ഉള്ളടക്കത്തിലേക്ക് പോവുക

മേഘ്‌ന ഗുൽസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഘ്‌ന ഗുൽസാർ
മേഘ്ന 2018-ൽ
ജനനം (1973-12-13) 13 ഡിസംബർ 1973 (age 52) വയസ്സ്)[1]
തൊഴിൽഎഴുത്തുകാരി, ചലച്ചിത്ര സംവിധായിക, നിർമ്മാതാവ്
സജീവ കാലം2002–തുടരുന്നു
ജീവിതപങ്കാളിഗോവിന്ദ് സന്ധു
കുട്ടികൾ1[2]
രക്ഷിതാവ്ഗുൽസാർ (അച്ഛൻ)
രാഖീ (അമ്മ)

ഒരു ഇന്ത്യൻ രചയിതാവും ചലച്ചിത്ര സംവിധാനം, നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതയുമാണ് മേഘ്ന ഗുൽസാർ. നിരൂപക പ്രശംസ നേടിയ തൽവാർ (2015), റാസി (2018) എന്നീ സിനിമകളുടെ സംവിധാനം നിർവ്വഹിച്ചതിലൂടെയാണ് അവർ ചലച്ചിത്ര രംഗത്ത് കൂടുതലായി അറിയപ്പെടുന്നത്. കവിയും ഹിന്ദി ചലച്ചിത്രങ്ങളുടെ സംവിധായകനുമായ ഗുൽസാറിന്റെയും നടി രാഖിയുടെയും മകളായി ജനിച്ച മേഘ്ന ആദ്യകാലത്ത് പിതാവിനോടൊപ്പം അദ്ദേഹത്തിന്റെ സിനിമകളിൽ സഹായിയായി പ്രവർത്തിച്ചിരുന്നു. 1999 ൽ പിതാവ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹു തു തു എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നതിന് അവർക്ക് അവസരം ലഭിച്ചു. മേഘ്ന പിന്നീട് ഒരു സ്വതന്ത്ര സംവിധായികയെന്ന നിലയിൽ ഫിൽഹാൽ (2002) എന്ന തൻ്റെ ആദ്യ ചിത്രം സംവിധാനം ചെയ്തുവെങ്കിലും ആ ദശകത്തിൽ അവർക്ക് സംവിധാന രംഗത്ത് നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല.

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, നിരൂപക പ്രശംസ നേടിയ തൽവാർ (2015) എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ അവർ മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഈ ചിത്രം ബോക്സ് ഓഫീസിൽ മിതമായ വിജയം നേടുകയും ചെയ്തു.

2018-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന സ്പൈ ത്രില്ലർ ചിത്രം റാസി സംവിധാനം ചെയ്തതോടെ സംവിധാന രംഗത്ത് അവർ മുൻ നിരയിലേയ്ക്കുയർന്നു. റാസി അവർക്ക് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. പിന്നീട് സംവിധാനം ചെയ്ത ജീവചരിത്ര നാടകീയ ചിത്രമായ ഛപാക്കിന് (2020) നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതിനുശേഷം സംവിധാനം ചെയ്ത സാം ബഹാദൂർ (2023) എന്ന ജീവചരിത്ര നാടകീയ ചിത്രത്തിലൂടെ ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

ഹിന്ദി സിനിമാ രംഗത്തെ ഗാനരചയിതാവും കവിയും അതുപോലെതന്നെ സംവിധായകനുമായ ഗുൽസാറിന്റെയും മുൻ നടി രാഖിയുടെയും മകളായ മേഘ്ന ഗുൽസാർ 1973 ഡിസംബർ 13 ന് മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലാണ് ജനിച്ചത്. അവളുടെ പൂർവ്വിക ഗ്രാമത്തിലൂടെ ഒഴുകുന്ന മേഘ്ന നദിയുടെ പേരിലാണ് മാതാവ് അവൾക്ക് മേഘ്ന എന്ന പേര് നൽകിയത്.[4]

