ആറാട്ടുപുഴ വേലായുധ പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൂക്കുത്തി വിളംബരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറാട്ടുപുഴ വേലായുധ പണിക്കർ (1825 – 1874), ആറാട്ടുപുഴ വേലായുധ ചേകവർ സ്മാരകം, മംഗലം ശിവ ക്ഷേത്രം, ആറാട്ടുപുഴ, കാർത്തികപ്പള്ളി താലൂക്,  ആലപ്പുഴ ജില്ല, കേരളം

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കർ (കല്ലിശ്ശേരി വേലായുധ പെരുമാൾ) (7 ജനുവരി 1825 – 3 ജനുവരി 1874).[1][2][3] കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നതും ഇദ്ദേഹത്തെയാണ്.[1] പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴ, ഹരിപ്പാടിനടുത്ത് മംഗലം എന്ന ദേശത്തെ കല്ലിശ്ശേരിൽ എന്ന ഒരു സമ്പന്ന ഈഴവ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.[1] മംഗലം വേലായുധപ്പെരുമാൾ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ശ്രീനാരായണഗുരു 1888 ൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ്, 1852 ൽ വേലായുധ പണിക്കർ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ[4] പ്രതിഷ്ഠിച്ചിരുന്നു.[3] ഈഴവർ അടക്കം പിന്നാക്ക സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രശക്തമായ മൂക്കുത്തി വിളംബരം നടത്തിയത് അദ്ദേഹമാണ്. കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്.[3][5][6]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിൽ, ആറാട്ടുപുഴ മംഗലം ഗ്രാമത്തിലെ സമ്പന്ന ഈഴവ തറവാടായ കല്ലിശ്ശേരിൽ തറവാട്ടിലാണ് 1825 ജനുവരി 7 ന് വേലായുധ പണിക്കരുടെ ജനനം. പക്ഷെ, പണിക്കർ ഒരു മാടമ്പി തമ്പുരാനായി വാഴാനല്ല മറിച്ച് തന്റെ ചുറ്റുവട്ടത്ത് കണ്ട അനീതിയും, അക്രമവും, അസമത്വവും ചോദ്യം ചെയ്യാനാണ് ശ്രമിച്ചതെന്നത് കൊണ്ടാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. പണിക്കരുടെ പിതാവ്, കായംകുളത്തുള്ള എരുവയിൽ ശ്രീ. കുറ്റിത്തറ ഗോവിന്ദപ്പണിക്കർ, ആയൂർവേദവും, ജ്യോതിഷവും, കളരിപ്പയറ്റുമൊക്കെ പഠിച്ച പണ്ഡിതനായിരുന്നു. പണിക്കരുടെ മാതാവ്, മംഗലം പ്രമാണി പെരുമാൾ അച്ഛൻറെ മകളായിരുന്നു.[6] പെരുമാൾ അച്ഛൻ പേരുകേട്ട കളരി അഭ്യാസിയായിരുന്നു. പണിക്കർ ജനിച്ച്‌ പതിമൂന്നാം നാൾ പണിക്കരുടെ അമ്മ മരണപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കൾക്കൊപ്പം ആണ് വളർന്നത്. ചെറുപ്പത്തിൽ തന്നെ പണിക്കർ മലയാളം, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളും, ആയുർവ്വേദം, ജ്യോതിഷം, വ്യാകരണ ശാസ്ത്രം, വർമ കല എന്നിവയും പഠിച്ചിരുന്നു. പഠനത്തിന് പുറമേ ആയോധന വിദ്യയും, കുതിര സവാരിയും എല്ലാം അഭ്യസിച്ചിരുന്നു. ഇരുപതാമത്തെ വയസ്സിൽ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി തറവാട്ടിലെ (ശ്രീനാരായണഗുരു വിദ്യാർത്ഥിയായി പഠിക്കാനെത്തിയത് വാരണപ്പളളി തറവാട്ടിലാണ്) വെളുമ്പിയെ പണിക്കർ വിവാഹം കഴിച്ചു. ഇവർക്ക്‌ ഏഴ്‌ ആൺമക്കളാണ്‌.

