കാൾ മാർക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൾ മാർക്സ്
മാർക്സ് - 1875 ൽ
ജനനംകാൾ ഹെൻറിച്ച് മാർക്സ്
5 മെയ് 1818
ട്രിയർ, കിംങ്ഡം ഓഫ് പ്രഷ്യ
മരണം14 മാർച്ച് 1883(1883-03-14) (aged 64)
ലണ്ടൻ, ബ്രിട്ടൺ
താമസസ്ഥലംജർമ്മനി, യുണൈറ്റഡ് കിങ്ഡം
ദേശീയതപ്രഷ്യൻ, ജർമ്മൻ
കാലഘട്ടംപത്തൊമ്പതാം നൂറ്റാണ്ട്.
പ്രദേശംപാശ്ചാത്യ തത്ത്വശാസ്ത്രം , ജർമ്മൻ തത്ത്വശാസ്ത്രം
ചിന്താധാരമാർക്സിസം, കമ്മ്യൂണിസം, സോഷ്യലിസം, ഭൗതികവാദം
ഒപ്പ്

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാൾ ഹെൻറിച്ച് മാർക്സ് എന്നാണ്‌ പുർണ്ണനാമം. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായി കാൾ മാർക്സ് അറിയപ്പെടുന്നു.[1] അദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.

സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് കാൾ മാർക്സ് ജനിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ബോൺ, യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സർവ്വകലാശാല വിദ്യാഭ്യാസത്തിനിടക്കു വെച്ച് "യുവ ഹേഗേലിയന്മാർ" എന്നറിയപ്പെട്ടിരുന്ന പ്രഷ്യൻ ബുദ്ധിജീവികളുടെ ആശയങ്ങളിൽ ആകൃഷ്ടനായി. 1843 ൽ ജെന്നി വോൺ വെസ്റ്റ്ഫാലനെ വിവാഹം കഴിച്ചു. വിദ്യാഭ്യാസത്തിനു ശേഷം ഒരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി. പിൽക്കാലത്ത് പ്രശസ്തമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പ്രമാണത്തിനു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയത് അക്കാലത്താണ്. 1843 ൽ പാരീസിലേക്കു മാറുകയും അവിടത്തെ രണ്ട് പത്രങ്ങൾക്കു വേണ്ടി എഴുതുവാനും തുടങ്ങി. പാരീസിൽ വെച്ചാണ് കാൾ മാർക്സ് ഫ്രെഡറിക് ഏംഗൽസിനെ കണ്ടുമുട്ടുന്നത്. പിന്നീട് രണ്ടുപേരും ചേർന്ന് പുസ്തകങ്ങൾ എഴുതാനും പ്രവർത്തിക്കാനും തുടങ്ങി. ബ്രസൽസിലേക്കു നാടുകടത്തപ്പെട്ട കാൾ മാർക്സ് അവിടെ കമ്മ്യൂണിസ്റ്റ് ലീഗിന്റെ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആയിമാറി. 1849 ൽ സർക്കാർ കാൾമാർക്സിനെ ലണ്ടനിലേക്ക് നാടുകടത്തി. ഇത്തവണ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൂടെ കൂട്ടിയിരുന്നു. സമൂഹത്തിന്റെ അടിസ്ഥാനശിലയായി തൊഴിലാളിവർഗ്ഗത്തെ കാണുകയും അവരോട് സംഘടിക്കാൻ ആഹ്വാനം ചെയ്യുകയും വഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആധാരമായ തത്ത്വചിന്താ പദ്ധതിയായ ശാസ്ത്രീയ സോഷ്യലിസത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഭാവിയിൽ മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമാവാൻ പോകുന്നു എന്ന് മാർക്സ് പ്രവചിക്കുകയും, തന്റെ നിരീക്ഷണങ്ങളെ യുക്തിപൂർവം സമർത്ഥിക്കുകയും ചെയ്തു.[2]

കാൾ മാർക്സിന്റെ സാമൂഹ്യ, സാമ്പത്തിക ആശയങ്ങളെ പൊതുവേ മാർക്സിസം എന്നു വിളിക്കപ്പെടുന്നു. ചൂഷകവർഗ്ഗവും ചൂഷിതവർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാൾ മാർക്സ് പറയുന്നു. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ രീതിയെ മുതലാളിത്തം എന്ന് കാൾ മാർക്സ് വിശേഷിപ്പിച്ചു. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലെ സ്വേച്ഛാധിപതികളും സ്വന്തം ലാഭത്തിനായി മാത്രം ജീവിച്ചുവരുന്നവരുമായ ബൂർഷ്വാസികൾ അഥവാ മുതലാളിവർഗ്ഗവും, അവരാൽ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും തമ്മിൽ നിരന്തര സംഘർഷത്തിൽ അഥവാ വർഗ്ഗസമരത്തിൽ ആയിരിക്കും. ആ സംഘർഷത്തിനൊടുവിൽ മുതലാളിത്തം തകർക്കപ്പെടുകയും പകരം സോഷ്യലിസം എന്ന പുതിയ രീതി നടപ്പിൽ വരുകയും ചെയ്യുമെന്ന് കാൾ മാർക്സ് വിശ്വസിച്ചു. സോഷ്യലിസം നടപ്പിലാകുന്ന ഒരു സമൂഹത്തിൽ തൊഴിലാളി വർഗ്ഗം ആയിരിക്കും സമൂഹത്തെ ഭരിക്കുക.[3][4] സോഷ്യലിസത്തിന്റെ അടുത്ത ഘട്ടമായി വർഗ്ഗരഹിതമായ, മനുഷ്യരെല്ലാം സമന്മാരായി ജീവിക്കുന്ന, കമ്മ്യൂണിസം എന്ന ഒരു സാമൂഹ്യ സംവിധാനം നിലവിൽ വരും. സോഷ്യലിസവും, കമ്മ്യൂണിസവും സാമൂഹ്യവികാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളാണെന്ന് മാർക്സ് വിശ്വസിച്ചിരുന്നു. എന്നാൽ സോഷ്യലിസം ആദ്യം നടപ്പിലാക്കാനാണ് കാൾ മാർക്സ് പരിശ്രമിച്ചിരുന്നത്.

മാർക്സിന്റെ ആശയങ്ങളെ സ്വീകരിച്ച സോഷ്യലിസ്റ്റ് പാർട്ടികൾ പിന്നീട് പല രാജ്യങ്ങളിലും അധികാരത്തിലെത്തുകയുണ്ടായി. 1917 ൽ സോവിയറ്റ് യൂണിയനും, 1949 ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയും ഇതിനുദാഹരണങ്ങളാണ്. ലോകത്തെമ്പാടും പല തൊഴിലാളി യൂണിയനുകളും, തൊഴിലാളി വർഗ്ഗ പാർട്ടികളും മാർക്സിന്റെ ആശയങ്ങളെ പിന്തുടരുന്നവയാണ്. ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, എന്നിവയെല്ലാം പിന്നീട് മാർക്സിന്റെ ആശയങ്ങളിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ ശിൽപികളായ, എമിലി ദുർക്കെയിമും, മാക്സ് വെബറും തങ്ങൾ പിന്നീട് രൂപപ്പെടുത്തിയെടുത്ത ആശയങ്ങൾക്ക് ആധികാരികമായി കടപ്പെട്ടിരിക്കുന്നത് കാൾ മാർക്സിനോടാണത്രെ. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പുസ്തകത്തിലെ നൂറുപേരുടെ പട്ടികയിൽ ഇരുപത്തിയേഴാം സഥാനം കാൾ മാർക്സിനാണ്.

ജീവചരിത്രം[തിരുത്തുക]

ചെറുപ്പകാലം 1818–1835[തിരുത്തുക]

ട്രയറിലുള്ള മാർക്സിന്റെ ജന്മവീട്,പിന്നീട് ഇത് മാർക്സിനോടുള്ള ആദരപൂർവ്വം മ്യൂസിയമാക്കി മാറ്റി.

പഴയ യൂറോപ്യൻ രാജ്യമായിരുന്ന പ്രഷ്യയിലായിരുന്നു കാൾ മാർക്സിന്റെ ജനനം. പ്രഷ്യയിലെ ജർമ്മനിയുടെ പടിഞ്ഞാറും ഫ്രാൻസിന്റെ കിഴക്കുഭാഗത്തെയും അതിർത്തിക്കടുത്തുള്ള റൈൻലാൻഡ് എന്ന സ്ഥലത്ത് ട്രിയർ എന്ന പട്ടണത്തിൽ 1818 മേയ് 5-നാണ് അദ്ദേഹം ജനിച്ചത്.[5] കാൾ മാർക്സിന്റെ കുടുംബം പരമ്പരാഗതമായി ജൂതമതത്തിൽ വിശ്വസിക്കുന്നവരായിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ അറിയപ്പെടുന്ന ഒരു യഹൂദഗുരു ആയിരുന്നു. മുച്ഛനെപ്പോലെ അച്ഛനും മതപരമായ വിദ്യാഭ്യാസം ലഭിച്ചിരുന്നു. എന്നാൽ കാളിന്റെ പിതാവ് ഹെർഷൽ മാർക്സ്, കാൾ മാർക്സ് ജനിക്കുന്നതിനു മുൻപുതന്നെ യഹൂദമതം ഉപേക്ഷിച്ച് പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അങ്ങനെ അദ്ദേഹം ഹെൻറിച്ച് എന്ന പേരുകൂടി തന്റെ പേരിനൊപ്പം ചേർക്കുകയുണ്ടായി. സാമ്പത്തികമായി ഭേദപ്പെട്ട, മദ്ധ്യവർഗ്ഗ കുടുംബമായിരുന്നു മാർക്സിന്റേത്. ഈ കുടുംബത്തിന് മുന്തിരിത്തോട്ടങ്ങൾ സ്വന്തമായുണ്ടായിരുന്നു. 1815 ൽ പിതാവ് ഹെർഷൽ മാർക്സ് ഒരു അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി.[6] നവോത്ഥാന മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് ഇമ്മാനുവേൽ കാന്റിന്റേയും, വോൾട്ടയറിന്റേയും ആശയങ്ങളിലും താൽപര്യമുണ്ടായിരുന്നു. സ്വദേശമായ പ്രഷ്യയിലെ രാജവാഴ്ചയ്ക്ക് അറുതിവരുത്താനും ഭരണമാറ്റം വരുത്താനുമായി നടന്ന പ്രക്ഷോഭങ്ങളിൽ കാളിന്റെ പിതാവ് പങ്കുകൊണ്ടിരുന്നു. കാളിന്റെ മാതാവ് ഹെൻറിറ്റ പ്രെസ്ബർഗ് (20 ജൂലൈ 1788 – 30 നവംബർ 1863), പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു ഡച്ച് യഹൂദ സ്ത്രീ ആയിരുന്നു. കുടുംബവും അതിലെ അംഗങ്ങളുടെ ക്ഷേമവും മാത്രമായിരുന്നു ആ സ്ത്രീയുടെ വികാരവിചാരങ്ങൾ. ഒരു വൻ വ്യവസായ കുടുംബത്തിലായിരുന്നു അവരുടെ ജനനം. ഈ കുടുംബമാണ് പിന്നീട് വൻകിട ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സ് ഇലക്ട്രോണിക്സ് സ്ഥാപിച്ചത്. ഫിലിപ്സ് കമ്പനിയുടെ സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്, ജെറാൾഡ് ഫിലിപ്സ്, അന്റൺ ഫിലിപ്സ് എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു കാളിന്റെ മാതാവ്. കാൾ മാർക്സിന്റെ അമ്മയുടെ സഹോദരൻ ഒരു ധനികനായ ബാങ്കർ ആയിരുന്നു. പിന്നീട് കാൾ മാർക്സ് സാമ്പത്തികമായി ബുദ്ധിമുട്ടു നേരിട്ടപ്പോഴൊക്കെ പണം കൊടുത്തു സഹായിച്ചിരുന്നത് ഈ അമ്മാവനായിരുന്നു.[7]