2002 ജനുവരിയിൽ മേഘ്ന

ടൈംസ് ഓഫ് ഇന്ത്യ, എൻഎഫ്ഡിസി പ്രസിദ്ധീകരണമായ സിനിമ ഇൻ ഇന്ത്യ എന്നിവയിലെ സ്വതന്ത്ര എഴുത്തുകാരിയായാണ് മേഘ്ന തന്റെ സാഹിത്യ ജീവിതം ആരംഭിച്ചത്. അവർ അക്കാലത്ത് എഴുതിയ കവിതകൾ പോയട്രി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സമാഹാരങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോഷ്യോളജിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ സയീദ് അക്തർ മിർസയുടെ കീഴിൽ സഹസംവിധായകയായി സിനിമാ രംഗത്ത് പ്രവർത്തിച്ചു. ഇതിനിടെ 1995ൽ ന്യൂയോർക്കിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ടിഷ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചലച്ചിത്രനിർമ്മാണത്തിൽ ഒരു ഹ്രസ്വ കോഴ്സും പൂർത്തിയാക്കിയിരുന്നു. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷം പിതാവും എഴുത്തുകാരനും സംവിധായകനുമായ ഗുൽസാറിന്റെ മാച്ചിസ്, ഹു തു തു എന്നീ ചിത്രങ്ങളിൽ സഹായിയായി ചേർന്നു. ദൂരദർശനുവേണ്ടി ഡോക്യുമെന്ററികളും മറ്റ് നിരവധി മ്യൂസിക് ആൽബങ്ങൾക്കായി മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തുകൊണ്ടിരിക്കത്തന്നെ മേഘ്ന സ്വന്തം ചിത്രത്തിനായി ഇക്കാലത്ത് തിരക്കഥാ രചനയും ആരംഭിച്ചു.

സുസ്മിത സെന്നും തബുവും പ്രധാന വേഷങ്ങളിലെത്തിയ ഫിൽഹാൽ' എന്ന ചിത്രത്തിലൂടെയാണ് 2002-ൽ[5] മേഘ്ന സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2007-ൽ പുറത്തിറങ്ങിയ 'ജസ്റ്റ് മാരീഡ്' ആയിരുന്നു അവരുടെ രണ്ടാമത്തെ ചിത്രം.[6] സഞ്ജയ് ഗുപ്തയുടെ 'ദസ് കഹാനിയാൻ' എന്ന ആന്തോളജി ചിത്രത്തിന്റെ ഭാഗമായി അമൃത സിംഗ് അഭിനയിച്ച 'പൂരൻമാസി' എന്ന ഹ്രസ്വചിത്രവും അവർ സംവിധാനം ചെയ്തിട്ടുണ്ട്.

2008-ലെ നോയിഡ ഇരട്ടക്കൊലപാതക കേസിനെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് രചിച്ച്, മേഘ്ന സംവിധാനം ചെയ്ത ഡ്രാമ-ത്രില്ലർ ചിത്രമാണ് 'തൽവാർ' (2015).[7][8]ഇർഫാൻ ഖാൻ, കൊങ്കണ സെൻ ശർമ്മ, നീരജ് കബി എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. റിലീസിനുശേഷം നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ഈ ചിത്രം മേഘ്നയ്ക്ക് മികച്ച സംവിധായകനുള്ള ആദ്യ ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം നേടിക്കൊടുത്തു.

2018-ൽ ആലിയ ഭട്ടും വിക്കി കൗശലും പ്രധാന വേഷങ്ങളിലെത്തിയ റാസി എന്ന സ്പൈ-ത്രില്ലർ ചിത്രം സംവിധാനം ചെയ്തു.[9][10][11] ജംഗ്ലീ പിക്ചേഴ്സും ധർമ്മ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഹരീന്ദർ സിക്കയുടെ 'കോളിംഗ് സെഹ്മത്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.[12] ആഗോളതലത്തിൽ 193 കോടി രൂപ (20 ദശലക്ഷം യുഎസ് ഡോളർ) വരുമാനം നേടിയ ഈ ചിത്രം, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിലൊന്നായി മാറി. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്‌കാരം റാസി സ്വന്തമാക്കിയപ്പോൾ, ഈ ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്‌കാരം മേഘ്ന ഗുൽസാറിനും ലഭിച്ചു.

