് സി ഏരിറ്റിസ് എന്നും നൈർ അൽ ബൂട്ടൈൻ എന്നും ആറിയപ്പെടുന്നു. ഭൂമിയിൽ നിന്നും 165 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ‌ കാന്തിമാനം 3.63 ആണ്. ഇതിന്റെ സ്പെക്ട്രൽ തരം B3ഉം കേവലകാന്തിമാനം 1.7ഉം ആണ്.[24][37] മേടം രാശിയിൽ ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രമാണ് ടീഗാർഡൻസ് സ്റ്റാർ. ഇതൊരു തവിട്ടുകുള്ളൻ നക്ഷത്രമാണ്. കാന്തിമാനം 15.14ഉം സ്പെക്ട്രൽ തരം M6.5Vയും ആണ്. ഈ നക്ഷത്രം ഭൂമിയിൽ നിന്നും അകലം കൊണ്ട് 24ആം സ്ഥാനത്താണുള്ളത്.{sfn|RECONS, The 100 Nearest Star Systems}}

അതിവിദൂരപദാർത്ഥങ്ങൾ

[തിരുത്തുക]

എൻ.ജി.സി.772 ഒരു വർത്തുള ഗാലക്സിയാണ്. 10.3 കാന്തിമാനമുള്ള ഈ താരാപഥം ബീറ്റ ഏരീറ്റിസിന്റെ തെക്കു-കിഴക്കും 15 ഏരീറ്റിന്റെ പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.[9] ഒരു അമേച്വർ ദൂരദർശിനി ഉപയോഗിച്ചു തന്നെ ഇതിനെ നന്നായി കാണാൻ കഴിയും. ഇതിന്റെ വടക്കു-പടിഞ്ഞാറു ഭാഗം നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന പ്രദേശമാണ്.[11][26] ഇതിന്റെ ഒരു കമ്പാനിയൻ ഗാലക്സിയാണ് എൻ.ജി.സി. 770. ഇവ തമ്മിലുള്ള അകലം 1,13,000 പ്രകാശവർഷം ആണ്. എൻ.ജി.സി. 772ന്റെ വ്യാസം 2,40,000 പ്രകാശവർഷം ആണ്. ഭൂമിയിൽ നിന്നും 114 മില്യൻ പ്രകാശവർഷം അകലെയാണിത് സ്ഥിതി ചെയ്യുന്നത്.[38] എൻ.ജി.സി. 673 ആണ് മേടം രാശിയിലെ മറ്റൊരു താരാപഥം. 1,71,000 പ്രകാശവർഷം വ്യാസമുള്ള ഈ താരാപഥം ഭൂമിയിൽ നിന്നും 235 പ്രകാശവർഷം അകലെയാണ് കിടക്കുന്നത്.[38]

മേടം രാശിയിൽ ജോഡിയായി കാണപ്പെടുന്ന മറ്റു രണ്ടു ഗാലക്സികളാണ് എൻ.ജി.സി. 678, എൻ.ജി.സി. 680 എന്നിവ. ഏകദേശം 2,00,000 പ്രകാശവർഷങ്ങളാണ് ഇവ തമ്മിലുള്ള അകലം. എൻ.ജി.സി. 680 ഒരു എലിപ്റ്റിക്കൽ ഗാലക്സിയാണ്. എൻ.ജി.സി. 678ന്റെ വ്യാസം 1,71,000 പ്രകാശവർഷം ആണ്. എന്നാൽ എൻ.ജി.സി. 680ന്റെ വ്യാസം 72,000 പ്രകാശവർഷമേയുള്ളു. എൻ.ജി.സി. 691 തിളക്കമേറിയ കേന്ദ്രഭാഗത്തോടുകൂടിയ ഒരു വർത്തുളഗാലക്സിയാണ്. 124 മില്യൻ പ്രകാശവർഷങ്ങൾപ്പുറം കിടക്കുന്ന ഈ താരാപഥത്തിന്റെ വ്യാസം 1,26,000 പ്രകാശവർഷമാണ്.[38] എൻ.ജി.സി. 821 ഒരു ദീർഘവൃത്താകാര താരാപഥമാണ്. ഇതിന്റെ കാന്തിമാനം 11.3ഉം വ്യാസം 61,000 പ്രകാശവർഷവുമാണ്. ഭൂമിയിൽ നിന്നും 80 മില്യൻ പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. സെഗു 2 എന്ന കുള്ളൻ താരാപഥം ആകാശഗംഗയുടെ ഉപഗ്രഹതാരാപഥം കൂടിയാണ്.

