മുആവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുആവിയ(റ) എ.ഡി 612 ൽ മക്കയിൽ ജനിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മക്കാ വിജയത്തിനുശേഷം ഇസ്ലാം ആശ്ളേഷിച്ചു. അദ്ദേഹം നബിയുടെ വഹ്യ് എഴുത്തുകാരിൽ ഒരാളായിരുന്നു. ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഉമർ(റ)വിന്റെ കാലത്ത് സൈനികനേതൃത്വം വഹിച്ചിരുന്നു. ഇരുപതുവർഷക്കാലം മുആവിയ(റ) ഖലീഫയായി ഭരണം നടത്തി.


നാലാം ഖലീഫ അലിയ്ക്കും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഹസനുമെതിരെ സൈനിക നീക്കങ്ങൾ നടത്തിയാണ് മുആവിയ(റ) ഖിലാഫത്ത് സ്ഥാനം കരസ്ഥമാക്കിയത്. മുആവിയയ്ക്ക് ബൈഅത്തു(അനുസരണ പ്രതിജ്ഞ) ചെയ്യാൻ ജനങ്ങൾ നിർബന്ധിതരായി. ഇതിനെതിരെ പ്രമുഖ സ്വഹാബികൾ നടത്തിയ പ്രതിഷേധം വിഫലമാവുകയാണുണ്ടായത്. പ്രമുഖ സ്വഹാബിയും യർമൂഖ് യുദ്ധത്തിലെ സേനാനായകനുമായ സഅദ്ബ്നു അബീവഖാസ് മുആവിയയെ അഭിവാദ്യം ചെയ്തത് ഇപ്രകാരമായിരുന്നു. "അസ്സലാമു അലൈക അയ്യുഹൽ മലിക് (രാജാവേ, അങ്ങേക്കു സലാം).


ഖലീഫമാരുടെ ലളിതജീവിതത്തിനുപകരം അന്നത്തെ റോമൻ‏‏‏‏‏പേർഷ്യൻ സാമ്രാജ്യങ്ങളിലെ ചക്രവർത്തിമാരെപ്പോലെ രാജകീയ രീതിയിലായിരുന്നു ഏറെക്കുറെ മുആവിയയുടെ ജീവിതം. ഖിലാഫത്തുർറാശിദഃയുടെ സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായി ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ആളുകളെ സമ്പത്തും സ്ഥാനമാനങ്ങളും നൽകി വശത്താക്കിയായിരുന്നു. രാജാക്കന്മാരെപ്പോലെ അംഗരക്ഷകരെ നിയമിച്ച ആദ്യത്തെ ഖലീഫയാണ് മുആവിയ(റ). അകമ്പടിയോടുകൂടിയാണ് അദ്ദേഹം യാത്രചെയ്തത്. രമ്യഹർമ്യങ്ങൾ നിർമിക്കുന്നതിൽ അദ്ദേഹം താൽപര്യം കാണിച്ചു. ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ ഈ ഭവനങ്ങളെപ്പറ്റി മുആവിയയോട് ഇപ്രകാരം പറഞ്ഞു:

"താങ്കൾ പൊതുഖജനാവിൽനിന്നുള്ള ധനം കൊണ്ടാണ് ഈ ഭവനം നിർമിച്ചതെങ്കിൽ അത് വഞ്ചനയാണ്. സ്വന്തം പണം കൊണ്ടാണ് നിർമിച്ചതെങ്കിൽ ധൂർത്തും. ചുരുക്കത്തിൽ യഥാർഥ ഇസ്ലാമിക തത്വങ്ങളനുസരിച്ച് ഭരണം നടത്തിയ മുൻഖലീഫമാരുടേതിൽനിന്ന് പല കാര്യത്തിലും വ്യത്യസ്തമായ നയസമീപനങ്ങൾ മുആവിയയുടെ ഭരണകാലത്ത് നടപ്പിലായി.


മുആവിയയുടെ ഭരണപരിഷ്കാരങ്ങൾ

കഴിവുറ്റ ഭരണാധികാരിയായിരുന്നു മുആവിയ. രാജവാഴ്ചയുടെ സഹജമായ തിന്മകൾ ഉണ്ടായിരുന്നുവെങ്കിലും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തിന്മകളായിരുന്നില്ല. കേവല സ്വേഛാധിപത്യത്തിൽനിന്നു ഭിന്നമായി അദ്ദേഹം ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. തന്റെ ഭരണനയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിതാണ്:

"ചാട്ടവാർ മതിയായ സ്ഥലത്തു ഞാൻ ഖഡ്ഗം പ്രയോഗിക്കുകയില്ല; നാവു മതിയായ സ്ഥലത്തു ചാട്ടവാറും. എനിക്കും ജനങ്ങൾക്കുമിടയിൽ മുടിനാരിഴ ബന്ധമുണ്ടെങ്കിൽ അതു ഞാൻ മുറിച്ചു കളയില്ല. ജനങ്ങൾ പിടിച്ചു വലിക്കുമ്പോൾ ഞാൻ അയച്ചുകൊടുക്കും. അവർ അയച്ചിടുമ്പോൾ ഞാൻ പിടിച്ചുവലിക്കും.


സിറിയ, ഇറാഖ്, ഹിജാസ്, യമൻ, ഈജിപ്ത് എന്നീ അഞ്ചു പ്രവിശ്യകളടങ്ങിയതായിരുന്നു അന്നത്തെ രാഷ്ട്രം. രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങളിൽ പ്രവിശ്യയിലെ ഭരണാധികാരി ഗവർണർ ആയിരുന്നു. നികുതി സംഭരണത്തിന് ഖലീഫയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 'സ്വാഹിബുൽ ഖറാജ്' എന്ന പേരിൽ പ്രത്യേക ഉദ്യോഗസ്ഥൻമാരെ നിയമിച്ചിരുന്നു.


