മാസപ്പിറവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅബാൻ മാസം 29 ന്‌ രാത്രി ചന്ദ്ര ദർശനം ഉണ്ടായാൽ പിറ്റേന്ന് റമദാൻ ഒന്ന് ആയി കണക്കാക്കുന്നു. റമദാൻ 29 ന്‌ ചന്ദ്രപ്പിറവി ഉണ്ടായാൽ പിറ്റേന്ന് ശവ്വാൽ 1 ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിതർ) ആഘോഷിക്കുന്നു. അതേ പോലെ തന്നെ ദുൽ ഹിജ്ജ മാസപ്പിറവി കണ്ടത് മുതൽ പത്താം ദിവസം വലിയ പെരുന്നാൾ (ഈദുൽ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന്‌ ചന്ദ്രദർശനം ഉണ്ടായില്ലെങ്കിൽ 30ന്‌ ചന്ദ്രദർശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂർത്തിയായതായി കണക്കാക്കുന്നു.

ജ്യോതിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മിൽ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തിൽ ചന്ദ്രമാസം ആരംഭിക്കുന്നത് ചന്ദ്രൻ കൺജങ്ഷനിൽ ആകുമ്പോഴാണ്. എന്നാൽ കൺജങ്ഷൻ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകൾ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറൻ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തിൽ ഉണ്ടെങ്കിലും ചന്ദ്രനെ കാണാൻ സാധിക്കാതെ വരാം. ചന്ദ്രനെ കാണുക എന്നതിനാണ് പ്രാധാന്യം എന്നതിനാൽ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളിൽ നിലവിലുള്ള മാസത്തിൽ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികൾ ചന്ദ്രനെ കണ്ടതായി ഇസ്‌ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പിൽ സാക്ഷ്യം വഹിച്ചാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.

ചന്ദ്രനെ കാണുക എന്നതിന് ഇസ്‌ലാമിക കലണ്ടറിലുള്ള ഈ പ്രാധാന്യം അനേകം മുസ്‌ലിം ശാസ്ത്രജ്ഞർ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുൻപന്തിയിൽ ഇസ്‌ലാമികലോകം എത്തുന്നതിനും കാരണമായി.

മേൽപറഞ്ഞ പ്രശ്നങ്ങളാൽ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി വിവിധ ദിവസങ്ങളിലാകാൻ സാധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാളും മറ്റും ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തിൽ ആകാൻ കാരണം ഇതാണ്. ഈ വിഷമതകൾ അകറ്റാൻ ചില രാജ്യങ്ങളും (മലേഷ്യ, ഇന്തൊനേഷ്യ മുതലായവ) ഇസ്‌ലാമിലെ ചില വിഭാഗങ്ങളും ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി മാസപ്പിറവി നിശ്ചയിക്കുന്നു. എന്നാലും ചന്ദ്രനെ കണ്ടാലേ മാസത്തിലെ 29-ആം തീയതി മാസപ്പിറവിയായി അംകരിക്കുകയുള്ളൂ എന്ന രീതിയാണ് കൂടുതൽ പ്രബലം.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാസപ്പിറവി&oldid=2299790" എന്ന താളിൽനിന്ന് ശേഖരിച്ചത്