Jump to content

മൂവാറ്റുപുഴ കൈവെട്ട് സംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010-ൽ മൂവാറ്റുപുഴയിൽ നടന്ന കൈവെട്ട് സംഭവം
സ്ഥലംമൂവാറ്റുപുഴ, കേരള
തീയതി2010 ജൂലൈ 4
08:30 ഐ.എസ്.ടി. (UTC+05:30)
മുറിവേറ്റവർ
3[1]
ആക്രമണം നടത്തിയത്പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ[2],
എസ്.ഡി.പി.ഐ.

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച്[3] തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ[4] വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, [5] [6][7] [8] പ്രവർത്തകർ[9][10][11][12][13][14] വെട്ടിമാറ്റുകയുണ്ടായി. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽനിന്ന് പരിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ഈ ആക്രമണം. വാനിൽ എത്തിയ ആറംഗ സംഘത്തിലെ രണ്ടുപേർ ചേർന്ന് അധ്യാപകൻറെ കൈപ്പത്തി റോഡിൽ അമർത്തിപ്പിടിച്ചപ്പോൾ ഒന്നാം പ്രതിയായ സവാദ് കയ്യിൽ കരിതിയിരുന്നു മഴു ഉപയോഗിച്ച് കൈക്കുഴയ്ക്ക് വെട്ടുകയും ഒറ്റ വെട്ടിന് അറ്റുപോയ കൈപ്പത്തി സമീപത്തെ പറമ്പിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ഈ ആക്രമണം.

താലിബാൻ മാതൃകയിലുള്ള ഒരു പ്രാകൃത കോടതിയുടെ വിധിയെത്തുടർന്നാണ് ഈ ആക്രമണമുണ്ടായ‌തെന്ന് വിവിധ പത്രമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.[15][16] അക്കാലത്ത് സംസ്ഥാനമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ സർക്കാരിന് ഇത്തരം കോടതിയെപ്പറ്റി വിവരമില്ലായെന്നും സിവിൽ തർക്കങ്ങൾ തീർപ്പാക്കുന്നതിനായി ഓൾ ഇൻഡ്യ മുസ്ലീം പേഴ്സണൽ ലോ ബോഡിന്റെ മേൽനോട്ടത്തിലുള്ള ദാരുൾ ഖദ എന്ന സംവിധാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നും പ്രസ്താവിക്കുകയുണ്ടായി.[17][18][19][20]

ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം.കെ. നാസർ, അക്രമിസംഘത്തെ നയിച്ച അശമന്നൂർ സവാദ് എന്നിവരാണു കേസിലെ മുഖ്യപ്രതികൾ[5]. ഒളിവിലായിരുന്ന ഇവർ പിന്നീട് പിടിയിലായി. വിദേശത്തുണ്ടെന്ന വിശ്വിക്കപ്പെട്ടിരുന്ന നാസർ എന്ന പ്രതി കീഴടങ്ങാൻ തയ്യാറായി എൻ.ഐ.എ.യുമായി ബന്ധപ്പെട്ടെങ്കിലും അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയുമായുള്ള ഉപാധികൾ എൻ.ഐ.എ. അംഗീകരിച്ചില്ല.

പശ്ചാത്തലം[തിരുത്തുക]

അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ഈ ആക്രമണം.[21] 2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യത്തിനുള്ള ചിഹ്നങ്ങൾ ചേർക്കാനുള്ള ഈ ചോദ്യം മതനിന്ദ കലർന്നതാണെന്ന പേരിലാണ് വിവാദമായത്.[22] മാധ്യമം ദിനപ്പത്രത്തിന്റെ പ്രാദേശികപതിപ്പിലാണ് ചോദ്യപ്പേപ്പർ സംബന്ധിച്ച വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്[അവലംബം ആവശ്യമാണ്].[23] ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവയുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഇതിൽ പ്രതിഷേധിച്ച് കോളേജിലേക്ക് മാർച്ച് നടത്തി.[24] വിവിധ മുസ്‌ലിം സംഘടനകൾ ചോദ്യപേപ്പറിന്റെ പകർപ്പുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രചരിപ്പിച്ചതിലൂടെ സംഭവം കൂടുതൽ വൈകാരിക തലത്തിലെത്തി.[25]

പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. പുസ്തകത്തിൽ നൽകിയിരുന്ന ഭ്രാന്തൻ എന്ന ഭാഗത്ത് മുഹമ്മദ് എന്ന പേരു നൽകിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. കോളേജിനുള്ളിൽ നടന്ന പരീക്ഷയിലെ ചോദ്യമാണെങ്കിലും സംഭവം വിവിധ സംഘടനകൾ ഏറ്റെടുത്തു. കോളേജിനെതിരെ പ്രതിഷേധമാരംഭിച്ചു. ഒടുവിൽ കോളേജധികാരികൾ ജോസഫിനെ തള്ളിപ്പറഞ്ഞയുകയും സസ്പെൻഷനിലാകുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒളിവിൽ പോയി. സംഭവത്തിൽ മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയ കേസ് എടുത്തു.[26]

ചോദ്യപ്പേപ്പറിൽ ഭ്രാന്തൻ എന്നതിനു പകരമായി മുഹമ്മദെന്ന പേർ ഉപയോഗിച്ചത് നബിയെ ഉദ്ദേശിച്ചല്ലെന്നായിരുന്നു ജോസഫ് വിശദീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തന്നെ ഗർഷോം എന്ന സിനിമയിലും ഈ സംഭാഷണഭാഗമുണ്ട്. നടൻ മുരളി അവതരിപ്പിക്കുന്ന ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണമാണിത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറാണ് മുഹമ്മദ് എന്ന പേരു നൽകിയതെന്നാണ് ജോസഫിന്റെ ആത്മകഥയിൽ എഴുതുന്നത്.[27]

മലയാള ചോദ്യപേപ്പറിലെ വാചകം

മുഹമ്മദ്: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
മുഹമ്മദ്: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

പി.ടി. കുഞ്ഞുമുഹമ്മദിന്റെ മലയാളം ബുക്കിലെ വാചകം

ഭ്രാന്തൻ: പടച്ചോനേ പടച്ചോനേ
ദൈവം: എന്താടാ നായിന്റെ മോനേ
ഭ്രാന്തൻ: ഒരു അയില അതു മുറിച്ചാൽ എത്ര കഷണമാണ്
ദൈവം: മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

നിയമനടപടികൾ[തിരുത്തുക]

ക്രൈംബ്രാഞ്ചും എൻ.ഐ.എ.യും അറസ്റ്റു ചെയ്ത 29 പ്രതികൾക്ക് 2013 ഏപ്രിൽ 17-ന് എൻ.ഐ.എ. പ്രത്യേക കോടതിയിൽ സമർപ്പിച്ചു[5]. കോടതി ജഡ്ജി എസ്. വിജയകുമാർ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം വിചാരണ ഏപ്രിൽ 29-ന് എന്ന് പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾക്കെതിരെയുള്ള നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം നിലനിൽക്കില്ല എന്ന വാദം കോടതി തള്ളി[5].

മൂവാറ്റുപുഴ പൊലീസ്‌ അന്വേഷിച്ച കേസ്‌ 2011 മാർച്ച്‌ 9-നാണ്‌ എൻ.ഐ.എ. ഏറ്റെടുത്തത്‌. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻ.ഐ.എ. കോടതി 2015 ഏപ്രിൽ 30-ന്‌ വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു.

കേസിന്റെ നാൾവഴി[തിരുത്തുക]

2010-ലെ ബി കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യമായ ചിഹ്നങ്ങൾ ചേർക്കാനായി തയാറാക്കിയ ചോദ്യം മതനിന്ദ കലർന്നതാണെന്ന പേരിലാണ് വിവാദമായത്. മാർച്ച് 26-ന് ചോദ്യ പേപ്പർ തയ്യാറാക്കിയ ടി.ജെ. ജോസഫിനെ ന്യൂമാൻ കോളേജ് അധികൃതർ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും സംഭവത്തിൽ മാപ്പ് ചോദിക്കുകയും ചെയ്തു.[28][29][30][31] തുടർന്ന് തൊടുപുഴ പോലീസ് കേസെടുത്തു. ജോസഫ് ഇതേത്തുടർന്ന് ഒളിവിൽ പോയിരുന്നു.[22] പോലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റ ജോസഫിന്റെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [32]

