മെസോലിത്തിക്ക്
അപ്പർ പാലിയോലിത്തിക്കിനും നവീനശിലായുഗത്തിനും ഇടയിലുള്ള പുരാവസ്തു കാലഘട്ടമാണ് മെസോലിത്തിക്ക് (ഗ്രീക്ക് : μέσος, മെസോസ് 'മിഡിൽ' + λίθος, ലിത്തോസ് 'കല്ല്') . എപ്പിപാലിയോലിത്തിക്ക് എന്ന പദം പലപ്പോഴും മെസോലിത്തിക്കിനു പര്യായമായി ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് വടക്കൻ യൂറോപ്പിന് പുറത്ത് ലെവന്റ്, കോക്കസസ് എന്നിവിടങ്ങളിൽ. യുറേഷ്യയുടെ വിവിധ ഭാഗങ്ങളിൽ മെസോലിത്തിക്കിന്റെ സമയപരിധികൾ വ്യത്യസ്തമാണ്. യൂറോപ്പിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും വേട്ടയാടുന്ന സംസ്കാരങ്ങളുടെ അവസാന കാലഘട്ടത്തെ ഇത് സൂചിപ്പിക്കുന്നു. അതായത് അവസാന ഹിമാനിക്കും നവീനശിലായുഗവിപ്ലവത്തിനുമിടയിൽ. യൂറോപ്പിൽ ഈ കാലഘട്ടം ഏകദേശം ബി.സി.ഇ 15,000 മുതൽ 5,000 വരെയാണ് ; തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ (എപ്പിപാലിയോലിത്തിക്ക് ) ഏകദേശം ബി.സി.ഇ 20,000 മുതൽ 10,000 വരെയാണ്.

മെസോലിത്തിക്കുമായി ബന്ധപ്പെട്ട സംസ്കാരം വ്യത്യസ്തപ്രദേശങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് പ്രധാനമായും വേട്ടക്കാരന്റെ ജീവിതരീതി തുടരുന്നവരുടെ എണ്ണത്തിലുള്ള കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാലിയോലിത്തിക്ക് കാലത്തെ സാധാരണ ആയുധങ്ങളേക്കാൾ കൂടുതൽ പരിഷ്കരിച്ചതും ചെറിയതുമായ ആയുധങ്ങളാണ് മെസോലിത്തിക്കിലേത്. പ്രദേശത്തെ ആശ്രയിച്ച്, മൺപാത്രങ്ങളുടെയും തുണിത്തരങ്ങളുടെയും ഉപയോഗം മെസോലിത്തിക്കിലെ ചില സ്ഥലങ്ങളിൽ കാണപ്പെടാം. എന്നാൽ പൊതുവെ കൃഷിയുടെ സൂചനകൾ നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. കടലിനോടോ അല്ലെങ്കിൽ ഉൾനാടൻ ജലത്തോടോ അടുത്ത നല്ല ഭക്ഷണം ലഭ്യമാകന്ന സ്ഥലത്താണ് കൂടുതൽ സ്ഥിരമായ വാസസ്ഥലങ്ങൾ കാണപ്പെടുന്നത്. മെസോലിത്തിക്ക് സമൂഹങ്ങൾ സങ്കീർണ്ണമായി കാണപ്പെടുന്നില്ല. ശ്മശാനങ്ങൾ വളരെ ലളിതമാണ്. നേരെമറിച്ച് വലിയ ശ്മശാനങ്ങൾ നവീന ശിലായുഗത്തിന്റെ അടയാളമാണ്.
