മുട്ടത്തുവർക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുട്ടത്തു വർക്കി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുട്ടത്തുവർക്കി
മുട്ടത്തുവർക്കി.jpg
ജനനം(1915-04-28)ഏപ്രിൽ 28, 1915
മരണംമേയ് 28, 1989(1989-05-28)(പ്രായം 74)
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ, പത്രപ്രവർത്തകൻ, സാഹിത്യകാരൻ
പങ്കാളി(കൾ)തങ്കമ്മ വർക്കി
രചനാ സങ്കേതംനോവൽ, ചെറുകഥ
സാഹിത്യപ്രസ്ഥാനംപൈങ്കിളി പ്രസ്ഥാനം
(ജനപ്രിയ സാഹിത്യം)
വെബ്സൈറ്റ്http://www.muttathuvarkey.com/

മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തുവർക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്.[1] സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[2] 'മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി' എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.[3]

താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.[4]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1915 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.[5]

ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി. കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയിൽ ജോലിചെയ്തു. 1950 മുതൽ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു. പത്രത്തിലെ 'നേരും നേരമ്പോക്കും' എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.[1]

ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒൻപതു മക്കൾ. ഭാര്യ തങ്കമ്മ വർക്കി.

1989 മേയ് 28നു മുട്ടത്തു വർക്കി അന്തരിച്ചു.

സാഹിത്യം[തിരുത്തുക]

ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.[5]

81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി.[1] ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.

മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.[1][6]

പുരസ്കാരങ്ങൾ[തിരുത്തുക]

അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡൽ (1957) ലഭിച്ചു.[7]തിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് അഭിനന്ദനമറിയിച്ചു.[4]

വിമർശനവും മറുപടിയും[തിരുത്തുക]

ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന "പൈങ്കിളി സാഹിത്യം" എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സ്രഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി.

വിമർശനങ്ങളോട് മുട്ടത്തു വർക്കി പ്രതികരിച്ചത് ഇങ്ങനെയാണ്

"എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി."[3]

ജീവിത യാഥാർഥ്യങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു മുട്ടത്തു വർക്കിയെന്ന് സക്കറിയയും അഭിപ്രായപ്പെടുന്നു. 'റിയലിസത്തിന്റെ മണ്ണിൽ പ്രണയ കാല്പനികതയുടെ വിത്തുവിതച്ചു പുഷ്പിപ്പിക്കുക എന്ന വിഷമം പിടിച്ച കൃത്യമാണ് അദ്ദേഹം നിർവ്വഹിച്ചതെ'ന്നും സക്കറിയ പറയുന്നു.[8]

വായന ആനന്ദകരമായ പ്രവൃത്തിയായി അനുഭവിപ്പിച്ചതു മുട്ടത്തു വർക്കിയുടെ കൃതികളാണെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോക്ടർ കെ.എസ്. ഡേവിഡ് അഭിപ്രായപ്പെടുന്നു. കൗമാരകൗതുകങ്ങളെ സ്പർശിക്കുന്ന പ്രമേയപരമായ പ്രത്യേകതകളും ലളിതമായ ആഖ്യാനശൈലിയുമൊക്കെയാവാം അതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.[9]

കൃതികൾ[തിരുത്തുക]

81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം നൂറ്റി മുപ്പതിലധികം കൃതികൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോവലുകൾ[തിരുത്തുക]

മുട്ടത്തു വർക്കിയുടെ നോവലുകൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.

[5][10][10][11][12]

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

മുട്ടത്തു വർക്കിയുടെ ചെറുകഥാ സമാഹാരങ്ങൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.