തൊടുപുഴ ഡി.വൈ.എസ്.പി.ക്കു മുന്നിൽ 2010 ഏപ്രിൽ 1-നാണ് ജോസഫ് കീഴടങ്ങിയത്. ഏപ്രിൽ 19-ന് അദ്ദേഹത്തിനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി. പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോൾ ജൂലായ് 4-നാണ് തീവ്രവാദികൾ ജോസഫിനെ ആക്രമിച്ച് അദ്ദേഹത്തിൻറെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ജോസഫിന്റെ വീടിനു സമീപത്തുള്ള നിർമ്മല മാതാ പള്ളിയിൽ കുർബ്ബാന കഴിഞ്ഞ് അദ്ദേഹവും കുടുംബവും കാറിൽ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോഴാണ് അക്രമികൾ വാനിലെത്തി അവരുടെ വാഹനം തടഞ്ഞുനിർത്തിയത്. കാർ തടഞ്ഞ ഏഴംഗ സംഘം ആദ്യം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജോസഫിനെ കാറിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹത്തിൻറെ കൈകളിലും കാലുകളിലും ആയുധങ്ങൾ കൊണ്ട് വെട്ടുകയും ചെയ്തു. ജോസഫിന്റെ വലത് കൈപ്പത്തി വെട്ടി വലിച്ചെറിഞ്ഞു.[22]

ജൂലായ് 4-നു തന്നെ പ്രതികൾ സഞ്ചരിച്ച വാഹനം പെരുമ്പാവൂരിനടുത്ത് വട്ടക്കാട്ടുകുടിയിൽ നിന്നും പോലീസ് കണ്ടെത്തി. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ ജാഫറിനെ അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാനിന്റെ ഉടമസ്ഥനതിരെയും കേസെടുത്തു. അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി.പി. ഷംസിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. ജൂലായ് 5-ന് എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആശു​പത്രിയിൽ വെച്ച് ജോസഫിന്റെ കൈപ്പത്തി തുന്നിച്ചേർത്തു. ജൂലായ് 6 മുതൽ കൂടുതൽ പ്രതികളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യാൻ ആരംഭിച്ചു.[22]

2010 ആഗസ്ത് 9-ന് ജോസഫിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിന്റെ അധികൃതർ കുറ്റപത്രം നൽകിയതിനെത്തുടർന്ന് സെപ്തംബർ 1-ന് അദ്ദേഹത്തെ സർവ്വകലാശാല സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ടതിനെതിരെ ജോസഫ് സർവകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു. 2014 മാർച്ച് 19-ന് ജോസഫിന്റെ ഭാര്യ സലോമി കേസിന്റെയും അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു.[22] 2014 മാർച്ച് 27 ജോസഫിനെ സർവീസിൽ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്‌മെന്റ് ഉത്തരവിറക്കി. മാർച്ച് 31-ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു.

2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേസ് ഏറ്റെടുത്തത്.[22]

ഭാര്യ ആത്മഹത്യ ചെയ്തതിൻറെ പശ്ചാത്തലത്തിൽ ജോസഫിനെ സർവ്വീസിൽ തിരിച്ചെടുക്കാത്തതിൽ കത്തോലിക്കാസഭയ്ക്കെതിരെ ജനരോഷം ഉണ്ടായി. തുടർന്ന് പ്രതിരോധത്തിലായ സഭ ജോലിയിൽ നിന്ന് വിരമിയ്ക്കാൻ ജോസഫിനു അവസരമൊരുക്കാമെന്ന് അറിയിച്ചു. തുടർച്ചയായ രണ്ട് അവധി ദിവസങ്ങൾക്കു മുമ്പുള്ള പ്രവൃത്തിദിനത്തിലാണ് അദ്ദേഹത്തിനു കോളേജിലെത്താൻ അവസരം ലഭിച്ചത്. എന്നാൽ കോളെജ് മാനേജ്‌മെന്റ് സ്ഥാപനത്തിനു അവധി നൽകിയതിനാൽ വിദ്യാർത്ഥികളെ കാണാൻ ജോസഫിനു സാധിച്ചില്ല. അറ്റു പോകാത്ത ഓർമ്മകൾ എന്ന പേരിൽ ആത്മകഥയും ജോസഫ് എഴുതി. കൈവെട്ടിയ തീവ്രവാദികളേക്കാൾ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ കത്തോലിക്കാസഭയുടെ നടപടികളാണെന്ന് ജോസഫ് തൻറെ ആത്മകഥയിൽ കുറിക്കുന്നു.[26]

മുൻ ഡിജിപി സിബി മാത്യൂസിന്റെ 'നിർഭയം' എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലും ആക്രമണത്തെക്കുറിച്ച് പരാമർശനമുണ്ട്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടി കത്തോലിക്കാസഭയുടെ കോതമംഗലം രൂപതാ ബിഷപ്പും കോളേജ് അധികാരികളും ചേർന്ന് ജോസഫിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് നടപടികൾ സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ഒരു കന്യാസ്ത്രീയുടെ സഹോദരനായിട്ടു കൂടി സഭ ജോസഫിനെ ഒറ്റപ്പെടുത്തിയതാണ് ആക്രമണത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം കുറിക്കുന്നു.[27]