ഇസ്ലാമിക രാഷ്ട്രത്തിൽ നിലനിന്നിരുന്ന തപാൽ സമ്പ്രദായം കൂടുതൽ വ്യവസ്ഥാപിതമാക്കിയത് മുആവിയയായിരുന്നു. തപാൽ വകുപ്പ് സ്വതന്ത്രമായി നിലവിൽ വരികയും അതിനായി പ്രത്യേക ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും ചെയ്തു. കൃഷി അഭിവൃദ്ധിപ്പെടുത്താൻ നിരവധി പരിപാടികൾ അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു. ജലസേചനത്തിനു കനാലുകൾ വെട്ടുക, കുളങ്ങൾ നിർമിക്കുക, യാത്രാസൌകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി. അയൽരാജ്യങ്ങളുമായി കച്ചവട ബന്ധങ്ങൾ നിലനിർത്തി.


പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ മുആവിയ ശ്രദ്ധിച്ചു. 1700 ൽ അധികം കപ്പലുകൾ ഉൾപ്പെടുത്തി നാവികസേന ശക്തിപ്പെടുത്തി. ശാമിലും ഈജിപ്തിലും കപ്പൽ നിർമാണ ശാലകൾ സ്ഥാപിതമായി. ഗ്രീഷ്മസേനയും ഹേമന്തസേനയും രൂപീകരിച്ചുകൊണ്ട് റോമിന്റെ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചു. ഖുബ്റസ് അഥവാ സൈപ്രസ്ദ്വീപ് അടക്കം നിരവധി പ്രദേശങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിനധീനമായി. റോമാസാമ്രാജ്യത്തിൻ കീഴിലുള്ള കോൺസ്റാന്റിനോപ്പിൾ കീഴടക്കാൻ ശ്രമം നടത്തി.


ഉഖ്ബതുബ്നു നാഫിഇന്റെ സേനാനായകത്വത്തിൽ ഉത്തരാഫ്രിക്കയിൽ ധീരമായ പടയോട്ടം നടത്തി. രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി ഉഖ്ബ ആഫ്രിക്കയുടെ പടിഞ്ഞാറെ തീരത്ത് അറ്റ്ലാന്റിക് സമുദ്രം വരെയെത്തി. ഉഖ്ബ അറ്റ്ലാന്റിക്കിലെ തിരമാലകളെ നോക്കി ഇങ്ങനെ പറഞ്ഞു:

"അല്ലാഹുവേ, ഈ സമുദ്രം എന്റെ പാതയിൽ തടസ്സം സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ മറ്റേ അറ്റം വരെ നിന്റെ നാമം ഞാൻ ഉയർത്തുമായിരുന്നു.


ഉഖ്ബ ഉത്തരാഫ്രിക്കയിലെ ടുണീഷ്യയിൽ 'ഖൈറുവാൻ' എന്ന ഒരു നഗരം പണിതു. ഈ നഗരം നൂറ്റാണ്ടുകളോളം ഇസ്ലാമിക വിജ്ഞാന‏‏‏‏‏കലാ‏‏‏‏‏സാംസ്കാരിക കേന്ദ്രമായി പരിലസിച്ചിരുന്നു. ഉഖ്ബയുടെ ഖബർ ഉത്തരാഫ്രിക്കയിലെ 'ബുസ്കറ' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.


ആഭ്യന്തര ഭദ്രതയുടെ കാര്യത്തിൽ മുആവിയ പ്രത്യേകം ശ്രദ്ധിച്ചു. ഇറാഖ് പ്രദേശങ്ങളിൽ കുഴപ്പമുണ്ടാക്കിയ ഖവാരിജുകളെ തീർത്തും നിഷ്ക്രിയരാക്കി.

ഭരണാധികാരി എന്ന നിലയിൽ മുആവിയ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമയായിരുന്നു. ജനങ്ങൾ മുഖത്തുനോക്കി വിമർശിച്ചിട്ടും ആരോടും പരുഷത കാണിച്ചില്ല. എതിരാളികളെ സമ്മാനങ്ങളും ബഹുമതികളും നൽകി സന്തോഷിപ്പിക്കുന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. അലി(റ)വിന്റെ പുത്രന്മാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരോടും അവരുടെ കുടുംബത്തോടും അദ്ദേഹം നല്ല നിലയിൽ വർത്തിച്ചിരുന്നു.


സിറിയയിലെ ദമസ്കസ് ആയിരുന്നു. മുആവിയയുടെ തലസ്ഥാനം. മദീനക്കും കൂഫയ്ക്കും ശേഷം ഇസ്ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമായിത്തീർന്ന ദമസ്കസ് പുരാതന സംസ്കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രം കൂടിയായിരുന്നു. ഗവർണർ എന്ന നിലയിൽ അദ്ദേഹം ഏറെക്കാലം ചെലവഴിച്ച നഗരമായിരുന്നു ദമസ്കസ്.


രാജ്യത്തു നീതി നിലനിർത്തുന്നതിൽ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നു. എല്ലാ പ്രവിശ്യകളിലും പ്രാപ്തരായ ഗവർണർമാരെയാണ് അദ്ദേഹം നിയമിച്ചത്. മുആവിയയുടെ ഭരണകാലം പൊതുവെ ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നു.

"https://ml.wikipedia.org/w/index.php?title=മുആവിയ&oldid=1920051" എന്ന താളിൽനിന്നു ശേഖരിച്ചത്