ഹെൻറിച്ച് മാർക്സ്, ലൂഥർ സ്ഥാപിച്ച പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചു. 1817 ൽ ജൂതൻമാർക്ക് പ്രഷ്യൻ കോടതികളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു വിലക്ക് നിലവിൽ വന്നപ്പോഴായിരുന്നു ഇത്. 1818 ൽ ആണ് കാൾ മാർക്സ് ജനിച്ചത്, മാമോദീസ കർമ്മം നടന്നത് 1824 ലും. എന്നാൽ 1825 വരെ കാൾ മാർക്സിന്റെ അമ്മ, പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചിട്ടില്ലായിരുന്നു. മാർക്സിന്റെ കുടുംബം പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചതിന് വ്യക്തമായ തെളിവുകൾ ഇപ്പോഴുമില്ല. എന്നാൽ കാൾ മാർക്സ് താൻ ഒരു നിരീശ്വരവാദി ആയിട്ടാണ് സ്വയം വിശേഷിപ്പിക്കാറ്.[8][9]

കാൾ മാർക്സിന്റെ ബാല്യത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ലഭ്യമായുള്ളു.[10] 1830 വരെ കാൾ വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്. എന്നാൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായ് അദ്ദേഹം ട്രയർ ഹൈസ്ക്കൂളിൽ ചേർന്നു. സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ, കാളിന്റ പിതാവിന്റെ ഒരു സുഹൃത്തായിരുന്നു. അദ്ദേഹം ധാരാളം ലിബറൽ ഹ്യൂമാനിസ്റ്റുകളെ തന്റെ സ്കൂളിൽ അദ്ധ്യാപകരായി നിയമിച്ചിട്ടുണ്ടായിരുന്നു. ഇത് അന്നത്തെ സർക്കാരിനെ രോഷാകുലരാക്കി. സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സർക്കാർ പോലീസിനെക്കൊണ്ട് സ്കൂൾ അടപ്പിച്ചു.[11] 1835 ൽ കാൾ തത്വശാസ്ത്രവും, സാഹിത്യവും പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ ചേർന്നു. എന്നാൽ കാളിന്റെ പിതാവിന് മകൻ നിയമം പഠിക്കുന്നതിലായിരുന്നു താൽപര്യം. ഒരു ജോലി ലഭിക്കുവാനായി നിയമപഠനം ആണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.[12] പ്രഷ്യയിൽ അക്കാലത്ത് നിർബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു, എന്നാൽ ഹൃദയഭാഗത്തുള്ള ഒരു അസുഖം കാരണം കാളിന് ഇതിൽ നിന്നും ഒഴിവാകാൻ പറ്റി.[13]. സർവ്വകലാശാല വിദ്യാഭ്യാസ കാലത്ത് കാൾ മദ്യപാനത്തോട് അമിത ആസക്തിയുള്ളവനായി കാണപ്പെട്ടു [14] വിദ്യാഭ്യാസത്തോടുള്ള താൽപര്യം കുറഞ്ഞതോടെ അദ്ദേഹത്തിന്റെ പിതാവ് കുറച്ചുകൂടെ നല്ല വിദ്യാഭ്യാസം കിട്ടുന്നതിനായി ബെർലിൻ സർവകലാശാലയിലേക്കു കാളിനെ മാറ്റി.[15] അവിടെ കാൾ കൂടുതൽ ശ്രദ്ധവെച്ചത് തത്ത്വശാസ്ത്രവും, ചരിത്രവും പഠിക്കാനായിരുന്നു.

ആദ്യകാല പ്രവർത്തനങ്ങൾ 1836–1843[തിരുത്തുക]

ജർമ്മൻ തത്ത്വചിന്തകനായ ഹേഗലിന്റെ ആശയങ്ങളോട് വിമർശനബുദ്ധിയോടെയെങ്കിലും മാർക്സ് ആകൃഷ്ടനായി. ഹേഗലിന്റെ പുരോഗമന ആശയങ്ങൾ അക്കാലത്ത് യൂറോപിലാകമാനം ചർച്ച ചെയ്യപ്പെട്ടിരുന്നു.[16] മാർക്സ് ഹെഗേലിയൻ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന യങ് ഹെഗേലിയൻസ് എന്ന രാഷ്ട്രീയ സംഘടയിൽ ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. കാൾ മാർക്സിനെ പോലെ തന്നെയായിരുന്നു സംഘടനയിലെ എല്ലാപേരും. ഹെഗേലിയൻ ചിന്താഗതികളോടെ ഒരു വിമർശനബുദ്ധിയോടെയാണ് എല്ലാവരും സമീപിച്ചിരുന്നത്. എന്നാൽ ഹെഗൽ അവതരിപ്പിച്ച വൈരുദ്ധ്യാത്മകത എന്ന ആശയത്തെ അവരെല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഇക്കാലത്ത് മാർക്സ് കൂടുതലും ഹെഗേലിയൻ ആശയങ്ങളുടെ വിമർശന ബുദ്ധിയോടെ വ്യാഖ്യാനിക്കാനും, പഠിക്കാനുമാണ് ശ്രദ്ധവെച്ചിരുന്നത്.

മാർക്സ് തന്റെ സംതൃപ്തിക്കായി ധാരാളം എഴുതുമായിരുന്നു. 1837 ൽ മാർക്സ് തന്റെ ആദ്യത്തെ നോവൽ എഴുതി പൂർത്തിയാക്കി. സ്കോർപിയൺ ആന്റ് ഫെലിക്സ് എന്നതായിരുന്നു അതിന്റെ പേര്. പിന്നീട് ചില കവിതകളും എഴുതിയിരുന്നു എങ്കിലും അതിലൊന്നു പോലും പ്രസിദ്ധീകരിക്കുകയുണ്ടായില്ല. 1971 ൽ മാർക്സിന്റെ ഏകാംഗനാടകമായ ഔലാനെ പിന്നീട് രംഗത്തവതരിപ്പിക്കുകയുണ്ടായി.[17][18]

പിന്നീടുള്ള കുറച്ചുകാലം കാൾ മാർക്സ് തന്റെ ഡോക്ടറേറ്റ് പ്രബന്ധത്തിന്റെ പണിപ്പുരയിലായിരുന്നു. ദ ഡിഫറൻസ് ബിറ്റ്വീൻ ദ ഡെമോക്രൈറ്റിയൻ ആന്റ് എപിക്യൂറിയൻ ഫിലോസഫി ഓഫ് നേച്വർ എന്നതായിരുന്നു വിഷയം. 1841 ൽ കാൾ ഈ പ്രബന്ധം പൂർത്തിയാക്കി. ബെർലിൻ സർവ്വകലാശാലയിലെ ചില അദ്ധ്യാപകരുടെ എതിർപ്പുമൂലം, അദ്ദേഹത്തിന് അത് ജെന സർവ്വകലാശാലയിലാണ് സമർപ്പിക്കാൻ കഴിഞ്ഞത്. അവിടെനിന്നാണ് പ്രസ്തുത വിഷയത്തിൽ കാളിന് ഡോക്ടറേറ്റ് ലഭിക്കുന്നത്.[19]

ഒരു ജോലിക്കു വേണ്ടി മാർക്സ് പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. 1842 ൽ അദ്ദേഹം കൊളോണിലേക്കു പോയി, അവിടെ റൈനിഷെ സൈറ്റുങ് എന്ന പത്രസ്ഥാപനത്തിൽ ചേർന്നു. ഇവിടെ വെച്ച് രാഷ്ട്രീയ ആശയങ്ങൾക്ക് സ്വന്തം നിലയിൽ വ്യാഖ്യാനങ്ങൾ നൽകാൻ തുടങ്ങി.[20] യൂറോപ്യൻ സർക്കാരുകളുടെ പിന്തിരിപ്പൻ നയങ്ങളെ മാർക്സ് വളരെ നിശിതമായി വിമർശിച്ചു. കൂടാതെ നിലവിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾ കാലഹരണപ്പെട്ടതാണെന്ന് കാൾ വാദിച്ചു.[21] കാൾ മാർക്സിന്റെ ആശയങ്ങൾ അടങ്ങുന്ന പത്രം പ്രഷ്യൻ സർക്കാർ വളരെ സൂക്ഷ്മമായി ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ ലക്കവും പുറത്തിറങ്ങുന്നതിനു മുൻപ് വളരേയെറെ മുറിച്ചു നീക്കലുകൾ സർക്കാർ നടത്തിത്തുടങ്ങി. ഞങ്ങളുടെ പത്രം പോലീസ് വളരെ സൂക്ഷ്മമായി നോക്കാൻ തുടങ്ങി, പ്രഷ്യൻ സർക്കാരിനെതിരേയോ, ക്രിസ്തുമതത്തിനെതിരേയോ എന്തെങ്കിലും കണ്ടാൽ പിന്നെ ചവറ്റു കുട്ടയിലായിരിക്കും ആ പത്രത്തിന്റെ സ്ഥാനം, ആ കാലഘട്ടത്തെക്കുറിച്ച് മാർക്സ് പറയുന്നത് ഇങ്ങനെയാണ്.[22] റഷ്യൻ രാജാധികാരത്തെ കഠിനമായി വിമർശിച്ച ഒരു ലക്കത്തിനുശേഷം, റഷ്യയിലെ നിക്കോളാസ് രണ്ടാമൻ ഈ പത്രം നിരോധിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. 1843 ൽ പ്രഷ്യൻ സർക്കാർ ഈ പത്രം നിരോധിച്ചു.[23] എന്നാൽ ഇതിനെ കഠിനമായി വിമർശിച്ച് കാൾ മാർക്സ് ഹെഗെൽ ആശയങ്ങളോട് അനുഭാവം പുലർത്തുന്ന ഒരു മാസികയിൽ ലേഖനം എഴുതി. ഈ ലേഖനം മൂലം ഈ മാസികയും സർക്കാർ നിരോധിച്ചു.[24]

1843 ൽ പ്രസിദ്ധീകരിച്ച ഓൺ ദ ജൂയിഷ് ക്വസ്റ്റ്യൻ[25] എന്ന പുസ്തകത്തിൽ, രാഷ്ട്രീയത്തേയും മനുഷ്യന്റെ വിമോചനത്തെക്കുറിച്ചും വളരെ വ്യക്തമായി താരതമ്യ പഠനം നടത്തിയിട്ടുണ്ട്. കൂടാതെ കൊളോൺ വിട്ടു പോരുന്നതിനു മുമ്പ് ഏതാനും ചില പുസ്തകങ്ങൾ കൂടി മാർക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി.

പാരീസ്: 1843–1845[തിരുത്തുക]

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പത്രം സർക്കാർ നിരോധിച്ചപ്പോൾ കാൾ മറ്റൊരു പത്രത്തിലേക്ക് മാറാൻ നിർബന്ധിതനായി. ഈ പത്രവും സമാന ചിന്താഗതിയോടെ പുറത്തിറങ്ങുന്നതു തന്നെയായിരുന്നു.[26][27] ആർനോൾഡ് എന്ന ജർമ്മൻ സാമൂഹ്യ പരിഷ്കർത്താവിന്റേതായിരുന്നു ഈ പത്രം.[28] പത്രം പുറത്തിറങ്ങിയിരുന്നത് ജർമ്മനിയിൽ നിന്നല്ല മറിച്ച് പാരീസിൽ നിന്നായിരുന്നു. ഇക്കാലത്ത് മാർക്സും ഭാര്യയും പാരീസിലേക്ക് താമസം മാറി.[29] തുടക്കത്തിൽ ഇരുവരും പത്രമുടമയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയായിരുന്നു താമസം, എന്നാൽ ആദ്യത്തെ മകൾ ജനിച്ചതോടെ കാളും കുടുംബവും താമസം മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റി.[30] ഫ്രാൻസിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള എഴുത്തുകാരെ ആകർഷിക്കുക എന്നതായിരുന്നു പത്രത്തിന്റെ ഉദ്ദേശ്യം. കൂടുതലും ആ പത്രത്തിലുണ്ടായിരുന്നത് ജർമ്മനിക്കാരായിരുന്നു. ജർമ്മനിക്കാരാനല്ലാത്ത ഒരു എഴുത്തുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു, അയാളാകട്ടെ റഷ്യയിൽ നിന്നും നാടുകടത്തപ്പെട്ട മൈക്കിൾ ബാക്കുനിൻ ആയിരുന്നു.[31] മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന തന്റെ വിഖ്യാതമായ വരികൾ ഈ പത്രത്തിൽ ജോലിചെയ്യുമ്പോഴാണ് അദ്ദേഹം എഴുതുന്നത്.