പെരുമാൾ അച്ഛന്റെ മരണ ശേഷം പണിക്കർ ആയിരുന്നു തറവാട്ടിലെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തി പൊന്നിരുന്നത്. തിരുവിതാംകൂറിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, മംഗലം ദേശത്തിന്റെ പ്രധാന സമ്പത്ത് ഉള്ള ഒരു തറവാടയിരുന്നു കല്ലിശ്ശേരി തറവാട്ടുകാർ. പണിക്കരുടെ കളരിയിൽ ഉണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ പണിക്കരുടെ സഹായത്തിന് എപ്പോഴും ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]. മേൽജാതിക്കാരുടെ ഉപദ്രവങ്ങൾക്കെതിരെ ശക്തമായ നിലപാടായിരുന്നു വേലായുധപണിക്കർ സ്വീകരിച്ചിരുന്നത്[7]. ധാരാളം കൃഷിയും വാണിജ്യ ബന്ധവുമുണ്ടാായിരുന്ന ധനിക പ്രമാണി കുടുംബമായിരുന്നു പണിക്കർ ജനിച്ച കല്ലിശ്ശേരി തറവാട്.[8][6]

പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂർ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമങ്ങളും പടിത്തരവും തിരുവിതാംകൂർ രാജാവിൻ്റെ ഒരു രത്നവും കായംകുളം കായലിൽ വെച്ച് കായൽ കൊള്ളക്കാരൻ കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും അപഹരിച്ചു. ഇത് മുറജപം എന്ന ആറു വർഷത്തിൽ ഒരിക്കൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചടങ്ങിന് വേണ്ടി കൊണ്ടു പോയിരുന്നതായിരുന്നു . തിരുവിതാംകൂർ പോലീസും പട്ടാളവും അന്വേഷിച്ചിട്ടു കിട്ടിയില്ല. സാളഗ്രാമവും രത്നവും കണ്ടുപിടിച്ച് നൽകാനുള്ള തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ അയത്തിൽ തണ്ടാർ വഴി സ്വീകരിച്ചു. ഇരുട്ടി വെളുക്കും മുൻപ് കല്ലിശ്ശേരി പണിക്കർ തന്റെ ആളുകളുടെ ശക്തിയും കഴിവും ഉപയോഗിച്ച് രത്നവും സാളഗ്രാമവും പടിത്തരവും വവ്വാക്കാവിൽ നിന്നും പിടിച്ചെടുത്ത് രാജാവിന് നല്കി. ഇതിന്റെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രണ്ടു കൈകളിലും വീരശൃംഖല നൽകി അദ്ദേഹത്തെ ആദരിച്ചു.[3] തുടർന്ന് രാജാവിന്റെ പ്രിയപ്പെട്ടവനുമായി മാറി വേലായുധ പണിക്കർ

1874 ജനുവരി മൂന്നിന് (1874 ധനു 24) ആയിരുന്നു മരണം. കായംകുളം കായലിലൂടെ ബോട്ടിൽ കൊല്ലത്തേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വ്യവസായിക ശത്രുക്കൾ അദ്ദേഹത്തിന്റെ സന്തത സാഹചാരിയും പിന്നീട് മതം മാറിയ കിട്ടന്റെ സഹായത്തോടെ വധിച്ചു.[3][9][10] അദ്ദേഹത്തിന്റെ വീടിന്റെ ഒരുഭാഗം നാമാവശേഷമായ രീതിയിൽ ഇന്നും മംഗലത്തുണ്ട്.

നവോത്ഥാന ചരിത്രത്തിലെ സംഭാവനകൾ[തിരുത്തുക]

മൂക്കുത്തി വിളംബരവും അച്ചിപ്പുടവ സമരവും ഉൾപ്പടെ കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് സമരങ്ങൾക്കും സംഭവങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ. അതിൽ ചിലത് താഴെ വിവരിക്കുന്നു.

