മൃദംഗശൈലേശ്വരി ക്ഷേത്രം, മുഴക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൃദംഗശൈലേശ്വരി ക്ഷേത്രം, മുഴക്കുന്ന്

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദുർഗ്ഗാക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണു് മൃദംഗശൈലേശ്വരി ദേവീക്ഷേത്രം. പഴശ്ശി യുദ്ദത്തിന് പോകും മുൻപ് ഇവിടെ ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സൃഷ്ടിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു[1]. കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശ്രീ പോർക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ക്ഷേത്രസമീപത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ഐതിഹ്യം[തിരുത്തുക]

ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.

ശ്രീ മൃദംഗശൈലേശ്വരീദേവി[തിരുത്തുക]

ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ അവതാരമായ ദുർഗ്ഗയാണ് "മൃദംഗശൈലേശ്വരിയായി" ആരാധിക്കപ്പെടുന്നത്. മഹിഷാസുരനെ വധിക്കാനാണ് ദുർഗ്ഗ അവതരിച്ചതെന്നാണ് ഐതിഹ്യം

അവലംബം[തിരുത്തുക]