സി. മാധവൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാധവൻ പിള്ള സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി. മാധവൻ പിള്ള
സി. മാധവൻ പിള്ള
ജനനം1905 ഏപ്രിൽ 12
മരണം1980 ജൂലൈ
ദേശീയത ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്നത്നിഘണ്ടു കർത്താവ്

നോവൽ, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങൾ, നിഘണ്ടുക്കൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതിൽ‌പരം ഗ്രന്ഥങ്ങളുടെ കർത്താവായിരുന്നു സി. മാധവൻ പിള്ള. മൗലികമായ രചനയ്ക്കുപുറമേ അദ്ദേഹം ഇലിയഡ്, ഒഡീസി തുടങ്ങിയ വിശ്വസാഹിത്യകൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക കൂടി ചെയ്തു.

1905 ഏപ്രിൽ 12നു് ഓച്ചിറയിൽ കന്നിമേൽ വീട്ടിലാണ് ചെല്ലപ്പൻ പിള്ളയുടെയും അമ്മാളു അമ്മയുടെയും മകനായി വിജയഭാനു സി.മാധവൻ പിള്ള ജനിച്ചതു്. ആലപ്പുഴ എസ് ഡി വി സ്കൂളിൽസനാതനധർമ്മവിദ്യാശാല ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രശസ്തമായ നിലയിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി. എങ്കിലും ഉപരിപഠനം നടന്നത് പല ഘട്ടങ്ങളിലായിട്ടായിരുന്നു. സ്വന്തമായി തൊഴിൽ കണ്ടെത്തുവാനുള്ള പരിശ്രമത്തിൽ അദ്ദേഹം പഴയ ഒരു റെമിങ്ടൺ ടൈപ്പ്റൈറ്റർ മൂലധനമാക്കി ആലപ്പുഴയിൽ തന്നെ ഒരു കൊമേഴ്സ്യൽ സ്കൂൾ തുടങ്ങി. പക്ഷെ അധികം താമസിയാതെ ആ പദ്ധതി പരാജയപ്പെട്ടു. ടൈപ്പ്‌റൈറ്ററുമായി ചങ്ങനാശ്ശേരിയിലെത്തിയ മാധവൻ പിള്ള അന്നത്തെ എസ്.ബി.കോളേജ് പ്രിൻസിപ്പാൾ ഫാദർ മാത്യു പുത്തൻപുരയ്ക്കലിനെ കണ്ടുമുട്ടാനിടയായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിമാറി ഈ കണ്ടുമുട്ടൽ.

പുരയ്ക്കലച്ചൻ പിള്ളയെ എസ്.ബി. കോളേജിൽ ചേർത്തു. ഒന്നാം ക്ലാസ്സോടെ ഇന്റർമീഡിയറ്റ് പാസ്സായ അദ്ദേഹം തുടർന്ന് തിരുവനന്തപുരത്തു് ബി.ഏ.ക്കു പഠിച്ച് 1941-ൽ ഡിഗ്രി നേടി. ഇക്കാലഘട്ടത്തിനിടയിൽ തന്നെ അദ്ദേഹം സജീവമായ സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞിരുന്നു. ‘ദേശസേവിനി‘,‘ജ്ഞാനാംബിക’, ‘കുമാരി കമല‘, ‘വീരാംഗന‘ തുടങ്ങിയ നോവലുകൾ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ നടന്നുവന്ന ‘വിജയഭാനു‘ എന്ന വിനോദമാസിക ഏറെ പ്രചാരമാർജ്ജിച്ചു.1938ൽ ‘യാചകമോഹിനി’യും 1941-ൽ ‘സ്ത്രീധന’വും പുറത്തുവന്നു. ഇക്കാലഘട്ടത്തിൽ, മദ്രാസ് റേഡിയോ നിലയത്തിൽ മുറയ്ക്കു ലഭിച്ചിരുന്ന മലയാളപരിപാടികൾ മുഖ്യവരുമാനമാർഗ്ഗമാക്കി മൂന്നുവർഷത്തോളം അദ്ദേഹം മദ്രാസിൽ തന്നെ കഴിഞ്ഞുകൂടി.

തുടർന്ന് തിരുവനന്തപുരത്തെത്തി നിയമപഠനത്തിനു ചേരാൻ തുനിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ എഴുത്തിൽ തന്നെ തുടർന്നു. ‘ആനന്ദസാഗരം‘, ‘പ്രണയബോംബ്‘ എന്നീ കൃതികൾ രചിച്ചത് ആ സമയത്താണ്. ഇലിയഡിനും ഒഡീസിക്കും പുറമേ, റെയിനോൾഡ്സിന്റെ “ഭടന്റെ ഭാര്യ”, ലൈല തുടങ്ങിയ വലിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും അദ്ദേഹം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരുന്നു.

മുഖ്യധാരാസാഹിത്യകാരൻ എന്നതിനേക്കാൾ മാധവൻ പിള്ള പിൽക്കാലത്ത് പ്രസിദ്ധനും ശ്രദ്ധേയനും ആയത് മലയാളത്തിലെ പ്രൗഢരായ നിഘണ്ടുകാരന്മാരിൽ ഒരാൾ എന്ന നിലയിലാണ്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം -ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണ് അദ്ദേഹം നിർമ്മിച്ച നിഘണ്ടുക്കൾ. മൂന്നു പതിറ്റാണ്ടുകളോളം കഠിനപ്രയത്നം ചെയ്താണ് ഈ മൂന്നു ബൃഹദ്‌ഗ്രന്ഥങ്ങളും അദ്ദേഹം മിക്കവാറും ഒറ്റയ്ക്കു തന്നെ പൂർത്തിയാക്കിയത്. ആദ്യത്തെ രണ്ടു നിഘണ്ടുക്കളും സ്വന്തം പ്രേരണകൊണ്ടും മൂന്നാമത്തേത് ഡി.സി.കിഴക്കേമുറിയുടെ പ്രോത്സാഹനം കൊണ്ടുമാണെന്ന് അദ്ദേഹം ‘അഭിനവമലയാളനിഘണ്ടുവിന്റെ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്[1]. അഭിനവമലയാളനിഘണ്ടുവിനെ പിൽക്കാലത്തു് “1977ലെ നിഘണ്ടു” എന്ന് ഭാഷാകാരന്മാർ വിളിച്ചുവരുന്നു. മൂന്ന് പതിറ്റാണ്ട് അദ്ദേഹം ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിച്ച ഫലിത മാസികയായിരുന്നു വിജയ ഭാനു. പിന്നീട് ആ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1980 ജൂലൈ 24ന് സി. മാധവൻ പിള്ള ആലപ്പുഴയിൽ നിര്യാതനായി.വലിയ ചുടുകാട് ശ്മശാനത്തിലാണ് അദ്ദേഹം അന്തിയുറങ്ങുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി._മാധവൻ_പിള്ള&oldid=3647216" എന്ന താളിൽനിന്ന് ശേഖരിച്ചത്