എൻ.ഐ.എ. കോടതിവിധി[തിരുത്തുക]

മൂവാറ്റുപുഴ കൈവെട്ട് കേസിൽ 6 പേരെക്കൂടി കൂറ്റക്കാരെന്ന എൻ.ഐ. എ. കോടതി ജൂലെ 2023 ൽ കണ്ടെത്തി. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ ക്രൂരകൃത്യം എന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. വധശ്രമവും ഗൂഢാലോചനയും ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതിയിലെ പ്രത്യേക ജഡ്ജി അനിൽ കെ ഭാസ്‌കർ കണ്ടെത്തി.[33] പി.എം. അയൂബ്, സജൽ, മൊയ്തീൻ കുഞ്ഞ്, നജീബ്, നാസർ, നൌഷാദ് എന്നീ 6 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി ഇവരോടൊപ്പം വിചാരണ നേരിട്ട 5 പ്രതികളായ മൻസൂർ, റാഫി, ഷഫീക്ക, അസീസ്, സുബൈർ എന്നിവരെ തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടു. നൌഷാദ് (9 ആം പ്രതി), മൊയ്തീന് (11 ആം പ്രതി), അയൂബ് (12 ആം പ്രതി) തുടങ്ങിയവർക്കെതിരെ ചുമത്തിയ യുഎപിഎയിൽനിന്നും ഒഴിവാക്കി. അതേസമയം ശിക്ഷ പരമാവധി കുറക്കണമെന്ന് പ്രതികൾ കോടതിയോട് അപേക്ഷിച്ചുവെങ്കിലും എല്ലാവർക്കും വേദനയില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

ആദ്യഘട്ടത്തിലെ വിചാരണ നേരിട്ട ആകെയുള്ള 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനു പിന്നാലെ അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്.