ഉൽക്കാവർഷങ്ങൾ

[തിരുത്തുക]

ഡേടൈം ഏരീറ്റീഡ് ഉൽക്കാവർഷമാണ്‌ മേടത്തിലെ പ്രധാനപ്പെട്ട ഉൽക്കാവർഷം. സൂര്യോദയത്തിനു തൊട്ടുമുമ്പ് പകൽവെളിച്ചത്തിൽ നടക്കുന്നതു കൊണ്ട്, ഉച്ചാവസ്ഥയിൽ മണിക്കൂറിൽ അറുപതോളം ഉൽക്കാവീഴ്ചകൾ നടക്കുന്നുണ്ടെങ്കിലും നഗ്നനേത്രങ്ങൾ കൊണ്ട് ഇതു കാണാൻ കഴിയില്ല.[39][40] കടന്നു വരുന്ന വഴിയിലെ വാതക തന്മാത്രകളെ അയണീകരിക്കുന്നതു കൊണ്ട് റേഡിയോ സ്പെക്ട്രം ഉപയോഗിച്ചാണ് ഇവയെ പഠിക്കുന്നത്.[41][42] മെയ് 22 മുതൽ ജൂലൈ 2 വരെയാണ് ഇതിന്റെ കാലം. ഉച്ചസ്ഥായിയിലെത്തുന്നത് ജൂൺ 7നാണ്. ഇക്കാറസ് എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ് ഈ ഉൽക്കകൾ വരുന്നത് എന്നാണ് കരുതുന്നത്. മറ്റൊരു പകൽ ഉൽക്കാവർഷമാണ് എപ്സിലോൺ ഏരീറ്റീഡ്സ്.[43]

ഡെൽറ്റാ ഏരീറ്റീഡ്സ് ആണ് മേടം‌ രാശിയിൽ കാണുന്ന മറ്റൊരു ഉൽക്കാവർഷം. ഡിസംബർ 9നാണ് ഇത് എറ്റവും കരുത്താർജ്ജിക്കുന്നത്. ഇതിൽ നിന്നും വരുന്ന ഉൽക്കകളുടെ വേഗത സെക്കന്റിൽ 13 കി.മീറ്റർ ആണ്. ഉൽക്കാപതനങ്ങളുടെ വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറഞ്ഞ വേഗതയാണെങ്കിലും തിളക്കമേറിയ തീഗോളങ്ങൾ ഇടക്ക് പ്രത്യക്ഷപ്പെടാറുണ്ട്.[44] ഭൂമിയോടടുത്ത 1990 HA എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ് ഇത് ഉൽഭവിക്കുന്നത് എന്നു കരുതപ്പെടുന്നു.[45]

ഗ്രഹവ്യവസ്ഥകൾ

[തിരുത്തുക]

സ്വന്തമായി ഗ്രഹങ്ങളുള്ള ഏതാനും നക്ഷത്രങ്ങളെ മേടം രാശിയിൽ കണ്ടെത്തിയിട്ടുണ്ട്. HIP 14810 എന്ന നക്ഷത്രത്തിന് മൂന്ന് ഗ്രഹങ്ങളുണ്ട്. ഭൂമിയുടെ പത്ത് മടങ്ങ് പിണ്ഡമുണ്ട് ഈ ഗ്രഹങ്ങൾക്ക് എന്നാണ് കണക്കാക്കിയിട്ടുള്ളത്.[46] സൂര്യനെക്കാൾ അൽപം കൂടി വലിപ്പമുള്ള HD 12661 എന്ന നക്ഷത്രത്തിന് രണ്ട് ഗ്രഹങ്ങളുണ്ട്. ഇതിൽ ഒന്നിന് വ്യാഴത്തിന്റെ 2.3മടങ്ങും മറ്റേതിന് വ്യാഴത്തിന്റെ 1.57 മടങ്ങും പിണ്ഡമുണ്ട്.[47] ഏകദേശം സൂര്യന്റെ വലിപ്പമുള്ള HD 20367 എന്ന നക്ഷത്രത്തിന് വ്യാഴത്തിന്റെ 3.07 മടങ്ങ് പിണ്ഡമുണ്ട്. ഒരു ഭ്രമണം പൂർത്തിയാക്കാൻ 500 ദിവസങ്ങൾ എടുക്കുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത് 2002ലാണ്.[48]