പദോല്പത്തി
[തിരുത്തുക]"പാലിയോലിത്തിക്ക്", "നിയോലിത്തിക്ക്" എന്നീ പദങ്ങൾ ജോൺ ലുബ്ബോക്ക് 1865-ൽ തന്റെ കൃതിയായ പ്രീ-ഹിസ്റ്റോറിക് ടൈംസിൽ അവതരിപ്പിച്ചു. "മെസോലിത്തിക്ക്" 1866-ൽ ഹോഡർ വെസ്‌ട്രോപ്പ് ഒരു വിഭാഗമായി ചേർത്തു. വെസ്‌ട്രോപ്പിന്റെ നിർദ്ദേശം ഉടൻ തന്നെ വിവാദമായി. ജോൺ ഇവാൻസിന്റെ നേതൃത്വത്തിലുള്ള ഒരു ബ്രിട്ടീഷ് സ്കൂൾ ഒരു ഇന്റർമീഡിയറ്റിന്റെ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു. ഗബ്രിയേൽ ഡി മോർട്ടിലറ്റിന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ ശാസ്ത്രജ്ഞർ പാലിയോലിത്തിക്കിനും നിയോലിത്തിക്കിനും ഇടയിൽ ഒരു വിടവ് ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.
ഗോർഡൻ ചൈൽഡിന്റെ കൃതിയായ ദി ഡോൺ ഓഫ് യൂറോപ്പിന്റെ (1947) കാലമായപ്പോഴേക്കും, പാലിയോലിത്തിക്കിനും നിയോലിത്തിക്കിനുമിടയിലുള്ള ഒരു പരിവർത്തന കാലഘട്ടം തീർച്ചയായും ഉപയോഗപ്രദമായ ഒരു ആശയമാണെന്ന് നിർണ്ണയിക്കാൻ മതിയായ വിവരങ്ങൾ നിലവിലിരുന്നു. [1] എന്നിരുന്നാലും, "മെസോലിത്തിക്ക്", "എപ്പിപാലിയോലിറ്റിക്" എന്നീ പദങ്ങൾ വ്യത്യസ്തമായ ഉപയോഗ രീതികളോടെ തുടരുന്നു. വടക്കൻ യൂറോപ്പിലെ പുരാവസ്തുശാസ്ത്രത്തിൽ, ഉദാഹരണത്തിന്, ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, സ്കാൻഡിനേവിയ, ഉക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിലെ പുരാവസ്തു സൈറ്റുകൾക്ക്, "മെസോലിത്തിക്ക്" എന്ന പദം മിക്കവാറും എപ്പോഴും ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ പുരാവസ്തുഗവേഷണത്തിൽ, "എപ്പിപാലിയോലിത്തിക്ക്" എന്ന പദം ഉപയോഗിക്കപ്പെടുന്നു.
"എപ്പിപാലിയോലിത്തിക്ക്" ചിലപ്പോൾ "മെസോലിത്തിക്ക്" എന്നതിനൊപ്പം അപ്പർ പാലിയോലിത്തിക്കിന്റെ അവസാനത്തിനും മെസോലിത്തിക്കിനും ഇടയിലുള്ള കാലഘട്ടത്തിനും ഉപയോഗിക്കാറുണ്ട്. [2] "മെസോലിത്തിക്ക്" ഒരു ഇന്റർമീഡിയറ്റ് കാലഘട്ടത്തെ സൂചിപ്പിക്കുന്നത് പോലെ, ചില എഴുത്തുകാർ കൃഷിയിലേക്ക് തിരിയാത്ത വേട്ടയാടുന്ന സംസ്കാരങ്ങൾക്ക് "എപ്പിപാലിയോലിത്തിക്ക്" എന്ന പദം തിരഞ്ഞെടുക്കുന്നു, എന്നാൽ നട്ടുഫിയൻ സംസ്കാരം പോലെ നവീനശിലായുഗവിപ്ലവം നടന്ന സംസ്കാരങ്ങൾക്കായി "മെസോലിത്തിക്ക്" എന്ന പദം ഉപയോഗിക്കുന്നു. മറ്റ് രചയിതാക്കൾ "മെസോലിത്തിക്ക്" എന്നത് ലാസ്റ്റ് ഗ്ലേഷ്യൽ മാക്സിമത്തിന് (അവസാനഹിമാനി) ശേഷമുള്ള വേട്ടയാടുന്ന സംസ്കാരങ്ങളെ അവർ കാർഷികമേഖലയിലേക്കുള്ള പരിവർത്തനത്തിനു വിധേയമായോ അല്ലയോ എന്നു കണക്കാക്കാതെ അവരെ കുറിക്കാനുള്ള പൊതുവായ പദമായി ഉപയോഗിക്കുന്നു. കൂടാതെ, പുരാവസ്തു ഉപശാഖകൾക്കിടയിൽ പദാവലി വ്യത്യാസപ്പെട്ടിരിക്കുന്നു, യൂറോപ്യൻ പുരാവസ്തുശാസ്ത്രത്തിൽ "മെസോലിത്തിക്ക്" വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, അതേസമയം "എപ്പിപാലിയോലിത്തിക്ക്" കിഴക്കൻ പുരാവസ്തുശാസ്ത്രത്തിൽ കൂടുതൽ സാധാരണമാണ്.
