മൂക്കുത്തി
മൂക്കുത്തി Nose piercing | |
---|---|
Nicknames | Nose ring |
Location | മൂക്ക് (nostril, nasal septum, മൂക്കിലെ പാലം) |
Jewelry | nose stud, nose bone, Circular barbell, curved barbell, captive bead ring |
Healing | 3 മുതൽ 6 മാസങ്ങൾ |
മൂക്കിൽ അണിയുന്ന ഒരു ആഭരണമാണ് മൂക്കുത്തി ഇംഗ്ലീഷ്: nose-jewel, nose ring സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ സ്ത്രീകളുടെ ഒരു പ്രധാന ആഭരണമായി കാണപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യ, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകൾ പരമ്പരാഗതമായ രീതിയിൽ മൂക്ക് കുത്തി വിവിധ തരം ആഭരണങ്ങൾ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികൾ ഉപയോഗിക്കുന്നുണ്ട്. മൂക്ക് കുത്താതെ കമ്പി വളച്ചും പശ ഉപയോഗിച്ചും ഇതിനെ അനുകരിക്കാനുള്ള ആഭരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചെറിയ ശതമാനം പുരുഷന്മാരും മൂക്കൂത്തി അണിയുന്നതായി കാണുന്നു. മൂക്കിന്റെ പാലത്തിനു ചുവടെ രണ്ടും നാസാദ്വാരങ്ങളിലും തൂങ്ങി നിൽകുന്ന രീതിയിലും മൂക്കുത്തിയുണ്ട്. ഭാരതത്തിലെ ചില നൃത്തരൂപങ്ങളിലും ചില പ്രാക്തന സംസ്കാരങ്ങളിലും ഇത്തരം മൂക്കുത്തി ഉപയോഗിച്ചിരുന്നു.
ചരിത്രം
[തിരുത്തുക]4000 വർഷങ്ങൾക്ക് മുൻപുള്ള രേഖകളിൽ മധ്യേഷ്യയിലാണ് ഈ സമ്പ്രദായം തുടങ്ങിയതെന്നും പിന്നീട് 1500 വർഷങ്ങളോടെ ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശത്തേക്ക് ജനങ്ങൾ കുടിയേറിയതോടെ മൂക്കുത്തി ഇന്ത്യയിലും പൂർവേഷ്യയിലും വ്യാപിച്ചു എന്നു കാണുന്നു.[1] മൂക്കുത്തിയെക്കുറിച്ച് ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. ഉല്പത്തി പുസ്തകത്തിൽ (Genesis 24:22,) അബ്രാഹിന്റെ പുത്രനായ ഇസഹാക്കിന്റെ ഭാവിവധുവിനു ഷാങ് എന്ന കമ്മൽ നൽകിയതായി പറയുന്നു പേരിൽ (ഷാങ് എന്നത് ഹീബ്രുവിൽ മൂക്കുത്തിയുടെ വിവർത്തനം ആണ്).[2]
പാരമ്പര്യമായി പ്രസവം എളുപ്പമാക്കാനായി മൂക്കിന്റെ ഇടത്തുവശത്തായിട്ടാണ് മൂക്കുത്തി അണിയുന്നത് എന്ന് പറയപ്പെടുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് മൂക്കിന്റെ ഇടതുവശത്ത് മൂക്കുത്തി അണിയുന്നത് എന്ന് ആയുർവേദ ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്നു.[3] ദ്രാവിഡ സംസ്കാരത്തിൽ ഭൂമീദേവിയുടെ പ്രതീകമായ പാർവതിയോടുള്ള ആദരവായും മൂക്കുത്തിയെ കണക്കാക്കുന്നു. ദക്ഷിണേഷ്യൻ വിവാഹവേളകളിൽ നവവധു 'Koka' എന്നു പേരുള്ള ആഭരണം ധരിക്കാറുണ്ട്, മൂക്കുത്തിയും അതിൽ നിന്നു തുടങ്ങി തലയുടെ ഒരു വശത്തേയ്ക്ക് (ചെവിയുടെ പിറകിലേക്ക്) നീളുന്ന ഒരു ചെയിനും ഉൾപ്പെടുന്നതാണിത്. മരണാനന്തരക്രിയക്കുള്ള ചിലവിനായി മൂക്കുത്തി ധരിക്കുന്നു എന്ന പാരമ്പര്യവും ദക്ഷിണേന്ത്യയിൽ നില നിൽകുന്നുണ്ട്.
