Jump to content

മൂന്നാം ബുദ്ധമതസമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശോകചക്രവർത്തിയും മൊഗ്ഗലിപുത്ത-ടിസ്സയും മൂന്നാം ബുദ്ധമതസമിതിയിൽ, ശ്രവസ്തിയിലെ ജേതവന ഉദ്യാനത്തിലെ നവജേതവനക്ഷേത്രത്തിലെ ചുവർചിത്രം

മൂന്നാം ബുദ്ധമതസമിതി പാടലീപുത്രത്തിൽ അശോകചക്രവർത്തിയുടെ ആശിർവാദത്തിൽ 250 ബി.സി.ഇ യിൽ നടന്നു. അശോകന്റെ ശിലാശാസനങ്ങളിൽ ബുദ്ധമതസമിതിയെക്കുറിച്ചുള്ള പരാമർശം ഒരിക്കലും കാണാത്തതിനാൽ ഈ സമിതിയുടെ സംഘാടനം ഒരു തർക്കവിഷയമാണ്.

മൂന്നാം ബുദ്ധമതസമിതി വിളിച്ചുകൂട്ടാനുള്ള കാരണമായി പരമ്പരാഗത സ്രോതസ്സുകളനുസരിച്ച് പറയപ്പെടുന്നത് സംഘത്തിൽ കടന്നുകൂടിയിട്ടുള്ള ശത്രുക്കളേയും സംഘത്തിന്റെ അടിസ്ഥാനാശയങ്ങൾക്കു വിരുദ്ധമായുള്ള ആശയങ്ങൾ വച്ചു പുലർത്തിയിരുന്നവരേയും പുറത്താക്കാനുള്ള തീരുമാനമായിരുന്നുവെന്നാണ്. [1] അറുപതിനായിരം ബ്രാഹ്മണ ചാരന്മാരെ പുറത്താക്കാനും തിപിടകം പുനർവായന നടത്താനും സമിതി അശോകചക്രവർത്തിക്കു ശുപാർശ ചെയ്തു.

ബുദ്ധസന്യാസി മൊഗ്ഗലിപുത്ത-ടിസ്സ അധ്യക്ഷത വഹിച്ച സമിതിയിൽ ആയിരം സന്യാസിമാർ പങ്കെടുത്തു. ഥേരവാദരും, മഹായാനരും സമിതിയെ അംഗീകരിച്ചെങ്കിലും ഥേരവാദത്തിലാണ് സമിതിയുടെ പ്രാധാന്യം ചരിത്രപരമായി ഏറ്റവും കൂടുതൽ ഉള്ളത്. [2]

ചരിത്ര പശ്ചാത്തലം

[തിരുത്തുക]

മൂന്നാം സമിതിയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലെ വിവരണം ഇങ്ങനെയാണ്: ബുദ്ധന്റെ പരിനിർവാണത്തിനുശേഷം ഇരുനൂറ്റി പതിനെട്ടാം വർഷത്തിൽ അശോകചക്രവർത്തി കിരീടമണിഞ്ഞു. ആദ്യം അദ്ദേഹം ധർമ്മത്തിനോടും സംഘത്തിനോടും ആദരവു പ്രകടിപ്പിച്ചെങ്കിലും മറ്റ് മതവിഭാഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹം ബുദ്ധസന്യാസി നിഗ്രോധയെ കണ്ടുമുട്ടിയപ്പോൾ സന്യാസി ധമ്മപദത്തിൽ നിന്ന് അപ്പമദ-വഗ്ഗ സൂക്തങ്ങൾ അശോകചക്രവർത്തിക്കു ഉപദേശിച്ചുകൊടുത്തു. അതിനുശേഷം അദ്ദേഹം മറ്റ് മതവിഭാഗങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുകയും ധർമ്മത്തോടുള്ള താൽപ്പര്യവും ഭക്തിയും വർദ്ധിപ്പിക്കുകയും ചെയ്തു. എൺപത്തിനാലായിരം പഗോഡകളും വിഹാരങ്ങളും പണിയുന്നതിനും ഭിക്ഷുക്കളെ (സന്യാസിമാരെ) പിന്തുണയ്ക്കുന്നതിനും അശോകചക്രവർത്തി തന്റെ സമ്പത്ത് ഉപയോഗിച്ചു. അദ്ദേഹത്തിന്റെ മകൻ മഹിന്ദ മകൾ സംഘമിത്ത എന്നിവർ ബുദ്ധമതം സ്വീകരിക്കുകയും സംഘത്തിൽ ചേരുകയും ചെയ്തു.

