മുട്ടത്തറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം ആണ് മുട്ടത്തറ.

എത്തിച്ചേരാൻ[തിരുത്തുക]

ഭൂമിശാസ്ത്ര പരമായി,  ദേശീയ പാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിലെ ഒരു സ്ഥലം ആണ് മുട്ടത്തറ. ഈഞ്ചക്കൽ, പരുത്തിക്കുഴി, മണക്കാട്, വലിയതുറ എന്നിവ ആണ് ഇതിനോട് ചേർന്ന മറ്റു സ്ഥലങ്ങൾ.  തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് നേരിട്ട് ബസ് ഇല്ല . എന്നാൽ തമ്പാനൂരിൽ  നിന്ന് നേരിട്ട് ആട്ടോ റിക്ഷയിലോ കിഴക്കേകോട്ടയിൽ നിന്നും ബീമാപള്ളി ബസ്സിലോ/ആട്ടോ റിക്ഷയിലോ  പെട്ടെന്ന് ഇവിടെ എത്താവുന്നതാണ്. തമ്പാനൂരിൽ നിന്നും ദൂരം 5 കി മീ . കിഴക്കേകോട്ടയിൽ നിന്നും 3- കി മീ. 

പ്രധാനപ്പെട്ടവ [തിരുത്തുക]

ഇവിടുത്തെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം പൊന്നറ സ്കൂൾ ആണ്. പ്രധാന ക്ഷേത്രങ്ങൾ ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം, നീലകണ്ഡേശ്വരം ശിവ ക്ഷേത്രം, വടുവത്തു മഹാവിഷ്ണു ക്ഷേത്രം, പനമൂട് ദേവീക്ഷേത്രം, ഇവയാണ്. കേരളത്തിലെ ഒരേ ഒരു കൽക്കി പ്രതിഷ്ഠ ആരാധന ഉള്ള ക്ഷേത്രം ആണ് ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം. ഇവിടെ പരവജാതിക്കാരാണ് നടത്തിപ്പുകാർ.  നീലകണ്ഡേശ്വരം ശിവക്ഷേത്രം ദേശീയപാതയോരത്തേക്ക് വിമാനത്താവള വികാസം അനുബന്ധിച്ച് മാറ്റേണ്ടി വന്നിട്ടുണ്ട്. ബീമാപള്ളി ഷെരീഫ് ദർഗ, വെട്ടുകാട് പള്ളി എന്നീ പ്രധാന ആരാധനാലയങ്ങൾ മുട്ടത്തറയുടെ മറ്റു സമീപപ്രദേശങ്ങളിൽ ആണ്. 

തിരുവനന്തപുരം വ്യോമാസേനാസ്ഥാനത്തിന്റെ അനക്സ്, സീ ബീ ഐ കേന്ദ്രം, സീ ഐ എസ് എഫ് കേന്ദ്രം, ബീ എസ് എഫ് കേന്ദ്രം, മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്, മോട്ടോർ വാഹന ഡ്രൈവിംഗ് പരീക്ഷാ കേന്ദ്രം ഇവ മുട്ടത്തറയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പെരുന്നെല്ലി മത്സ്യച്ചന്ത സമീപവാസികളെ ആകർഷിക്കുന്ന ഒന്നാണ്.  

ചരിത്രം[തിരുത്തുക]

പഴയ രാജകീയ ജലപാത ആയിരുന്ന പാർവതീപുത്തനാർ ഒഴുകുന്നത് ഈ പ്രദേശം വഴിയാണ്. തിരുവനന്തപുരം നഗരത്തിനെ രാജഭരണ കാലത്തു ജലമാർഗ്ഗേണ ബന്ധിപ്പിച്ചിരുന്ന വള്ളക്കടവ്, പാർവതീ പുത്തനാർ എന്നിവ ഇന്ന് അത്യന്തം ശോച്യാവസ്ഥയിൽ ആണ്.  ഒഴുക്ക് ഇല്ലായ്മയും ചില പരിസരവാസികൾ മാലിന്യം ഒഴുക്കിവിടുന്നതും ഒക്കെ ആണ് ഇതിനു കാരണം. തിരുവനന്തപുരത്തെ പ്രധാന കന്നുകാലി പുൽത്തീറ്റ കൃഷി കേന്ദ്രം, സ്വീവേജ് ഫാം എന്നിവ ഇവിടെ പരസ്‌പര പൂരകങ്ങൾ ആയിരുന്നു.  വിശാലമേറിയ ഈ സ്ഥലങ്ങൾ ആണ് മണ്ണിട്ട് നിമത്തി മുകളിൽ പറഞ്ഞ കേന്ദ്ര ഏജൻസികൾക്ക് നൽകിയത്. ഇങ്ങനെ നൽകിയതിലൂടെ ഈ പ്രദേശങ്ങൾ വികസിക്കുകയും അതുവഴി മുട്ടത്തറയുടെ പഴയ മുഖഛായ തന്നെ മാറ്റാൻ കഴിയുകയും ചെയ്തു. 

"https://ml.wikipedia.org/w/index.php?title=മുട്ടത്തറ&oldid=3333666" എന്ന താളിൽനിന്ന് ശേഖരിച്ചത്