മാലി (സാഹിത്യകാരൻ)
വി. മാധവൻ നായർ | |
---|---|
ജനനം | |
മരണം | ജൂലൈ 2, 1994 | (പ്രായം 79)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മാലി |
തൊഴിൽ | ബാലസാഹിത്യകാരൻ |
അറിയപ്പെടുന്നത് | കർണ്ണശപഥം (ആട്ടക്കഥ) |
കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും[1] വനമാലി[2] എന്ന തൂലികാനാമവും ഉപയോഗിച്ചിട്ടുണ്ട്. 70-കളിൽ മാലിക എന്ന കുട്ടികൾക്കുള്ള മാസികയും നടത്തി. നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്[3]. ആനുകാലികങ്ങളിൽ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു. റേഡിയോയിൽ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയിൽ ജോലി ചെയ്തു. സ്റ്റേഷൻ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനിൽ നാഷണൽ ബുക്ക്ട്രസ്തിൽ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988-ൽ കൈരളി ചിൽഡ്രൻസ് ബുക്‌ട്രസ്‌റ്റിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]സദസ്യതിലകൻ ടി.കെ. വേലുപ്പിള്ളയുടെയും ഭഗവതിയമ്മയുടെയും മകനായി 1914 ഡിസംബർ ആറിന് തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ഗവ. ആർട്‌സ് കോളജ്, ഗവ. ലോ. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയായി. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാസ്ക്കറ്റ് ബോൾ, വോളീബോൾ, ഹൈജമ്പ് തുടങ്ങിയ കായികമത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയി ആയിരുന്നു[3]. തിരുവിതാംകൂർ സംസ്‌ഥാനത്തിലെ ടെന്നീസ് കളിക്കാരിൽ ഒന്നാം നമ്പറായി കണക്കാക്കപ്പെട്ടിരുന്നു. അത്‌ലറ്റിക്‌സിൽ സംസ്‌ഥാന റെക്കോഡുകളുടെയും ഉടമയായിരുന്നു. നിരവധി സംസ്‌ഥാന-സംസ്‌ഥാനാന്തര മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചു. ബി.എ., ബി.എൽ. പാസ്സായി കുറച്ചുകാലം വക്കീലായി പ്രാക്‌ടീസുചെയ്‌ത ശേഷം പത്രപ്രവർത്തകനായി. ഡൽഹിയിൽ ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലും മുംബൈയിൽ ഫ്രീ പ്രസ് ജേർണലിലും ജോലി ചെയ്തിരുന്നു. ആകാശവാണിയിലാണ് ദീർഘകാലം ജോലി ചെയ്തത്. ദി ഹിന്ദു, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും എഴുതിയിരുന്നു[2].
ആകാശവാണിയിൽ നൂതന പരിപാടികൾ തുടങ്ങി. ബാലലോകം, രശ്മി തുടങ്ങിയ പരിപാടികൾ തുടക്കമിട്ടു. റേഡിയോ അമ്മാവൻ എന്നറിയപ്പെട്ടു. മാലി കഥ പറയുന്നു എന്ന പരിപാടിയും അവതരിപ്പിച്ചിരുന്നു.
ബാലസാഹിത്യം
[തിരുത്തുക]അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതിൽ മുക്കാൽഭാഗവും ബാലസാഹിത്യ കൃതികളാണ്. ഭാരതീയ പുരാണങ്ങളെ ലളിതഭാഷയിൽ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തു. മാലിഭാരതം, മാലിരാമായണം, മാലിഭാഗവതം എന്നിങ്ങനെ അറിയപ്പെട്ട അവയിലെ ഭാഷയെ "മാലിമലയാളം" എന്നും വിളിക്കപ്പെടാറുണ്ട്[3]. കുട്ടികൾക്കായി മാലിക എന്നൊരു മാസികയും പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് കൃതികൾ സർക്കസും പോരാട്ടവും എന്ന പേരിൽ ഒറ്റ പുസ്തകമായി മുമ്പ് കേരള പാഠാവലിയിൽ ഒമ്പതാം ക്ലാസിൽ ഉപപാഠപുസ്തകമായിരുന്നു.
അനുസ്മരണങ്ങൾ
[തിരുത്തുക]സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുനരാഖ്യാനത്തിന് നൽകുന്ന പുരസ്കാരത്തിന് മാലി പുരസ്കാരം എന്ന് പേര് നൽകിയിട്ടുണ്ട്. ഡിസംബറിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ മാലിയുടെ കുടുംബം ഏർപ്പെടുത്തിയ മാലി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ അദ്ദേഹം രചിച്ച ആട്ടക്കഥയായ കർണ്ണശപഥം അവതരിപ്പിക്കാറുണ്ട്[3].
കൃതികൾ
[തിരുത്തുക]- ഉണ്ണികളേ കഥ പറയാം (1954)
- ഉണ്ണികൾക്കു ജന്തുകഥകൾ (1957)
- ഉണ്ണിക്കഥകൾ (1967)
- മാലി രാമായണം (1962)
- മാലി ഭാഗവതം (1968)
- കർണ്ണശപഥം ആട്ടക്കഥ(1969)
- ജീവനുള്ള പ്രതിമ (1979)
- മണ്ടക്കഴുത (1979)
- മാലി ഭാരതം (1979)
- സർക്കസ് (1979)
- സർവ്വജിത്തും കള്ളക്കടത്തും (1979)
- തെന്നാലി രാമൻ (1981)
- വിക്രമാദിത്യ കഥകൾ (1981)
- പുരാണ കഥാ മാലിക (12 വാല്യങ്ങൾ - 1985)
- ഐതിഹ്യലോകം (1986)
- കിഷ്കിന്ധ
- ജന്തുസ്ഥാൻ
- പോരാട്ടം
- സർവജിത്തിന്റെ സമുദ്രസഞ്ചാരം
- സർവജിത്ത് ഹിമാലയത്തിൽ
- അഞ്ചു മിനിട്ടു കഥകൾ
- കേരളസംഗീതം (സംഗീതശാസ്ത്രം)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-03. Retrieved 2013-06-02.
- ↑ 2.0 2.1 K.K. GOPALAKRISHNAN (10 ജൂലൈ 2005). "Multi-faceted personality". TRIBUTE: ദി ഹിന്ദു. Retrieved 1 ജൂൺ 2015.
- ↑ 3.0 3.1 3.2 3.3 പി.ഐ. ശങ്കരനാരായണൻ. "മാലിയെ മറന്ന് മലയാളം?". മാതൃഭൂമി. Archived from the original on 2014-12-30. Retrieved 30 മെയ് 2015.
{{cite news}}
: Check date values in:|accessdate=
(help)