28 ഓഗസ്റ്റ് 1844 ൽ പാരീസിൽ വെച്ചാണ് കാൾ ഫ്രെഡറിക് ഏംഗൽസിനെ കണ്ടുമുട്ടുന്നത്. ഏംഗൽസ് അപ്പോഴേക്കും മാർക്സിന്റെ രചനകളിൽ ആകൃഷ്ടനായിരുന്നു. 1842 ൽ മാർക്സ് ആദ്യം ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഓഫീസിൽ വെച്ച് അവർ ഒരിക്കൽ ഹ്രസ്വമായി പരിചയപ്പെട്ടിരുന്നെങ്കിലും പാരീസിൽ വെച്ചാണ് ഇരുവരുടേയും ജീവിതകാലം നീണ്ടു നിൽക്കുന്ന സൗഹൃദത്തിന് ആഴം വെച്ചത്.[32] അക്കാലത്ത് ഏംഗൽസ് താൻ എഴുതിയ ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻ ലണ്ടൻ ഇൻ 1844 എന്ന പുസ്തകം മാർക്സിനെ കാണിക്കുകയുണ്ടായി.[33] താൻ വിഭാവനം ചെയ്ത വിപ്ലവത്തിലെ അവസാന ഉപകരണം തൊഴിലാളി വർഗ്ഗമാണെന്ന മാർക്സിന്റെ വിശ്വാസത്തിന് ആക്കം കൂടി. പിന്നീട് ഇരുവരും ചേർന്ന് ഹെഗലിന്റെ ആശയങ്ങളെ വിമർശിച്ച് ഒരു പുസ്തകം തയ്യാറാക്കാനായി തുടങ്ങി. ദ ഹോളി ഫാമിലി എന്നതായിരുന്നു ആ പുസ്തകത്തിന്റെ പേര്.[34] മാർക്സിന്റെ അഭിപ്രായത്തിൽ ഇതുവരെ ദാർശനികർ ലോകത്തെ വ്യാഖാനിച്ചിട്ടേയുള്ളു, എന്നാൽ ലോകത്തിൽ മാറ്റമുണ്ടാക്കേണ്ടതെങ്ങിനെയെന്ന് പറഞ്ഞിട്ടില്ല. ആശയങ്ങൾകൊണ്ട് ലോകത്തെ മാറ്റാൻ കഴിയില്ല, മറിച്ച് പ്രവൃത്തികൾ തന്നെ വേണം അതിന്.

യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ എഴുതാൻ കഴിയുന്ന മറ്റൊരു ജർമ്മൻ പത്രത്തിലേക്കു കാൾ പിന്നീട് മാറി. ഫോർവാട്ട്സ് എന്ന ഈ പത്രം, ജർമ്മൻ ഭാഷയിൽ പുറത്തിറങ്ങുന്നതായിരുന്നു.[35] പാരീസിൽ നിന്നും പുറത്തു വന്നിരുന്ന ഈ പത്രം പല പ്രമുഖ സാമൂഹ്യപരിഷ്കർത്താക്കളുമായി നേരിട്ടു ബന്ധമുള്ളവതായിരുന്നു. എന്നാൽ ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഈ സാമൂഹ്യം എന്നത് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന ആശയത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടു.[36] വോർവാർട്ട്സിൽ മാർക്സ് ഹെഗെലിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കി വൈരുദ്ധ്യാത്മക ഭൗതികവാദം എന്നതിനെ സ്ഫുടം ചെയ്തെടുക്കാൻ തുടങ്ങി. ഇതോടൊപ്പം തന്നെ പല യൂറോപ്യൻ സാമൂഹ്യപരിഷ്കർത്താക്കളേയും കഠിനമായി വിമർശിക്കാനും തുടങ്ങി. പ്രഷ്യൻ സർക്കാരിൽ നിന്നും ലഭിച്ച ഒരു അഭ്യർത്ഥനയെ മാനിച്ച് സർക്കാർ ഫോർവാട്ട്സ് അടച്ചു പൂട്ടാൻ കൽപിച്ചു. അതോടൊപ്പം തന്നെ, മാർക്സിനെ ഫ്രാൻസിൽ നിന്നും പുറത്താക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

ബ്രസ്സൽസ്: 1845–1847[തിരുത്തുക]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ പതിപ്പ് - ജർമ്മൻ ഭാഷയിലുള്ളത് 1848

ഫ്രാൻസിലോ, ജർമ്മനിയിലോ ജീവിക്കാൻ കഴിയാതെ വന്ന മാർക്സ് അവസാനം ബെൽജിയത്തിലുള്ള ബ്രസ്സൽസ്സിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ രാഷ്ട്രീയപരമായി എന്തെങ്കിലും എഴുതുന്നതിൽ നിന്നും മാർക്സിനെ വിലക്കിക്കൊണ്ടുള്ള ഒരു സമ്മതപത്രത്തിൽ ഒപ്പുവെച്ചതിനുശേഷം മാത്രമേ അദ്ദേഹത്തിന് ബ്രസ്സൽസിലേക്കു പ്രവേശനം നൽകപ്പെട്ടുള്ളു. ബ്രസ്സൽസിൽ വെച്ച് സമാനചിന്താഗതിക്കാരായ ധാരാളം പേരുമായി മാർക്സ് കൂടുതൽ ബന്ധപ്പെട്ടു. മോസസ് ഹെസ്, കാൾ ഹെൻസൺ, ജോസഫ് വെയ്ദെമെയർ എന്നിവർ അതിൽ ചിലരായിരുന്നു. ഉടൻ തന്നെ ഏംഗൽസും ഈ സംഘത്തിൽ വന്നു ചേർന്നു.[37] 1845 ൽ ബ്രിട്ടനിലുള്ള ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ സന്ദർശിക്കാനായി മാർക്സും ഏംഗൽസും ബ്രിട്ടനിലേക്കു പോയി. ലണ്ടനിലും, മാഞ്ചെസ്റ്ററിലും ഉള്ള ഗ്രന്ഥശാലകൾ സന്ദർശിക്കാനാണ് ഈ അവസരം ഇരുവരും വിനിയോഗിച്ചത്.[38] ഇക്കാലത്ത് ഏംഗൽസുമായി ചേർന്ന് ചരിത്രപരമായ ഭൗതികവാദം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പുസ്തകം രചിക്കുകയുണ്ടായി. മറ്റു പല പുസ്തകങ്ങളേയും പോലെ ഇതും മാർക്സിന്റെ ജീവിതകാലത്ത് വെളിച്ചം കണ്ടില്ല, മറിച്ച് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് 1932 ലാണ്.[39][40]

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന തങ്ങളുടെ കൃതിയുടെ അടിസ്ഥാന ആശയങ്ങൾ രൂപീകരിക്കാൻ ഇത്തരം കൃതികളിലൂടെ ഇരുവർക്കും കഴിഞ്ഞു. 1848 ഫെബ്രുവരി 21 നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. കമ്മ്യൂണിസ്റ്റ് ലീഗ് എന്ന അവരുടെ സ്വപ്നത്തിന് നിറം നൽകാൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കു സാധിച്ചു. മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ, പൊതുജനങ്ങളിൽ നിന്നും ഈ സംഘടനയുടെ ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും ഒളിച്ചു പിടിക്കേണ്ടതില്ല എന്ന് ഇവർ തീരുമാനിച്ചു. മറിച്ച് എല്ലാം തന്നെ പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ വ്യാഖ്യാനിച്ചു കൊടുക്കുകയാണ് വേണ്ടത് എന്ന് ഇരുവരും വിശ്വസിച്ചു.[41] ഇതുവരെയുള്ള സമൂഹത്തിന്റെ ചരിത്രം എന്നത് തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്രമാണ് എന്ന് ആദ്യപതിപ്പിന്റെ ആമുഖത്തിൽ ഇരുവരും ചേർന്നെഴുതി. ബൂർഷ്വാസി എന്നു വിളിക്കപ്പെടുന്ന സമ്പന്ന വർഗ്ഗവും, പ്രോലിറ്റേറിയറ്റ് എന്നു വിളിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരം എന്നു വിളിക്കപ്പെടുന്ന വിപ്ലവം ആണ് ഭാവിയിൽ ഉണ്ടാവാൻ പോകുന്നത് എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നു. കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രസക്തി എന്താണെന്നും ഇതിൽ ഇരുവരും ചേർന്നു പറയുന്നു. ഇതുവരെയുള്ള സോഷ്യലിസ്റ്റ് നീക്കങ്ങൾ എന്നതെല്ലാം തന്നെ ചരിത്രത്തേയും സാമൂഹ്യസ്ഥിതിയെയും വ്യാഖ്യാനിക്കൽ മാത്രമായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ലീഗ് നടപടികളിൽ ആണ് വിശ്വസിക്കുന്നത്, മാത്രമല്ല നിലവിലുള്ള മുതലാളിത്ത സംസ്കാരം തച്ചുടച്ച്, ഒരു തൊഴിലാളി വർഗ്ഗ സംസ്കാരം നിലവിൽ വരും എന്നും മാർക്സും, ഏംഗൽസും ഉറച്ചു വിശ്വസിച്ചു.[42]

1848 ന്റെ അവസാനം, യൂറോപിൽ കുറെ ചെറിയ സമരങ്ങളും ചിലപ്പോഴൊക്കെ അക്രമാസക്തമായ ജാഥകളും ഒക്കെ നടക്കുകയുണ്ടായി.[43] ഫ്രാൻസിൽ അതേ സമയം രാജാധികാരത്തെ പുറംതള്ളി ഒരു ഫ്രഞ്ച് സെക്കണ്ട് റിപ്പബ്ലിക്ക് സ്ഥാപിക്കാൻ ഇത്തരം നടപടികൾക്കു കഴിഞ്ഞു.[38] മാർക്സ് ഇത്തരം നീക്കങ്ങളിൽ സന്തുഷ്ടനായിരുന്നു. ഇക്കാലത്ത് തന്റെ പിതാവിന്റെ സ്വത്തിൽ മാർക്സിന്റെ അവകാശമായ ഏതാണ്ട് 6000 ഫ്രാങ്ക് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.[44] ഈ പണത്തിന്റെ മൂന്നിലൊരു ഭാഗം, ആയിടക്ക് ഒരു സമരമുന്നേറ്റത്തിനു തയ്യാറെടുക്കുകയായിരുന്ന ബെൽജിയത്തിലെ ഒരു തൊഴിലാളി സംഘടനയ്ക്കായി അദ്ദേഹം സംഭാവന നൽകി.[45] എന്നാൽ ഈ സംഭാവനയുടെ സത്യാവസ്ഥയെക്കുറിച്ച് ധാരാളം വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. ഇതറിഞ്ഞ ബെൽജിയൻ സർക്കാർ കാളിനെ അറസ്റ്റ് ചെയ്തു. അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചു പോകാൻ നിർബന്ധിതനായി. ഫ്രാൻസിലെ പുതിയ റിപ്പബ്ലിക്കൻ സർക്കാരിനു കീഴിൽ താൻ സുരക്ഷിതനായിരിക്കുമെന്ന് കാൾ വിശ്വസിച്ചു.[46]

കൊളോൺ: 1848–1849[തിരുത്തുക]

താൽക്കാലികമായി താമസം പാരീസിലേക്ക് മാറിയതോടുകൂടി, കാൾ കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനവും അങ്ങോട്ടേക്ക് മാറ്റി. അതോടൊപ്പം തന്നെ ജർമ്മൻ വർക്കേഴ്സ് ക്ലബ് എന്ന തൊഴിലാളി സംഘടന സ്ഥാപിക്കുകയും ചെയ്തു.[47] ജർമ്മനിയിൽ ഒരു പരിവർത്തനം നടപ്പിലാക്കാനായി 1848 ൽ കാൾ കൊളോണിലേക്കു പോയി. ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യങ്ങൾ എന്ന പേരിലുള്ള ഒരു ലഘുലേഖ അദ്ദേഹം സർക്കാരിന്റെ മുന്നിൽ സമർപ്പിച്ചു. കമ്മ്യണിസ്റ്റ് മാനിഫെസ്റ്റോയിലെ പത്തു നിർദ്ദേശങ്ങളിൽ നാലു മാത്രമാണ് ഈ ലഘുലേഖയിൽ ഉണ്ടായിരുന്നത്. ജർമ്മനിയിൽ തൊഴിലാളി വർഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ്, മുതലാളിത്തം അഥവാ ബൂർഷ്വാസിയെ നീക്കം ചെയ്യുന്നതിനു മുമ്പ് തന്നെ ബൂർഷ്വാസി ജന്മിത്തത്തെ ഉന്മൂലനം ചെയ്യണമെന്ന് മാർക്സ് ആഗ്രഹിച്ചിരുന്നു.[48] ജൂൺ ഒന്നാം തീയതി മുതൽ നേരത്തേ പ്രസാധനം നിന്നുപോയ നോയെ റൈനിഷെ സൈറ്റുങ് എന്ന പേരിലുള്ള പത്രം മാർക്സ് പുനരാരംഭിച്ചു. ആയിടക്ക് ലഭിച്ച പിതൃസ്വത്തിന്റെ ഓഹരിയിൽ നിന്നാണ് ഇതിനുവേണ്ട പണം അദ്ദേഹം സ്വരൂപിച്ചത്. തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും യൂറോപിലാകമാനം പ്രചരിപ്പിക്കുന്നതിനുവേണ്ടി പത്രത്തിന്റെ ഒരു പ്രധാന എഴുത്തുകാരനായി കാൾ സ്വയം മാറി. അതോടൊപ്പം തന്നെ മറ്റു പ്രമുഖ എഴുത്തുകാരും ഉണ്ടായിരുന്നു. മാർക്സിന്റെ ലഘുവായ സ്വേച്ഛാധിപത്യം എന്നാണ് ഫ്രെഡറിക്ക് ഏംഗൽസ് ഇതിനെപ്പറ്റി തമാശരൂപേണ പറഞ്ഞിരുന്നത്.[49]