യൂറോപ്പ്
[തിരുത്തുക]
ഏകദേശം 15,000 വർഷങ്ങൾക്ക് മുമ്പാണ് ബാൾക്കണിൽ മെസോലിത്തിക്ക് യുഗം ആരംഭിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിൽ, 14,000 വർഷങ്ങൾക്ക് മുമ്പ്, വടക്കൻ സ്പെയിനിലെയും തെക്കൻ ഫ്രാൻസിലെയും ഫ്രാങ്കോ-കാന്റാബ്രിയൻ മേഖലയിലാണ് ആദ്യകാല മെസോലിത്തിക്ക് അഥവാ അസീലിയൻ ആരംഭിക്കുന്നത്. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ, മെസോലിത്തിക്ക് 11,500 വർഷങ്ങൾക്ക് മുമ്പ് ആരംഭിക്കുന്നു. (ഹോളോസീനിന്റെ ആരംഭം). അവസാന ഹിമയുഗം അവസാനിച്ചപ്പൊൾ കൂടുതൽ പാരിസ്ഥിതികപ്രത്യാഘാതങ്ങൾ അനുഭവിച്ച പ്രദേശങ്ങൾക്ക് സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന, കൂടുതൽ വ്യക്തമായ മെസോലിത്തിക് യുഗമുണ്ട്. [3] ഉദാഹരണത്തിന്, വടക്കൻ യൂറോപ്പിൽ, ചൂടുള്ള കാലാവസ്ഥ സൃഷ്ടിച്ച ചതുപ്പുനിലങ്ങളിൽ നിന്നുള്ള സമൃദ്ധമായ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് സമൂഹങ്ങൾക്ക് നന്നായി ജീവിക്കാൻ കഴിഞ്ഞു. അത്തരം സാഹചര്യങ്ങൾ, മാഗ്ലെമോസിയൻ, അസീലിയൻ സംസ്കാരങ്ങൾ പോലെയുള്ള വ്യതിരിക്തമായ മനുഷ്യ സംസ്കാരങ്ങൾ സൃഷ്ടിച്ചു.
മെസോലിത്തിക്ക് യുഗത്തിൽ മൈക്രോലിത്തിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു ചെയ്ത കല്ല് ഉപകരണങ്ങൾ ( മൈക്രോലിത്തുകൾ ) സാധാരണമാണ്. എന്നാൽ അയർലൻഡ്, പോർച്ചുഗലിന്റെ ഭാഗങ്ങൾ, ഐൽ ഓഫ് മാൻ, ടൈറേനിയൻ ദ്വീപുകൾ തുടങ്ങിയ ചില പ്രദേശങ്ങളിൽ, മെസോലിത്തിക്കിൽ ഒരു പ്രത്യേകതരത്തിലുള്ള മാക്രോലിത്തിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു.[4] നിയോലിത്തിക്ക് കാലഘട്ടത്തിൽ, മൈക്രോലിത്തിക്ക് സാങ്കേതികവിദ്യയ്ക്ക് പകരം മാക്രോലിത്തിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു മിനുക്കിയ കല്ല്, മഴു പോലുള്ള ശിലാ ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചു.