 • അടയാളങ്ങൾ
 • അവസാനിക്കാത്ത രാത്രി
 • ഇരുളും വെളിച്ചവും
 • കല്യാണരാത്രി
 • കളിയോടം
 • കറുത്ത മറുക്
 • കൊയ്ത്ത്
 • തെരഞ്ഞെടുത്ത കഥകൾ
 • നെയ്യാമ്പലുകൾ
 • നൈലോൺ
 • പളുങ്ക് പാത്രങ്ങൾ
 • പൊട്ടാത്ത നൂലുകൾ
 • മണിയറ
 • മഴക്കാറുകൾ
 • മേഘങ്ങൾ
 • ഹേമന്ദരാവിൽ
[5][12]

കവിതകൾ[തിരുത്തുക]

 • ആത്മാഞ്ജലി[5][12]
 • പ്രിയമുള്ളവളേ നിനക്കു വേണ്ടി

നാടകങ്ങൾ[തിരുത്തുക]

കെ.പി.എ.സിക്കു ബദലായി രൂപീകരിക്കപ്പെട്ട എ.സി.എ.സി. (ആൻറി കമ്യൂണിസ്റ്റ് ആർട്സ് ക്ലബ്) എന്ന നാടക സമിതിക്ക് വേണ്ടി എഴുതിയ 'ഞങ്ങൾ വരുന്നു' എന്ന നാടകം വിമോചന സമരത്തിന്റെ പ്രചരണത്തിന് വലിയ പങ്ക് വഹിച്ചിരുന്നു.[5] അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട നാടകങ്ങൾ താഴെ പറയുന്നവയാണ്.

 • ഒട്ടകവും സൂചിക്കുഴലും
 • കൂട്ടുകിണർ
 • ഞങ്ങൾ വരുന്നു
 • പുതിയ മണ്ണ്
 • ഫാദർ ഡാമിയൻ
 • ബംഗ്ലാദേശ്
 • മാറ്റൊലി
 • വലിയ മുക്കുവൻ
 • വിളക്കും കൊടുങ്കാറ്റും
 • സമരഭൂമി

[5]

ജീവചരിത്രങ്ങൾ[തിരുത്തുക]

 • ഡോൺ ബോസ്കോ
 • ഫാദർ വില്യം
 • മരിയ ഗോരേ ത്തി
 • വിശുദ്ധ പത്താം പീയൂസ്

[5]

വിവർത്തനങ്ങൾ[തിരുത്തുക]

മുട്ടത്തു വർക്കി വിവർത്തനം ചെയ്ത കൃതികൾ അക്ഷരമാലാ ക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.

[4][5][12]

ചലച്ചിത്രരംഗം[തിരുത്തുക]

മുട്ടത്തു വർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്.

