Jump to content

മുഹമ്മദ് ബാഖിർ സദ്‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muḥammad Bāqir al-Ṣadr
ജനനം അൽ-കസിമിയ, ഇറാക്ക്
മരണം ബാഗ്ദാദ്, ഇറാക്ക്
കാലഘട്ടംഇരുപതാം നൂറ്റാണ്ട്
പ്രദേശംഇറാഖി പണ്ഡിതൻ
ചിന്താധാരShia Islam, Twelvers, Usoolism
പ്രധാന താത്പര്യങ്ങൾഇസ്ലാമിക തത്ത്വചിന്ത, ഷിയ

ഇറാഖിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും ശിയാ വിഭാഗത്തിന്റെ ആത്മീയനേതാവുമായിരുന്നു മുഹമ്മദ് ബാഖിർ സദ്‌ർ(1935-9 ഏപ്രിൽ 1980). പൂർ‌ണ്ണ നാമം ആയത്തുല്ലാ സയ്യിദ് മുഹമ്മദ് ബാഖിർ അൽ-സദ്‌ർ. (അറബി-آية الله العظمى السيد محمد باقر الصدر). സദ്ദാം ഹുസൈന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ നിർ‌ദ്ദേശാനുസരണം തടവറയിൽ വെച്ച് വധിക്കപ്പെട്ടു.

ഇറാൻ വിപ്ലവത്തെ ശക്തമായി പിന്തുണച്ചിരുന്ന ബാഖിർ സദ്‌ർ ഇഖ്തിസാദുനാ (നമ്മുടെ സമ്പദ്ശാസ്ത്രം), ഫൽ‌സഫതുനാ (നമ്മുടെ തത്ത്വചിന്ത) എന്നീ രണ്ട് ബൃഹദ്ഗ്രന്ഥങ്ങളിലൂടെയാണ് പ്രസിദ്ധനാകുന്നത്.

ജീവിതരേഖ

[തിരുത്തുക]

വിദ്യാഭ്യാസം

[തിരുത്തുക]

പ്രൈമറി വിദ്യാഭ്യാസം ജൻ‌മനഗരമായ കാദിമിയ്യയിലെ സ്കൂളുകളിൽ വെച്ചായിരുന്നു. അതോടൊപ്പം തന്നെ പത്തു വയസ്സാകുമ്പോഴേക്കും ശാസ്ത്രവും പതിനൊന്നാം വയസ്സിൽ ലോജികും അദ്ദേഹം അഭ്യസിച്ചു തുടങ്ങി.

1946-ൽ മതവിഷയങ്ങളിൽ ഉന്നത പഠനം നടത്തുന്നതിന് വേണ്ടി ഖാദിമിയ്യയിൽ നിന്നും ശിയാ കേന്ദ്രമായ നജഫിലേക്ക് തിരിച്ചു. അവിടെ വെച്ച് ശിയാ വിഭാഗത്തിലെ പ്രമുഖ പണ്ഡിതരായ ആയത്തുല്ല മുഹമ്മദ് രിദാ ആൽ‌യാസീൻറേയും ആയത്തുല്ലാ അബുൽ ഖാസിം അൽ‌ഖൂഈയുടേയും കീഴിൽ ഇസ്ലാമിക നിയമശാസ്ത്രത്തിലും (ഫിഖ്‌ഹ്) നിയമ-നിദാനശാസ്ത്രത്തിലും (ഉസൂലുൽ ഫിഖ്‌‌ഹ്) അവഗാഹം നേടി.

രാഷ്ട്രീയജീവിതം

[തിരുത്തുക]

മുഹമ്മദ് ബാഖിർ അൽഹകീമുമായി ചേർന്ന് ഇറാഖിൽ ഇസ്ലാമിക പ്രസ്ഥാനം വളർ‌ത്തിയെടുക്കുന്നതിലും ബാഖിർ സദ്‌ർ പങ്കു വഹിച്ചു. അതേത്തുടർ‌ന്ന് ഇറാഖിലെ ഭരണകക്ഷിയായിരുന്ന ബാത്ത് പാർ‌ട്ടി അദ്ദേഹത്തിനെതിരെ തിരിയുകയും പല തവണകളിലായി ജയിലിലടക്കപ്പെടുകയുമുണ്ടായി.

