മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1761-ൽ അഞ്ചാം മാർത്തോമ്മാ മലയാളക്കരയിലുണ്ടായിരുന്ന വിദേശ മെത്രാന്മാരുടെ സഹകരണമില്ലാതെ തന്റെ പിൻഗാമിയെ വാഴിച്ചു. ധർമരാജാവിന്റെ സമകാലികനായിരുന്ന ആറാം മാർത്തോമ്മാ 1770-ൽ അന്ത്യോക്യൻ മെത്രാന്മാരുടെ അധികാരം അംഗീകരിച്ച് അവരുടെ കൈവയ്‌പ്പോടെ മാർ ദിവന്നാസ്യോസ് ഒന്നാമൻ എന്ന പേര് സ്വീകരിച്ചു. മലങ്കര സഭയുടെ റോമാ സഭയുമായുള്ള ഇടപെടൽ, ടിപ്പു സുൽത്താന്റെ തിരുവിതാംകൂർ ആക്രമണം, കേണൽ മെക്കാളെ ബ്രിട്ടീഷ് റസിഡന്റായി നിയമിതനായത് എന്നിവയെല്ലാം മാർ ദിവന്നാസ്യോസ് ഒന്നാമന്റെ കാലത്തെ പ്രധാന സംഭവങ്ങളാണ്. 1806-ൽ തിരുവിതാംകൂർ സന്ദർശിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി ബംഗാൾ ചാപ്ലെയിൻ ക്ലോഡിയസ് ബുക്കാനൻ ന്റെ ഉത്സാഹത്തിൽ ബൈബിൾ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങൾ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തു. 1811-ൽ ബോംബെയിലെ കുറിയർ പ്രസ്സിൽ അച്ചടിച്ച ഈ ബൈബിളിന്റെ പരിഭാഷയിൽ പ്രധാന പങ്കു വഹിച്ചത് മാർ ദിവന്നാസ്യോസ് ഒന്നാമന്റെ സെക്രട്ടറിയായിരുന്ന ഫിലിപ്പോസ് റമ്പാൻ ആണ്. മാർ ദിവന്നാസ്യോസിന്റെ കാലത്ത് കേണൽ മെക്കാളെയുടെ ഉത്സാഹത്താൽ തിരുവിതാംകൂർ സർക്കാരിൽ നിന്നു മലങ്കര സഭയ്ക്കു ലഭിച്ച പതിനായിരത്തഞ്ഞൂറു രൂപ (മൂവായിരം പൂവരാഹൻ) സഭയുടെ ആവശ്യങ്ങൾക്കായി ഒരു സ്ഥിരനിക്ഷേപമായി ബ്രിട്ടീഷ് ഗവൺമെന്റിനെ ഏൽപ്പിച്ചു. വട്ടിപ്പണം എന്ന പേരിൽ ഇത് അറിയപ്പെടുന്നു. 1808 ഏപ്രിൽ 7-ന് കാലം ചെയ്ത മാർ ദിവന്നാസ്യോസ് ഒന്നാമന്റെ ഭൗതിക ശരീരം പുത്തൻകാവ് പള്ളിയിൽ കബറടക്കി.