ശിവപ്രതിഷ്ഠ[തിരുത്തുക]

ബ്രാഹ്മണവേഷത്തിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ താമസിച്ച് ആണ് ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചത്.[3] അതിന് ശേഷം 1852 ൽ വേലായുധപ്പണിക്കർ അവർണർക്ക് ആരാധിക്കാനായി ശിവ ക്ഷേത്രം നിർമ്മിച്ചു. കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ജ്ഞാനേശ്വരം ക്ഷേത്രമാണ് അത്.[3].[4]ഇവിടെ നിത്യപൂജയ്ക്ക് തീരുമാനിച്ചതും അബ്രാഹ്മണനെ ആയിരുന്നു.[4] എല്ലാ ജാതി മതസ്ഥഥർക്കും അവിടെ ആരാധനാ സ്വാതന്ത്ര്യവും നൽകിയിരുന്നു അദ്ദേഹം. ഇതിൻ്റെെ ചുവടുപിടിച്ച് 1853 ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല തണ്ണീർമുക്കം ചെറുവാരണംകരയിലും പണിക്കർ ഒരു ശിവക്ഷേത്ര നിർമ്മാണം നടത്തിയിട്ടുണ്ട്.[3] ക്ഷേത്ര നിർമ്മാണവും വിഗ്രഹ പ്രതിഷഠയും അവർണരുടെ ധർമ്മാചരണത്തിന് എതിരാണെന്നു പറഞ്ഞ് ഇത് മുടക്കാൻ സവർണർ ശ്രമിച്ചിരുന്നു. ഒരു അബ്രാഹ്മണൻ്റെ കാർമ്മികത്വത്തിൽ മംഗലത്ത് ആദ്യം നടത്തിയ ശിവ പ്രതിഷ്ഠ ദിവാനുമുന്നിൽ തെളിവായി ചൂണ്ടിക്കാണിച്ച് ഈ എതിർപ്പുകൾ അദ്ദേഹം മറികടന്നു.[4]

അച്ചിപ്പുടവ സമരം[തിരുത്തുക]

അച്ചിപ്പുടവയെന്ന പേരിൽ തിരുവിതാംകൂറിൽ അറിയപ്പെട്ടിരുന്ന മുണ്ടുകൾ ഈഴവ സ്ത്രീകൾ നെയ്തിരുന്നതായിരുന്നുവെങ്കിലും അവ ഉടുക്കാൻ അവർക്ക് അനുവാദമില്ലായിരുന്നു. മാത്രമല്ല, സവർണ്ണ വിഭാഗം പിന്നാക്ക വിഭാഗക്കാരെ സ്ത്രീപുരുഷ ഭേദമന്യേ മുട്ടിനുതാഴെ മുണ്ടുടുക്കാൻ അനുവദിച്ചിരുന്നില്ല. ഈ ആചാരത്തെ അംഗീകരിക്കാതെ അച്ചിപ്പുടവ നീട്ടിയുടുത്ത് കായംകുളത്തിനടുത്തുള്ള പത്തിയൂർ വയൽവരമ്പിലൂടെ യാത്ര ചെയ്ത യുവതിയെ മേൽജാതിക്കാർ അധിക്ഷേപിച്ചു വിട്ടു. ഇതറിഞ്ഞ പണിക്കർ തൊഴിലാളികൾക്ക് ചിലവിന് പണം നൽകി, ജൻമിമാരുടെ കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തു. പണി മുടങ്ങി സാമ്പത്തിക നില തകരാറിലായതോടെ സവർണപ്രമാണിമാർ സമരത്തിനു മുമ്പിൽ മുട്ടുമടക്കി.