9, 10 നൂറ്റാണ്ടുകളിൽ സ്ത്രീകളുടെ വൈവാഹിക ചിഹ്നമായിരുന്നു മൂക്കുത്തി. ഇതിനെ പല ഇന്ത്യൻ ഭാഷകളിലും 'നഥ്' (Hindi: नथ, IPA: [nt̪ʰ])എന്നറിയപ്പെടുന്നു. സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നതിനും ഈ മൂക്കുത്തികൾ ധരിച്ചിരുന്നു. രാജ്ഞികൾ, മന്ത്രി പത്നിമാർ, ധനികരായ സ്ത്രീകൾ, ഇവർ മുത്തുകൾ, പവിഴങ്ങൾ, രത്നകല്ലുകൾ എന്നിവ പതിച്ച മൂക്കുത്തികള്ളുപയോഗിച്ചു. എന്നാൽ മറ്റുള്ളർ വെള്ളികൊണ്ടുണ്ടാക്കിയ മൂക്കുത്തിയായിരുന്നു ഉപയോഗിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ജനപ്രിയമായ ഈ ആഭരണം 17-18 നൂറ്റാണ്ടോടുകൂടി കരയാമ്പൂ, ആണി, മുള്ള് എന്നിവ ഉപയോഗിച്ച് പല വൈവിധ്യമാർന്ന തരത്തിൽ ഉപയോഗിച്ചു തുടങ്ങി. ഇന്നത്തെ രീതിയിലുള്ള മൂക്കുത്തികൾ ഇരുപതാം നൂറ്റാണ്ടോടു കൂടെയാണ് രൂപപ്പെട്ടത്.[4]
വിവിധ സംസ്കാരങ്ങളിൽ
[തിരുത്തുക]പഹാരികളും പഷ്തൂൺ വംശജരും മൂക്കിനിരുവശത്തും മൂക്കുത്തി ധരിക്കുന്നു. ദക്ഷിണേന്ത്യയിലെ തമിഴ് വംശജരും ഇത്തരത്തിൽ ഇരു വശത്തും മൂക്കുത്തി ധരിക്കുന്ന ശീലക്കാരാണ്. മരണശേഷം ഉദകക്രിയകൾക്ക് വേണ്ടി വരുന്ന ചെലവ് മൂക്കുത്തിയിൽ നിന്ന് ഇടാക്കാം എന്ന സാമ്പത്തികവശവും മൂക്കുത്തി ധരിക്കുന്നതിനു പിറകിൽ ഉണ്ടെന്ന് കരുതുന്നു. മറ്റ് ഏത് ആഭരണങ്ങളെയും പോലെ മൂക്കുത്തി എളുപ്പം ഊരി മാറ്റാനാവില്ല എന്നതാണിതിനു പിന്നിലെ ആശയം. ദക്ഷിണേന്ത്യ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ മൂക്കിന്റെ ഇരുവശങ്ങളിലും മൂക്കുത്തി ധരിക്കുന്ന 'നത്തോരി' എന്ന രീതി കണ്ടുവരുന്നു. മഹാരാഷ്ട്രയിലെ സ്ത്രീകൾ മുഖത്തിന്റെ ഒരു വശം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള വലിയ നത്തോരികൾ ഉപയോഗിച്ചു വരുന്നു. ബംഗാളിസ്ത്രീകൾ വിവാഹിതരാണെന്ന് അറിയിക്കാനുള്ള അടയാളമായി മുക്കുത്തി ധരിക്കുന്നു. ഇന്ത്യയിലെ ചില ആദിവാസി ഗോത്രവർഗ്ഗക്കാരിലെ സ്ത്രീകൾ ചെവിയിലും മൂക്കിലുമായി നിരവധി ആഭരണങ്ങൾ അണിയുന്നവരാണ്.
അവലംബം
[തിരുത്തുക]- ↑ Stirn A. Body piercing; medical consecquences and physcologial motivations Lancet 2003:361 (9364):1205-1215
- ↑ Barry Ladizinski, MD; F. N. U. Nutan, MBBS, MD; Kachiu C. Lee, MD, MPH Nose Piercing: Historical Significance and Potential Consequences JAMA Dermatol. 2013;149(2):142. doi:10.1001/jamadermatol.2013.1568
- ↑ Morris, Desmond (2004). "The Nose". The Naked Woman. p. 69. ISBN 9780099453581.
- ↑ Shanti Kumar Syal (2005). Pragatiśīla nārī (in ഹിന്ദി). Delhi, India: Atmaram & Sons. p. 171. ISBN 9788170436478.