മാത്സ് ബ്ലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാത്‌സ് ബ്ലോഗ്
ലഭ്യമായ ഭാഷകൾമലയാളം
ഉടമസ്ഥൻ(ർ)മാത്‌സ് ബ്ലോഗ് സംഘം
യുആർഎൽmathsblog.in
നിജസ്ഥിതിസജീവം

വിവരസാങ്കേതികവിദ്യയിലെ വളർച്ചക്കനുശ്രിതമായി 2009 ൽ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യ, പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച, മലയാളഭാഷയിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗാണ് മാത്‌സ് ബ്ലോഗ്. കേരളത്തിലെ ഹൈസ്കൂൾ ഗണിത അധ്യാപകർക്കായുള്ള ബ്ലോഗ് എന്നനിലയിലാണ് ഇതിന് തുടക്കമിട്ടതെങ്കിലും, സ്കൂൾ അഭ്യസനത്തെയും അധ്യാപകവൃത്തിയെയും ബാധിക്കുന്ന പലതരം കാര്യങ്ങളും, അധ്യാപകൻ തയ്യാറാക്കുന്ന പാഠ്യവിഭവങ്ങളും അധ്യയന തന്ത്രങ്ങളും പങ്കുവയ്ക്കുന്ന ലേഖനങ്ങളും, അധ്യാപകരുടെ സർവീസ് സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ലേഖനങ്ങളും വിവരസാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച് ഈ രംഗത്തുള്ളവർക്കുള്ള സംശയനിവാരണത്തിനുള്ള ലേഖനങ്ങളും, അധ്യാപകർക്കായി, പഠിപ്പിക്കാൻ സഹായിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നു[1].

ചരിത്രം[തിരുത്തുക]

ഐടി@സ്കൂൾ മാസ്റ്റർ ട്രെയിനറായ ജയദേവന്റെ നിർദ്ദേശപ്രകാരം എറണാകുളം ജില്ലയിലെ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസിലെ അധ്യാപകനായ കെ ജി ഹരികുമാറും എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ അധ്യാപകനായ വി കെ നിസാറും ചേർന്നാണ് ഈ ബ്ലോഗ് തുടങ്ങിയത്. ഗൂഗിളിന്റെ, ബ്ലോഗ്ഗർ സേവനം ഉപയോഗപ്പെടുത്തുന്ന ഇതിനിപ്പോൾ mathsblog.in എന്ന ഡൊമൈൻ നാമവുമുണ്ട്.

2009 ജനുവരി 31[1] ന് ആദ്യ പോസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഹൈസ്കൂൾ ഗണിത അധ്യാപകർക്കായി, മലയാളത്തിലുള്ള ഒരു ബ്ലോഗ് എന്നതായിരുന്നു തുടക്കത്തിലെ ആശയം. മാതൃഭൂമി "നഗര"ത്തിൽ ഈ ബ്ലോഗിന്റെ പ്രവർത്തനത്തെപ്പറ്റി പ്രസിദ്ധീകരിച്ച കുറിപ്പ്,[2] ബ്ലോഗ് വ്യാപകമായി അറിയപ്പെടാൻ കാരണമായി. ഇതെത്തുടർന്ന് അധ്യാപകരും അനധ്യാപകരുമായ, വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ ബ്ലോഗിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി ബ്ലോഗ്, ഹൈസ്കൂൾ ഗണിതം അല്ലാതെയുള്ള, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും താത്പര്യമുള്ള മറ്റു പലതരം വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചുതുടങ്ങി. ബ്ലോഗ് നടത്തിപ്പു സംഘത്തിലേക്ക് കൂടുതൽ പേർ ചേർന്നു; സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളും, പതിന്നാല് അധ്യാപകരും ബ്ലോഗ് സംഘാടകരായി ഇപ്പോഴുണ്ട്.

പ്രധാന പംക്തികൾ[തിരുത്തുക]

പാഠ്യവിഷയങ്ങൾ[തിരുത്തുക]

പൈത്തൺ പാഠങ്ങളും, ഗണിത പസിലുകളും, പരീക്ഷകളുടെ ഉത്തരസൂചികകൾ, ടീച്ചിംഗ് നോട്ടുകൾ, വർക്ക് ഷീറ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങിയവ ലഭ്യമാക്കുന്നു. സാങ്കേതിക രംഗത്തെ പുത്തൻ പ്രവണതകളെപ്പറ്റി കുട്ടികളെ അറിയിക്കാനും അവരിൽ പ്രചോദനമുണ്ടാക്കാനും മാത്‌സ് ബ്ലോഗ് ശ്രമിക്കുന്നുണ്ട്.

