ഉള്ളടക്കത്തിലേക്ക് പോവുക

മിച്ചിയോ സുജിമുറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിച്ചിയോ സുജിമുറ
സുജിമുറ 1948ൽ
ജനനം(1888-09-17)17 സെപ്റ്റംബർ 1888
സൈതാമ പ്രിഫെക്ചർ, ജപ്പാൻ സാമ്രാജ്യം
മരണം1 ജൂൺ 1969(1969-06-01) (80 വയസ്സ്)
ടൊയോഹാഷി, ഐച്ചി, ജപ്പാൻ
തൊഴിൽ(s)അഗ്രോണമിസ്റ്റ്, ബയോകെമിസ്റ്റ്

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയ ഒരു ജാപ്പനീസ് കാർഷിക ശാസ്ത്രജ്ഞയും ബയോകെമിസ്റ്റുമായിരുന്നു മിച്ചിയോ സുജിമുറ (辻村みちよ, 17 സെപ്റ്റംബർ 1888-1 ജൂൺ 1969). ജപ്പാനിൽ കാർഷിക ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത കൂടിയാണ് അവർ.

ആദ്യകാല ജീവിതം

[തിരുത്തുക]

1888 ൽ ഇന്നത്തെ ഒകെഗാവയിലെ സൈതാമ പ്രിഫെക്ചറിലാണ് സുജിമുറ ജനിച്ചത്.[1] ടോക്കിയോ പ്രിഫെക്ചർ വിമൻസ് നോർമൽ സ്കൂളിൽ പഠിച്ച അവർ, ടോക്കിയോ വിമൻസ് ഹയർ നോർമൽ സ്കൂളിൽ (ഇപ്പോഴത്തെ ഒച്ചാനോമിസു സർവ്വകലാശാല) നിന്ന് 1909-ൽ ബയോകെമിസ്ട്രിയിൽ ബിരുദം കരസ്ഥമാക്കി. ടോക്കിയോ വിമൻസ് ഹയർ നോർമൾ സ്കൂളിൽ വെച്ച് സുജിമുറയിൽ ശാസ്ത്ര ഗവേഷണത്തോടുള്ള താൽപര്യം വർധിപ്പിച്ചത് അവരെ പഠിപ്പിച്ചിരുന്ന ജീവശാസ്ത്രജ്ഞനായ കൊനോ യാസുയി ആയിരുന്നു. 1913ൽ ബിരുദം നേടിയ അവർ കനഗാവ പ്രിഫെക്ചറിലെ യോകോഹാമ ഹൈസ്കൂൾ ഫോർ വിമനിൽ അദ്ധ്യാപികയായി. 1917-ൽ അവർ സൈതാമ വിമൻസ് നോർമൽ സ്കൂളിൽ പഠിപ്പിക്കുന്നതിനായി സൈതാമ പ്രിഫെക്ചറിലേക്ക് മടങ്ങി.[2]

ഗവേഷണവും കരിയറും

[തിരുത്തുക]

1920 ൽ ഹൊക്കൈഡോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിൽ ലബോറട്ടറി അസിസ്റ്റന്റായി ചേർന്നതോടെയാണ് സുജിമുറ തന്റെ ഗവേഷണ ജീവിതം ആരംഭിച്ചത്. അക്കാലത്ത്, സർവകലാശാല വനിതാ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാൽ സുജിമുറയ്ക്ക് സർവകലാശാലയുടെ അഗ്രികൾച്ചറൽ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ ഫുഡ് ന്യൂട്രീഷണൽ ലബോറട്ടറിയിൽ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടതായി വന്നു. 1922ൽ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലെ മെഡിക്കൽ കെമിക്കൽ ലബോറട്ടറിയിലേക്ക് മാറുന്നതിനുമുൻപ് സർവ്വകലാശാലയിൽ അവർ പട്ടുനൂൽപ്പുഴുക്കളുടെ ആഹാരരീതികളെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. എന്നാൽ 1923 സെപ്റ്റംബറിൽ ഗ്രേറ്റ് കാൻഡോ ഭൂകമ്പത്തിൽ മെഡിക്കൽ കെമിക്കൽ ലബോറട്ടറി തകർന്നുപോയതിനാൽ 1923 ഒക്ടോബറിൽ അവർ ഒരു ഗവേഷണ വിദ്യാർത്ഥിയായി റിക്കൻ ഗവേഷണ കേന്ദ്രത്തിലേക്ക് ചേരുകയാണുണ്ടായത്. അവിടെ ഗവേഷകനായ ഉമെറ്റാറോ സുസുക്കിയുടെ ലബോറട്ടറിയിൽ ജോലി ചെയ്ത അവർ പോഷക രസതന്ത്രത്തെക്കുറിച്ചാണ് (nutritional chemistry) ഗവേഷണം നടത്തിയത്. 1924 ൽ സുജിമുറയും അവരുടെ സഹപ്രവർത്തകനായ സെയ്റ്റാറോ മിയുറയും ഗ്രീൻ ടീയിൽ വിറ്റാമിൻ സി കണ്ടെത്തി. ഈ കണ്ടെത്തൽ ബയോ സയൻസ്, ബയോടെക്നോളജി, ആന്റ് ബയോകെമിസ്ട്രി ജേണലിൽ "ഓൺ വിറ്റാമിൻ സി ഇൻ ഗ്രീൻ ടീ" എന്ന ഗവേഷണപ്രബന്ധത്തിൽ പ്രസിദ്ധീകരിച്ചു.[2] ഈ കണ്ടെത്തൽ വടക്കേ അമേരിക്കയിലേക്കുള്ള ഗ്രീൻ ടീയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ കാരണമായി.[2]

