മിഷാൽ ബിൻത് ഫഹദ് അൽ സൗദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷാൽ ബിൻത് ഫഹദ് അൽ സൗദ്
പേര്
മിഷാൽ ബിൻത് ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ്
രാജവംശം സൗദി രാജവംശം
പിതാവ് ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ്

മിഷാൽ ബിൻത് ഫഹദ് അൽ സൗദ് (ജീവിതകാലം: 1958 – 15 ജൂലൈ 1977; അറബി: الأميرة مشاعل بنت فهد بن محمد بن عبدالعزيز آل سعود 1977-ൽ 19-ആം വയസ്സിൽ വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട് [1] [2] വെടി വെച്ച് ഉള്ള വധശിക്ഷയ്ക്ക് വിധേയയായ സൗദ് രാജവംശത്തിലെ അംഗമായിരുന്നു. അവർ ഫഹദ് ബിൻ മുഹമ്മദ് രാജകുമാരന്റെ മകളും സൗദി അറേബ്യയിലെ അബ്ദുൽ അസീസ് രാജാവിന്റെ മകനും ഖാലിദ് രാജാവിന്റെ മൂത്ത ഏക സഹോദരനുമായ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ചെറുമകളുമായിരുന്നു.

പശ്ചാത്തലം[തിരുത്തുക]

മിഷാൽ രാജകുമാരിയുടെ കുടുംബം അവളുടെ സ്വന്തം അഭ്യർത്ഥന പ്രകാരം അവളെ ലെബനനിലെ ബെയ്റൂട്ടിലെ വിദ്യാലയത്തിൽ പഠനത്തിന് അയച്ചു. അവിടെ വെച്ച്, ലെബനനിലെ സൗദി അംബാസഡറായിരുന്ന അലി ഹസൻ അൽ ഷെയറിന്റെ അനന്തരവൻ ഖാലിദ് അൽ ഷാർ മുഹൽഹലുമായി അവൾ പ്രണയത്തിലാവുകയും അവർ ഒരു സ്നേഹ ബന്ധം ആരംഭിക്കുകയും ചെയ്തു. സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, അവർ പലതവണ ഒറ്റയ്ക്ക് കണ്ടുമുട്ടാൻ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞതോടെ, അവർക്കെതിരെ വ്യഭിചാര കുറ്റം ചുമത്തപ്പെട്ടു. മുങ്ങിമരിച്ചു [3] എന്ന വ്യാജേന അവൾ ഖാലിദിനൊപ്പം സൗദി അറേബ്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. രാജകുമാരി പുരുഷവേഷത്തിലായിരുന്നുവെങ്കിലും ജിദ്ദ വിമാനത്താവളത്തിലെ പാസ്‌പോർട്ട് പരിശോധകനാണ് രാജകുമാരിയെ തിരിച്ചറിഞ്ഞത്. [4] പിന്നീട് അവളെ അവളുടെ കുടുംബത്തിലേക്ക് തിരിച്ചയച്ചു. [5] സൗദി അറേബ്യയിലെ ശരീഅത്ത് നിയമപ്രകാരം, ഒരു വ്യക്തിയെ വ്യഭിചാരത്തിന് ശിക്ഷിക്കുവാൻ വ്യഭിചരിക്കുന്നത് കണ്ട പ്രായപൂർത്തിയായ നാല് പുരുഷ സാക്ഷികളുടെ സാക്ഷ്യത്തിലൂടെയോ അല്ലെങ്കിൽ അവരുടെ സ്വന്തം കുറ്റസമ്മതത്തിലൂടെയോ ( "ഞാൻ വ്യഭിചാരം ചെയ്തുവെന്ന് 4 തവണ കോടതിയിൽ സമ്മതിക്കൽ) മാത്രമേ സാധിക്കൂ. കോടതിയിൽ കുറ്റം സമ്മതിക്കരുതെന്ന് അവളുടെ കുടുംബം അവളെ പ്രേരിപ്പിച്ചു, പകരം അവളുടെ കാമുകനെ ഇനി ഒരിക്കലും കാണില്ലെന്ന് വാക്ക് കൊടുവാൻ അവളെ പ്രേരിപ്പിച്ചു. കോടതിമുറിയിൽ വച്ച് അവൾ, "ഞാൻ വ്യഭിചാരം ചെയ്തു. ഞാൻ വ്യഭിചാരം ചെയ്തു. ഞാൻ വ്യഭിചാരം ചെയ്തു. ഞാൻ വ്യഭിചാരം ചെയ്തു", എന്ന കുറ്റസമ്മതം ആവർത്തിച്ചു.

