മൂക്കുന്നിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ വില്ലേജിൽ നഗരപ്രാന്തത്തിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള കുന്നാണ് മൂക്കുന്നിമല. ഇതിന്റെ ഉയരം 1,074 മീറ്ററാണ്. മൂക്കുന്നിമലയ്ക്ക് മുകളിൽ വായുസേനക്ക് റഡാർ സ്റ്റേഷനും കരസേനക്ക് ഒരു ഫയറിങ് റേഞ്ചുമുണ്ട്. [1]

പദോൽപ്പത്തി[തിരുത്തുക]

ഹിമാലയത്തിൽ നിന്നും മൃതസജ്ജീവനിയടങ്ങിയ പർവ്വതവുമായി ലങ്കയിലേക്കു പറക്കുന്നതിനിടയിൽ ഹനുമാന്റെ മൂക്കു തട്ടി കൈയ്യിലിരുന്ന മലയുടെ ഒരു ഭാഗം അടർന്നു താഴെ വീണു. ഇതാണ് മൂക്കുന്നിമലയായി തീർന്നത് എന്നാണ് പേരിനെ സംബന്ധിച്ച ഐതിഹ്യം. [2]

ചരിത്രം[തിരുത്തുക]

തിരുവിതാംകൂർ ദിവാനായിരുന്ന സുബ്രഹ്മണ്യ അയ്യരാണ് 1914-ൽ സംരക്ഷിതവനമായി മൂക്കുന്നിമലയെ പ്രഖ്യാപിച്ചത്. 1806-ൽ അഞ്ച് സ്‌ക്വയർ മൈൽ റിസർവ്‌ വനമായി മൂക്കുന്നിമലയെ തിരുവിതാംകൂർ രാജഭരണകാലത്ത് പ്രഖ്യാപിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു (ഒരു സ്‌ക്വയർ മൈൽ എന്നത് 640 ഏക്കറാണ്). അപ്രകാരംമെങ്കിൽ അഞ്ച് സ്‌ക്വയർ മൈൽ (3200 ഏക്കർ) വനഭൂമി മൂക്കുന്നിമലയിലുണ്ട് എന്ന് വേണം കരുതാൻ. [3]

പാരിസ്ഥിതിക പ്രശ്നങ്ങൾ[തിരുത്തുക]

ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളാണ് മൂക്കുന്നിമലയിലെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന ജനത ഇപ്പോൾ കടന്നുപോകുന്നത്. അശാസ്ത്രീയ പാറപൊട്ടിക്കൽ കാരണം മൂക്കുന്നിമലയിലെ ജൈവവൈവിധ്യം നശിപ്പിക്കപ്പെടുന്നു എന്നും വ്യാപകമായ പരാതിയുണ്ട്. [4] ഉഗ്രസ്ഫോടനം കാരണം മൂക്കുന്നിമലയിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥതന്നെ തകിടംമറിഞ്ഞു. മൂക്കുന്നിമലയിൽനിന്ന്‌ ഉത്ഭവിക്കുന്ന പന്ത്രണ്ട് തോടുകൾ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ കരമനയാറ്റിലാണ് എത്തിച്ചേരുന്നത്. ഈ തോടുകൾ പലതും ഇന്ന് നശിച്ച അവസ്ഥയിലാണ്. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ 2015 ൽ മൂക്കുന്നിമല സന്ദർശിക്കാനെത്തിയിരുന്നു. [5] പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് മൂക്കുന്നിമല സംരക്ഷണ സമരസമിതിയും രംഗത്തുണ്ട്. [6]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
  2. http://maprithvi.blogspot.com/2014/03/blog-post.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
  4. https://www.azhimukham.com/news-vigilance-official-transferred-in-between-submitting-encroachment-report/
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-09. Retrieved 2019-08-09.
  6. https://localnews.manoramaonline.com/thiruvananthapuram/local-news/2018/03/31/bala-mookunnimala.html
"https://ml.wikipedia.org/w/index.php?title=മൂക്കുന്നിമല&oldid=3941445" എന്ന താളിൽനിന്ന് ശേഖരിച്ചത്