1866 ൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കർ നടത്തിയ ഈ പണിമുടക്കാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കർഷക തൊഴിലാളി സമരം.[3]

മൂക്കുത്തി വിളംബരം[തിരുത്തുക]

1859 വരെ ബ്രാഹ്മണർക്ക് മാത്രമേ മൂക്കുത്തി ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. 1859 ഇൽ അന്നത്തെ തിരുവിതാംകൂർ റീജൻറ് റാണിയോട്, തങ്ങൾകും മൂക്കുത്തി ധരിക്കാൻ അവകാശം നൽകണമെന്ന് നായന്മാർ അപേക്ഷിച്ചു. 1859 അവസാനം നായൻമാർകും ബ്രാഹ്മണരെ പോലെ മൂക്കുത്തി ധരിക്കാമെന്ന് റീജൻറ് മഹാറാണി ഉത്തരവു പുറപ്പെടുവിച്ചു. ഇതറിഞ്ഞ ഈഴവരിലെ സമ്പന്ന കുടുംബ സ്ത്രീകളും മൂകുത്തി ധരിക്കാൻ തുടങ്ങി. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ച ഒരു ഈഴവ സ്ത്രീയുടെ മൂക്കുത്തി ഒരു ബ്രാഹ്മണൻ പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കർ സ്വർണ്ണപണിക്കാരെ വിളിച്ച്, സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ ‌ നിരവധി മൂക്കുത്തികൾ നിർമ്മിക്കാൻ നിർദ്ദേശിച്ചു. ആയിരം സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിപ്പിച്ചു[11][12][13][14][15]. എന്നിട്ട് പന്തളത്തുവച്ച് ഒരു വിളംബരം നടത്തി.

1860-ലെ[16] ഈ പ്രഖ്യാപനത്തെ മൂക്കുത്തി വിളംബരം എന്നു വിളിക്കപ്പെടുന്നു. ഇവരെ ആരും അപമാനിക്കാതിരിക്കാൻ ദിവസങ്ങളോളം പണിക്കർ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെയും സൈന്യത്തിൻറെയും മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വർണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. ഇങ്ങനെയാണ് തിരുവതാംകൂറിലെ എല്ലാ സ്ത്രീകൾകും മൂകുത്തി ധരിക്കാൻ അവകാശം കിട്ടിയത്.

ഏത്താപ്പുസമരം[തിരുത്തുക]

കായംകുളത്ത്‌ അവർണസ്‌ത്രീ നാണം മറയ്‌ക്കാൻ മാറിൽ ഏത്താപ്പിട്ടതു സഹിക്കാത്ത പ്രമാണിമാർ പൊതുനിരത്തിൽ അവരുടെ മേൽമുണ്ടു വലിച്ചു കീറി മാറിൽ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേൽമുണ്ടുമായി പണിക്കർ തണ്ടുവച്ച വള്ളത്തിൽ കായംകുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകൾക്കിടയിൽ മേൽമുണ്ടു വിതരണം ചെയ്‌തു. ഇതാണ് എത്താപ്പു സമരം എന്നറിയപ്പെടുന്നത്. 1859-ലാണ് ഏത്താപ്പുസമരം നടന്നത്.

കഥകളിയോഗം[തിരുത്തുക]

ആദ്യമായി കഥകളി പഠിച്ച അബ്രാഹ്മണൻ ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്[അവലംബം ആവശ്യമാണ്]. 1862 ൽ ഈഴവ സമുദായാംഗങ്ങളെ ചേർത്ത് അദ്ദേഹം സ്ഥാപിച്ച കഥകളിയോഗം, ഈഴവരുടെ ആദ്യത്തെ കഥകളിയോഗമാണ്.[2] പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാൻ അവർണർക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവൺമെന്റിൽ ‍ പരാതികിട്ടിയപ്പോൾ ദിവാൻ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേർത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീർപ്പിലാണു അവർണ ജാതിക്കർക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കർ സമ്പാദിച്ചത്‌. അവർണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിർപ്പുള്ള പ്രദേശങ്ങൾ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം[അവലംബം ആവശ്യമാണ്].

