മുണ്ടൂർ കുമ്മാട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ മുണ്ടൂർ ഗ്രാമത്തിലെ പ്രധാനമായ ഒരു ഉത്സവമാണ് മുണ്ടൂർകുമ്മാട്ടി. മുണ്ടൂരിലെ സാംസ്കാരിക സമന്വയത്തിനും കൂട്ടായ്മക്കും അന്തർധാരയായി നിലകൊള്ളുന്ന സവിശേഷത കൂടിയാണിത്. [1]24 ദേശങ്ങളിൽനിന്നായി ഉച്ചയോടെ പുറപ്പെടുന്ന ദേശവേലകൾ വൈകീട്ട് മുണ്ടൂർ ചുങ്കത്ത് സംഗമിക്കും. മുത്തുക്കുട ചൂടിയ ആനകൾ, വണ്ടിവേഷങ്ങൾ, മയിലാട്ടം, കാവടിയാട്ടം, കാളകൾ, കുതിരകൾ എന്നിവയൊക്കെ കുമ്മാട്ടിക്ക് മാറ്റുകൂട്ടും. മുണ്ടൂർ ജങ്ഷനിൽ നടക്കുന്ന വേലസംഗമമാണ് മുണ്ടൂർ കുമ്മാട്ടിയുടെ പ്രത്യേകത.

ഐതിഹ്യം[തിരുത്തുക]

ദാരികാസുരവധവുമായി ബന്ധപ്പെട്ടതാണ് മുണ്ടൂർ കുമ്മാട്ടിയുടെ ഐതിഹ്യം.പാലക്കീഴ് ഭഗവതി ക്ഷേത്രമാണ് മുണ്ടൂരിലെ പ്രധാനക്ഷേത്രം.എല്ലാ വർഷവും മീനമാസത്തിലാണ് മുണ്ടൂർ കുമ്മാട്ടി ആഘോഷിക്കുന്നത്.പണ്ട് ഒടുവങ്ങാട്,കിഴക്കുമുറി,പടിഞ്ഞാറ്റുമുറി എന്നീ വേലകളാണ് ‌മുണ്ടൂർകുമ്മാട്ടിക്ക് ഉണ്ടായിരുന്നത്. ഇന്ന് ധാരാളം വേലകൾ കുമ്മാട്ടിയുടെ ഭാഗമാണ്. ഗ്രാമപ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്ന പൂക്കളുമായെത്തുന്ന മുടിചാട്ടക്കാരെ മുണ്ടൂർ ജങ്ഷനിൽ പഞ്ചവാദ്യത്തോടെ സ്വീകരിക്കും.

നൊച്ചിമുടി കലാകാരൻ

നെച്ചിമുടി[തിരുത്തുക]

വാഴമാണി ,തെച്ചിപ്പൂവ് ,പാലപ്പൂവ് ,പുല്ലാണിപ്പൂവ് ,എരിക്കിൻപൂവ് ,കവുങ്ങിൻപൂക്കുല എന്നിവ മൂന്ന് നെച്ചിക്കോലിൽ വരിഞ്ഞുകെട്ടി പ്രത്യേകതരത്തിൽ നിർമ്മിക്കുന്നതാണ് നെച്ചിമുടി.ഇങ്ങനെ നിർമ്മിക്കുന്ന നെച്ചിമുടി ഉപയോഗിച്ചാണ് നെച്ചിമുടി ചാട്ടം എന്ന മുണ്ടൂർ കുമ്മാട്ടിയുടെ ഒരു പ്രധാന അനുഷ്ടാനകലാരൂപം അരങ്ങേറുന്നത്.

നെച്ചിമുടി ചാട്ടം[തിരുത്തുക]

മുണ്ടൂർ കുമ്മാട്ടിയുടെ ഒരു പ്രധാന അനുഷ്ടാനകലാരൂപമാണ് നെച്ചിമുടി ചാട്ടം.മുണ്ടൂരിലെ നായർസമുദായത്തിന്റെ അനുഷ്ടാനകലയാണിത് .ഒടുവങ്ങാട്,പടിഞ്ഞാറ്റുമുറി,കിഴക്കുമുറി,നെച്ചിപ്പുള്ളി എന്നീ ദേശങ്ങളാണ് നെച്ചിമുടി ചാട്ടം അനുഷ്ടിക്കുക .പടിഞ്ഞാറ്റുമുറി, ഒടുവങ്ങാട് ,കിഴക്കുമുറി എന്നീ ദേശങ്ങളിലെ നൊച്ചിമുടി സംഘങ്ങൾ കൂട്ടുപാത ആലിൻചുവട് ഗണപതി, വിക്രമുണ്ടേശ്വരം, ശ്രീകുറുംബ, കയറൻ സന്നിധികളിൽ ദർശനം നടത്തി കുമ്മാട്ടിപ്പാറയിൽ എത്തിച്ചേരും.അങ്ങനെ മുണ്ടൂർ ദേശം ചുറ്റി ,കുമ്മാട്ടിസ്മാരകമായ നെച്ചിമുടി കണ്ടത്തിൽവന്ന് നെച്ചിപ്പുള്ളി ദേശമുടിയുമൊന്നിച്ച് ക്ഷേത്രത്തിലെത്തി മുടിച്ചാട്ടം നടത്തും. ഇതിനുമുന്നോടിയായി മറ്റ് ദേശവേലകൾ ക്ഷേത്രത്തിൽ സംഗമിച്ച് പ്രദക്ഷിണം നടത്തികഴിഞ്ഞിരിക്കും. തുടർന്ന് പടിഞ്ഞാറ്റുമുറി ദേശക്കാരുടെ അവകാശമായ കമ്പംകത്തിക്കാൻ വെളിച്ചപ്പാട് അരിയെറിഞ്ഞ് അനുവാദം നൽകുന്നതോടെ കുമ്മാട്ടി സമാപിക്കും. [2]

അവലംബം[തിരുത്തുക]

  1. "മുണ്ടൂർ ഗ്രാമപഞ്ചായത്ത് - സാമൂഹിക സാംസ്കാരിക ചരിത്രം". മുണ്ടൂർ പഞ്ചായത്ത്. ശേഖരിച്ചത് 2013 ഒക്ടോബർ 3.
  2. "ഉത്സവവിരുന്നൊരുക്കി മുണ്ടൂർ കുമ്മാട്ടി". മാതൃഭൂമി. 19 Apr 2013. ശേഖരിച്ചത് 2013 ഒക്ടോബർ 3.
"https://ml.wikipedia.org/w/index.php?title=മുണ്ടൂർ_കുമ്മാട്ടി&oldid=2285141" എന്ന താളിൽനിന്ന് ശേഖരിച്ചത്