വധശിക്ഷ[തിരുത്തുക]

1977 ജൂലൈ 15 ന് ജിദ്ദയിൽ പാർക്കിലെ ക്വീൻസ് ബിൽഡിംഗിന്റെ അരികിൽ വെച്ച് മിഷാലിനെയും ഖാലിദിനെയും പരസ്യമായി വധിച്ചു. രാജകുടുംബത്തിലെ മുതിർന്ന അംഗമായ അവളുടെ മുത്തച്ഛന്റെ [6] [7] വ്യക്തമായ നിർദ്ദേശപ്രകാരം അവളെ കണ്ണടച്ച്, മുട്ടുകുത്തി, വെടി വച്ച് വധിച്ചു. [8] അവളുടെ വധശിക്ഷ കാണാൻ നിർബന്ധിതനായ ഖാലിദിനെ, ഒരു പ്രൊഫഷണൽ ആരാച്ചാർക്ക് പകരം, രാജകുമാരിയുടെ പുരുഷ ബന്ധുക്കളിൽ ഒരാളാണ് വാളുകൊണ്ട് ശിരഛേദം ചെയ്തത്. അഞ്ച് വെട്ടിനാണ് അവന്റെ തല ഛേദിച്ചത് . [9] [10] ദീര സ്‌ക്വയറിലല്ല, മറിച്ച് ജിദ്ദയിലെ കൊട്ടാരത്തിന് സമീപമാണ് രണ്ട് വധശിക്ഷകളും നടത്തിയത്.

ഒരു രാജകുമാരിയുടെ മരണം ഡോക്യുമെന്ററി[തിരുത്തുക]

സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവ് ആയ ആന്റണി തോമസ് സൗദി അറേബ്യയിലെത്തി രാജകുമാരിയുടെ കഥയെക്കുറിച്ച് മനസ്സിലാക്കാനായി നിരവധി ആളുകളെ അഭിമുഖം നടത്തി. പരസ്പരവിരുദ്ധമായ കഥകൾ അദ്ദേഹം കേട്ടു. അവ പിന്നീട്, ഡെത്ത് ഓഫ് എ പ്രിൻസസ്സ് എന്ന ഒരു ബ്രിട്ടീഷ് ഡോക്യുമെന്ററിക്ക് വിഷയമായി. 1980 ഏപ്രിൽ 9 ന് ഐടിവി ടെലിവിഷൻ നെറ്റ്‌വർക്കിലും പിന്നീട് ഒരു മാസത്തിന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ പബ്ലിക് ടെലിവിഷൻ നെറ്റ്‌വർക്കായ പിബിഎസിലും ഈ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കാനായി ഷെഡ്യൂൾ ചെയ്തിരുന്നു. ഈ പ്രക്ഷേപണങ്ങൾ റദ്ദാക്കാൻ വേണ്ടി സൗദിയിൽ നിന്ന് ശക്തമായ നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ സമ്മർദ്ദമുണ്ടായി. അതെ തുടർന്ന് ഈ സംഭവം കടുത്ത പ്രതിഷേധത്തിന് വിധേയമായി. ബ്രിട്ടീഷ് സംപ്രേക്ഷണം റദ്ദാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഖാലിദ് രാജാവ് ബ്രിട്ടീഷ് അംബാസഡറെ സൗദി അറേബ്യയിൽ നിന്ന് പുറത്താക്കി. [11]

1980 മെയ് മാസത്തിൽ, ശ്രദ്ധ പിബിഎസിലേക്ക് മാറി. അവിടുത്തെ ഉദ്യോഗസ്ഥർ കോർപ്പറേഷനുകളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഒരു മാസത്തെ കടുത്ത സമ്മർദ്ദം സഹിച്ചു. ഒരു പ്രധാന പിബിഎസ് സ്പോൺസറായ മൊബിൽ ഓയിൽ കോർപ്പറേഷൻ, ന്യൂയോർക്ക് ടൈംസ് ഒപ്-എഡ് പേജിൽ സിനിമയെ എതിർക്കുകയും അത് യുഎസ്-സൗദി ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിച്ച് ഒരു മുഴുവൻ പേജ് പരസ്യം നൽകി. ചില സ്തംഭനങ്ങൾക്ക് ശേഷം, ഒടുവിൽ 1980 മെയ് 12 ന് യുഎസിലെ മിക്കയിടത്തും PBS പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു, എന്നിരുന്നാലും ചിലയിടത്തെ PBS സ്റ്റേഷനുകൾ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തില്ല. ഉദാഹരണത്തിന്, സൗത്ത് കരോലിനയിൽ, പിബിഎസ് അഫിലിയേറ്റ് ഡോക്യുമെൻ്ററിയുടെ സംപ്രേക്ഷണം റദ്ദാക്കി. അന്നത്തെ സൗദി അറേബ്യയിലെ യുഎസ് അംബാസഡർ ജോൺ സി വെസ്റ്റ് മുമ്പ് കരോലിന സംസ്ഥാനത്തിൻ്റെ ഗവർണറായിരുന്നു എന്ന വസ്തുത ആ തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചു. "വേൾഡ്" എന്ന പ്രതിവാര PBS പ്രോഗ്രാമിന്റെ ഭാഗമായാണ് ആ ഡോക്യുഡ്രാമ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സംപ്രേക്ഷണം ചെയ്തത്. ആ പരിപാടി പിന്നീട് PBS ഫ്രണ്ട്‌ലൈൻ എന്നറിയപ്പെട്ടു. യഥാർത്ഥ സംപ്രേക്ഷണത്തിന്റെ 25-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2005-ൽ ഡെത്ത് ഓഫ് എ പ്രിൻസസ് ഫ്രണ്ട്‌ലൈനിൽ വീണ്ടും സംപ്രേഷണം ചെയ്തു. [12]