അൽപസമയത്തേക്കു മാത്രമേ പത്രത്തിന്റെ എഡിറ്ററായി ഇരുന്നുള്ളുവെങ്കിലും, മാർക്സിനേയും സഹപ്രവർത്തകരേയും പോലീസ് തുടർച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒന്നിലേറെ തവണ മാർക്സിന് വിചാരണ നേരിടേണ്ടി വന്നു. ചീഫ് പബ്ലിക്ക് പ്രോസിക്യൂട്ടറോട് മോശമായി പെരുമാറി, വിപ്ലവം നടത്താൻ ആഹ്വാനം ചെയ്തു, നികുതി അടക്കാതിരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു എന്നിങ്ങനെ പല കുറ്റങ്ങൾ മാർക്സിന്റെ മേൽ ആരോപിക്കപ്പെട്ടിരുന്നു, എന്നാൽ എല്ലാ തവണയും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ഈ സമയത്ത് പ്രഷ്യൻ രാജാധികാരം തകർക്കപ്പെട്ടു. പക്ഷേ ഫ്രെഡറിക് വില്ല്യം നാലാമൻ തന്നെ പിന്തുണക്കുന്നവരെ ചേർത്ത് ഒരു മന്ത്രിസഭ ഉണ്ടാക്കി. ഇവർ പ്രഷ്യയിൽ നിന്നും ഇടതുപക്ഷ പ്രവർത്തകരേയും, സമാനചിന്താഗതിക്കാരേയും തുടച്ചു നീക്കുവാനുള്ള പ്രവർത്തനമാണ് ആദ്യം നടപ്പിൽ വരുത്തിയത്. ഇതിന്റെ തുടർച്ചയെന്നോണം, മാർക്സിന്റെ പത്രം നിരോധിക്കപ്പെട്ടു. കൂടാതെ, മാർക്സിനോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടു.[50] പാരീസിലേക്കു തിരികെ ചെന്ന മാർക്സിനെ അത്ര സന്തോഷകരമായ കാലാവസ്ഥ അല്ല എതിരേറ്റത്. അധികാരം എതിരാളികളിലേക്കു കൈമറിഞ്ഞുപോയിരുന്നു, കൂടാതെ കോളറ പടർന്നു പിടിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ മാർക്സ് രാജ്യത്തിന് ഭീഷണി ആണെന്ന കാരണം പറഞ്ഞ് സർക്കാർ അദ്ദേഹത്തെ നിർബന്ധപൂർവ്വം പലായനം ചെയ്യിപ്പിച്ചു. മാർക്സിന്റെ ഭാര്യ ഈ സമയത്ത് തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. അവർക്ക് ബെൽജിയത്തിലേക്കോ, ജർമ്മനിയിലേക്കോ പോകാൻ സാധ്യമല്ലായിരുന്നു. അദ്ദേഹം ഒരു അഭയാർത്ഥിയായി ലണ്ടനിലേക്കു പോകാൻ തീരുമാനിച്ചു.[51]

ലണ്ടൻ: 1849–1883[തിരുത്തുക]

കാൾ തന്റെ മകളായ ജെന്നിയോടൊപ്പം 1864

1849 ൽ മാർക്സ് ലണ്ടനിലേക്ക് പാലായനം ചെയ്തു, പീന്നീട് തന്റെ ജീവിതാവസാനം വരെ ലണ്ടനിൽ ആയിരുന്നു മാർക്സിന്റെ പ്രവൃത്തികേന്ദ്രം. ലണ്ടനിൽ താമസമാക്കിയതിനു ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് ലീഗിന്റെ ആസ്ഥാനം ലണ്ടനിലേക്കു മാറ്റുകയും, ജർമ്മൻ വർക്കേഴ്സ് എഡ്യുക്കേഷണൽ സൊസൈറ്റിയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. സെൻട്രൽ ലണ്ടൻ എന്റർടെയിൻമെന്റ് ജില്ലയിലെ ഗ്രേറ്റ് വിൻഡ്മിൽ സ്ട്രീറ്റിലാണ് ഈ സംഘടയുടെ യോഗങ്ങൾ കൂടിയിരുന്നത്.[52][53] രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് മാർക്സ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്, ഒന്നാമതായി രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെയും, മുതലാളിത്തത്തെയും കൂടുതലായി മനസ്സിലാക്കുന്നതിനും, രണ്ടാമതായി വിപ്ലവകരമായ മാറ്റങ്ങൾ ഈ മേഖലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും. ആദ്യത്തെ കുറേ വർഷങ്ങളിൽ മാർക്സും അദ്ദേഹത്തിന്റെ കുടുംബവും ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. ഏംഗൽസ് അക്കാലത്തു നൽകിയിരുന്ന ഒരു ചെറിയ തുകയായിരുന്നു അക്കാലത്ത് മാർക്സിന്റെ പ്രധാന വരുമാനം. ന്യൂയോർക്ക് ട്രിബ്യൂൺ എന്ന പത്രത്തിന്റെ പ്രത്യേക ലേഖകനായും മാർക്സ് ഈ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.[54]

1851 ഡിസംബർ മുതൽ 1852 മാർച്ച് വരെ മാർക്സ് ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു. ദ എയ്റ്റീൻത് ബ്രൂമിയർ ഓഫ് ലൂയിസ് നെപ്പോളിയൻ[55] എന്നതായിരുന്നു പുസ്തകത്തിന്റെ പേര്. ഈ ഗ്രന്ഥത്തിൽ വർഗ്ഗസമരവും, തൊഴിലാളി സ്വേച്ഛാധിപത്യവും ഉൾപ്പെടുന്ന ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ച് ആധികാരികമായി അപഗ്രഥിക്കുന്നു. വരും ഭാവിയിൽ പ്രോലിറ്റേറിയറ്റ് എന്നു വിളിക്കുന്ന ഈ തൊഴിലാളി സമൂഹം, ബൂർഷ്വാസി എന്ന മുതലാളിത്തത്തെ ഉന്മൂലനം ചെയ്യുമെന്നും മാർക്സ് ആണയിട്ടു പറയുന്നു.[56]

1850-1860 കാലമായപ്പോഴേക്കും മാർക്സിലെ എഴുത്തുകാരന് പക്വത വന്നിരുന്നുവെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു. സാമൂഹിക വിഷയങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ തുടങ്ങിയത് ഈ കാലത്താണത്രെ. എന്നാൽ എല്ലാ പണ്ഡിതരും ഈ വാദത്തെ അംഗീകരിക്കുന്നില്ല. 1864 ൽ മാർക്സ് ഇന്റർനാഷണൽ വർക്കിംഗ് മെൻ അസോസിയേഷനിൽ കൂടുതൽ ആഴത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.[57] ഈ സംഘടനയിൽ പ്രവർത്തിക്കുമ്പോൾ മാർക്സ് മിഖായേൽ ബാക്കുനിന്റെ ചുറ്റും പ്രവർത്തിച്ചിരുന്ന അരാജകവാദികളുടെ സ്വാധീനത്തിനെതിരേ സമരം ചെയ്യുകയായിരുന്നു.[58] ഇത്തരം സമരങ്ങളുടെ ശ്രമഫലമായി, ഈ സംഘടനയുടെ നേതൃത്വം ലണ്ടനിൽ നിന്നും പാരീസിലേക്കു മാറ്റാൻ മാർക്സിനു കഴിഞ്ഞു. ഈ മാറ്റം കൊണ്ടുണ്ടായ ഒരു നേട്ടം 1871 ലെ പാരീസ് കമ്മ്യൂൺ ആയിരുന്നു. തങ്ങളുടെ സർക്കാരിന്റെ മോശം നയങ്ങൾക്കെതിരേ പാരീസിലെ വിമതന്മാരായ ജനങ്ങൾ സംഘടിക്കുകയും നഗരം രണ്ടുമാസത്തേക്ക് കീഴ്പ്പെടുത്തിവെക്കുകയും ചെയ്തു. എന്നാൽ സർക്കാർ ഈ നീക്കത്തെ അടിച്ചമർത്തി. ഈ അടിച്ചമർത്തൽ നീക്കത്തിൽ നിരാശനായിരുന്ന മാർക്സ് പുറത്തിറക്കിയ ലഘുലേഖയാണ് ദ സിവിൽ വാർ ഇൻ ഫ്രാൻസ്.[59]

ആയിടക്കു നടന്ന തൊഴിലാളിവർഗ്ഗ സമരങ്ങളുടെ പരാജയങ്ങളിൽ മാർക്സ് വളരെ നിരാശാഭരിതനായിരുന്നു. മാർക്സ് പിന്നീട് മുതലാളിത്തം എന്ന ആശയത്തെ കൂടുതൽ പഠിക്കാനായി ശ്രമിച്ചു. രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചു പഠിച്ചും എഴുതിയും അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മുറികളിൽ ചിലവഴിച്ചു. 1857 ആയപ്പോഴേക്കും മാർക്സ് ഏതാണ്ട് 800 പേജുകളോളം വരുന്ന കുറിപ്പുകളും, ലഘു ഉപന്യാസങ്ങളും വിവിധ വിഷയങ്ങളിൽ എഴുതിക്കഴിഞ്ഞിരുന്നു. മുതലാളിത്തം, ജോലി, വേതനം, ഉടമസ്ഥാവകാശം, സ്റ്റേറ്റ്, വിദേശവ്യാപാരം, ലോകവിപണി എന്നിവയെക്കുറിച്ചായിരുന്നു ഈ ലേഖനങ്ങളെല്ലാം. 1941 വരെ ഇവയൊന്നും തന്നെ പ്രസിദ്ധീകരിക്കപ്പെട്ടില്ല. 1859 ൽ അദ്ദേഹം തന്റെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ സമാഹാരം പ്രസിദ്ധീകരിച്ചു. കോൺട്രിബ്യൂഷൻ ടു ദ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ എക്കോണമി എന്നതായിരുന്നു സമാഹാരത്തിന്റെ പേര്. 1860 ൽ രാഷ്ട്രീയ സമ്പദ്വ്യവസ്ഥിതിയുടെ ഉപഞ്ജാതാക്കളായ ആഡം സ്മിത്തിനേയും, ഡേവിഡ് റികാർഡോയും എല്ലാം ഉദ്ധരിച്ചുകൊണ്ട് തിയറീസ് ഓഫ് സർപ്ലസ് വാല്യൂ എന്ന മൂന്നു ഖണ്ഡങ്ങൾ ഉള്ള ഒരു ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി. സാമ്പത്തിക ചരിത്രത്തിന്റെ ഒരു സമഗ്രമായ, മനോഹരമായ രചനയായിരുന്നു ഈ പുസ്തകം. 1867 ൽ മൂലധനത്തിന്റെ ആദ്യ ഖണ്ഡം പുറത്തിറങ്ങി. രണ്ടാമത്തേയും, മൂന്നാമത്തേയും ഖണ്ഡങ്ങൾ മാർക്സിന്റെ മരണശേഷം ഏംഗൽസ് ആണ് പ്രസിദ്ധീകരിച്ചത്.