ആചാരപരമായ അല്ലെങ്കിൽ ജ്യോതിശാസ്ത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിർമ്മാണം ആരംഭിച്ചതിന് ചില തെളിവുകളുണ്ട്. സ്റ്റോൺഹെഞ്ച്, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ പ്രതിഫലിപ്പിക്കുമെന്ന് കരുതുന്ന വ്യത്യസ്ത വലിപ്പത്തിലുള്ള ദ്വാരങ്ങളുള്ള സ്കോട്ട്‌ലൻഡിലെ വാറൻ ഫീൽഡിലെ "ചന്ദ്ര കലണ്ടർ"എന്നിവ ഉദാഹരണങ്ങളാണ്. ഇവ രണ്ടും എകദേശം ബി.സി.ഇ എട്ടാം സഹസ്രാബ്ദത്തിലേതെന്ന് കണക്കാക്കപ്പെടുന്നു. [5]
മെസോലിത്തിക്കിൽ മനുഷ്യർ യൂറോപ്പിലെ കാടുകളുടെ പരിസ്ഥിതിയെസ്വാധീനിച്ചു. അവർ ഹേസൽനട്ടു പോലുള്ള അവരുടെ പ്രിയപ്പെട്ട സസ്യങ്ങൾ യൂറോപ്യൻ കാടുകളിൽ നിവേശിപ്പിച്ചു.[6]
" നിയോലിത്തിക്ക് പാക്കേജ്" (കൃഷി, കന്നുകാലി വളർത്തൽ, മിനുക്കിയ കല്ല് മഴുക്കൾ, തടി വീടുകൾ, മൺപാത്രങ്ങൾ എന്നിവ ഉൾപ്പെടെ) യൂറോപ്പിലേക്ക് വ്യാപിച്ചതോടെ, മെസോലിത്തിക്ക് ജീവിതരീതി പാർശ്വവത്കരിക്കപ്പെടുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തു. ജനസംഖ്യയുടെ വലിപ്പം, സസ്യഭക്ഷണങ്ങളുടെ ഉപയോഗം തുടങ്ങിയ മെസോലിത്തിക്ക് അനുരൂപങ്ങൾ കൃഷിയിലേക്കുള്ള പരിവർത്തനത്തിന്റെ തെളിവായി ഉദ്ധരിക്കപ്പെടുന്നു.[7] വ്യത്യസ്തമായ ലോകവീക്ഷണങ്ങളും ചിന്താഗതികളും, കൃഷിരീതിയുടെ സജീവമായ നിരാകരണം എന്നിവയുടെ ഫലമായി മറ്റ് മെസോലിത്തിക്ക് സമൂഹങ്ങൾ നവീനശിലായുഗ പാക്കേജിനെ നിരസിച്ചു.[8] ഹേഗനിൽ നിന്നുള്ള ഒരു സാമ്പിളിൽ, മെസോലിത്തിക്ക് ജനതയുടെ പിൻഗാമികൾ ആ പ്രദേശത്ത് കർഷക സംഘങ്ങൾ വന്നതിന് ശേഷവും 2000 വർഷത്തിലേറെയായി ഭക്ഷണം തേടുന്ന ഒരു ജീവിതശൈലി നിലനിർത്തിയതായി കാണപ്പെടുന്നു.[9] അത്തരം സമൂഹങ്ങളെ "ഉപനിയോലിത്തിക്ക് " എന്ന് വിളിക്കുന്നു. വേട്ടയാടുന്ന ജനസമൂഹങ്ങൾക്ക് നിലവിലുള്ള കർഷക സമൂഹങ്ങളുമായുള്ള സംയോജനം മൂലം കാർഷിക ജീവിതശൈലി സ്വീകരിക്കാൻ കഴിഞ്ഞു.[8] വടക്ക്-കിഴക്കൻ യൂറോപ്പിൽ, കൃഷിക്ക് അനുയോജ്യമല്ലാത്ത പ്രദേശങ്ങളിൽ വേട്ടയാടലും മത്സ്യബന്ധന ജീവിതശൈലിയും മെസോലിത്തിക്കിൽ തുടർന്നു വന്നു. സ്കാൻഡിനേവിയയിൽ മെസോലിത്തിക്കിനു തെളിവുകളൊന്നുമില്ല.