അവലംബം

[തിരുത്തുക]
  1. Evans 1998, പുറം. 6.
  2. Rogers, Mesopotamian Traditions 1998.
  3. Pasachoff 2000, പുറങ്ങൾ. 128–189.
  4. 4.0 4.1 4.2 Staal 1988, പുറങ്ങൾ. 36–41.
  5. "1194 പുതുവർഷഫലം".
  6. Rogers, Mediterranean Traditions 1998.
  7. 7.0 7.1 Pasachoff 2000, പുറങ്ങൾ. 84–85.
  8. 8.0 8.1 8.2 8.3 8.4 8.5 Ridpath 2001, പുറങ്ങൾ. 84–85.
  9. 9.0 9.1 9.2 9.3 9.4 Moore & Tirion 1997, പുറങ്ങൾ. 128–129.
  10. 10.0 10.1 10.2 10.3 10.4 Ridpath, Star Tales Aries: The Ram.
  11. 11.0 11.1 11.2 11.3 Thompson & Thompson 2007, പുറങ്ങൾ. 90–91.
  12. Evans 1998, പുറങ്ങൾ. 41–42.
  13. 13.0 13.1 Olcott 2004, പുറങ്ങൾ. 57–58.
  14. 14.0 14.1 14.2 Winterburn 2008, പുറങ്ങൾ. 230–231.
  15. "വ്യാഴ മാറ്റം".
  16. Savage-Smith 1985, പുറങ്ങൾ. 162–164.
  17. Savage-Smith 1985, പുറം. 80.
  18. Savage-Smith 1985, പുറം. 123.
  19. Ridpath, Star Tales Musca Borealis.
  20. Russell 1922, പുറം. 469.
  21. IAU, The Constellations, Aries.
  22. Ridpath, Popular Names of Stars.
  23. SIMBAD Alpha Arietis.
  24. 24.00 24.01 24.02 24.03 24.04 24.05 24.06 24.07 24.08 24.09 24.10 Moore 2000, പുറങ്ങൾ. 337–338.
  25. 25.0 25.1 Savage-Smith 1985, പുറം. 121.
  26. 26.0 26.1 Burnham, Jr. 1978, പുറങ്ങൾ. 245–252.
  27. SIMBAD Gamma Arietis.
  28. Davis 1944.
  29. SIMBAD Lambda Arietis.
  30. SIMBAD Pi Arietis.
  31. SIMBAD Delta Arietis.
  32. SIMBAD Zeta Arietis.
  33. SIMBAD 14 Arietis.
  34. "Naming Stars". IAU.org. Retrieved 30 July 2018.
  35. SIMBAD 39 Arietis.
  36. SIMBAD 35 Arietis.
  37. SIMBAD 41 Arietis.
  38. 38.0 38.1 38.2 Bratton 2011, പുറങ്ങൾ. 63–66.
  39. Jopek, "Daytime Arietids".
  40. Bakich 1995, പുറം. 60.
  41. NASA, "June's Invisible Meteors".
  42. Jenniskens 2006, പുറങ്ങൾ. 427–428.
  43. Jopek, "Meteor List".
  44. Levy 2007, പുറം. 122.
  45. Langbroek 2003.
  46. Wright et al. 2009.
  47. ExoPlanet HD 12661.
  48. ExoPlanet HD 20367.


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം


"https://ml.wikipedia.org/w/index.php?title=മേടം_(നക്ഷത്രരാശി)&oldid=2883610" എന്ന താളിൽനിന്ന് ശേഖരിച്ചത്