മാർക്സ് 1882 ൽ

മാർക്സിന്റെ ജീവിതത്തിലെ അവസാന പത്തുകൊല്ലക്കാലം കൂടുതൽ ജോലി ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ആരോഗ്യകാരണങ്ങളാൽ മുൻവർഷങ്ങളിലെന്നപോലെ കഠിനജോലി ചെയ്യുവാൻ അദ്ദേഹത്തിനാവുമായിരുന്നില്ല. എന്നിരിക്കിലും, ദൈനംദിന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വളരെയധികം ബോധവാനായിരുന്നു. പ്രത്യേകിച്ച് ജർമ്മനിയിലും, റഷ്യയിലും നടക്കുന്ന രാഷ്ട്രീയസംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹം ജിജ്ഞാസുവായിരുന്നു.

റഷ്യയിൽ മുതലാളിത്ത രീതിയെ മാറ്റിനിർറുത്തിക്കൊണ്ട് കമ്മ്യൂണിസം നടപ്പിൽ വരുത്തുവാനുള്ള സാധ്യതകളെ മാർക്സ് ആലോചിക്കാൻ തുടങ്ങി. പൊതു ഉടമസ്ഥതയിലുള്ള ഭൂമി എന്നതായിരുന്നു ഇതിന്റെ കാതൽ. ഇതേക്കുറിച്ച് മാർച്ചിൽ വേറ സാസുലിച്ചിന് എഴുതിയ കത്തിൽ അദ്ദേഹം ഗൗരവമായി പരാമർശിക്കുന്നുണ്ട്.[60] ഗ്രാമീണസമൂഹമാണ് റഷ്യയുടെ പുനരുജ്ജീവനത്തിന്റെ ശക്തിസ്രോതസ്സ് എന്ന് മാർക്സ് മനസ്സിലാക്കിയിരുന്നു. എന്നാൽ മുതലാളിത്ത വ്യവസ്ഥിതിയിലൂടെ അല്ലാതെ സോഷ്യലിസത്തിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. ഉടനടിയുള്ള ഒരു മാറ്റത്തിനു മുമ്പ്, സമൂഹത്തിലുള്ള എല്ലാത്തരം മോശപ്പെട്ട സ്വാധീനങ്ങളും തുടച്ചു നീക്കണം എന്ന് മാർക്സ് അഭിപ്രായപ്പെട്ടിരുന്നു. മാറ്റത്തിനു തടസ്സം നിന്നേക്കാവുന്ന ഇത്തരം സ്വാധീനങ്ങളെ നീക്കം ചെയ്തതോടെ, ത്വരിതഗതിയിലുള്ള ഒരു മാറ്റത്തിന് ഗ്രാമീണ സമുദായങ്ങൾക്ക് മാർക്സ് അനുവാദം നൽകി. ഉൽപാദനത്തിൽ നിന്നും ഉൽപാദകൻ പൂർണ്ണമായും വേറിട്ടു നിൽക്കേണ്ടിവരുന്നതാണ് മുതലാളിത്തത്തിന്റെ അന്തഃസത്ത എന്നു മാർക്സ് കണ്ടെത്തി. മാർക്സിന്റെ ചില എഴുത്തുകളിൽ നിന്നും, നരവംശശാസ്ത്രത്തിൽ അദ്ദേഹത്തിനുള്ള അടങ്ങാത്ത അഭിനിവേശം വ്യക്തമായിരുന്നു. ചരിത്രാതീക കാലത്തുണ്ടായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് രീതി ആയിരിക്കല്ല ഭാവിയിലുണ്ടാവാൻ പോവുന്നത് എന്ന് മാർക്സ് ഇത്തരം നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി. അമേരിക്കയിലും, യൂറോപിലും നിലവിലിരിക്കുന്ന മുതലാളിത്തത്തിൽ അധിഷ്ഠിതമായ ഒരു ഉൽപാദനരീതി അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു എന്നും, അത് ഒരു തകർച്ചയെ നേരിടാൻ പോവുകയാണെന്നും അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു.[61]

വ്യക്തിഗതവിവരങ്ങൾ[തിരുത്തുക]

ജെന്നി കരോളിനയും ജെന്നി ലോറ മാർക്സും (1869). എല്ലാ മക്കൾക്കും ജെന്നി എന്നു തന്നെയായിരുന്നു പേര്

1836 ൽ, പ്രഷ്യയിലെ ഭരണവർഗ്ഗകുടുംബത്തിലെ ഒരു പ്രഭ്വി ആയിരുന്നു കാൾ മാർക്സിന്റെ ഭാര്യ. ട്രയർ എന്ന ദേശത്തെ ഏറ്റവും സുന്ദരിയായ യുവതി ആയിരുന്നു ജെന്നി ഫോൺ വെസ്റ്റ്ഫാലൻ എന്നു പറയപ്പെടുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹ്യ ഭ്രഷ്ടുകളെ തകർത്തെറിഞ്ഞതായിരുന്നു അവരുടെ വിവാഹം. സമൂഹത്തിന്റെ ഉന്നതനിലയിൽ ജീവിക്കുന്ന കുടുംബത്തിലുള്ള ഒരു യുവതിയും, ഒരു ജൂതനുമായിട്ടുള്ള വിവാഹം അന്നത്തെക്കാലത്ത് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. ഇത്തരം എതിർപ്പുകളെല്ലാം ഉണ്ടായിരുന്നെങ്കിലും ഇവരുടെ വിവാഹത്തിനു ജെന്നിയുടെ അച്ഛൻ അനുകൂലമായിരുന്നു. ഉദാരമായ ചിന്താഗതികളുള്ള ഒരു വ്യവസായിയായിരുന്നു ജെന്നിയുടെ പിതാവ്. മാർക്സ് തന്റെ ഡോക്ടറേറ്റിനു വേണ്ടിയുള്ള പ്രബന്ധം സമർപ്പിച്ചിരുന്നത് ഇദ്ദേഹത്തിനായിരുന്നു.[62] വിവാഹനിശ്ചയത്തിന് നീണ്ട ഏഴുവർഷങ്ങൾക്കുശേഷം 1843 ലാണ് ഈ ദമ്പതികൾ വിവാഹിതരായത്.

ഈ ദമ്പതികൾക്ക് ഏഴു മക്കളുണ്ടായി, പക്ഷേ കുറേ നാളത്തേക്കെങ്കിലും അവർക്ക് മോശം സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വന്നു. മൂന്നുമക്കൾ മാത്രമാണ് ഈ സാഹചര്യങ്ങളെ അതിജീവിച്ചത്, ബാക്കി നാലുപേരും മരണമടയുകയാണുണ്ടായത്.[63] തന്റെ വീട്ടുവേലക്കാരിയിൽ ഫ്രെഡ്ഡി എന്നൊരു മകനു കൂടി മാർക്സ് ജന്മം നൽകി എന്നു കൂടി പറയപ്പെടുന്നു.[64]

എലെനോർ മാർക്സ്

പലപ്പോഴും അധികാരികളിൽ നിന്നും മറഞ്ഞിരിക്കുവാനായി മാർക്സ് വ്യാജപേരുകൾ ഉപയോഗിക്കുമായിരുന്നു. മെസ്സ്യുർ റാംബോസ് എന്ന പേരാണ് പാരീസിൽ അദ്ദേഹം ഉപയോഗിച്ചതെങ്കിൽ, ലണ്ടനിൽ എ. വില്ല്യംസ് എന്നാണ് എഴുത്തുകുത്തുകൾക്കായി മാർക്സ് സ്വീകരിച്ചിരുന്ന പേര്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മൂർ എന്ന പേരിലാണ് മാർക്സിനെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ കറുത്ത നിറവും, ചുരുണ്ട മുടിയും വടക്കൻ ആഫ്രിക്കയിലെ മൂർസ് എന്ന നീഗ്രോ വംശജരെ ഓർമ്മിപ്പിച്ചിരുന്നത്രെ. തന്റെ മക്കൾ തന്നെ ഓൾഡ് നിക്ക്, അല്ലെങ്കിൽ ചാർലി എന്നു വിളിക്കാനാണ് മാർക്സ് താൽപര്യപ്പെട്ടിരുന്നത്. തന്റെ സുഹൃത്തുക്കളേയും ബന്ധുക്കളെപോലും ചെല്ലപ്പേരിട്ടു വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നത്രെ. ഫ്രെഡറിക്ക് ഏംഗൽസിനെ ജനറൽ എന്നും, തന്റെ വീട്ടുവേലക്കാരിയെ നിം എന്നുമൊക്കെ അദ്ദേഹം വിളിച്ചിരുന്നു. മക്കളെയും ഇതുപോലെ മാർക്സ് അഭിസംബോധന ചെയ്തിരുന്നു.

മരണം[തിരുത്തുക]

ഹൈഗേറ്റ് സിമിത്തേരിയിലുള്ള മാർക്സിന്റെ ശവകുടീരം, ലണ്ടൻ

1881 ൽ മാർക്സിന്റെ ഭാര്യ ജെന്നി അന്തരിച്ചു. മാർക്സിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങൾ അദ്ദേഹം രോഗാതുരനായിരുന്നു. ഇത് ക്രമേണ ബ്രോങ്കൈറ്റിസ് എന്ന രോഗമായി പരിണമിക്കുകയും 1883 മാർച്ച് 14 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും കൂടി മൃതദേഹം ലണ്ടനിലുള്ള ഹൈഗേറ്റ് സെമിത്തേരിയിൽ അടക്കം ചെയ്തു. ഏതാണ്ട് പത്തോളം ആളുകൾ മാത്രമേ അദ്ദേഹത്തിന്റെ ശവസംസ്കാരചടങ്ങുകൾക്കായി ഉണ്ടായിരുന്നുള്ളു.[65]

മാർക്സിന്റെ മരണത്തെക്കുറിച്ച് സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഏംഗൽസിന്റെ വാക്കുകൾ

ലോകം കണ്ട എക്കാലത്തേയും മഹാനായ ചിന്തകൻ നമ്മോടു വിട പറഞ്ഞുപോയിരിക്കുന്നു. ഏതാനും മിനിട്ടുകൾക്കു മുമ്പ് അദ്ദേഹം ഇങ്ങിനി ഉണരാത്തവണം സമാധാനപൂർണ്ണമായ നിദ്രയിലേക്കു പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു.

മാർക്സിന്റെ മക്കളും, മരുമക്കളും അദ്ദേഹത്തിന്റെ അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നു. വളരെക്കുറച്ചു ആളുകൾ മാത്രമേ മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചുള്ളു. ബന്ധുക്കളല്ലാതെ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കൂടെ പ്രവർത്തിച്ചിരുന്നു ചില സഖാക്കളും, ഏതാനും തൊഴിലാളികളും. മാർക്സിന്റെ മരണശേഷം, ഏംഗൽസ് തന്റെ സ്വത്തിന്റെ ഏതാണ്ട് 4.8 ദശലക്ഷം ഡോളർ വരുന്ന സമ്പാദ്യം മാർക്സിന്റെ പെൺമക്കളുടെ പേരിൽ എഴുതിവെച്ചു.

സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്നുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാന വരികൾ മാർക്സിന്റെ ശവകുടീരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദാർശനികർ ലോകത്തെ പല വിധത്തിൽ വ്യാഖ്യാനിച്ചുവെച്ചിട്ടുണ്ട് എന്നാൽ പ്രധാനം ലോകത്തെ എങ്ങനെ മാറ്റാം എന്നുള്ളതാണ്, ഈ വരികളും ആ സ്മാരകത്തിൽ കാണാം. സാധാരണരീതിയിലുള്ള ഒരു ശവകുടീരത്തിലാണ് മാർക്സിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. 1970 ൽ മാർക്സിന്റെ ശവകുടീരം ഒരു ബോംബാക്രമണത്തിലൂടെ തകർക്കാനുള്ള ശ്രമം നടന്നിരുന്നു.[66]

മാർക്സിന്റെ ജീവിതകാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾക്ക് സമൂഹത്തിൽ വേണ്ടത്ര മാറ്റം വരുത്താൻ സാധിച്ചിട്ടില്ലായിരുന്നു. ഈ കാരണം കൊണ്ട് മാർക്സ് ഒരു പരാജയമായിരുന്നു എന്നർത്ഥമില്ല എന്ന് ചരിത്രകാരനായ എറിക് ഹോക്സ് ബാം പറയുന്നു. മാർക്സ് വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള മാറ്റത്തിന് ചില നീക്കങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും അത് നിലവിലുള്ള സംവിധാനങ്ങൾക്ക് ഒരു ബദലായി അവതരിപ്പിക്കപ്പെട്ടത് മാർക്സിന്റെ മരണത്തിനു ശേഷം വളരെ കാലം കഴിഞ്ഞിട്ടാണ്.