പാഠ്യേതരവിഷയങ്ങൾ[തിരുത്തുക]

ഗവൺമെന്റ് ഓർഡറുകളും സർക്കുലറുകളും പ്രസിദ്ധീകരിക്കുകയും, അധ്യാപകരുടെ ശമ്പളവും മറ്റ് സർവീസ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട സർക്കുലറുകളും നിർദ്ദേശങ്ങളും, അധ്യാപകരും വിദ്യാർഥികളും കാലികമായി നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം നിർദ്ദേശിക്കുയും ചെയ്യുന്നു. പുതിയ കാലത്ത് അധ്യാപകർക്ക് ക്ലാസ് റൂമിന് പുറത്തും നിരവധി പ്രവർത്തനങ്ങൾ ചെയ്യാനുള്ളതിനാൽ അതിന്റെ സാങ്കേതിക നൂലാമാലകൾ വിവരിക്കുകയും, സംശയങ്ങൾക്ക് പലപ്പോഴും തൽസമയം മറുപടി നല്കുന്നുണ്ട്. ഗവൺമെന്റ് ഓർഡറുകൾക്ക് പുറമെ ഫ്ലാഷ് ന്യൂസുകൾ, റിസൾട്ടുകൾ, സർക്കാർ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകൾ, ടാക്‌സ് കാൽക്കുലേറ്റർ, ഉച്ചഭക്ഷണ സംബന്ധമായ കാര്യങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടുവിനെക്കുറിച്ചുമുള്ള സ്‌കൂൾ സംബന്ധിയായ വിഷയങ്ങളിലും അധ്യാപകരും വിദ്യാർഥികളും സംവദിക്കികയും ചെയ്യുന്നുണ്ട്.[1]. അധ്യാപനമേഖലയിൽ നടപ്പിൽ വരുന്ന പുതിയ പരിഷ്കാരങ്ങളേയും മറ്റുമുള്ള ഗൗരവമാർന്ന ചർച്ചകൾക്കായി ചർച്ചാവേദിയുമാണിത്, കൂടാതെ .എസ്.എം.എസ് ചാനൽ വഴി പതിനയ്യായിരം പേർക്ക് മുകളിൽ എസ്.എം.എസ് അയക്കുന്നുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ ആ സേവനം ചില സാങ്കേതിക കാര്യങ്ങൾമൂലം നിലവിലില്ല.

വിഷയങ്ങളുടെ പട്ടിക[തിരുത്തുക]

ക്രമം മാത്​സ്
ബ്ലോഗിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ
1 പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ
2 ശാസ്ത്ര വിഷയങ്ങളിലുള്ള പുരോഗമനപരമായ ചർച്ചകൾ
3 വിദ്യാർത്ഥികൾക്കുള്ള മാതൃകാ ചോദ്യപേപ്പറുകൾ
4 വിദ്യാർത്ഥികൾക്കുള്ള വർക്ക് ഷീറ്റുകൾ
5 പ്രഹേളികകൾ (പസിലുകൾ)
6 സോഫ്റ്റ്‌വെയർ ചർച്ചകൾ
7 മികവുകൾ പരിചയപ്പെടുത്തൽ
8 കലാരചനകൾ പങ്കുവെക്കൽ
9 ഉദ്യോഗസംബന്ധിയായ സംശയ നിവാരണം
10 ആനുകാലിക വാർത്താധിഷ്ഠിത ചർച്ചകൾ
11 പുസ്തകങ്ങളെ പരിചയപ്പെടുത്തൽ

മാദ്ധ്യമശ്രദ്ധ[തിരുത്തുക]

മാതൃഭൂമി 'നഗരം',[2] മലയാള മനോരമ പഠിപ്പുര, മാധ്യമം വെളിച്ചം, ഇൻഫോകൈരളി, ഇൻഫോമാധ്യമം രാഷ്ട്രദീപിക എന്നിവയിൽ മാത്സ് ബ്ലോഗിനെപ്പറ്റി വാർത്ത വന്നു.[അവലംബം ആവശ്യമാണ്] സ്മാർട്ട് ഫാമിലി എന്ന മാസികയിൽ ബ്ലോഗുമായി ബന്ധപ്പെട്ട അഭിമുഖം വന്നതോടെ നിരവധി വിദേശ മലയാളികളും ബ്ലോഗിനെക്കുറിച്ചറിഞ്ഞു. കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൻറെ സിറ്റി റ്റൈം പരിപാടിയിൽ മാത്‌സ് ബ്ലോഗിനെ കുറിച്ചു പരാമർശിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 സി പി അബ്ദുസ്സമദ് (31 ജൂലൈ 2012). "മാത്‌സ് ബ്ലോഗിൽ സന്ദർശകരുടെ എണ്ണം കോടി കവിഞ്ഞു". വർത്തമാനം. Retrieved 19 നവംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 സുനിൽ പ്രഭാകർ (14 ജൂലൈ 2009). "കണക്ക് പഠിക്കാൻ ഒരു ബ്ലോഗ്". മാതൃഭൂമി, നഗരം. Retrieved 19 നവംബർ 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാത്സ്_ബ്ലോഗ്&oldid=3807065" എന്ന താളിൽനിന്ന് ശേഖരിച്ചത്