മാർ അഗ്ഗായി
ഭാഗം |
പൗരസ്ത്യ ക്രിസ്തീയത |
---|
കിഴക്കിന്റെ സഭയുടെ ഒന്നാം നൂറ്റാണ്ടിലെ ഒരു നേതാവായിരുന്നു മാർ അഗ്ഗായി (ലത്തീൻ: Aggeus). ക്രി. വ. 66 മുതൽ 81 വരെ ഇദ്ദേഹം ഈ ചുമതല വഹിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. മാർ അദ്ദായിയുടെ പ്രധാന ശിഷ്യനായിരുന്ന അഗ്ഗായി അദ്ദേഹത്തിന് ശേഷം എദേസ്സയിലെ സഭാഭരണം ഏറ്റെടുത്തു. ചില എഴുത്തുകളിൽ ക്രിസ്തുവിന്റെ എഴുപത്തിരണ്ട് ശിഷ്യന്മാരിൽ ഒരാളായി അഗ്ഗായിയെ പരിഗണിക്കുന്നു.
മാർ അഗ്ഗായി | |
---|---|
ഭദ്രാസനം | എദേസ്സ |
മുൻഗാമി | മാർ അദ്ദായി |
പിൻഗാമി | മാർ മാറി |
മെത്രാഭിഷേകം | മാർ അദ്ദായി |
വ്യക്തി വിവരങ്ങൾ | |
ജനനം | എദേസ്സ |
വിശുദ്ധപദവി | |
വണങ്ങുന്നത് | പ്രധാനമായും കിഴക്കിന്റെ സഭ, സുറിയാനി ഓർത്തഡോക്സ് സഭ |
ജീവിതം
[തിരുത്തുക]അപ്പോസ്തലന്മാരുടെ പ്രബോധനത്തിൽ മാർ അഗ്ഗായി:
ഇന്ത്യയും അതിന്റെ എല്ലാ രാജ്യങ്ങളും ദൂരെ കടൽ മുഖാന്തരം പോലും അതിനോട് അതിരുപങ്കിടുന്നവരും, താൻ കെട്ടിപ്പടുത്ത സഭയുടെ വഴികാട്ടിയും ഭരണാധികാരിയുമായിരുന്ന, യൂദാസ് തോമസിൽ നിന്ന് പൗരോഹിത്യത്തിന്റെ അപ്പോസ്തോലികമായ കൈവെപ്പ് ഏറ്റുവാങ്ങി.... അസീറിയക്കാരുടെയും മേദ്യരുടെയും പേർഷ്യ മുഴുവനും ബാബിലോണിനു ചുറ്റുമുള്ള രാജ്യങ്ങളും... ഇന്ത്യക്കാരുടെ അതിർത്തികളിലേക്കും ഗോഗ്, മാഗോഗ് രാജ്യങ്ങളിലേക്കും പോലും.. അദ്ദേയൂസിന്റെ ശിഷ്യനായ അഗ്ഗേയൂസിൽ നിന്ന് അപ്പോസ്തലന്മാരുടെ പൗരോഹിത്യത്തിന്റെ കൈവെപ്പ് പ്രാപിച്ചു
— Cureton (1864), പുറം. 33
അഗ്ഗായിയുടെ ജീവിതത്തെക്കുറിച്ച് യാക്കോബായ എഴുത്തുകാരനായ ബർ എബ്രായ നൽകുന്ന വിവരണം ഇപ്രകാരമാണ്:
സുവിശേഷ പ്രസംഗകനായ അദ്ദായിക്ക് ശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ അഗ്ഗായി സ്ഥാനമേറ്റു. ഇദ്ദേഹം അബ്ഗാറിന് വേണ്ടി ചൈനീസ് തുണി നെയ്തു കൊടുത്തുവന്നിരുന്നു. അദ്ദായിയുടെ മരണശേഷം ഇദ്ദേഹം അവിടം ഉപേക്ഷിച്ച് കിഴക്കോട്ട് പോയി. പേർഷ്യ, അസീറിയ, അർമേനിയ, മീദിയ, ബാബിലോണിയ എന്നിവിടങ്ങളിലും ഖുസിസ്ഥാൻ പ്രദേശത്തും ഗെലെയരുടെ ഇടയിലും, ഇന്ത്യയുടെ അതിർത്തികൾ വരെയും ഇദ്ദേഹം പ്രഘോഷിക്കാൻ തുടങ്ങി. അബ്ഗാറിന്റെ പിൻഗാമിയായി രാജാധികാരമേറ്റ അദ്ദേഹത്തിന്റെ മകന്റെ സ്വതവേയുള്ള വിശ്വാസവൈപരീത്യം നിമിത്തം അവിടത്തെ വിശ്വാസം കുറയുമോ എന്ന ഭയത്താൽ ഇദ്ദേഹം എദേസ്സയിലേക്ക് മടങ്ങി. എദേസ്സയിൽ എത്തിയപ്പോൾ, അബ്ഗാറിന്റെ മകൻ തന്റെ പിതാവിന് വേണ്ടി ചെയ്തിരുന്നതുപോലെ തനിക്കുവേണ്ടിയും ചൈനീസ് തുണി നെയ്യാൻ ഉത്തരവിട്ടു. അഗ്ഗായി അവനോട് മറുപടി പറഞ്ഞു, 'എന്റെ ഗുരു ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ തീറ്റിയിരുന്നപ്പോൾ ഞാൻ നിന്റെ പിതാവിന് വേണ്ടി ജോലി ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ തീറ്റ കൊടുക്കുന്ന ജോലി എനിക്ക് വന്നിരിക്കുന്നു, അതുകൊണ്ട് എനിക്ക് മറ്റൊരു ജോലി ചെയ്യാൻ കഴിയില്ല.' അദ്ദേഹത്തിന്റെ വാക്കുകളിൽ അരിശം മൂത്ത് നാട്ടുകാരനായ ഭരണാധികാരി കാലിന്റെ എല്ല് ഒടിച്ച് ഇദ്ദേഹത്തെ വധിച്ചു.