അടുത്ത സംവിധാന സംരംഭമായി, ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കാനാണ് മേഘ്ന തീരുമാനിച്ചത്. 'ഛപാക്' (2020) എന്ന് നാമകരണം ചെയ്ത ഈ ചിത്രം, അഗർവാളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച 'മാൽതി' എന്ന കഥാപാത്രത്തിന്റെ അതിജീവനയാത്രയാണ് അവതരിപ്പിച്ചത്. ദീപിക പദുകോൺ മാൽതിയായി വേഷമിട്ട ഈ ചിത്രം, 2020 ജനുവരി 10-ന് റിലീസ് ചെയ്തപ്പോൾ നിരൂപകപ്രശംസ പിടിച്ചുപറ്റി.[13]

തുടർന്ന്, റോണി സ്ക്രൂവാല നിർമ്മിക്കുകയും വിക്കി കൗശൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത, സൈനിക ഉദ്യോഗസ്ഥനായ സാം മാനെക്ഷായുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'സാം ബഹാദൂർ' (2023) എന്ന ചിത്രത്തിന്റെ സംവിധാനം അവർ നിർവഹിച്ചു. ഈ ചിത്രം 2023 ഡിസംബറിലാണ് പുറത്തിറങ്ങിയത്. കരീന കപൂർ ഖാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അവരുടെ ഏറ്റവും പുതിയ ചിത്രമായ 'ദായ്ര' 2026 സെപ്റ്റംബർ 18-ന് പുറത്തിറങ്ങി.[14]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ Raghavendra, Nandini (14 December 2003). "Meghna Gulzar: Papa's girl". The Economic Times. Archived from the original on 26 April 2013. Retrieved 5 February 2013.
  2. ↑ "{title}". Archived from the original on 12 June 2018. Retrieved 2 March 2018.
  3. ↑ "71st National Film Awards 2025 Full List of Winners: Shah Rukh, Rani Mukerji, Vikrant Massey get Best Actor nods; 12th Fail is Best Film". The Indian Express (in ഇംഗ്ലീഷ്). 2025-08-01. Retrieved 2025-08-01.
  4. ↑ Megna Gulzar (2004). Because He is. Rupa & Co. p. 67.
  5. ↑ Encyclopaedia of Hindi cinema. Encyclopædia Britannica (India). 2003. p. 244. ISBN 978-81-7991-066-5.
  6. ↑ "Just Married". The Indian Express. 16 March 2007. Archived from the original on 11 October 2012. Retrieved 3 March 2011.
  7. ↑ "Meghna Gulzar: I will celebrate Talvar's success NOW". The Times of India. Archived from the original on 15 October 2017. Retrieved 14 October 2017.
  8. ↑ "Aarushi murder: How Meghna Gulzar's Talvar presented a bang-on prediction of what was to come". Archived from the original on 14 October 2017. Retrieved 14 October 2017.
  9. ↑ Nihalani, Govind; Chatterjee, Saibal (2003). Encyclopaedia of Hindi Cinema (in ഇംഗ്ലീഷ്). Popular Prakashan. ISBN 978-81-7991-066-5.
  10. ↑ "Alia Bhatt a spy, Vicky Kaushal a Pak army man in Meghna Gulzar's Raazi". Deccan Chronicle. 23 June 2017. Archived from the original on 23 June 2017. Retrieved 24 June 2017.
  11. ↑ "ALIA BHATT KICKS OFF MEGHNA GULZAR'S UPCOMING ESPIONAGE THRILLER, RAAZI, IN JULY". MumbaiMirror. 23 June 2017. Archived from the original on 25 June 2017. Retrieved 24 June 2017.
  12. ↑ "Alia Bhatt a spy, Vicky Kaushal a Pak army man in Meghna Gulzar's Raazi". DeccanChronicle. 23 June 2017. Archived from the original on 23 June 2017. Retrieved 24 June 2017.
  13. ↑ "Deepika Padukone's Chhapaak begins, director Meghna Gulzar shares first pic". Hindustan Times (in ഇംഗ്ലീഷ്). 14 February 2019. Retrieved 13 January 2020.
  14. ↑ Maru, Vibha (2026-08-31). "Daayra trailer: Kareena Kapoor probes Prithviraj's encounter killings as Meghna Gulzar explores law vs justice". Hindustan Times (in ഇംഗ്ലീഷ്). Retrieved 2026-08-31.
"https://ml.wikipedia.org/w/index.php?title=മേഘ്‌ന_ഗുൽസാർ&oldid=4673222" എന്ന താളിൽനിന്ന് ശേഖരിച്ചത്