ഉള്ളടക്കത്തിലേക്ക് പോവുക

മാടൻകോലം (പടയണി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടയണിയിലെ ഒരു പാളക്കോലമാണ് മാടൻകോലം.

പടേനി കളത്തിൽ രംഗത്തു വരുന്ന ചുരുക്കം പുരുഷ കഥാപാത്രങ്ങളിൽ ഒന്നാണ് മാടൻ കോലം. നിഴൽ നോക്കി അടിച്ചു കൊല്ലുന്ന ദുർദേവതയാണ് മാടനെന്നാണ് സങ്കൽപ്പം. ഒറ്റപ്പാളയിൽ തീർത്ത മുഖാവരണവും നെഞ്ചുമാലയുമാണ് മാടൻ കോലത്തിൻറെ വേഷം. തൊപ്പി മാടൻ, വടിമാടൻ, പുള്ളിമാടൻ, ചെറ്റമാടൻ, തൊപ്പി മാടൻ, ചുടലമാടൻ, കാലമാടൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മാടൻ കോലങ്ങളുണ്ട്. എന്നാൽ സാധാരണയായി പൊതുവെ കാണപ്പെടുന്നത് വടിമാടൻ കോലമാണ്. പശുപതി സങ്കല്പത്തിലുള്ള മാടൻ കോലം കന്നുകാലികൾക്ക് ദോഷം വരാതെ ഇരിക്കാൻ എഴുതി തുള്ളുന്ന കോലം ആയി കണക്കാക്കുന്നു.

ശിവമുടിക്ക് സമാനം കോലത്തിന്റെ മുകൾ ഭാഗം വെട്ടിയ നിലയിലുള്ള മുഖ മറയാണ് കോലം. നെഞ്ചുമാലക്കു പൂണൂൽ ചേർത്തിട്ടുണ്ട്.തോളിൽ വടിയും താങ്ങി മാമല പൊലിറങ്ങി വരുന്ന പൊണ്ണൻ ആയി മാടൻ കോലത്തെ കാണുന്നു. നല്ല മനുഷ്യർക്കും, ബലി തരുന്നോർക്കും, ഭരണ കർത്താക്കൾക്കും, ഭസ്മം ധരിച്ചവർക്കും, പേടിച്ച് ഒളിച്ചോർക്കും, ഉരിയാടാ പ്രാണികൾക്കും ഒന്നും മാടന്റെ കയ്യാൽ മരണം ഉണ്ടാകരുതെന്ന പ്രാർഥന കാണാം. തൊപ്പിമാടന് തൊപ്പിയുണ്ടായിരിക്കും. വടി മാടന് വടിയും. ഇടതുകൈ കിളത്തി മുന്നോട്ടും വലതു കൈ പിന്നോക്കമാക്കി മുന്നോക്കം വച്ചും ഇടയിലൂടെ പിടലിയോട് ചേർത്ത് വച്ചിരിക്കുന്ന വടി ബലപ്പെടുത്തി ആകാശത്തേക്ക് നോക്കിക്കൊണ്ടാണ് മാടൻ കോലം തുള്ളുന്നത്. [1]


അവലംബം

[തിരുത്തുക]

പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്

  1. "പടയണിക്കോലങ്ങൾ". malayalam.webdunia.com.
"https://ml.wikipedia.org/w/index.php?title=മാടൻകോലം_(പടയണി)&oldid=4460159" എന്ന താളിൽനിന്ന് ശേഖരിച്ചത്