— ബർ എബ്രായാ, ഗ്രിഗോറിയോസ്. അബെലൂസ്; ലാമി (eds.). സഭാ വൃത്താന്തങ്ങൾ. p. ii. 16.
പിന്തുടർച്ച
[തിരുത്തുക]മാർ അദ്ദായിയുടെ പ്രബോധനത്തിൽ:
സഭയിലെ എല്ലാ ആളുകളും ഇടയ്ക്കിടെ പോയി അവിടെ ശ്രദ്ധാപൂർവം പ്രാർത്ഥനകൾ നടത്തി; അപ്പോസ്തലനായ അദ്ദായി സ്വയം തങ്ങൾക്ക് നൽകിയ കൽപ്പനയും നിർദ്ദേശവും അനുസരിച്ചും, വഴികാട്ടിയും ഭരണാധികാരിയും എല്ലാ മനുഷ്യരുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിൽ നിന്ന് ലഭിച്ച പൗരോഹിത്യത്തിന്റെ കൈകൊണ്ട് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയുമായ അഗ്ഗായിയുടെ വാക്കും അനുസരിച്ച്, അവർ വർഷാവർഷം അദ്ദേഹത്തിന്റെ (മാർ അദ്ദായിയുടെ) മരണത്തിന്റെ അനുസ്മരണം ആചരിച്ചു...
ഇദ്ദേഹവും അദ്ദേഹത്തിൽ നിന്ന് ലഭിച്ച അതേ കൈവയ്പ്പുകൊണ്ട് ഈ മെസൊപ്പൊട്ടേമിയ രാജ്യത്തുടനീളം പുരോഹിതന്മാരും വഴികാട്ടികളും ആക്കി. അങ്ങനെ അവരും അദ്ദായിയുടേതുപോലെ ഇദ്ദേഹത്തിന്റെ വാക്ക് അനുസരിക്കുകയും ആരാധ്യനായ ക്രിസ്തുവിന്റെ അപ്പസ്തോലന്റെ നല്ലവരും വിശ്വസ്തരുമായ പിന്തുടർച്ചാവകാശികളായി അത് കേൾക്കുകയും സ്വീകരിക്കുകയും ചെയ്തു. പക്ഷേ ഇദ്ദേഹം സ്വർണ്ണമോ വെള്ളിയോ ആരിൽനിന്നും സ്വീകരിച്ചില്ല, രാജകുമാരന്മാരുടെ സമ്മാനങ്ങൾ ഇദ്ദേഹത്തെ സമീപിക്കുകയും ചെയ്തില്ല; സ്വർണ്ണത്തിനും വെള്ളിക്കും പകരം ഇദ്ദേഹം വിശ്വാസികളുടെ ആത്മാക്കൾക്കൊണ്ട് ക്രിസ്തുവിന്റെ സഭയെ സമ്പുഷ്ടമാക്കി.
— Cureton (1864), പുറം. 21
കാലുകൾ ഒടിഞ്ഞുവീണ് പെട്ടെന്ന് മരണമടഞ്ഞതിനാൽ, പാലുത്തിന്റെ മേൽ കൈവയ്പ് നൽകാൻ ഇദ്ദേഹത്തിന് (അഗ്ഗായിക്ക്) കഴിയായ്കയാൽ, പാലുത്ത് സ്വയം അന്ത്യോക്യയിലെത്തി, അന്ത്യോക്യയിലെ ബിഷപ്പായ സെറാപ്പിയോണിൽ നിന്ന് പൗരോഹിത്യത്തിന്റെ കൈവെയ്പ്പ് സ്വീകരിച്ചു. ഈ കൈവെയ്പ്പ് സെറാപ്പിയോൺ സ്വയം, നമ്മുടെ കർത്താവിൽ നിന്ന് ശിമെയോൻ കേപ്പായ്ക്ക് ലഭിച്ച പൗരോഹിത്യത്തിന്റെ പിൻഗാമിത്വം വഴി അത് സ്വീകരിച്ചവനും പതിമൂന്ന് വർഷം റോമാ ഭരിച്ച സീസറിന്റെ കാലത്ത് ഇരുപത്തഞ്ച് വർഷം റോമിലെ ബിഷപ്പായിരുന്നവനുമായ, റോമാ നഗരത്തിന്റെ ബിഷപ്പായ സെഫിറിനസിൽ നിന്നാണ് സ്വീകരിച്ചത്.
— Cureton (1864), പുറം. 23
അവലംബം
[തിരുത്തുക]- Cureton, William (1864). Ancient Syriac Documents Relative to the Earliest Establishment of Christianity in Edessa and the Neighbouring Countries, from the Year After Our Lord Ascension, to the Beginning of the Fourth Century (in ഇംഗ്ലീഷ്). Williams and Norgate.