ചിന്തകൾ[തിരുത്തുക]

സ്വാധീനിച്ച വ്യക്തികൾ[തിരുത്തുക]

ഹെഗൽ, ഫ്യൂവർബാക്ക് ലുഡ്വിഗ്, മാർക്സിനെ ഏറ്റവും അധികം സ്വാധീനിച്ച ദാർശനികർ ഹെഗൽ, ഫ്യൂവർബാക്ക് ലുഡ്വിഗ്, മാർക്സിനെ ഏറ്റവും അധികം സ്വാധീനിച്ച ദാർശനികർ
ഹെഗൽ, ഫ്യൂവർബാക്ക് ലുഡ്വിഗ്, മാർക്സിനെ ഏറ്റവും അധികം സ്വാധീനിച്ച ദാർശനികർ

കുറേയെറെ ചിന്തകരുടെ ആശയങ്ങൾ മാർക്സിനെ സ്വാധീനിച്ചിട്ടുണ്ട്.

ചരിത്രപരമായ ഭൗതികവാദം എന്ന മാർക്സിന്റെ ആശയമാണ് പിന്നീട് വൈരുദ്ധ്യാത്മക ഭൗതികവാദം എന്നതിന്റെ അന്തഃസത്ത ആയി മാറിയത്. ഹേഗലിന്റെ ചിന്താധാരകളായിരുന്നു മാർക്സിന്റെ ഈ ആശയത്തിനു പിന്നിൽ. ആദർശങ്ങളിൽ ഊന്നി നിൽക്കുന്നതായിരുന്നു ഹെഗലിന്റെ ആശയങ്ങൾ. എന്നാൽ മാർക്സ് വസ്തുനിഷ്ഠമായി ആശയങ്ങൾ നടപ്പിലാക്കണം എന്ന ചിന്താഗതിക്കാരനായിരുന്നു. അതിനുവേണ്ടിയാണ് അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നതും. ഹെഗലിന്റെ ആശയങ്ങളിൽ നിഗൂഢത ഉള്ളതായി മാർക്സ് വിശ്വസിച്ചിരുന്നു, കൂടാതെ മൂർത്തമായ നടപടികൾക്കു മാത്രമാണ് ലോകത്തിന്റെ ഗതിയെ മാറ്റിമറിക്കാൻ കരുത്തുള്ളത് എന്നും അദ്ദേഹം കണ്ടെത്തി. ഏംഗൽസ് എഴുതിയ കണ്ടീഷൻസ് ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻ ലണ്ടൻ എന്ന പുസ്തകവും മാർക്സിന്റെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. വർഗ്ഗ സമരം എന്ന വിപ്ലവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് തൊഴിലാളിവർഗ്ഗം ആണെന്ന് മാർക്സ് കണ്ടെത്തിയത് ഈ പുസ്തകത്തിന്റെ ആഴത്തിലുള്ള പഠനത്തിലൂടെയാണ്.

ദാർശനിക സാമൂഹ്യചിന്തകൾ[തിരുത്തുക]

അക്കാലത്തു ജീവിച്ചിരുന്ന പല ചിന്തകരോടും മാർക്സ് ഒരു വിമർശനബുദ്ധിയോടെ മാത്രമേ സമീപിച്ചിട്ടുള്ളു. ഇത് അദ്ദേഹത്തെ സമകാലീകരായ ആ തത്ത്വജ്ഞാനികളിൽ നിന്നും വേറിട്ടു നിർത്തി.[67][68] അതിഭൗതികതയെയും ആദർശങ്ങളേയും ഒരേ തലത്തിലാണ് മാർക്സ് വ്യാഖ്യാനിച്ചിരുന്നത്. ഇതുമൂലം മാർക്സിന്റെ കണ്ടെത്തലുകൾ ആദർശശാലികളായ മറ്റു ചിന്തകരുടെ ആശയങ്ങളിൽ നിന്നും വേറിട്ടുനിന്നു.[69]

മരണാനന്തരം[തിരുത്തുക]

സ്വാധീനം[തിരുത്തുക]

കാൾ മാർക്സിന്റെയും ഏംഗൽസിന്റേയും ബെർലിനിലുള്ള സ്മാരകം

സമൂഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ചിന്തകരിൽ വളരെ പ്രധാനപ്പെട്ട സ്ഥാനത്താണ് കാൾ മാർക്സ്. ലോകത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും, ബൗദ്ധിക ചിന്തകളിലും മാർക്സിന്റെ സ്വാധീനം വളരെ വലുതത്രെ. സഹസ്രാബ്ദത്തിലെ മികച്ച ചിന്തകനായി കാൾ മാർക്സിനെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ തിരഞ്ഞെടുത്തിട്ടുണ്ട്. ചരിത്രം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ മേഖലകളിൽ കാൾ മാർക്സ് സംഭാവനകൾ നൽകിയിട്ടുണ്ട്.[70] കാൾ മാർക്സ് ഈ മേഖലകളിൽ നൽകിയ സേവനങ്ങൾ ആയിരിക്കും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം എന്ന് കാളിന്റെ ജീവചരിത്രകാരൻ അഭിപ്രായപ്പെടുന്നു. പീറ്റർ സിംഗറിനെപ്പോലുള്ള ചിന്തകർ മാർക്സിനെ യേശുക്രിസ്തുവിനോടും, മുഹമ്മദ് നബിയോടും ഒപ്പം താരതമ്യപ്പെടുത്തുന്നു.[71] എറിക് ഫ്രോം എന്ന ജർമ്മൻ തത്ത്വചിന്തകൻ മാർക്സിനെ ആൽബർട്ട് ഐൻസ്റ്റീനോടും ഫ്രോയിഡിനോടുമൊപ്പം ആധുനികകാലഘട്ടത്തിന്റെ ശിൽപികളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്നു.[72] അതോടൊപ്പം തന്നെ, മാർക്സും ഐൻസ്റ്റീനും തുല്യരാണെന്നുള്ള വാദം അദ്ദേഹം തള്ളിക്കളയുന്നു. ഐൻസ്റ്റീനേക്കാൾ എന്തുകൊണ്ടും മുന്നിലാണ് മാർക്സ് എന്നും അദ്ദേഹം വാദിക്കുന്നു.

മാർക്സിസം[തിരുത്തുക]

പ്രധാന ലേഖനം: മാർക്സിസം
ജർമ്മനിയിലുള്ള മാർക്സിന്റെ സ്മാരകം

ഇതുവരെയുള്ള സമൂഹത്തിന്റെ ചരിത്രം എന്നു പറയുന്നത് വർഗ്ഗസമരങ്ങളുടെ ചരിത്രമാണ്

വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന സിദ്ധാന്തമാണ് മാർക്സിയൻ ആശയങ്ങളുടെ അടിത്തറ. ഈ കാഴ്ചപ്പാടിനനുസരിച്ച് ചരിത്രത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ ചരിത്ര വീക്ഷണം. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന കാഴ്ചപ്പാടിനനുസരിച്ച് സാമ്പത്തിക രംഗത്തെ അപഗ്രഥിക്കുന്നതും വിവക്ഷിക്കുന്നതുമാണ് മാർക്സിയൻ സാമ്പത്തിക വീക്ഷണം. സാമ്പത്തികവും ചരിത്രപരവുമായ വീക്ഷണങ്ങളാണ് ഒരു സമൂഹത്തിൽ ഏറ്റവും പ്രധാനം. അതുകൊണ്ടാണ് ഈ രണ്ട് വീക്ഷണങ്ങൾക്ക് മാർക്സിസം പ്രാധാന്യം നൽകുന്നത്.

കാൾ മാർക്സ് ലോകത്തിനു നൽകിയ സംഭാവനകളെ അദ്ദേഹത്തിന്റെ അനുയായികൾ മാർക്സിസം എന്നു വിളിച്ചു. മാർക്സിസം പിന്നീട് രാഷ്ട്രീയത്തിലും, ശാസ്ത്രത്തിലും വളരെ വലിയ സ്വാധീനം ഉണ്ടാക്കി.[74] മാർക്സിന്റെ കണ്ടെത്തലുകൾ പിന്നീട് ധാരാളം ചർച്ചകൾക്കും പുതിയ ആശയരൂപീകരണങ്ങൾക്കും കാരണമായിത്തീർന്നു. മാർക്സിന്റെ ആശയങ്ങൾ പിന്നീട് പലരും തങ്ങളുടെ സ്വന്തം നിലക്ക് വ്യാഖ്യാനിക്കുകയുണ്ടായി. മാർക്സിന്റെ ചിന്തകളെ അടിസ്ഥാനമാക്കിയാണ് പിന്നീട് മാവോയിസം, ലെനിനിസം, സ്റ്റാലിനിസം എന്നിവ ഉയർന്നുവന്നത്. അവരോരുത്തരും തങ്ങളുടേതാണ് ശരിയായ മാർക്സിസം എന്നു വാദിക്കുകയുണ്ടായി. മാർക്സിസ്റ്റ് വിപ്ലവകാരിയായിരുന്ന ചെഗുവേരയുടെ അഭിപ്രായത്തിൽ, മാർക്സിസം സമൂഹത്തിൽ വളരെ വലിയ ഒരു മാറ്റം കൊണ്ടുവന്നു. ചരിത്രത്തെ അദ്ദേഹം വ്യാഖ്യാനിക്കുകയും അതിന്റെ ശക്തിയിൽ വിശ്വസിക്കുകയും ചെയ്തു. സമൂഹത്തിന്റെ ഭാവിയെ വെറുതെ വ്യാഖ്യാനിക്കുക എന്നതിലുപരി അതിനെ എങ്ങനെ മാറ്റിമറിക്കാം എന്നു കൂടി മാർക്സ് വിശദീകരിച്ചു.[75]

എന്നാൽ മാർക്സ് വിശ്വസിച്ചിരുന്നതിൽ നിന്നും മാറി തന്റെ ആശയങ്ങൾ സഞ്ചരിക്കുന്നത് അദ്ദേഹത്തിൽ നിരാശയുളവാക്കി. അവസാനം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതിന്റെ നിരാശ അദ്ദേഹത്തിനു മറച്ചുവെക്കാനാകുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇക്കാണുന്നതാണ് മാർക്സിസം എങ്കിൽ ഞാൻ ഒരു മാർക്സിസ്റ്റല്ല, എന്നിങ്ങനെയാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഈ നിരാശയും ദുഃഖവും തന്റെ മകളുടെ ഭർത്താവിനയച്ച എഴുത്തുകളിൽ നിന്നും വ്യക്തമായിരുന്നു.[76]

സാമൂഹ്യശാസ്ത്രത്തിന്റെ ഉപഞ്ജാതാവ്[തിരുത്തുക]

ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ ഉപഞ്ജാതാക്കളിലൊരാളായി കാൾ മാർക്സ് കണക്കാക്കപ്പെടുന്നു. ആശയങ്ങളെ കാൾ മാർക്സ് ശാസ്ത്രീയമായി അപഗ്രഥിച്ചാണ് അവതരിപ്പിച്ചിരുന്നത്. പുതിയ കാലഘട്ടത്തിലെ സാമൂഹ്യശാസ്ത്രത്തിൽ മാർക്സിന്റെ ആശയങ്ങളെ സുപ്രധാനപ്പെട്ട ഒന്നായി പരിഗണിക്കുന്നു. ഇസൈയ്യ ബെർലിൻ മാർക്സിനെ ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ ഉപഞ്ജാതാവായി ഉയർത്തിക്കാണിക്കുന്നു കൂടാതെ, ആ സ്ഥാനത്തേക്ക് പകരം വെക്കാൻ മറ്റാരും ഇല്ലെന്നും പറയുന്നു.[77]

പ്രധാനകൃതികൾ[തിരുത്തുക]