ഗ്രീൻ ടീയിൽ നിന്ന് 1929-ൽ ഫ്ലാവനോയിഡായ കാറ്റെക്കിനും 1930 ൽ ക്രിസ്റ്റൽ രൂപത്തിൽ ടാനിനും അവർ വേർതിരിച്ചെടുത്തു.[3] ഗ്രീൻ ടീയിലെ ഘടകങ്ങളെക്കുറിച്ചുള്ള "ഓൺ ദി കെമിക്കൽ കമ്പോണന്റ്സ് ഓഫ് ഗ്രീൻ ടീ" എന്ന തലക്കെട്ടിലുള്ള ഗവേഷണപ്രബന്ധമാണ് 1932 ൽ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാർഷിക ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടാനായി അവർ സമർപ്പിച്ചത്. അത്തരമൊരു ബിരുദം നേടുന്ന ജപ്പാനിലെ തന്നെ ആദ്യത്തെ വനിതയായിരുന്നു അവർ.[2][4] 1934-ൽ ഗ്രീൻ ടീയിൽ നിന്ന് ഗാലോകാറ്റെക്കിൻ അവർ വേർതിരിച്ചെടുക്കുകയും 1935-ൽ സസ്യങ്ങളിൽ നിന്ന് വിറ്റാമിൻ സി ക്രിസ്റ്റലുകൾ വേർതിരിക്കുന്ന രീതിക്ക് പേറ്റന്റ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 1942-ൽ റികെനിൽ ജൂനിയർ റിസർച്ചറായും 1947-ൽ ഗവേഷകയായും സ്ഥാനക്കയറ്റം ലഭിച്ച അവർ 1949-ൽ സ്ഥാപിതമായ ഒചാനൊമിസു സർവകലാശാലയിൽ പ്രൊഫസറായി ചുമതലയേറ്റു. 1950 മുതൽ ടോക്കിയോ വിമൻസ് ഹയർ നോർമൽ സ്കൂളിൽ പ്രൊഫസറായി സേവനമനുഷ്ടിച്ച അവർ സ്കൂൾ ഫാക്കൽറ്റി ഓഫ് ഹോം ഇക്കണോമിക്സിന്റെ ആദ്യ ഡീൻ ആയിരുന്നു.[2]

പിൽക്കാല ജീവിതവും പ്രശസ്തിയും

[തിരുത്തുക]

1956ൽ ഒചാനൊമിസു സർവകലാശാലയിൽ നിന്ന് പ്രൊഫസറായി വിരമിച്ച സുജിമുറ 1961 വരെ പാർട്ട് ടൈം ആയി അധ്യാപനം തുടർന്നു. 1955 മുതൽ 1963 വരെ ടോക്കിയോയിലെ ജിസെൻ വിമൻസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്ന വേളയിലാണ് അവർ പ്രൊഫസർ എമെറിറ്റസ് എന്ന പദവിയിലേക്ക് എത്തുന്നത്.[5] ഗ്രീൻ ടീയെക്കുറിച്ചുള്ള ഗവേഷണത്തിന് 1956-ൽ ജപ്പാൻ പ്രൈസ് ഓഫ് അഗ്രികൾച്ചറൽ സയൻസ് അവാർഡും 1968-ൽ ഓർഡർ ഓഫ് ദി പ്രഷ്യസ് ക്രൌൺ ഓഫ് ദി ഫോർത്ത് ക്ലാസ് അവാർഡും അവർക്ക് ലഭിച്ചു. 1969 ജൂൺ 1 ന് തന്റെ 80 ആം വയസ്സിൽ ടൊയോഹാഷിയിൽ വച്ച് അവർ അന്തരിച്ചു.[2]

2021 സെപ്റ്റംബർ 16 ന് ഗൂഗിൾ ഡൂഡിൽ സുജിമുറയുടെ 133-ാം ജന്മദിനം ആഘോഷിച്ചു.[6]

അവലംബം

[തിരുത്തുക]
  1. "Google Doodle on Michiyo Tsujimura: Synopsis of Michiyo Tsujimura's Life". SA News Channel (in അമേരിക്കൻ ഇംഗ്ലീഷ്). 2021-09-18. Retrieved 2021-09-18.
  2. 1 2 3 4 5 6 "Michiyo Tsujimura (1888–1969)". Ochanomizu University. Archived from the original on 2021-09-17. Retrieved 17 September 2021.
  3. Tsujimura, Michiyo (1 January 1930). "On Tea Tannin Isolated from Green Tea". Bulletin of the Agricultural Chemical Society of Japan (in ഇംഗ്ലീഷ്). 6 (6–9): 70–75. doi:10.1080/03758397.1930.10856940. ISSN 0375-8397.
  4. Kodate, Naonori; Kodate, Kashiko (2015). Japanese Women in Science and Engineering: History and Policy Change. Routledge. p. 29. ISBN 978-1-317-59505-2.
  5. "Google Doodle celebrates Japanese green tea researcher Michiyo Tsujimura on 133rd birthday". Tech2. 2021-09-17. Retrieved 2021-09-18.
  6. "Michiyo Tsujimura's 133rd Birthday". 17 September 2021.
"https://ml.wikipedia.org/w/index.php?title=മിച്ചിയോ_സുജിമുറ&oldid=4507157" എന്ന താളിൽനിന്ന് ശേഖരിച്ചത്