മിഷേൽ തൂർണിയേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷേൽ തൂണിയേ.

മിഷേൽ തൂണിയേ ഫ്രഞ്ച് നോവലിസ്റ്റാണ്. 1924 ഡിസംബർ 19-ന് പാരിസിൽ ജനിച്ചു. സാന്ത്-ഷെർമേൻ - ആംഗലായ്യിലും മറ്റു ചില മതവിദ്യാലയങ്ങളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തി

ജീവിതരേഖ[തിരുത്തുക]

രണ്ടാം ലോകയുദ്ധകാലത്ത് ഉപരിപഠനത്തിനായി സൊർബോണിലെത്തി. 1949-54 ഘട്ടത്തിൽ ഫ്രഞ്ച് റേഡിയോയിലും ടെലിവിഷനിലും സേവനമനുഷ്ഠിച്ചു. നുവെൽസ് ലിത്തറേർ എന്ന മാസികയിൽ ഇദ്ദേഹം എഴുതാറുണ്ടായിരുന്നു. പുരാണകഥകളും പ്രാചീന കഥകളും പുതിയ വീക്ഷണത്തിൽ അവതരിപ്പിക്കുന്ന നോവലുകളുടെ രചയിതാവെന്ന നിലയിലാണ് തൂർണിയേ ശ്രദ്ധേയനായത്. മധ്യവർഗത്തിന്റെ സാമ്പ്രദായിക ധാരണകളെ തകിടംമറിക്കുന്ന ഈ കൃതികൾ അക്കാരണം കൊണ്ടു തന്നെ രൂക്ഷമായ വിമർശത്തിനും എതിർപ്പിനും വിധേയമായി.

തൂർണിയേയുടെ ആദ്യനോവൽ[തിരുത്തുക]

തൂർണിയേയുടെ ആദ്യനോവലായ വാന്ദ്രെദി; ഊ, ലെ ലീംബ്സ് ദു പാസിഫീക് (Friday;Or,the Other Island) 1967-ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് നോവലിസ്റ്റായ ഡാനിയൽ ഡിഫോയുടെ റോബിൻസൻ ക്രൂസോയുടെ രൂപാന്തരമായ ഈ കൃതിയിൽ ക്രൂസോയെ ഒരു കൊളോണിയലിസ്റ്റായാണ് ചിത്രീകരിക്കുന്നത്. തന്റെ ലോകവീക്ഷണം ഫ്രൈഡേ എന്ന കഥാപാത്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അയാൾ പരാജയപ്പെടുന്നു. ഈ കൃതി 1967-ലെ ഗ്രാങ് പ്രിസ് ദ് റൊമാൻ പുരസ്കാരം തൂർണിയേക്ക് നേടിക്കൊടുത്തു. തൂർണിയേയുടെ ഏറ്റവും വിവാദഗ്രസ്തമായ നോവൽ 1970-ൽ പുറത്തു വന്ന ല്റ്വാ ദെ ഓൾനെ (The Erl King) ആണെന്നു പറയാം. രണ്ടാം ലോകയുദ്ധകാലത്ത് ജർമൻകാരുടെ പിടിയിൽപ്പെടുന്ന ഒരു ഫ്രഞ്ചുകാരൻ നാസി പട്ടാള ക്യാമ്പുകൾക്കുവേണ്ടി ആൺകുട്ടികളെ പിടിച്ചു കൊടുക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. വേർപിരിഞ്ഞുപോയ ഇരട്ട സഹോദരനെ (twin brother) തേടി കഥാനായകൻ നടത്തുന്ന അന്വേഷണത്തിന്റെ ഗതിവിഗതികൾ ചിത്രീകരിക്കുന്ന ലെ മെതെയോർ (1975,Gemini) വായനക്കാരെ ഹഠാദാകർഷിക്കുകയുണ്ടായി.

തുടർന്നുള്ള നോവലുകൾ[തിരുത്തുക]

പഴയ കഥകൾക്ക് പുതിയ മാനം നൽകുന്ന രണ്ടു നോവലുകളാണ് തൂർണിയേ തുടർന്നു പ്രസിദ്ധീകരിച്ചത്.

  • ഗാസ്പാർ, മെൽക്വാർ ബാൽത്താസാർ (1980, The Four Wise Men)
  • ഗൈൽസ്- ഷാൻ (1983) എന്നിവ.

ഉണ്ണിയേശുവിനെ കിഴക്കുനിന്നുള്ള മൂന്ന് രാജാക്കന്മാർ സന്ദർശിച്ചതായുള്ള ബൈബിൾ കഥയാണ് ആദ്യത്തെ കൃതിയുടെ ഇതിവൃത്തത്തിന് ബീജാവാപം ചെയ്തത്. ഒരു റഷ്യൻ നാടോടിക്കഥയനുസരിച്ച് താപോർ എന്ന് പേരുള്ള നാലാമതൊരു പണ്ഡിതൻ ഇന്ത്യയിൽ നിന്നു പോയിരുന്നു. ബേത്തലഹേമിൽ എത്തിയില്ലെങ്കിലും കുറെ ഇളം പൈതലുകളെ അരുംകൊലയിൽ നിന്നു രക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ കഥാംശത്തിലാണ് തൂർണിയേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോൻ ഒഫ് ആർക്കിന്റെ സഹചാരിയായ ഒരു മനോരോഗിയാണ് അടുത്ത നോവലിൽ കേന്ദ്രകഥാപാത്രം.

  • ലാ ഗൂത് ദോർ (1985; The Golden Droplet)
  • ല് മെദിയാനോഷ് അമൂറ്യൂ (1989; The Midnight Love Feast)

എന്നിവ തൂർണിയേയുടെ പിൽക്കാല നോവലുകളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൂർണിയേ, മിഷേൽ (1924 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മിഷേൽ_തൂർണിയേ&oldid=3641196" എന്ന താളിൽനിന്ന് ശേഖരിച്ചത്