മാർക്സിസം
Karl Marx.jpg
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം
 • ദ ഫിലോസഫിക്കൽ മാനിഫെസ്റ്റോ ഓഫ് ദ ഹിസ്റ്റോറിക്കൽ സ്ക്കൂൾ ഓഫ് ലോ (1842)
 • ക്രിട്ടിക്ക് ഓഫ് ഹെഗൽസ് ഫിലോസഫി ഓഫ് റൈറ്റ്, 1843
 • ഓൺ ദ ജൂയിഷ് ക്വസ്റ്റ്യൻ, 1843
 • നോട്ട്സ് ഓൺ ജെയിംസ് മിൽ, 1844
 • ഇക്കണോമിക് ആന്റ് ഫിലോസഫിക് മാനുസ്ക്രിപ്ട ഓഫ് 1844, 1844
 • ദ ഹോളി ഫാമിലി, 1845
 • ദ ജെർമ്മൻ ഐഡിയോളജി, 1845
 • ദ പോവർട്ടി ഓഫ് ഫിലോസഫി, 1847
 • വേജ്, ലേബർ ആന്റ് ക്യാപിറ്റൽ, 1847
 • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, 1848
 • ദ ക്ലാസ്സ് സ്ട്രഗ്ഗിൾസ് ഇൻ ഫ്രാൻസ്, 1850
 • ദ എയ്റ്റീൻത് ബ്ര്യൂമിയർ ഓഫ് ലൂയിസ് നെപ്പോളിയൻ, 1852
 • റൈറ്റിംഗ്സ് ഓൺ ദ യു.എസ്.സിവിൽ വാർ, 1861
 • തിയറീസ് ഓഫ് സർപ്ലസ് വാല്യൂ, 3 ഖണ്ഡങ്ങൾ, 1862
 • വാല്യൂ,പ്രൈസ് ആന്റ് പ്രോഫിറ്റ്, 1865
 • മൂലധനം , 1867
 • ദ സിവിൽ വാർ ഇൻ ഫ്രാൻസ്, 1871
 • ക്രിട്ടിക്ക് ഓഫ് ദ ഗോഥ പ്രോഗ്രാം, 1875
 • നോട്ട്സ് ഓൺ വാഗ്നർ, 1883

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. റോബർട്ടോ മാംഗാബെയ്രാ. ഫ്രീ ട്രേഡ് റീ ഇമാജിൻഡ്: ദ വേൾഡ് ഡിവിഷൻ ഓഫ് ലേബർ ആന്റ് മെത്തേഡ് ഓഫ് ഇക്കോണോമിക്സ്. പ്രിൻസ്ടൺ: പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസ്സ്, 2007.
 2. "കാൾ മാർക്സ്– സ്റ്റാൻഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി".. ശേഖരിച്ചത് 4 മാർച്ച് 2011.
 3. കാൾ മാർക്സ്: ക്രിട്ടിക്ക് ഓഫ് ദ ഗോഥ പ്രോഗ്രാം (മാർക്സ്/ഏംഗൽസ് സെലക്ടഡ് വർക്ക്സ്, ഖണ്‌ഡം മൂന്ന്, പുറങ്ങൾ. 13–30;)
 4. ലെറ്റർ ഫ്രം കാൾ മാർക്സ് ടു ജോസഫ് വെയ്ഡെമെർ (എംഇസി ഖണ്‌ഡം 39, പുറങ്ങൾ. 58; )
 5. വീൻ 2001 പുറം. 8 ,പുറം. 12
 6. വീൻ 2001. പുറം. 10.
 7. ഫ്രാൻസിസ് വീൻ, കാൾ മാർക്സ് : എ ലൈഫ്, (ഫോർത്ത് എസ്റ്റേറ്റ്, 1999), ISBN 1-85702-637-3
 8. എൻസോ ട്രാവേഴ്സോ , ദ മാർക്സിസ്റ്റ് ആന്റ് ജൂയിഷ് ക്വസ്റ്റ്യൻ, (ഹ്യുമാനിറ്റീസ് പ്രസ്സ്, 1994): "ബോൺ ഇൻറ്റു എ ജൂയിഷ് ഫാമിലി ദാറ്റ് വാസ് കൺവർട്ടഡ് ടു ലൂഥറിനിസം (പുറം14)
 9. ദ ഫേമസ് മാർക്സിസ്റ്റ് ഹിസ്റ്റോറിയൻ ആന്റ് ഹിസ് ഹിസ്റ്റോറിയോഗ്രാഫർ എറിക്സ് ഹോബ്സാം വ്യൂസ് മാർക്സ് സിംപ്ലി അസ് ജ്യൂ, ദിസ് ഒക്ടോബർ എസ്സേ ഓൺ ദ "ബെനഫിറ്റ്സ് ഓഫ് ഡയസ്പോറ" ഇൻ ദ ലണ്ടൻ റിവ്യൂ ഓഫ് ബുക്ക്സ്
 10. വീൻ 2001. പുറം. 13.
 11. വീൻ 2001. പുറം. 13.
 12. വീൻ 2001. പുറം. 14.
 13. വീൻ 2001. പുറം. 15.
 14. വീൻ 2001. പുറം. 16.
 15. വീൻ 2001. പുറങ്ങൾ. 16–17.
 16. വീൻ 2001. പുറങ്ങൾ. 21–22.
 17. റോബർട്ട് പെയിൻ, ദ അൺനോൺ കാറൽ മാർക്സ്, (യൂണിവേഴ്സിറ്റി പ്രസ്സ് , 1971) ഹി സൂൺ ഗിവ് അപ് ഫിക്ഷൻ റൈറ്റിംഗ്
 18. വീൻ 2001. പുറങ്ങൾ. 25–26.
 19. വീൻ 2001. പുറം. 33.
 20. വീൻ 2001. പുറങ്ങൾ. 34–36.
 21. വീൻ 2001. പുറങ്ങൾ. 42–44.
 22. വീൻ 2001. പുറങ്ങൾ. 47.
 23. വീൻ 2001. പുറങ്ങൾ. 47–48.
 24. വീൻ 2001. പുറം. 36.
 25. ജൂയിഷ് ക്വസ്റ്റ്യൻ മാർക്സിസ്റ്റ്.ഓർഗ്
 26. കാൾ പാരീസിൽ ഹിസ്റ്ററിഗൈഡ് - നാലും,ഏഴും ഖണ്ഡികകൾ
 27. പാരീസിൽ മാർക്സിസ്റ്റ്.ഓർഗ്-
 28. വീൻ 2001 പുറം. 48.
 29. മാർക്സിന്റെ പാരീസിലെ ജീവിതം മാർക്കോ ഹിസ്റ്ററി- മൂന്നാം ഖണ്ഡിക
 30. വീൻ 2001. പുറങ്ങൾ. 62–66.
 31. വീൻ 2001. pp. 64–65.
 32. വീൻ 2001. p. 75.
 33. മാൻസെൽ, ഫിലിപ്പ്: പാരീസ് ബിറ്റ്വീൻ എംപയേഴ്സ്, പുറങ്ങൾ.390 (സെന്റ് മാർട്ടിൻ പ്രസ്സ് , ന്യൂയോർക്ക്) 2001
 34. ദ ഹോളി ഫാമിലിയുടെ രചന ബ്രിട്ടാനിക്ക
 35. വീൻ 2001. പുറങ്ങൾ. 66–67.
 36. വീൻ 2001. പുറം. 112.
 37. ബ്രസൽസിൽ ഏംഗൽസുമായി കൂടിച്ചേർന്നു പ്രവർത്തിക്കുന്നു ബ്രിട്ടാനിക്ക-
 38. 38.0 38.1 വീൻ 2001. പുറം. 92.
 39. വീൻ 2001. പുറം. 93.
 40. വീൻ 2001. പുറം. 107.
 41. വീൻ 2001.പുറം. 115.
 42. മാർക്സ് ആന്റ് ഏംഗൽസ് 1848.
 43. വീൻ 2001. പുറം. 125.
 44. സോൾ പാദോവർ, കാൾ മാർക്സ്, ആൻ ഇന്റിമേറ്റ് ബയോഗ്രഫി, മഗ്രോ-ഹിൽ, 1978, താൾ 205
 45. വീൻ 2001. പുറങ്ങൾ. 126–127.
 46. ഫെലിക്സ്, ഡേവിഡ് (1982). "ഹ്യൂറ്റേ ഡച്ച് ലാൻഡ്! മാർക്സ് അസ് പ്രൊവിൻഷ്യൽ പൊളിറ്റീഷ്യൻ". സെൻട്രൽ യൂറോപ്യൻ ഹിസ്റ്ററി. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. 15 (4): 332–350.
 47. വീൻ 2001. പുറം. 128.
 48. വീൻ 2001. p. 129.
 49. വീൻ 2001. പുറങ്ങൾ. 130–132.
 50. വീൻ 2001. പുറങ്ങൾ. 137–146.
 51. വീൻ 2001.പുറങ്ങൾ. 147–148.
 52. വീൻ 2001. പുറങ്ങൾ. 151–155.
 53. ഗ്രേറ്റ് വിൻഡ്മിൽ സ്ട്രീറ്റ് ഇൻഫെഡ് ഓർഗ്, നാലാം ഖണ്ഡിക
 54. ന്യൂയോർക്ക് ട്രിബ്യൂൺ കാലഘട്ടം ഇൻഫെഡ് ഓർഗ്, ഒന്നാം ഖണ്ഡിക നാലാം വാചകം
 55. ദ എയ്റ്റീൻത് ബ്രൂമിയർ ഓഫ് ലൂയിസ് നെപ്പോളിയൻ മാർക്സിസ്റ്റ് ഓർഗ്
 56. ദ എയ്റ്റീൻത് ബ്രൂമിയർ ഓഫ് ലൂയിസ് നെപ്പോളിയൻ പ്രൊജക്ട് ഗുട്ടൻബർഗ്
 57. ഇന്റർനാഷണൽ വർക്കിംഗ് മെൻ അസ്സോസ്സിയേഷൻ ആദ്യ സമ്മേളനത്തിലെ മാർക്സിന്റെ പ്രസംഗം മാർക്സിസ്റ്റ് ഓർഗ്
 58. ബാക്കുനിനുമായി അസ്വാരസ്യങ്ങൾ മാർക്സിസ്റ്റ് ആർക്കെവ്]
 59. ദ സിവിൽ വാർ ഇൻ ഫ്രാൻസ് മാർക്സിസ്റ്റ്.ഓർഗ് - പി.ഡി.എഫ്
 60. കാൾ മാർക്സ് & ഫ്രെഡറിക് ഏംഗൽസ്, കളക്ടഡ് വർക്ക്സ് വോള്യം 46 (ഇന്റർനാഷണൽ പബ്ലിഴേഴ്സ്: ന്യൂയോർക്ക്, 1992) പുറം. 71.
 61. കാൾ മാർക്സ് ഫസ്റ്റ് ഡ്രാഫ്റ്റ് ഓഫ് ലെറ്റർ ടു വേറ സാസുലിച്ച് [1881]. ഇൻ മാർക്സ്-ഏംഗൽസ് 'കളക്ടഡ് വർക്സ്', ഖണ്ഡം 24, p. 346.
 62. വീൻ 2001. പുറങ്ങൾ. 17–21, 33.
 63. പീറ്റർ സിംഗർ (2000). മാർക്സ് എ വെരി ഷോർട്ട് ഇൻട്രോഡക്ഷൻ. പുറങ്ങൾ. 5. ISBN 0-19-285405-4
 64. മോണ്ടെഫൊയോർ, സൈമണ സെബാഗ. "ദ മീൻസ് ഓഫ് റീപ്രൊഡക്ഷൻ". ദ ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത്: 25 സെപ്തംബർ 2011. Check date values in: |accessdate= (help)
 65. വീൻ 2001. പുറം. 382.
 66. മാർക്സിന്റെ ശവകുടീരത്തിനുനേരെ ആക്രമണം ", കാംടൺ ന്യൂ ജേണൽ
 67. ക്രെയ്ഗ് ജെ കാൽഹൗൻ (2002). ക്ലാസ്സിക്കൽ സോഷ്യോളജിക്കൽ തിയറി. വിലി ബ്ലാക്ക് വെൽ. pp. 20–23. ISBN 978-0-631-21348-2. ശേഖരിച്ചത്: 5 മാർച്ച് 2011.
 68. ഹിമാനി ബാനർജി (2001). ഇൻവെന്റിംഗ് സബ്ജക്ട്സ്: സ്റ്റഡീസ് ഇൻ ഹെജിമണി, പേട്രിയാർക്കി ആന്റ് കൊളോണിയലിസം. ആൻഥം പ്രസ്സ്. p. 27. ISBN 978-1-84331-072-3. ശേഖരിച്ചത്: 2 മെയ് 2011. Check date values in: |accessdate= (help)
 69. ഹോവാർഡ്.ജെ.ഷെർമാൻ (1995). റീ ഇൻവെന്റിംഗ് മാർക്സിസം. ജെ.എച്ച്.യു.പ്രസ്സ്. p. 5. ISBN 978-0-8018-5077-6. ശേഖരിച്ചത്: 7 മാർച്ച് 2011.
 70. കെന്നത്ത് അലൻ (11 മെയ് 2010). ദ സോഷ്യൽ ലെൻസ്: ആൻ ഇൻവിറ്റേഷൻ ടു സോഷ്യൽ ആന്റ് സോഷ്യോളജിക്കൽ തിയറി. പൈൻ ഫോർജ് പ്രസ്സ്. p. 68. ISBN 978-1-4129-7834-7. ശേഖരിച്ചത്: 25 മാർച്ച് 2011. Check date values in: |date= (help)
 71. പീറ്റർ സിംഗർ (18 ജനുവരി 2001). മാർക്സ് എ വെരി ഷോർട്ട് ഇൻട്രോഡക്ഷൻ. ഓക്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 68. ISBN 13: 9780192854056 Check |isbn= value: invalid character (help).
 72. എറിക് ഫ്രോം (2003). മാർക്സ് കൺസപ്റ്റ് ഓഫ് മാൻ. കോണ്ടിനം പബ്ലിഷിംഗ കമ്പനി. p. 80. ISBN 0826477917.
 73. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാർക്സിസ്റ്റ് ഓർഗ്
 74. ആനഡേഴ്സൺ; ലാർസ് കാസ്പെഴ്സൺ (2000). ക്ലാസ്സിക്കൽ ആന്റ് മോഡേൺ സോഷ്യൽ തിയറി. വിലി-ബ്ലാക്ക്വെൽ. pp. 123–. ISBN 978-0-631-21288-1. ശേഖരിച്ചത്: 9 മാർച്ച് 2011.
 75. "നോട്ട്സ് ഫോർ ദ സ്റ്റഡി ഓഫ് ദ ഐഡിയോളജി ഓഫ് ദ ക്യൂബൻ റെവല്യൂഷൻ" ചെ ഗുവേര, 8 ഒക്ടോബർ 1960
 76. ലെറ്റർ ടു എഡ്വേർഡ് ബേൺസ്റ്റൈൻ മാർക്സ് ഓർഗ്
 77. ബെർലിൻ ഇസൈയ്യ. 1967. കാൾ മാർക്സ് ഹിസ് ലൈഫ് ആന്റ് എൻവിറോൺമെന്റ്. ടൈം ഇൻക് ബുക്ക്സ് ഡിവിഷൻ,ന്യൂയോർക്ക്. പുറങ്ങൾ 130

