മാൾട്ടാപനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൾട്ടാപനി
മറ്റ് പേരുകൾundulant fever, undulating fever, Mediterranean fever, Malta fever, Cyprus fever, rock fever (Micrococcus Melitensis)[1]
സ്പെഷ്യാലിറ്റിInfectious disease

രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് പാസ്ചറൈസ് ചെയ്യാത്ത പാൽ, വേവിക്കാത്ത മാംസം എന്നിവ കഴിക്കുകയോ അല്ലെങ്കിൽ അവയുടെ സ്രവങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്യുന്നതിലൂടെ മനുഷ്യരെയും, വളർത്തുമൃഗങ്ങളെയും ബാധിക്കാൻ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളിലൊന്നും, പകർച്ചവ്യാധിയുമാണ് മാൾട്ടാപനി അഥവാ ബ്രൂസല്ലോസിസ് രോഗം. ബ്രൂസെല്ല കുടുംബത്തിലെ വിവിധയിനം ബാക്റ്റീരിയകളാണ് രോഗഹേതു. രോഗാണുബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ള ജന്തു ജന്യരോഗങ്ങളിലൊന്നു (Zoonotic Disease) കൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയൻ പനി, മാൾട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്. സാധാരണ പശുക്കളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുള്ളത്. പശുക്കളിൽ മാത്രമല്ല ആടുകളെയും കുതിരകളെയും പന്നികളെയും തുടങ്ങി നായകളെ വരെ ബ്രൂസല്ലോസിസ് രോഗം ബാധിക്കാം. മൃഗങ്ങളുടെ പ്രത്യുൽപ്പാദന വ്യവസ്ഥയെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. [2]

രോഗകാരണം[തിരുത്തുക]

ബ്രൂസല്ല അബോർട്ടസ് എന്ന രോഗാണുവാണ് പശുക്കളിൽ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാമെലിട്ടൻസിസ് ആടുകളിലും ബ്രൂസല്ലാസുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു. [3]

രോഗനിർണ്ണയം[തിരുത്തുക]

രോഗബാധിത മ്യഗങ്ങളുടെ പാൽ, രക്തം, ഗർഭസ്രവങ്ങൾ ഇവ പരിശോധിച്ച് രോഗനിർണ്ണയം നടത്താം. രോഗം ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. അപകട-രോഗ ലക്ഷണങ്ങൾ കാണിക്കാത്ത കന്നുകാലികൾ രോഗ വാഹകരാകുകയും മനുഷ്യർക്കും മൃഗങ്ങൾക്കും രോബാധയുണ്ടാക്കുകയും ചെയ്യും. പല വികസിത രാജ്യങ്ങളും ഈ രോഗം നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞു. ആദ്യപടി രോഗം ബാധിച്ച മൃഗങ്ങളെ കണ്ടെത്തുക, പശുകിടാവുകളെ രോഗപ്രതിരോധ കുത്തിവെയ്പിനു വിധേയമാക്കുക, പാൽ പരിശോധന വഴി രോഗബാധയുള രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് അവയെ ദയാവധത്തിന് വിധേയമാക്കുക എന്നിവയാണ്.

ഈ രോഗം പിടിപെടാനുളള സാധ്യത മനുഷ്യരിൽ ധാരാളമുണ്ട്. മ്യഗങ്ങളുമായി സമ്പർക്കമുള്ള ക്ഷീര കർഷകർ, വെറ്ററിനറി ഉദ്യോഗസ്ഥർ, അറവുശാലയിൽ പണിയെടുക്കുന്നവർ, ലാബോറട്ടറികളിൽ ജോലി ചെയ്യുന്നവർ മുതലായവർക്ക് രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. തിളപ്പിക്കാത്ത പാൽ, പാസ്റ്ററൈസേഷൻ ചെയ്യാത്ത പാലുത്പന്നങ്ങൾ മുതലായവ കഴിക്കുന്നതുകാരണമാണ് മൃഗങ്ങളുമായി സമ്പർക്കമില്ലാത്തവർക്ക് രോഗബാധയുണ്ടാകുന്നത്.