കല
[തിരുത്തുക]
അപ്പർ പാലിയോലിത്തിക്ക്, നിയോലിത്തിക്ക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, മെസോലിത്തിക്കിൽ നിന്ന് ലഭിച്ച കലാസൃഷ്ടികളുടെ എണ്ണം കുറവാണ്. അപ്പർ പാലിയോലിത്തിക്കിൽ നിന്നുള്ള ഐബേരിയൻ മെഡിറ്ററേനിയൻ ബേസിനിലെ ശിലാചിത്രങ്ങൾ, അപ്പർ പാലിയോലിത്തിക്കിലെ ഗുഹാചിത്രങ്ങളുടേതുപോലെ അറിയപ്പെടുന്നതല്ലെങ്കിലും ആ കാലഘട്ടത്തിൽ ആകമാനം വ്യാപിച്ചുകിടക്കുന്നതും ഗുഹാചിത്രങ്ങളുമായി വ്യക്തമായ വൈരുദ്ധ്യം പ്രകടിപ്പിക്കുന്നവയുമാണ്. ശിലാചിത്രങ്ങൾ മിക്കവാറും തുറന്നു കിടക്കുന്ന പാറക്കെട്ടുകളിൽ രേഖപ്പെടുത്തിയതും മൃഗങ്ങളേക്കാൾ മനുഷ്യരുടെ രൂപങ്ങൾ രേഖപ്പെടുത്തിയതുമാണ്. വസ്ത്രങ്ങളുടേയും നൃത്തം, പോരാട്ടം, വേട്ടയാടൽ, ഭക്ഷണം ശേഖരിക്കൽ എന്നിവയുടേയും രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ചിത്രീകരിച്ചിരിക്കുന്ന രൂപങ്ങളേക്കാൾ ചെറുതാണ് ഈ ശിലാചിത്രങ്ങളുടേതെങ്കിലും അവ കൂടുതൽ ചിത്രരൂപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.[10] വടക്കൻ യൂറോപ്പിൽ നിന്ന് ആംബറിലും ബ്രിട്ടനിൽ നിന്ന് തോടിലുമുള്ള പെൻഡന്റുകൾ ലഭിച്ചിട്ടുണ്ട്. [11]
യുറാലുകളിലെ ശിലാകലകൾ പാലിയോലിത്തിക്കിനു ശേഷമുള്ള കാലഘട്ടത്തിൽ മറ്റിടങ്ങൾക്ക് സമാനമായ മാറ്റങ്ങൾ കാണിക്കുന്നതായി കാണപ്പെടുന്നു. കൂടാതെ ഷിഗിർ വിഗ്രഹം അന്നത്തെ കാലത്ത് നിർമ്മിതികൾക്കുപയോഗിച്ചരുന്ന വളരെ സാധാരണമായ ഒരു സാമഗ്രിയായിരുന്നിരിക്കാവുന്ന തടി കൊണ്ട് നിർമ്മിച്ചവയിൽ അപൂർവമായി അവശേഷിച്ച ഒരു പുരാവസ്തുവാണ്. ജ്യാമിതീയ രൂപങ്ങളാൽ കൊത്തിയെടുത്ത ലാർച്ച് മരത്തിലുള്ള ഒരു പലകയാണിത്. പലകയുടെ മുകൾ ഭാഗത്തായി ഒരു മനുഷ്യന്റെ തലയുണ്ട്. ഇപ്പോൾ ശകലങ്ങളായെങ്കിലും ഉണ്ടാക്കുമ്പോൾ പ്രത്യക്ഷത്തിൽ 5 മീറ്ററിലധികം ഉയരമുണ്ടാകുമായിരുന്നു ഈ പ്രതിമക്ക്.[12]
സെറാമിക് മെസോലിത്തിക്ക്