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • ലൂയിസ്, അൽതുസ്സർ. ഫോർ മാർക്സ്. ലണ്ടൻ: വെർസോ, 2005.
 • ലൂയിസ്, അൽതുസ്സർ & എറ്റ്യേൻ ബാലിബാർ. റീഡിംഗ് ക്യാപിറ്റൽ. ലണ്ടൻ: വെർസോ, 2009.
 • റോഗേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
 • അവിനേരി ഷ്ളോമോ . ദ സോഷ്യൽ ആന്റ് പൊളിറ്റിക്കൽ തോട്ട്സ് ഓഫ് കാൾ മാർക്സ് (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 1968) ISBN 0521096197
 • കോസ്റ്റാസ്, അക്സെലോസ്. ഏലിയനേഷൻ, പ്രാക്സിസ്, ആന്റ് ടെക്ക്ൻ ഇൻ ദ തോട്ട് ഓഫ് മാർക്സ് (പരിഭാഷ, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് പ്രസ്, 1976).
 • വിൻസെന്റ് ബാർനെറ്റ്. മാർക്സ് (2009)
 • ഈസ ബെർലിൻ. കാൾ മാർക്സ്: ഹിസ് ലൈഫ് ആന്റ് എൻവിറോൺമെന്റ് (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1963) ISBN 0-19-520052-7
 • പോൾ ബ്ലാക്കെഡ്ജ്. റിഫ്ലക്ഷൻസ് ഓൺ ദ മാർക്സിസ്റ്റ് തിയറി ഓഫ് ഹിസ്റ്ററി (മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റി പ്രസ്സ്, 2006)
 • ടോം ബോട്ടോമോർ. എ ഡിക്ഷണറി ഓഫ് മാർക്സിസ്റ്റ് തോട്ട്. ഓക്സ്ഫോർഡ്: ബ്ലാക്ക് വെൽ, 1998.
 • അലക്സ് കല്ലിനിക്കോസ്. ദ റെവല്യൂഷണറി ഐഡിയാസ് ഓഫ് കാൾ മാർക്സ് (ബുക്ക്മാർക്സ്, 1983)
 • ഹാരി ക്ലെവർ. റീഡിംഗ് ക്യാപിറ്റൽ പൊളിറ്റിക്കലി (എ.കെ.പ്രസ്സ്, 2000)
 • ജെറാൾഡ് കോഹൻ. കാൾ മാർക്സ് തിയറി ഓഫ് ഹിസ്റ്ററി: എ ഡിഫൻസ് (പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1978) ISBN 0-691-07068-7
 • ആൻഡ്രൂ കോളിയർ. മാർക്സ് (വൺവേൾഡ്, 2004)
 • ഹാൾ ഡ്രേപർ, കാൾ മാർക്സ് തിയറി ഓഫ് റെവല്യൂഷൻ (4 ഖണ്ഡങ്ങൾ).
 • റൊണാൾഡ് ഡങ്കൻ & കോളിൻ വിൽസൺ. മാർക്സ് റെഫ്യൂട്ടഡ്, (ബാത്ത് , യുണൈറ്റഡ് കിംങ്ഡം, 1987) ISBN 0-906798-71-X
 • ബെൻ ഫൈൻ. മാർക്സ് ക്യാപിറ്റൽ 5 ആം പതിപ്പ്, ലണ്ടൻ: പ്ലൂട്ടോ, 2010.
 • ജോൺ ബെല്ലാമി ഫോസ്റ്റർ. മാർക്സ് ഇക്കോളജി: മെറ്റീരിയലിസം & നേച്വർ. ന്യൂയോർക്ക്: റിവ്യൂ പ്രസ്സ്, 2000.
 • സ്റ്റീഫൻ ജെ ഗോൾഡ്. എ ഡാർവീനിയൻ ജെന്റിൽമാൻ അറ്റ് മാർക്സ് ഫ്യൂനറൽ – ലങ്കെസ്റ്റർ, പേജ് 1, ഫൈൻഡ്ആർട്ടിക്കിൾസ്.കോം (1999)
 • ഡേവിഡ് ഹാർവേ. എ കമ്പാനിയൻ ടു മാർക്സ് ക്യാപിറ്റൽ. ലണ്ടൻ: വെർസോ, 2010.
 • ഡേവിഡ് ഹാർവേ. ദ ലിമിറ്റ്സ് ഓഫ് ക്യാപിറ്റൽ. ലണ്ടൻ: വെർസോ, 2006.
 • ഇഗ്ഗേർസ് ജോർജ്ജ്. "ഹിസ്റ്റോറിയോഗ്രാഫി: ഫ്രം സയന്റിഫിക്ക് ഒബ്ജക്ടിവിറ്റി ടു ദ പോസ്റ്റ്മോഡേൺ ചലഞ്ച്"(വെസ്ലെയൻ യൂണിവേഴ്സിറ്റി പ്രസ്സ്, 1997, 2005)
 • കൊളാക്കോസ്ക്കി. മെയിൻ കറന്റ്സ് ഓഫ് മാർക്സിസം ഓക്സ്ഫോർഡ്: ക്ലാരന്റെൻ പ്രസ്സ്, 1978
 • ലിറ്റിൽ ഡാനിയേൽ. ദ സയന്റിഫിക് മാർക്സ്, (യൂണിവേഴ്സിറ്റി ഓഫ് മിന്നോസേട്ട പ്രസ്സ്, 1986) ISBN 0-8166-1505-5
 • ഏണസ്റ്റ് മാൻഡൽ. മാർക്സിസ്റ്റ് എക്കണോമിക്സ് തിയറി. ന്യൂയോർക്ക്: റിവ്യൂ പ്രസ്സ്, 1970.
 • ഏണസ്റ്റ് മാൻഡൽ. ദ ഫോർമേഷൻ ഓഫ് എക്കണോമിക്ക് തോട്ട് ഓഫ് കാൾ മാർക്സ്. ന്യൂയോർക്ക്: റിവ്യൂ പ്രസ്സ്,, 1977.
 • ഡേവിഡ് മക്ലെൻ. മാർക്സ് ബിഫോർ മാർക്സിസം (1980), മക്മില്ലൻ, ISBN 978-0-333-27882-6
 • കാൾ മാർക്സ് ആന്റ് ക്ലോസ് ഓഫ് ഹിസ് സിസ്റ്റം മൈസസ്.ഓർഗ്
 • ഡേവിഡ് മക്ലെൻ. കാൾ മാർക്സ്: ഹിസ് ലൈഫ് ആന്റ് തോട്ട് ഹാർപ്പർ & റോ, 1973 ISBN 978-0-06-012829-6
 • ഫ്രാൻസ് മെഹ്രിങ്. കാൾ മാർക്സ്: ദ സ്റ്റോറി ഓഫ് ഹിസ് ലൈഫ് (റൗട്ട്ലഡ്ജ്, 2003)
 • ഇസ്തവാൻ. മാർക്സ് തിയറി ഓഫ് എലിയനേഷൻ (ദ മെർലിൻ പ്രസ്സ്, 1970)
 • മില്ലർ, റിച്ചാർഡ് അനാലൈസിംഗ് മാർക്സ്: മൊറാലിറ്റി, പവർ, & ഹിസ്റ്ററി. പ്രിൻസ്ടൺ, എൻ.ജെ: പ്രിൻസ്ടൺ യൂണിവേഴ്സിറ്റി, 1984.
 • പോസ്റ്റൺ മോയിഷ്. ടൈം, ലേബർ, & സോഷ്യൽ ഡോമിനേഷൻ: എ റീ ഇൻട്രപ്രെട്ടേഷൻ ഓഫ് മാർക്സ് ക്രിട്ടിക്കൽ തിയറി. കേംബ്രിഡ്ജ് [ഇംഗ്ലണ്ട്]: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 1993.
 • റോത്ബാർഡ് മുറേ. ആൻ ഓസ്ട്രിയൻ പെർസ്പെക്ടീവ് ഓൺ ദ ഹിസ്റ്ററി ഓഫ് ഇക്കോണോമിക് തോട്ട് ഖണ്ഡം ;II: ക്ലാസിക്കൽ ഇക്കോണോമിക്സ് (എഡ്വാഡ് എൽഗാർ പബ്ലിഷിംഗ് ലിമിറ്റഡ്., 1995) ISBN 0-945466-48-X
 • മാക്സ്മില്ലൻ . മാർക്സ് വിത്തൗട്ട് മിത്: എ ക്രോണോളോജിക്കൽ സ്റ്റഡി ഓഫ് ഹിസ് ലൈഫ് ആന്റ് വർക്ക് (ബ്ലാക്ക്വെൽ, 1975) ISBN 0-631-15780-8
 • ആൽഫ്രെഡോ സാദ്. ദ വാല്യൂ ഓഫ് മാർക്സ്: പൊളിറ്റിക്കൽ എക്കോണോമി ഫോർ കോണ്ടംമ്പററി ക്യാപിറ്റലിസം. ലണ്ടൻ: റൗട്ട്ലഡ്ജ്, 2002.
 • ആൽഫ്രഡ് ഷ്മിഡ്ത്. ദ കൺസപ്റ്റ് ഓഫ് നേച്ച്വർ ഇൻ മാർക്സ്. ലണ്ടൻ: എൻ.എൽ.ബി, 1971.
 • സീഗൽ,ജെറാൾഡ് മാർക്സ് ഫേറ്റ്: ദ ഷേപ്പ് ഓഫ് ലൈഫ് (പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1978) ISBN 0-271-00935-7
 • തോമസ്.ടി.സെക്കിൻ ദ ഡയലക്ടിക് ഓഫ് ക്യാപിറ്റൽ. എ സ്റ്റഡി ഓഫ് ദ ഇന്നർ ലോജിക്ക് ഓഫ് ക്യാപിറ്റലിസം, ടോക്കിയോ 1986; ISBN 978-4-924750-44-9 (ഖണ്ഡം. 1), ISBN 4-924750-34-4 (ഖണഡം. 2)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൾ_മാർക്സ്&oldid=3090211" എന്ന താളിൽനിന്ന് ശേഖരിച്ചത്