മുസ്തഫ അക്കാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്തഫ അക്കാദ്
Moustapha Akkad.gif
തൊഴിൽചലച്ചിത്ര സം‌വിധായകൻ
സജീവ കാലം1976 - 2005

സിറിയൻ - അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവും സം‌വിധായകനുമായിരുന്നു മുഹമ്മദ് അക്കാദ് (ജൂലൈ 1,1930-നവംബർ 11,2005)."മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ്"[1] ,ലയൺ ഓഫ് ഡെസർട്ട് എന്നീ ചലച്ചിത്രങ്ങളുടെ സം‌വിധായകൻ " ഹല്ലോവീൻ" എന്ന ചലച്ചിത്ര സീരീസിന്റെ നിർമ്മാതാവ് എന്നീ നിലകളിലൂടെയാണ്‌ അക്കാദ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2005 ൽ ജോർഡാന്റെ തലസ്ഥാനമായ അമ്മാനിൽ അൽ-ഖൊയ്ദ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ അക്കാദും അദ്ദേഹത്തിന്റെ മകളും കൊല്ലപ്പെട്ടു[2].

ജീവിത രേഖ[തിരുത്തുക]

സിറിയയിലെ അലിപ്പോയിലാണ്‌ അക്കാദ് ജനിച്ചത്.പിതാവ് നൽകിയ ഇരുനൂറ് ഡോളറും ഒരു ഖുർ‌ആൻ പ്രതിയുംകൊണ്ട് ചലച്ചിത്ര സം‌വിധാനവും നിർമ്മാണവും പഠിക്കാൻ അമേരിക്കയിലേക്ക് പോയ അക്കാദ് അവിടെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ലോസ്സാഞ്ചൽസിൽ ചേർന്നു. പിന്നീട് മാസ്റ്റ്ർ ബിരുദപഠനത്തിനായി സതേൺ കാലിഫോർണിയ സർ‌വ്വകലാശാലയിലും ചേർന്നു പഠിച്ചു.അവിടെ വെച്ചാണ്‌ സം‌വിധായകനായ സാം പെക്കിൻഫയെ കണ്ടുമുട്ടുന്നത്.പെക്കിൻഫ അക്കാദിന്റെ ഹോളിവുഡ് ചലച്ചിത്ര രംഗത്തെ വഴികാട്ടിയും ഉപദേശകനുമായിരുന്നു.

ചലച്ചിത്ര ജീവിതം[തിരുത്തുക]

1976 ലാണ്‌ മുഹമ്മദ് അക്കാദ് "മുഹമ്മദ്, മെസഞ്ചർ ഓഫ് ഗോഡ്"എന്ന ചലച്ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ സം‌വിധാനവും നിർമ്മാണവും നിർ‌വ്വഹിച്ചത് അക്കാദ് തന്നെയായിരുന്നു.ആന്റണി ക്വിൻ, ഐറിൻ പാപാസ് എന്നിവർ ഈ ചിത്രത്തിൽ വേഷമിടുന്നു.ഈ ചിത്രം നിർമ്മിക്കുന്നതിന്‌ മുമ്പ് അക്കാദ് ഇസ്ലാമിക പണ്ഡിതന്മാരുമായി ചർച്ച നടത്തിയിരുന്നു.ഇസ്ലാമിനോടും മുഹമ്മദിനെ ചിത്രീകരിക്കുന്നതിൽ അതുപുലർത്തുന്ന കാഴ്ചപ്പാടിനോടും പരമാവധി ആദരം പുലർത്താൻ അക്കാദ് ശ്രമിച്ചു. ഇസ്ലാമിക ലോകവും പടിഞാറൻ ലോകവും തമ്മിലുള്ള വിടവിനെ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ്‌ അക്കാദ് ഈ ചിത്രത്തെ കണ്ടത്.1976 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു:ഒരു പാശ്ചാത്യ രാജ്യക്കാരനായ മുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ കുറിച്ച സത്യം വെളിപ്പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ്‌ എന്ന് തോന്നി.എഴുനൂറ് മില്ല്യൻ ജനങ്ങൾ പിന്തുടരുന്ന ഒരു മതമായിട്ടും അതിനെകുറിച്ച് ഇപ്പോഴും ജനങ്ങൾക്ക് കാര്യമായൊന്നുമറിയില്ല.

1978 ലാണ്‌ "ഹല്ലോവീൻ" എന്ന ചലച്ചിത്ര പരമ്പര അക്കാദ് നിർമ്മിക്കുന്നത്. ചുരുങ്ങിയ ചെലവിൽ നിർമ്മിച്ച ഈ പരമ്പര വൻ വരുമാനമാനം ഉണ്ടാക്കി.

1980 ൽ‌ "ലയൺ ഓഫ് ഡെസെർട്ട്" സം‌വിധാനം ചെയ്തു. ലിബിയൻ മരുഭൂമയിൽ ഇറ്റലിയിലെ മുസോളിനിയുടെ സൈന്യത്തിനെതിരെ പോരാടിയ ഉമർ മുഖ്താർ എന്ന പോരാളിയുടെ ജീവിത കഥയായിരുന്നു ഈ ചിത്രം.ആന്റണി ക്വിൻ,ഐറിസ് പാപാസ് എന്നിവരോടൊപ്പം ഒലിവർ റീഡ്,റോഡ് സ്റ്റീഗർ,ജോൺ ഗീൽഗുഡ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു. ചലച്ചിത്ര നിരൂപകരുടെ പ്രശംസ നേടിയ ചിത്രമായിരുന്നെങ്കിലും ചിലരുടെ ദുഷ്പ്രചരണം കാരണം വാണിജ്യവിജയം നേടുന്നതിൽ ഈ ചിത്രം പരാജയപ്പെട്ടു.

മരണപ്പെടുന്നതിന്‌ മുമ്പ് കുരിശുയുദ്ധത്തെ കുറിച്ചും അതിനെതിരെ പോരാടിയ സലാഹുദ്ദീൻ അയ്യൂബിയെ കുറിച്ചുമുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അക്കാദ്

മരണം[തിരുത്തുക]

2005 നവംബർ 11ന്‌ അമ്മാനിൽ അൽ ഖാഇദ നടത്തിയ ബോംബിങ്ങിലാണ്‌ അക്കാദ് മരണമടഞ്ഞത്. അദ്ദേഹത്തിനപ്പോൾ എഴുപത്തഞ്ച് വയസ്സുണ്ടായിരുന്നു. അക്കാദിനൊപ്പം മുപ്പത്തിനാലു വയസ്സായ തന്റെ മകൾ റിമാ അക്കാദ് മോൺലയും കൊല്ലപ്പെട്ടു.ഇരുവരും അമ്മാനിലെ ഗ്രാൻഡ് ഹയ്യാത്ത് ഹോട്ടലിന്റെ ലോബിയിലാരിക്കുമ്പോഴാണ് ചാവേർ ബോംബാക്രമണമുണ്ടായത്.

അവലംബം[തിരുത്തുക]

  1. സിനിമയുടെ പൂർണ്ണരൂപം ഇവിടെ
  2. ""Hollywood producer, daughter died in bombing"". മൂലതാളിൽ നിന്നും 2009-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-28.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുസ്തഫ_അക്കാദ്&oldid=3656315" എന്ന താളിൽനിന്ന് ശേഖരിച്ചത്