[തിരുത്തുക]9,000 മുതൽ 5,850 വർഷങ്ങൾക്കു മുമ്പ് വടക്ക്-കിഴക്കൻ യൂറോപ്പ്, സൈബീരിയ, ചില തെക്കൻ യൂറോപ്യൻ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ പുരാവസ്തുശാസ്ത്രജ്ഞർ "സെറാമിക് മെസോലിത്തിക്ക്" എന്ന കാലഘട്ടത്തെ പ്രത്യേകമായി വേർതിരിക്കുന്നു. റഷ്യൻ പുരാവസ്തു ഗവേഷകർ അത്തരം മൺപാത്ര നിർമ്മാണ സംസ്കാരങ്ങളെ നിയോലിത്തിക്ക് എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ അവിടങ്ങളിൽ കൃഷി ഉണ്ടായിരുന്നില്ല. ഈ മൺപാത്രങ്ങൾ നിർമ്മിക്കുന്ന മെസോലിത്തിക്ക് സംസ്കാരം മറ്റ് നിയോലിത്തിക്ക് സംസ്കാരങ്ങളുടെ അനുബന്ധം ആയി കാണാവുന്നതാണ്. സൈബീരിയയിലെ ബൈക്കൽ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്താണ് ഇത്തരത്തിലുള്ള മൺപാത്രങ്ങൾ ആദ്യമായി കാണപ്പെടുന്നത്. 9,000 വർഷങ്ങൾക്ക് മുമ്പ് റഷ്യയിലെ വോൾഗയിലെ എൽഷാൻ അല്ലെങ്കിൽ യെൽശങ്ക അല്ലെങ്കിൽ സമര സംസ്കാരത്തിൽ ഈ മൺപാത്രങ്ങൾ കാണപ്പെടുന്നു. അവിടെ നിന്ന് അവ ഡൈനിപ്പർ-ഡൊണറ്റ്സ് സംസ്കാരം വഴി കിഴക്കൻ ബാൾട്ടിക്കിലെ നർവ സംസ്കാരത്തിലേക്ക് വ്യാപിച്ചു. തീരപ്രദേശത്ത് പടിഞ്ഞാറോട്ട് വ്യാപിച്ചുകിടക്കുന്ന ഇത് ഡെൻമാർക്കിലെ എർട്ടെബോൾ സംസ്കാരത്തിലും വടക്കൻ ജർമ്മനിയിലെ എല്ലെർബെക്കിലും താഴ്ന്ന രാജ്യങ്ങളിലെ (ബെൽജിയം, നെതർലാന്റ്സ്)അനുബന്ധ സ്വിഫ്റ്റർബാന്റ് സംസ്കാരത്തിലും കാണപ്പെടുന്നു.
നെയ്ത്ത്
[തിരുത്തുക]ചെരുപ്പുകളും കൊട്ടയും നിർമ്മിക്കാൻ പാകത്തിനായി നെയ്ത്ത് വിദ്യ വികസിച്ചിരുന്നു. കൊട്ടകൾ മികച്ച രീതിയിൽ നിർമ്മിച്ചതും ചായങ്ങൾ കൊണ്ട് അലങ്കരിച്ചതുമായിരുന്നു. തെക്കൻ സ്പെയിനിലെ ക്യൂവ ഡി ലോസ് മുർസിലാഗോസിൽ 2023-ൽ 9,500 വർഷങ്ങൾക്ക് മുമ്പ് കൊട്ടകൾ നിർമ്മിച്ചതിന്റെ ഉദാഹരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[13][14]
പടിഞ്ഞാറൻ യൂറേഷ്യയ്ക്ക് പുറത്ത് "മെസോലിത്തിക്ക് കാലഘട്ടം"
[തിരുത്തുക]ഇന്ത്യയുടെ പുരാവസ്തുശാസ്ത്രത്തിൽ, ഏകദേശം 12,000 നും 8,000 നും ഇടയിൽ മെസോലിത്തിക്ക്, ഉപയോഗത്തിലുള്ള ഒരു ആശയമായി തുടരുന്നു.
ചൈനയിലെ പുരാവസ്തുശാസ്ത്രത്തിൽ പാലിയോലിത്തിക്, നിയോലിത്തിക് എന്നീ ആശയങ്ങൾ ഉപയോഗപ്രദമാണെങ്കിലും, മെസോലിത്തിക് എന്ന ആശയം ചൈനയുടെ പശ്ചാത്തലത്തിൽ ഉപയോഗപ്രദമായി കണക്കാക്കുന്നില്ല.