അശോകചക്രവർത്തിയുടെ സംഘത്തിനുള്ള സംഭാവനകൾ സംഘത്തിനുള്ളിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചു. കാലക്രമേണ സംഘത്തിൽ യോഗ്യതയില്ലാത്ത നിരവധി പേർ നുഴഞ്ഞുകയറി, മതവിരുദ്ധമായ വീക്ഷണങ്ങൾ പുലർത്തുകയും ചെയ്തു. അശോകചക്രവർത്തി മൊഗ്ഗലിപുത്ത-ടിസ്സയുടെ ഉപദേശമനുസരിച്ച് സംഘത്തിൽ കടന്നുകൂടിയ തെറ്റായ വീക്ഷണങ്ങൾ പുലർത്തുന്നവരെ പുറത്താക്കാൻ ബുദ്ധമതസമിതി വിളിച്ചുകൂട്ടാൻ തീരുമാനിച്ചു.

പാടലിപുത്രത്തിലെ ഹാളിന്റെ അവശിഷ്ടങ്ങൾ കുമ്രഹാറിൽ .
മൂന്നാം ബുദ്ധമതസമിതി സംഘടിക്കപ്പെട്ടപാടലീപുത്രത്തിലെ 80-തൂൺ ഹാളിന്റെ മാതൃക, പട്ന മ്യൂസിയം . [3] [4]

അശോകചക്രവർത്തിയുടെ ഭരണത്തിന്റെ പതിനേഴാം വർഷത്തിൽ മൂന്നാം സമിതി വിളിക്കപ്പെട്ടു. മൊഗ്ഗലിപുത്ത ടിസ്സ സമിതിക്ക് നേതൃത്വം നൽകുകയും ധർമ്മത്തിന്റെയും വിനയത്തിന്റെയും പരമ്പരാഗത പാരായണത്തിനായി പങ്കെടുത്ത അറുപതിനായിരത്തിൽ നിന്ന് ആയിരം സന്യാസിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സമിതി ഒൻപത് മാസത്തോളം നീണ്ടുനിന്നു. ബുദ്ധന്റെ പ്രബോധനങ്ങളെക്കുറിച്ച് വ്യത്യസ്ത സന്യാസിമഠങ്ങളിൽനിന്നുള്ള സന്യാസിമാരെ ചക്രവർത്തി തന്നെ ചോദ്യം ചെയ്തു. തെറ്റായ വീക്ഷണം പുലർത്തുന്നവരെ ഉടൻ തന്നെ സംഘത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ വിധത്തിൽ സംഘത്തെ മതവിരുദ്ധവിശ്വാസം പുലർത്തുവരിൽ നിന്നും വ്യാജഭിക്ഷുക്കളിൽനിന്നും ശുദ്ധീകരിച്ചു.