വഴി നടക്കൽ[തിരുത്തുക]

നംപൂതിരിമാരും, രാജാക്കന്മാരും സഞ്ചരിക്കുന്ന വഴിയിൽ നിന്ന് അവർണ്ണരെ തീണ്ടാപ്പാടകലെ നിർത്താൻ 'ഹൊയ്' വിളിക്കുമായിരുന്നു. ഒരു ദിവസം വേലായുധപ്പണിക്കർ പരിവാരങ്ങളോടൊത്ത് പല്ലക്കിൽ മംഗലത്തുകൂടി സഞ്ചരിക്കുമ്പോൾ, ഇടപ്പള്ളി രാജാവിൻറെ മകൻ രാമൻ മേനോനെയും ചുമന്ന് വരുന്നവരുടെ 'ഹോയ്‌' വിളി മറുവശത്തു നിന്ന് കേട്ടു. പണിക്കരുടെ നിർദ്ദേശപ്രകാരം അതിനെക്കാൾ ഉച്ചത്തിൽ ഹോയ്‌ വിളിച്ച് കടന്നു വന്ന പണിക്കരോട് വഴി മാറാൻ രാമൻ മേനോൻ പറഞ്ഞു, മേനോനാണ് മാറേണ്ടതെന്ന് പണിക്കരും പറഞ്ഞു. ഇതിനെത്തുടർന്നുണ്ടായ വഴക്കിൽ പണിക്കർ രാമൻ മേനവനെ അടിച്ചു തോട്ടിൽ എറിഞ്ഞു.

ജന്മിത്വത്തിനെതിരെ[തിരുത്തുക]

പാവപ്പെട്ട ഈഴവരുടെയും , ക്രിസ്ത്യാനികളുടെയും , മുസ്ലിങ്ങളുടെയും കീഴ്ജാതിക്കാരുടെയും വീട്ടിൽ നിന്നും പശുവിനേയും കിടാവിനേയും കയ്യൂക്കിൻ്റെ പുറത്ത് സ്വന്തമാക്കി കറവ വറ്റുമ്പോൾ മാത്രം തിരികെ നല്കിയിരുന്ന , കൃഷിഫലങ്ങൾ കൈകലാക്കിയിരുന്ന, അമിത കാരം പിരിച്ചിരുന്ന മാംബുഴക്കരിക്കാരൻ കരപ്രമാണിയെ വേലായുധപ്പണിക്കർ തൻറെ സൈന്യവുമായിച്ചെന്ന്, കഴുത്തിൽ വാൾ വച്ച്, മേലിൽ ആവർത്തിച്ചാൽ തലയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദുഷ്ടൻ മാരായ ചില മാടമ്പിമാരെ പണിക്കർ വധിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

