മെറ്റാലിക്ക
മെറ്റാലിക്ക | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ലോസ് ആഞ്ചലസ്, കാലിഫോർണിയ, യുഎസ്എ |
വർഷങ്ങളായി സജീവം | 1981–ഇപ്പോഴും |
ലേബലുകൾ | Warner Bros., Elektra, Vertigo, Megaforce, Sony (Japan) and their affiliated licensees and distributors |
അംഗങ്ങൾ | ജയിംസ് ഹെറ്റ്ഫീൽഡ് ലാർസ് അൾറിച്ച് കിർക്ക് ഹാമെറ്റ് റോബെർട്ട് ട്രുജില്ലോ |
മുൻ അംഗങ്ങൾ | ജേസൺ ന്യൂസ്ടെഡ് ക്ലിഫ് ബർട്ടൺ ഡേവ് മസ്റ്റൈൻ റോൺ മക്ഗൗനി |
ഒരു അമേരിക്കൻ ഹെവി മെറ്റൽ സംഗീത സംഘമാണ് മെറ്റാലിക്ക. 1981ൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസിൽ വച്ചാണ് ഈ ബാന്റ് സ്ഥാപിതമായത്. ഡ്രമ്മറായ ലാർസ് അൾറിച്ച് ലോസ് ഏഞ്ചലസിലെ ഒരു പത്രത്തിൽ നൽകിയ ഒരു പരസ്യമാണ് ബാന്റിന്റെ രൂപവത്കരണത്തിന് വഴിതെളിച്ചത്. മെറ്റാലിക്കയിലെ ആദ്യ അംഗങ്ങൾ ഇവരായിരുന്നു: അൾറിച്ച് (ഡ്രമ്മർ), ജെയിംസ് ഹെറ്റ്ഫീൽഡ് (റിഥം ഗിറ്റാറിസ്റ്റ്, ഗായകൻ), ഡേവ് മസ്റ്റൈൻ (ലീഡ് ഗിറ്റാറിസ്റ്റ്), റോൺ മക്ഗൗനി (ബേസിസിറ്റ്). എന്നാൽ പിന്നീട് മക്ഗൗനിയും മസ്റ്റൈനും ബാന്റിൽ നിന്ന് പുറത്താക്കപ്പെട്ടു. ക്ലിഫ് ബർട്ടൺ, കിർക്ക് ഹാമ്മെറ്റ്, എന്നിവർ യഥാക്രമം അവരുടെ സ്ഥാനത്തിൽ ബാന്റിലെത്തി. മസ്റ്റൈന്റെ പുറത്താക്കൽ അദ്ദേഹവും മെറ്റാലിക്കയും തമ്മിൽ അനേകനാൾ നീണ്ടുനിന്ന ഒരു കലഹത്തിന് കാരണമായി. മസ്റ്റൈൻ പിന്നീട് മെഗാഡെത്ത് എന്ന പേരിൽ പുതിയ ബാന്റ് ആരംഭിച്ചു. 1986 സെപ്ടംബറിൽ സ്വീഡനിലെ ലണ്ടിലെ പര്യടനത്തിനിടയിൽ മെറ്റാലിക്ക സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയും ബസിനടിയില്പ്പെട്ട് ബർട്ടൺ മരണമടയുകയും ചെയ്തു. രണ്ട് മാസത്തിനുള്ളിൽ ജേസൺ ന്യൂസ്റ്റെഡ്, ബർട്ടണ് പകരക്കാരനായെത്തി. 2001ൽ ന്യൂസ്റ്റെഡ് ബാന്റ് വിടുകയും അദ്ദേഹത്തിന് പകരമായി 2003ൽ റോബർട്ട് ട്രുജിലോ ബാന്റിലെത്തുകയും ചെയ്തു.
പല നിരൂപകരും 1986ൽ പുറത്തിറങ്ങിയ മെറ്റാലിക്കയുടെ "മാസ്റ്റർ ഓഫ് പപ്പറ്റ്സ്" എന്ന ആൽബത്തെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ഹെവി മെറ്റൽ ആൽബമായി കണക്കാക്കുന്നു. 1991ൽ പുറത്തിറങ്ങിയ മെറ്റാലിക്ക എന്നുതന്നെ പേരുള്ള ആൽബം മികച്ച സാമ്പത്തിക വിജയം നേടി.