പാലിയിലും ചൈനീസിലുള്ള വിവരണങ്ങൾ അനുസരിച്ച്, മൊഗ്ഗലിപുത്ത ടിസ്സ, മതവിരുദ്ധതകളെ നിരാകരിക്കുന്നതിനും ധർമ്മം ശുദ്ധമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി, കതാവത്തു എന്ന ഒരു പുസ്തകം സമാഹരിച്ചു. ഇരുപത്തിമൂന്ന് അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളുടെ ഒരു ശേഖരമാണ്. വിവിധ ബുദ്ധമത വിഭാഗങ്ങൾ ദാർശനിക കാര്യങ്ങളിൽ പുലർത്തുന്ന 'മതവിരുദ്ധ' വീക്ഷണങ്ങളെ ഇത് നിരാകരിക്കുന്നു. അഭിധർമ്മ പിടകത്തിന്റെ ഏഴ് പുസ്തകങ്ങളിൽ അഞ്ചാമത്തേതാണ് കതാവത്തു. എന്നാൽ സാൻ ജിയാൻ ലു പൈ പോ ഷോയിൽ (സുദാസനവിനയവിഭാഷ) മൂന്നാം സമിതിയെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്ന വിവരണം, ഏതാണ്ട് സമാനമാണെങ്കിലും, കതാവത്തുവിനെക്കുറിച്ച് അതിൽ പരാമർശിക്കുന്നില്ല.

ദൂതന്മാർ

[തിരുത്തുക]
അശോക രാജാവിന്റെ കാലത്ത് ബുദ്ധമതപ്രചരണം (ക്രി.മു. 260 – 218).

ഥേരവാദ പാരമ്പര്യപ്രകാരം ഈ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്, അശോകചക്രവർത്തി ബുദ്ധന്റെ ധർമ്മവും വിനയയും നന്നായി അറിയാവുന്നവ സന്യാസിമാരെ ഒമ്പതു രാജ്യങ്ങളിൽ ഇവ പഠിപ്പിക്കാൻ അയച്ചതാണ്. മഹാവംശ (XII, ഒന്നാം ഖണ്ഡിക) അനുസരിച്ച്, [5] അദ്ദേഹം അയച്ച പ്രചാരകർ ഇവരാണ്: [6]

രാജ്യത്തിന്റെ പേര് മിഷനറി നാമം
(1) കാശ്മിര - ഗാന്ധാര മജ്ജാന്തിക / മഹ്യാന്തിക തേര
(2) മഹിസമണ്ഡല ( മൈസൂർ ) മഹാദേവ തേര
(3) വനവാസി രഖിത തേര
(4) അപരാന്തക (വടക്കൻ ഗുജറാത്ത്, കത്തിയവാർ, കച്ച്, സിന്ധ് ) യോന (ഗ്രീക്ക്) ധർമരക്ഷിത തേര.
(5) മഹാരാത്ത ( മഹാരാഷ്ട്ര ) മഹാധർമ്മരക്ഷിത തേര
(6) യോനരാജ്യം ( ഗ്രീക്കുകാർ ) മഹാരക്കിത / മഹാരക്ഷിത തേര
(7) ഹിമവന്ത ( ഹിമാലയത്തിലെ പ്രദേശങ്ങൾ) മജ്ജിമ തേര
(8) സുവന്നഭൂമി ( മ്യാൻമർ / മോൻ ) / തായ്‌ലാന്റ് ) സോണ തേരയും ഉത്തരാ തേരയും
(9) ലങ്കദിപ

(ശ്രീലങ്ക)

മഹാനായ മഹിന്ദ തേര , ഉത്തിയ തേര, ഇത്തിയ തേര, സംബാല തേര, ഭദ്ദാസാല തേര

ദൗത്യങ്ങളുടെ ഫലങ്ങൾ

[തിരുത്തുക]

ശ്രീലങ്കയിലേക്കും കാശ്മീരിലേക്കും ഗാന്ധാരത്തിലേക്കുമുള്ള ബുദ്ധർമ്മപ്രചരണദൗത്യങ്ങൾ വളരെ വിജയകരമായിരുന്നു, ഇത് ആ പ്രദേശങ്ങളിൽ ബുദ്ധമതത്തിന്റെ ദീർഘകാല സാന്നിധ്യത്തിനും ആധിപത്യത്തിനും കാരണമായി.