മറ്റൊരു കേസിന്റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവച്ചവള്ളത്തിൽ കായംകുളംകായൽ കടക്കുമ്പോഴാണ് വേലായുധപ്പണിക്കർ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായൽ നടുക്ക്‌ തണ്ടുവച്ചവള്ളത്തിൽ പണിക്കർ നല്ല ഉറക്കമായിരുന്നു. ഒരു വള്ളത്തിലെത്തിയ, വേഷം മാറിവന്ന അക്രമിസംഘം പണിക്കരെ അടിയന്തരമായി കാണണമെന്നും സങ്കടം ഉണർത്തിക്കാനുണ്ടെന്നും പണിക്കരുടെ പടയാളികളോടു പറഞ്ഞു. വള്ളത്തിൽ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടൻ' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയിൽ കുത്തിവീഴ്ത്തി. ഈ കിട്ടൻ, ഇസ്ളാംമതം സ്വീകരിച്ചുപോയ, പണിക്കരുടെ ഒരു അകന്ന ബന്ധു ആയിരുന്നു. അതിനാൽ ' തൊപ്പിയിട്ട കിട്ടൻ ' എന്നാണ് അറിയപ്പെട്ടത്. നെഞ്ചിൽ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കർ കിട്ടനെ കഴുത്തുഞെരിച്ചു കൊന്നു. ഇതുകണ്ടു ഭയന്ന ബാക്കിയുള്ളവർ കായലിൽ ചാടി രക്ഷപ്പെട്ടു. ഇവർ പിന്നീടു കപ്പലിൽ രാജ്യം കടന്നതായാണു കേട്ടുകേൾവി.[2][അവലംബം ആവശ്യമാണ്]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഡെസ്ക്, വെബ് (2020-10-02). "'വേലായുധ ചേകവർ' പ്രകാശനംചെയ്തു | Madhyamam". Retrieved 2020-10-10.
  2. 2.0 2.1 "ആറാട്ടുപുഴ വേലായുധപണിക്കർ ചരിത്രം സൃഷ്ടിച്ച ചരിത്രപുരുഷൻ" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-01-12. Archived from the original on 2020-10-07. Retrieved 2020-10-04.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 "ആറാട്ടുപുഴ വേലായുധപ്പണിക്കർ ചരിത്രത്തിലെ വിപ്ലവപ്രതിഷ്ഠ". Retrieved 2020-10-10.
  4. 4.0 4.1 4.2 4.3 "ജ്ഞാനേശ്വരത്തെ ഈഴവ ശിവൻ". Retrieved 2020-10-12.
  5. https://keralakaumudi.com/web-news/2019/01/NTVM0039249/1.html. Retrieved 2020-10-04. {{cite web}}: Missing or empty |title= (help)
  6. 6.0 6.1 6.2 "ചരിത്രത്തിലിടം പിടിക്കാത്ത പേര്". Archived from the original on 2020-10-09. Retrieved 2020-10-11.
  7. J. Devika. The Aesthetic Woman: Re-Forming Female Bodies and Minds in Early TwentiethCentury Keralam. Cambridge University Press. p. 474. JSTOR 3876627. To mention two such tales: a mid-nineteenth century Ezhava notable named Velayudha Panikkar of Arattupuzha in central Tiruvitamkoor is said to have intervened in conflicts around dress-codes at Kayamkulam and Pandalam, beating up opponents and distributing.....
  8. "അങ്ങനെയാണ് അവർണ്ണ സ്ത്രീകൾ പന്തളത്ത് മൂക്കുത്തി ധരിച്ചുതുടങ്ങിയത്". Retrieved 2020-10-04.
  9. "അടിമത്വത്തിനും അനാചാരങ്ങൾക്കുമെതിരെയുള്ള കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2018-11-26. Archived from the original on 2018-11-28. Retrieved 2020-10-10.
  10. "AARATTUPUZHA VELAYUDHAPPANIKKAR". Retrieved 2020-10-04.
  11. "ആളെകൊല്ലും ഈ മൂക്കുത്തി ചന്തം". Retrieved 2020-10-10.
  12. "മൂക്കുത്തി ഒരു കുഞ്ഞൻ ആഭരണമല്ല; ഇമ്മിണി വല്യ മൂക്കുത്തിക്കഥ ഇതാ; വിഡിയോ" (in ഇംഗ്ലീഷ്). Retrieved 2020-10-10.
  13. "മൂക്കുത്തി പറിച്ചെടുത്തു ചോരചിന്തി മുഖം". Retrieved 2020-10-10.
  14. "കേരളപ്പിറവി: ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര | Kerala Piravi Special 2018 | Manorama Online" (in ഇംഗ്ലീഷ്). Retrieved 2020-10-10.
  15. Devi, P Nirmala. "A study of reflection of social and political elements in the works of Mooloor മൂലൂർക്കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം - ഒരു പഠനം" (PDF). Shodhganga. Department of Malayalam Literature, Mahatma Gandhi University. Retrieved 04 October 2020. {{cite web}}: Check date values in: |access-date= (help)
  16. Jan 14, Sajimon P. S. / TNN /; 2020; Ist, 15:46. "People of Karthikapally demand a memorial for social reformer Arattupuzha Velayudha Panicker | Kochi News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-04. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)