സിനിമ അടിച്ചമർത്താൻ ഖാലിദ് രാജാവ് നെറ്റ്‌വർക്കിന് 11 മില്യൺ ഡോളർ വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. [13]

സംവിധായകൻ ആന്റണി തോമസിന്റെ അഭിപ്രായത്തിൽ, വിചാരണയോ ഔദ്യോഗിക വധശിക്ഷയോ ഉണ്ടായിട്ടില്ല. [14]

അതൊരു വിചാരണ ആയിരുന്നില്ല. നീതിന്യായ സ്‌ക്വയറിൽ വച്ചായിരുന്നില്ല അവളെ വധിച്ചത്. അവൾ ഒരു കാർ പാർക്കിൽ വച്ച് വധിക്കപ്പെട്ടു. സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എനിക്ക് അവ ഭയമാണ്. അവ എല്ലായ്പ്പോഴും ഒരു പ്രത്യേക സ്ക്വയറിലാണ് നടപ്പാക്കപ്പെടുന്നത്. അത് പോലും അവിടെ ചെയ്തില്ല. ഈ വധശിക്ഷ നടപ്പാക്കിയത് ഒരു ഔദ്യോഗിക ആരാച്ചാർ ആയിരുന്നില്ല, അത് അതിനെ കൂടുതൽ മോശമാക്കുകയോ മെച്ചപ്പെടുകയോ ചെയ്യില്ല, എന്നാലും .ഈ വധശിക്ഷ ഒരു നിയമത്തിന്റെയും നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല.

ഡെത്ത് ഓഫ് എ പ്രിൻസസ്സിൻ്റെ സഹ-ലേഖകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഡേവിഡ് ഫാനിംഗ് കൂട്ടിച്ചേർത്തു:

വ്യഭിചാരത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാലാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക വിവരണവും അതിന്റെ സത്യവും തമ്മിലുള്ള വ്യത്യാസം, വാസ്തവത്തിൽ, ഗോത്ര പ്രതികാര നടപടിയിൽ രാജാവിന്റെ ജ്യേഷ്ഠനാൽ വധിക്കപ്പെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വാസ്തവത്തിൽ, ജിദ്ദയിലെ ഒരു പാർക്കിംഗ് സ്ഥലത്ത് വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത് എന്നതായിരുന്നു വിവാദത്തിന്റെ കാതൽ, കാരണം രാജകുടുംബത്തിന് തീർച്ചയായും ഉൾക്കൊള്ളാൻ കഴിയാത്ത ഭാഗമായിരുന്നു അത്. അതായിരുന്നു വലിയ രോഷം.

ഇതും കാണുക[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. "Fate of another royal found guilty of adultery". The Independent. 20 July 2009. Archived from the original on 15 May 2022.
  2. "A Talk With Antony Thomas - Death of A Princess". Frontline. PBS.
  3. John Laffin (1979). The dagger of Islam. Sphere. p. 48. ISBN 9780722153697.
  4. Lydia Laube (1991). Behind the Veil: An Australian Nurse in Saudi Arabia. Wakefield Press. p. 156. ISBN 9781862542679.
  5. Tim Niblock (2015). State, Society, and Economy in Saudi Arabia. Routledge. ISBN 9781317539964.
  6. Constance L.Hays (26 November 1988). "Mohammed of Saudi Arabia Dies; Warrior and King-Maker Was 80". The New York Times.
  7. Frank Brenchley (1 January 1989). Britain and the Middle East: Economic History, 1945-87. I.B.Tauris. ISBN 9781870915076 – via Google Books.
  8. Mohamad Riad El-Ghonemy (1 January 1998). Affluence and Poverty in the Middle East. Routledge. ISBN 9780415100335 – via Google Books.
  9. Lydia Laube (1991). Behind the Veil: An Australian Nurse in Saudi Arabia. Wakefield Press. p. 156. ISBN 9781862542679.
  10. Mark Weston (28 July 2008). Prophets and Princes: Saudi Arabia from Muhammad to the Present. John Wiley & Sons. ISBN 9780470182574 – via Google Books.
  11. Cyril Dixon (21 July 2009). "Britain saves princess faced death by stoning". Express.
  12. South Carolina public TV cancels 'Death of Princess', Wilmington Morning Star, 4 May 1980
  13. Constance L.Hays (26 November 1988). "Mohammed of Saudi Arabia Dies; Warrior and King-Maker Was 80". The New York Times.
  14. "A Talk With Antony Thomas - Death of A Princess". Frontline. PBS.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]