മനുഷ്യരിൽ[തിരുത്തുക]

വിട്ടുമാറാത്ത പനി (ഏറിയും കുറഞ്ഞുമിരിക്കും), സന്ധിവേദന, ശരീരവേദന തുടങ്ങി രോഗം കൂടിയാൽ ഹൃദയം, തലച്ചോറ് എന്നിവയെയും ബാധിക്കാം. മനുഷ്യരിൽ ആന്റിബയോട്ടിക്കുകൾ, കാബിയൽ ഏജന്റ് തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം. ഒരിക്കൽ രോഗ ബാധയുണ്ടായ മനുഷ്യർക്ക് വീണ്ടും രോഗം വരാൻ സാധ്യത വളരെക്കുറവാണ്.

രോഗലക്ഷണങ്ങളും വ്യാപനവും[തിരുത്തുക]

1993-2010 കാലഘട്ടത്തിൽ അമേരിക്കയിൽ റിപോർട്ട്ചെയ്ത മനുഷ്യരിലെ ബ്രൂസല്ലോസിസ് ബാധിത കേസുകൾ

ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളിൽ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉത്പാദനക്കുറവുമെല്ലാം കർഷകർക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുത്പാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. മൃഗങ്ങളിൽ ഗർഭമലസൽ, വന്ധ്യത, ഉത്പാദന-പ്രത്യുൽപാദനക്ഷമതക്കുറവ് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. മാൾട്ട രോഗം കറവപ്പാലിലൂടെയും ഇത്തരം പാലിൽ നിന്നുള്ള ഉൽപന്നങ്ങളിലൂടെയും ആണ് മുഖ്യമായും പകരുന്നത്. രോഗബാധയുള്ളവയുടെ ചാണകവും മൂത്രവും ഫാമിൽ തീറ്റപ്പുൽകൃഷിക്ക് ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. [4]

നിയന്ത്രണം[തിരുത്തുക]

ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവർഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികൾ വേറെയും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവിൽ സമഗ്ര ബ്രൂസെല്ല നിയന്ത്രണ പദ്ധതി (Brucellosis Control Programme) ആരംഭിച്ചത്. പ്രതിരോധ കുത്തിവെപ്പിനൊപ്പം രോഗപരിശോധനയ്ക്കുള്ള (Sreening) പ്രവർത്തനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി കേരളത്തിൽ സമ്പൂർണ്ണ ബ്രൂസെല്ലോസിസ് വിമുക്തമാക്കുന്നതിനായി സമഗ്ര ഒറ്റതവണ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. നാലിനും എട്ട് മാസത്തിനുമിടയിൽ പ്രായമുള്ള എല്ലാ പശുക്കിടാങ്ങൾക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവെപ്പ് നൽകാം. പശുക്കിടാക്കൾക്ക് മാത്രം കുത്തിവെപ്പ് നൽകുന്നതിൽ കാഫ്ഹുഡ് വാക്സിനേഷൻ എന്നാണ് ഇതറിയപ്പെടുന്നത്. ഇത് വഴി ജീവിത കാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരുന്നു. [5]

കേരളത്തിൽ[തിരുത്തുക]

മാൾട്ടാപനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്.

അവലംബം[തിരുത്തുക]

  1. Wyatt, H. Vivian (2014). "How did Sir David Bruce forget Zammit and his goats ?" (PDF). Journal of Maltese History. Malta: Department of History, University of Malta. 4 (1): 41. ISSN 2077-4338. Archived from the original (PDF) on 2016-07-21. Journal archive
  2. https://emedicine.medscape.com/article/213430-overview
  3. https://www.who.int/ith/diseases/brucellosis/en/
  4. https://www.webmd.com/a-to-z-guides/brucellosis-symptoms-treatment
  5. https://www.medicinenet.com/brucellosis_facts/article.htm
"https://ml.wikipedia.org/w/index.php?title=മാൾട്ടാപനി&oldid=3263679" എന്ന താളിൽനിന്ന് ശേഖരിച്ചത്