ഈജിപ്തും ഗ്രീസുമായുള്ള ബുദ്ധമത ഇടപെടലുകൾ ആ സംസ്കാരങ്ങളെ എത്രത്തോളം സ്വാധീനിച്ചുവെന്ന് കൃത്യമായി വ്യക്തമല്ല. അക്കാലത്തെ ഹെല്ലനിസ്റ്റിക് ലോകത്ത്, പ്രത്യേകിച്ച് അലക്സാണ്ട്രിയയിൽ (അലക്സാണ്ട്രിയയിലെ ക്ലെമന്റ് പരാമർശിച്ചതനുസരിച്ച്) ബുദ്ധമത സമുദായങ്ങളുടെ സാന്നിധ്യവുത്തിന്റേയും, ബുദ്ധ സന്യാസത്തിന്റെ പഠിപ്പിക്കലുകളിൽ നിന്നും പ്രയോഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട( റോബർട്ട് ലിൻസെൻ ), ഒരു ക്രിസ്തീയ-പൂർവ സന്യാസഗണമായ തെറാപ്പിറ്റെയുടെ (ഒരുപക്ഷേ പാലി പദമായ തേരവാദത്തിന്റെ രൂപഭേദം) സാന്നിധ്യത്തിന്റേയും അടിസ്ഥാനത്തിൽ ഒരുപക്ഷേ ഹെല്ലനിസ്റ്റ് ചിന്തയും ബുദ്ധമതവും തമ്മിലുള്ള ചില തലങ്ങളിലുള്ള സമന്വയം അക്കാലത്ത് ഹെല്ലനിക് രാജ്യങ്ങളിൽ ആരംഭിച്ചിരിക്കാമെന്ന് ചില എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ടോളമി കാലഘട്ടത്തിലെ ബുദ്ധമത ശവക്കല്ലറകളും അലക്സാണ്ട്രിയയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് ധർമ്മ ചക്രത്തിന്റെ ചിത്രീകരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു (ഡബ്ല്യു.ഡബ്ല്യു. ടാർൺ, ദി ഗ്രീക്ക്സ് ഇൻ ബാക്ട്രിയ ആൻഡ് ഇൻഡ്യ). അലക്സാണ്ട്രിയയിലെ ബുദ്ധമതക്കാരുടെ സാന്നിധ്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ “പിൽക്കാലത്ത് ഈ സ്ഥലത്താണ് ക്രിസ്തുമതത്തിന്റെ ഏറ്റവും സജീവമായ കേന്ദ്രങ്ങൾ സ്ഥാപിതമായത്” (റോബർട്ട് ലിൻസെൻ "സെൻ ലിവിംഗ്").

ക്രി.വ. രണ്ടാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയയിലെ ക്രിസ്തീയചിന്തകനായിരുന്നു ക്ലെമന്റ് ബാക്ട്രിയൻ ബുദ്ധമതക്കാരുടേയും (ശ്രമണ ) ഇന്ത്യൻ തത്വചിന്തകരുടേയും ഗ്രീക്ക് ചിന്തയിലുള്ള സ്വാധീനത്തെ തിരിച്ചറിഞ്ഞിരുന്നു.

അവലംബം

[തിരുത്തുക]
  1. Centāraśśēri, Ṭi Ecc Pi (1998). History of the Indigenous Indians (in ഇംഗ്ലീഷ്). APH Publishing. ISBN 978-8170249597.
  2. A detailed account in Chinese of the 3rd Buddhist Council is found starting at line T24n1462_p0678b01(00) of the 善見律毘婆沙.
  3. Khan, Zeeshan (2016). Right to Passage: Travels Through India, Pakistan and Iran (in ഇംഗ്ലീഷ്). SAGE Publications India. p. 51. ISBN 9789351509615.
  4. Roy, Kumkum (2009). Historical Dictionary of Ancient India (in ഇംഗ്ലീഷ്). Rowman & Littlefield. p. 243. ISBN 9780810853669.
  5. Mahavamsa. "Chapter XII". lakdiva.org.
  6. Thai Art with Indian Influences, Promsak Jermsawatdi, Abhinav Publications, 1979 p.10ff
"https://ml.wikipedia.org/w/index.php?title=മൂന്നാം_ബുദ്ധമതസമിതി&oldid=3523018" എന്ന താളിൽനിന്ന് ശേഖരിച്ചത്