മാലിഗാവിള ബുദ്ധപ്രതിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലിഗാവിള ബുദ്ധപ്രതിമ
വർഷംഏഴാം നൂറ്റാണ്ട്
തരംക‌ല്പ്രതിമ
സ്ഥാനംമാലിഗാവിള, ശ്രീ ലങ്ക

ശ്രീ ലങ്കയിലെ മാലിഗാവിള എന്ന സ്ഥലത്തുള്ള ശ്രീ ബുദ്ധന്റെ പ്രതിമയാണ് മാലിഗാവിള ബുദ്ധപ്രതിമ എന്നറിയപ്പെടുന്നത്. ശ്രീ ബുദ്ധന്റെ നിൽക്കുന്ന രൂപമാണ് ഈ പ്രതിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ ഒരു വലിയ ചുണ്ണാമ്പുകല്ലിൽ നിന്നാണ് ഈ പ്രതിമ കൊത്തിയെടുത്തത്. അഗ്ഗബോധി എന്ന ഒരു രാജകു‌മാരനാണ് ഈ പ്രതിമ പണികഴിപ്പിച്ചത്. ശ്രീ ലങ്കയിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏ‌റ്റവും വലിയ ബുദ്ധപ്രതിമയാണിത്. 1951-ൽ ഈ പ്രതിമ കണ്ടെത്തുന്ന സമയത്ത് ഇത് പല കഷണങ്ങളായി പൊട്ടിപ്പോയിരുന്നു. 1980-ൽ ഈ പ്രതിമ പുനർനിർമ്മിക്കപ്പെട്ടു. അന്ന് പ്രസിഡന്റായിരുന്ന രണസിംഗെ പ്രേമദാസയുടെ നിർദ്ദേശാനുസരണമായിരുന്നു പുനർനിർമ്മാണം നടത്തിയത്.

കാഴ്ച[തിരുത്തുക]

ശ്രീ ലങ്കയിലെ ഉവ പ്രവിശ്യയിലെ മൊണെറാഗല ജില്ലയിലെ മലിഗാവിള എന്ന ഗ്രാമത്തിന് അടുത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഒറ്റ ചുണ്ണാമ്പുകല്ലിൽ നിന്നാണ് ഈ പ്രതിമ കൊത്തിയെടുത്തിട്ടുള്ളത്. പുരാതന കാലത്തെ ശ്രീ ലങ്കയിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരമുള്ള പ്രതിമയാണ് ഇത്.[1] 37 അടി 10 ഇഞ്ച് ഉയരമാണ് ശിൽപ്പത്തിനുള്ളത്.[2] അവുകന, ബുദുരുവാഗല എന്നിവിടങ്ങളിലെ പ്രതിമകൾക്കൊപ്പം മലിഗാവില പ്രതിമയും പുരാതന ശ്രീ ലങ്കയിലെ നിൽക്കുന്ന ശ്രീ ബുദ്ധന്റെ പ്രതിമകളിൽ ഏറ്റവും മികച്ച ഒന്നായാണ് കണക്കാക്കപ്പെടുന്നത്.[3] അവുകന പ്രതിമയോട് മാലിഗാവില പ്രതിമയ്ക്ക് നല്ല സാദൃശ്യമുണ്ട്. രണ്ട് പ്രതിമകളിലും അശീഷ മുദ്രയാണ് ചിത്രീകരി‌ച്ചിരിക്കുന്നത് എന്നത് സാമ്യങ്ങളിൽ ഒന്നാണ്. അശീഷ മുദ്ര അഭയ മുദ്രയുടെ മറ്റൊരു രൂപമാണ്.[4] നിൽക്കുന്ന ബുദ്ധരൂപം ഇടത് കൈകൊണ്ട് തന്റെ അംഗവസ്ത്രത്തിൽ പിടിച്ചിരിക്കുകയാണ്. വലതുകൈ തോൾ വരെ ഉയർ‌ത്തിയാണ് അശീഷ മുദ്രയിൽ അനുഗ്രഹം നൽകുന്നത്.[2]

ഈ പ്രദേശത്തെ അവശിഷ്ടങ്ങളിൽ നിന്ന് ഈ പ്രതിമയ്ക്ക് ചുറ്റും ഒരു ചിത്രശാല പണികഴിപ്പിച്ചിരുന്നതായി സൂചനയുണ്ട്.[5] 80 അടി നീളവും വീതിയുമുള്ളതായിരുന്നുവത്രേ ഈ ചിത്രശാല.[1] ഇതിന്റെ ഭിത്തികൾക്ക് 4 അടി കട്ടിയുണ്ടായിരുന്നു. ഉയരം 65 അടി ഉണ്ടായിരുന്നിരിക്കണം.[2]

ചരിത്രവും പുനർ നിർമ്മാണവും[തിരുത്തുക]