വർഷം ചിത്രം കഥ തിരക്കഥ സംഭാഷണം സംവിധാനം
1957 ജയിൽ പുള്ളി മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1957 പാടാത്ത പൈങ്കിളി മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1958 മറിയക്കുട്ടി മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1960 പൂത്താലി മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1961 ക്രിസ്തുമസ് രാത്രി മുട്ടത്തു വർക്കി ടി.എൻ. ഗോപിനാഥൻ നായർ മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1961 ജ്ഞാനസുന്ദരി മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി കെ.എസ്. സേതുമാധവൻ
1963 സ്നാപക യോഹന്നാൻ മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1965 പട്ടുതൂവാല മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി പി. സുബ്രഹ്മണ്യം
1965 ഇണപ്രാവുകൾ മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി കുഞ്ചാക്കോ
1966 സ്ഥാനാർഥി സാറാമ്മ മുട്ടത്തു വർക്കി കെ.എസ്. സേതുമാധവൻ എസ്.എൽ. പുരം സദാനന്ദൻ കെ.എസ്. സേതുമാധവൻ
1968 കടൽ മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി എം. കൃഷ്ണൻ നായർ
1968 വെളുത്ത കത്രീന മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി ശശികുമാർ
1969 ചട്ടമ്പിക്കവല മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി എൻ. ശങ്കരൻ നായർ
1971 ലൈൻ ബസ്സ് മുട്ടത്തു വർക്കി എസ്.എൽ. പുരം സദാനന്ദൻ എസ്.എൽ. പുരം സദാനന്ദൻ കെ.എസ്. സേതുമാധവൻ
1971 കരകാണാക്കടൽ മുട്ടത്തു വർക്കി എസ്.എൽ. പുരം സദാനന്ദൻ എസ്.എൽ. പുരം സദാനന്ദൻ കെ.എസ്. സേതുമാധവൻ
1971 ലോറാ നീ എവിടെ മുട്ടത്തു വർക്കി മുട്ടത്തു വർക്കി മുട്ടത്തു വർക്കി ടി.ആർ. രഘുനാഥ്
1972 മയിലാടും കുന്ന് മുട്ടത്തു വർക്കി കെ.ടി. മുഹമ്മദ് കെ.ടി. മുഹമ്മദ് എസ്. ബാബു
1973 തെക്കൻകാറ്റ് മുട്ടത്തു വർക്കി തോപ്പിൽ ഭാസി തോപ്പിൽ ഭാസി ശശികുമാർ
1973 പച്ചനോട്ടുകൾ മുട്ടത്തു വർക്കി മുട്ടത്തു വർക്കി കെ.പി. കൊട്ടാരക്കര എ.ബി. രാജ്
1973 അഴകുള്ള സെലീന മുട്ടത്തു വർക്കി തോപ്പിൽ ഭാസി തോപ്പിൽ ഭാസി കെ.എസ്. സേതുമാധവൻ
1974 പൂന്തേനരുവി മുട്ടത്തു വർക്കി തോപ്പിൽ ഭാസി തോപ്പിൽ ഭാസി ശശികുമാർ
1974 നാത്തൂൻ മുട്ടത്തു വർക്കി ഷെറീഫ് ഷെറീഫ് കെ. നാരായണൻ
1975 പ്രിയമുള്ള സോഫിയ മുട്ടത്തു വർക്കി മുട്ടത്തു വർക്കി തോപ്പിൽ ഭാസി എ. വിൻസെന്റ്
1985 ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തു വർക്കി മുട്ടത്തു വർക്കി
1990 കോട്ടയം കുഞ്ഞച്ചൻ
(വേലി എന്ന നോവൽ)
മുട്ടത്തു വർക്കി ഡെന്നിസ് ജോസഫ് ഡെന്നിസ് ജോസഫ് ടി.എസ്. സുരേഷ് ബാബു

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "മുട്ടത്തുവർക്കിയുടെ എഴുത്തുപുരയിൽപാടാത്ത പൈങ്കിളിയും മയിലാടുംകുന്നും". ദീപിക ദിനപത്രം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16.
 2. "കറുപ്പിനും വെളുപ്പിനുമിടയിൽ - എം മുകുന്ദൻ". ദേശാഭിമാനി വാരിക. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16.
 3. 3.0 3.1 "മുട്ടത്തു വർക്കി മലയാളമനസ്സിന്റെ ചരിത്രകാരൻ -പി.റ്റി.പൗലോസ്". emalayalee.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16.
 4. 4.0 4.1 4.2 "ജനപ്രിയ സാഹിത്യത്തിന്റെ ജന്മശതാബ്ദി". www.dcbooks.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 18.
 5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 "മുട്ടത്തു വർക്കി" (PDF). ശേഖരിച്ചത് 2013 ഓഗസ്റ്റ് 16.
 6. "മുട്ടത്തുവർക്കിയെ ആദരിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?". മാതൃഭൂമി ബുക്ക്സ്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 15.
 7. Fifth National Film awards
 8. 'പാടാത്ത പൈങ്കിളി'യുടെ ഡിസി ബുക്ക്സ് പുറത്തിറക്കിയ പതിപ്പിന്റെ പിൻകുറിപ്പ്
 9. പാടാത്ത പൈങ്കിളിയിൽനിന്ന് ഭഗവദ്ഗീതയിലേക്ക്
 10. 10.0 10.1 http://www.telegraphindia.com/1080219/jsp/opinion/story_8917502.jsp
 11. http://www.malayalamresourcecentre.org/Mrc/literature/novel.html
 12. 12.0 12.1 12.2 12.3 "മുട്ടത്തു വർക്കി - ജനങ്ങളുടെ എഴുത്തുകാരൻ". മലയാളം വെബ്ദുനിയ. ശേഖരിച്ചത് 2013 ഓഗസ്റ്റ് 16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുട്ടത്തുവർക്കി&oldid=3382377" എന്ന താളിൽനിന്ന് ശേഖരിച്ചത്