മൂലൂർ സ്മാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലൂർ സ്മാരകം, ഇലവുംതിട്ട

സരസ കവിയെന്നും മുല്ലൂർ ആശാനെന്നും വിഖ്യാതനായിരുന്ന മുലൂർ എസ്‌. പത്മനാഭപണിക്കരുടെ (1869 - 1931) ജന്മ ഗൃഹത്തെയാണ്‌ കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ മുലൂർ സ്‌മാരകമാക്കി നിലനിർത്തുന്നത്‌. മുലൂർ ശങ്കരൻ വൈദ്യരുടെയും വെളുത്ത കുഞ്ഞു അമ്മയുടെയും മകനായി 1869 -ൽ ജനിച്ച പത്മനാഭ പണിക്കർ സംസ്‌കൃതവും കളരിയും, ആയുർവേദവുമൊക്കെ നന്നെ ചെറുപ്പത്തിൽ തന്നെ തന്റെ പിതാവിൽ നിന്ന്‌ അഭ്യസിക്കുകയാണുണ്ടായത്‌. കവിയും, സാമൂഹ്യപ്രവർത്തകനും, മികച്ച പ്രസംഗകനുമായിരുന്ന അദ്ദേഹത്തെ 1913-ൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'സരസകവി' പട്ടം നൽകി ആദരിച്ചു.അക്ഷര സ്നേഹിയായ മൂലൂ൪ പത്തനംതിട്ട നാരങ്ങാനം കണമുക്കിൽ സ്ഥാപിച്ച വിദ്യാലയം ഇപ്പോൾ ഗവ.ഹൈസ്കൂൾ നാരങ്ങാനം എന്നാണ് അറിയപ്പെടുന്നത്. 'കിരാതം' എന്ന കാവ്യം രചിക്കുമ്പോൾ കവിക്ക്‌ പ്രായം വളരെ കുറവ്‌. 'നളചരിതം', 'കൃഷ്‌ണാർജ്ജനവിജയം', 'കുചേല വൃത്തം', 'നീതി സാര സമുച്ചയം', 'സന്മാർഗ്ഗ ചന്ദ്രിക' തുടങ്ങി ഒട്ടേറെ കൃതികൾ മുലൂർ രചിച്ചിട്ടുണ്ട്‌. 'ആസന്നമരണചിന്താശതകം' ഭാഷാപോഷിണി സമ്മാനത്തിനർഹമായിട്ടുണ്ട്‌.

എത്തിച്ചേരാൻ[തിരുത്തുക]

പത്തനംതിട്ട ടൗണിൽ നിന്ന്‌ 12 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ ഇലവുംതിട്ട. സാഹിത്യ സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവരെ മാത്രമല്ല ഇന്ന്‌ ഇലവും തിട്ടയിലെ മുലൂർ സ്‌മാരകം ആകർഷിക്കുന്നത്‌. കേരളം സന്ദർശിക്കുന്ന ടൂറിസ്റ്റുകളും ഈ പ്രദേശത്തിന്റെ അനുപമ സൗന്ദര്യം ഇന്നു തിരിച്ചറിയുന്നുണ്ട്‌. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ 16 കിലോമീറ്ററും തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളത്തിൽ നിന്ന്‌ 108 കിലോമീറ്ററുമാണ്‌ മുലൂർ സ്‌മാരകത്തിലേക്കുള്ള ദൂരം. [1]

അവലംബം[തിരുത്തുക]

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=മൂലൂർ_സ്മാരകം&oldid=3257630" എന്ന താളിൽനിന്ന് ശേഖരിച്ചത്