ചുളവംശ എന്ന പുരാതന ഗ്രന്ഥത്തിൽ ഈ ശില്പത്തെപ്പതി പ്രതിപാദിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടിലാണത്രേ ഈ പ്രതിമ പണികഴിപ്പിച്ചത്. രുഹുണ എന്ന സ്ഥലത്തെ അഗ്ഗബോധി എന്ന രാജകുമാരനായിരുന്നു നിർമ്മാണ‌ത്തിന് പിന്നിൽ.[4] ഇദ്ദേഹം പദ്മ വിഹാര എന്ന പേരിൽ ഒരു വലിയ ബുദ്ധ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണ് ചുളവംശത്തിൽ സൂചിപ്പിക്കുന്നത്. അവിടെത്തന്നെ ഇദ്ദേഹം ഒരു വലിയ ബുദ്ധപ്രതിമയും പണികഴിപ്പിച്ചുവത്രേ.[1]

ഈ പ്രതിമ പിന്നീട് വിസ്മൃതിയിൽ ആണ്ടു പോവുകയാണുണ്ടായത്. രണ്ടാമതും മാലിഗാവിള ബുദ്ധപ്രതിമ കണ്ടെത്തുന്നത് 1951 -ലാണ്. പീഡത്തിൽ നിന്ന് വീണ് ചിതറിയ നിലയിലായിരുന്നു പ്രതിമയുടെ അന്നത്തെ സ്ഥിതി.[5] പ്രതിമ രണ്ടാമതും കണ്ടെത്തുന്നതിന് മുൻപ് നിധി വേട്ടക്കാർ 1948 -നടുത്ത് പ്രതിമയിൽ കേടുപാടുകൾ വരുത്തിയതായി സൂചനകളുണ്ട്.[2] 1974 -ലാണ് ആദ്യമായി ഈ പ്രതിമ രണ്ടാമതും ഉയർ‌ത്തി സ്ഥാപിക്കാനുള്ള ശ്രമം നടന്നത്. ഈ ശ്രമം പരാജയത്തിലാണ് അവസാനിച്ചത്. 1991 -ൽ രണ്ടാമതും ഈ പ്രതിമയെ പുനർ നിർമ്മിക്കാനുള്ള ശ്രമം നടന്നു. രണ്ടാമത്തെ ശ്രമം നടന്നത് അന്നത്തെ പ്രസിഡന്റായിരുന്ന രണസിംഗെ പ്രേമദാസയുടെ നിർദ്ദേശാനുസരണമായിരുന്നു.[5] പ്രതിമയുടെ പൊട്ടിപ്പോയ പല ഭാഗങ്ങളും കേടുപാട് പറ്റിയ നിലയിലായിർന്നു. വലത് കൈ, മുഖം, കാലുകൾ എന്നിവയ്ക്ക് തകരാറുകളുണ്ടായിരുന്നു. ഈ ഭാഗങ്ങളുടെയെല്ലാം അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് പ്രതിമ രണ്ടാമതും നിർമിച്ച് സ്ഥാപിക്കപ്പെട്ടത്.[2] പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മേൽനോട്ടത്തിൽ നടന്ന ഒരു പ്രധാന പ്രവൃത്തിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.[6] മലിഗാവിള ബുദ്ധപ്രതിമ കാണാനായി എല്ലാ വർഷവും ധാരാളം തീർഥാടകർ എത്താറുണ്ട്.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dassanayake, Aravinda (21 October 2007). "Maligawila – a reflection of ancient glory". Sunday Observer. Archived from the original on 2016-03-03. Retrieved 6 March 2010.
  2. 2.0 2.1 2.2 2.3 2.4 "The majestic Maligawila Buddha statue". Sunday Observer. 27 November 2005. Archived from the original on 2011-06-05. Retrieved 6 March 2010.
  3. Siriwera, W. I. (2004). History of Sri Lanka. Dayawansa Jayakody & Company. p. 287. ISBN 955-551-257-4.
  4. 4.0 4.1 Sarachchandra, B. S. (1977). අපේ සංස්කෘතික උරුමය [Cultural Heritage] (in സിംഹള). Silva, V. P. pp. 123–124.
  5. 5.0 5.1 5.2 Amarasekara, Janani (20 May 2007). "Maligawila Temple". Sunday Observer. Archived from the original on 2015-09-24. Retrieved 6 March 2010.
  6. Ailapperuma, W. D. (23 June 2007). "Premadasa: Pioneer of rural progress". Daily News. Archived from the original on 2011-06-04. Retrieved 6 March 2010.
  7. Salgado, Upali (29 June 2008). "Tales from the hills of Uva". Sunday Times. Retrieved 6 March 2010.

ഗ്രന്ഥസൂചിക[തിരുത്തുക]

von Schroeder, Ulrich. (1990). Buddhist Sculptures of Sri Lanka. (752 p.; 1620 illustrations). Hong Kong: Visual Dharma Publications, Ltd. ISBN 962-7049-05-0

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാലിഗാവിള_ബുദ്ധപ്രതിമ&oldid=3640955" എന്ന താളിൽനിന്ന് ശേഖരിച്ചത്