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ ശക്തമായി പിന്തുണച്ചിരുന്ന ബാഖിർ സദ്‌ർ ആയത്തുല്ല ഖുമൈനിയുമായി അടുത്ത സുഹൃദ്ബന്ധം പുലർ‌ത്തിയിരുന്നു.

1977-ൽ നജഫിൽ സദ്ദാം ഭരണകൂടത്തിനെതിരെ ജനകീയ മുന്നേറ്റം ഉയർ‌ന്നു വന്നതിനെത്തുടർ‌ന്ന് ബാഖിർ സദ്‌ർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും 2 വർ‌ഷത്തിനു ശേഷം മോചിതനായി. ജയിൽമോചനത്തിനു ശേഷം വീണ്ടും 10 മാസത്തോളം വീട്ടുതടങ്കലിലായിരുന്നു. 80-ൽ ഇമാം ഖുമൈനിയേയും ഇസ്ലാമിക വിപ്ലവത്തേയും പ്രകീർത്തിച്ചെഴുതിയതിനെത്തുടർ‌ന്ന് സഹോദരി ആമിന സദ്‌ർ ബിൻ‌തുൽ ഹുദായോടൊപ്പം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായ മർ‌ദ്ദനങ്ങൾ‌ക്കു ശേഷം രണ്ടു പേരെയും വധിച്ചാണ് സദ്ദാം ഭരണകൂടം പ്രതികാരം തീർ‌ത്തത്. അറസ്റ്റിനു ശേഷമുള്ള മൂന്നാം നാൾ നജഫ് പ്രവിശ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ബാഖിർ സദ്‌റിന്റെ പിതാവ് മുഹമ്മദ് സാദിഖ് സദ്‌റിനെ വിളിച്ച് വരുത്തി രണ്ടു പേരുടേയും മൃതദേഹം കൈമാറുകയായിരുന്നു.

തത്ത്വചിന്ത

[തിരുത്തുക]

അമ്പതുകളിൽ ഇറാഖിൽ ശക്തിയാർ‌ജ്ജിച്ചു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇസ്ലാമികമായി വിലയിരുത്തുന്നതിലും വിമർ‌ശിക്കുന്നതിലും ബാഖിർ സദ്‌ർ ഏറെ മുന്നോട്ട് പോയിരുന്നു. അദ്ദേഹത്തിന്റെ ഫൽസഫതുനാ എന്ന ഗ്രന്ഥം ഇസ്ലാമികപക്ഷത്തു നിന്നുമുള്ള കമ്മ്യൂണിസ്റ്റ് വിമർ‌ശനത്തിൽ ഇന്നും അവലം‌ബിക്കാവുന്ന ഏറ്റവും മികച്ച കൃതിയാണെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ ഇസ്ലാം സ്വപ്നം കാണുന്ന ബദൽ ഇസ്ലാമിക വ്യവസ്ഥയെക്കുറിച്ചുള്ള രൂപരേഖ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ഈ പുസ്തകത്തിലൂടെയാണ്.

സോഷ്യലിസത്തിനും മുതലാളിത്തത്തിനുമെതിരായ ഇസ്ലാമിക വിമർ‌ശനമാണ് അദ്ദേഹത്തിന്റെ ഇഖ്തിസാദുനാ (നമ്മുടെ സമ്പദ്ശാസ്ത്രം) എന്ന ഗ്രന്ഥം. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥങ്ങളിലൊന്നായാണ് ഇഖ്തിസാദുനാ പരിഗണിക്കപ്പെടുന്നത്[1].

  • ഇഖ്തിസാദുനാ (നമ്മുടെ സമ്പദ് ശാസ്ത്രം)
  • ഫൽസഫതുനാ (നമ്മുടെ തത്ത്വചിന്ത)

അവലം‌ബം

[തിരുത്തുക]
  1. An Islamic Perspective of Political Economy: The Views of (late) Muhammad Baqir al-Sadr http://www.al-islam.org/al-tawhid/politicaleconomy/
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ബാഖിർ_സദ്‌ർ&oldid=3773361" എന്ന താളിൽനിന്ന് ശേഖരിച്ചത്