സംഭവത്തിലെ മുഖ്യ സൂത്രധാരകനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവുമായിരുന്ന എം.കെ. നാസറിനോടൊപ്പം ക്രൂരകൃത്യത്തിൽ സജൽ നേരിട്ടു പങ്കെടുത്തതായി കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിന് ആസൂത്രണം നടത്തിയ നാസറിനെതിരായ കുറ്റങ്ങളെല്ലാം നിലനിൽക്കും.[34] ഒളിവിലായിരുന്ന സംഭവത്തിലെ ഒന്നാം പ്രതിയായ പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി അശമന്നൂർ സവാദിനെ 2024 ജനുവരി 10 ന് കണ്ണൂരിലെ മട്ടന്നൂർ പരിയാരബരത്തുനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ഘട്ടമായി നടന്ന വിചാരണയിൽ ഭൂരിപക്ഷം പ്രതികളും ശിക്ഷിക്കപ്പെട്ട ശേഷമാണ് ഒന്നാം പ്രതി പിടിയിലാകുന്നത്.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". The Times of India. Archived from the original on 2010-08-14. Retrieved 11 July 2010.
 2. "Islamic group blamed for attack on lecturer – India News – IBNLive". Ibnlive.in.com. 3 February 2010. Archived from the original on 2010-07-09. Retrieved 12 May 2011.
 3. "Controversial lecturer's palm chopped off". The New Indian Express. 5 July 2010. Retrieved 12 May 2011.[പ്രവർത്തിക്കാത്ത കണ്ണി]
 4. "Two held for chopping off Ernakulam professor's palm". The Hindu. Chennai, India. 6 July 2010. Archived from the original on 2010-07-08. Retrieved 12 July 2010.
 5. 5.0 5.1 5.2 5.3 മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2013 ഏപ്രിൽ18, പേജ് 3, കോളം 1
 6. "Kerala: One more arrested in lecturer attack case". Rediff.com. 2 August 2010. Retrieved 12 May 2011.
 7. "English News | Top Stories". Manorama Online. Retrieved 12 May 2011.
 8. "Explosives, weapons seized near Kerala mosque". The Times of India. 13 July 2010. Retrieved 7 September 2010.
 9. Nelson, Dean (13 October 2009). "Handsome Muslim men accused of waging 'love jihad' in India". The Daily Telegraph. London. Archived from the original on 2010-03-08. Retrieved 7 September 2010.
 10. "Probe source of extremist funding: CPI". The Hindu. Chennai, India. 22 July 2010. Archived from the original on 2010-07-25. Retrieved 7 September 2010.
 11. M.G. Radhakrishnan (10 July 2010). "Hatred's New Haven: STATES: India Today". India Today. Retrieved 12 May 2011.
 12. "Defending the front". The Indian Express. 28 July 2010. Retrieved 12 May 2011.
 13. "Police unearth CDs of Taliban like terror module in Kerala". Sify.com. Retrieved 12 May 2011.
 14. "PFI – an Extremist Caucus Prophet Muhammad's Recipe for World Peace – Latest News about Muslims,Islam". Radianceweekly.com. Archived from the original on 2011-04-20. Retrieved 12 May 2011.
 15. "Islamic court ordered chopping of prof's palm – Rediff.com India News". Rediff.com. 7 July 2010. Retrieved 12 May 2011.
 16. "Taliban-style courts in God's Own Country". The Times of India. 18 July 2010. Retrieved 3 August 2010.
 17. "TALIBAN IN KERALA? Kangaroo courts under lens". The Times of India. Trivandrum. Archived from the original on 12 March 2014. Retrieved 2013-04-20.
 18. "No report yet on 'Taliban-model' courts: Kodiyeri". The Hindu. Chennai, India. 28 ജൂലൈ 2010. Archived from the original on 29 July 2010. Retrieved 1 August 2010.
 19. "Religious courts exist in Kerala: Kodiyeri". The New Indian Express. 28 July 2010. Archived from the original on 2016-01-31. Retrieved 12 May 2011.
 20. "Kaumudi Online – English Edition". Kaumudi.com. Archived from the original on 13 July 2011. Retrieved 12 May 2011.
 21. "കൈവെട്ട‌് കേസിന് ഒൻപതുവർഷം; പ്രധാനപ്രതികൾ ഇപ്പോഴും പുറത്ത‌്". Retrieved 29 സെപ്റ്റംബർ 2020.
 22. 22.0 22.1 22.2 22.3 22.4 22.5 "കൈവെട്ട് കേസിന്റെ നാൾവഴികൾ". Archived from the original on 2021-11-29. Retrieved 29 സെപ്റ്റംബർ 2020.
 23. "Wrong Question". Outlook. Archived from the original on 10 June 2011. Retrieved 12 May 2011.
 24. "Kerala town tense after controversial exam paper". The New Indian Express. 26 March 2010. Archived from the original on 2015-12-08. Retrieved 12 May 2011.
 25. Krishnakumar, R. (25 September – 8 October 2010). "Yet another blow". Frontline. Thiruvananthapuram: The Hindu Group. 27 (20). Archived from the original on 22 October 2013. Retrieved 6 March 2014.
 26. 26.0 26.1 "അറ്റുപോകാത്ത ഓർമ്മകൾ; പ്രൊഫ. ടി.ജെ ജോസഫിൻറെ കൈവെട്ടിമാറ്റിയ ക്രൂരതയ്ക്ക് 10 വർഷം തികഞ്ഞു". Retrieved 29 സെപ്റ്റംബർ 2020.
 27. 27.0 27.1 "അവർക്ക് എല്ലാം അറിയാമായിരുന്നു". Archived from the original on 2020-09-30. Retrieved 30 സെപ്റ്റംബർ 2020.
 28. "Kerala: Lecturer attacked over question paper". Ndtv.com. 5 July 2010. Archived from the original on 13 June 2011. Retrieved 12 May 2011.
 29. College principal faces MGU axe.[പ്രവർത്തിക്കാത്ത കണ്ണി]The New Indian Express
 30. College teacher held.[പ്രവർത്തിക്കാത്ത കണ്ണി] The New Indian Express
 31. Cops on the lookout for college professor. The New Indian Express[പ്രവർത്തിക്കാത്ത കണ്ണി]
 32. Indiavision, 3 April 2010, 11:20 IST (5:50 UTC)
 33. [read://https_malayalam.indianexpress.com/?url=https%3A%2F%2Fmalayalam.indianexpress.com%2Fkerala-news%2Fprof-tj-joseph-hand-hacked-case-second-verdict-877457%2F "കൈവെട്ട് കേസ്: ആറ് പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി"].
 34. [read://https_malayalam.oneindia.com/?url=https%3A%2F%2Fmalayalam.oneindia.com%2Fnews%2Fkerala%2Fprof-tj-joseph-hand-chopping-case-verdict-nia-court-found-six-accused-guilty-392754.html "കൈവെട്ട് കേസ്: ഭീകരപ്രവർത്തനം തെളിഞ്ഞെന്ന് കോടതി; ആറ് പേർ കുറ്റക്കാർ, അഞ്ച് പേരെ വെറുതെവിട്ടു"].