അമേരിക്കൻ പുരാവസ്തുകാലഘട്ടത്തിൽ, മെസോ-ഇന്ത്യൻ കാലഘട്ടം, ഒരു പരിധിവരെ മെസോലിത്തിക്ക് കാലഘട്ടത്തിനു തുല്യമായി കണക്കാക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Linder, F. (1997). Social differentiering i mesolitiska jägar-samlarsamhällen. Uppsala.: Institutionen för arkeologi och antik historia, Uppsala universitet.
- ↑ "final Upper Paleolithic industries occurring at the end of the final glaciation which appear to merge technologically into the Mesolithic" Bahn, Paul, ed. (2002). The Penguin archaeology guide. London: Penguin Books. ISBN 978-0-14-051448-3.
- ↑ "final Upper Paleolithic industries occurring at the end of the final glaciation which appear to merge technologically into the Mesolithic" Bahn, Paul, ed. (2002). The Penguin archaeology guide. London: Penguin Books. ISBN 978-0-14-051448-3.
- ↑ Driscoll, Killian (2006). The early prehistory in the west of Ireland: Investigations into the social archaeology of the Mesolithic, west of the Shannon, Ireland (Thesis). National University of Ireland, Galway.
- ↑ V. Gaffney; et al. "Time and a Place: A luni-solar 'time-reckoner' from 8th millennium BC Scotland". Internet Archaeology. Retrieved 16 July 2013.
- ↑ Paschall, Max (2020-07-22). "The Lost Forest Gardens of Europe". Shelterwood Forest Farm (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-01-05.
- ↑ Price, Douglas, ed. (2000). Europe's first farmers. Cambridge: Cambridge Univ. Press. ISBN 978-0521665728.
- 1 2 Furholt, Martin (2021). "Mobility and Social Change: Understanding the European Neolithic Period after the Archaeogenetic Revolution". Journal of Archaeological Research. 10.1007/s10814-020-09153-x (4): 481–535. doi:10.1007/s10814-020-09153-x. hdl:10852/85345.
- ↑ Bollongino, R.; Nehlich, O.; Richards, M. P.; Orschiedt, J.; Thomas, M. G.; Sell, C.; Fajkosova, Z.; Powell, A.; Burger, J. (2013). "2000 Years of Parallel Societies in Stone Age Central Europe" (PDF). Science. 342 (6157): 479–81. Bibcode:2013Sci...342..479B. doi:10.1126/science.1245049. PMID 24114781. S2CID 206552000. Archived from the original (PDF) on 5 May 2020.
- ↑ Sandars, Nancy K., Prehistoric Art in Europe, Penguin (Pelican, now Yale, History of Art), pp. 87–96, 1968 (nb 1st edn.)
- ↑ "11,000 year old pendant is earliest known Mesolithic art in Britain", University of York
- ↑ Geggel, Laura (25 April 2018). "This Eerie, Human-Like Figure Is Twice As Old As Egypt's Pyramids". Live Science. Retrieved 28 April 2018.
- ↑ Hunter-Gatherers Were Making Baskets 9,500 Years Ago, Researchers Say by Rachel Chaundler, The New York Times 30 September 2023 Science, updated 3 October 2023
- ↑ Martínez-Sevilla, Francisco; Herrero-Otal, Maria; Martín-Seijo, María; Santana, Jonathan; Lozano Rodríguez, José A.; Maicas Ramos, Ruth; Cubas, Miriam; Homs, Anna; Martínez Sánchez, Rafael M.; Bertin, Ingrid; Barroso Bermejo, Rosa; Bueno Ramírez, Primitiva; de Balbín Behrmann, Rodrigo; Palomo Pérez, Antoni; Álvarez-Valero, Antonio M. (2023-09-27). "The earliest basketry in southern Europe: Hunter-gatherer and farmer plant-based technology in Cueva de los Murciélagos (Albuñol)". Science Advances (in ഇംഗ്ലീഷ്). 9 (39) eadi3055. Bibcode:2023SciA....9I3055M. doi:10.1126/sciadv.adi3055. ISSN 2375-2548. PMC 10530072. PMID 37756397.